ADVERTISEMENT

അധ്യായം: മൂന്ന് 

 

ഐ.ജിയുടെ നേതൃത്വത്തിലുള്ള ഒരു കോൺഫറൻസിൽ പങ്കെടുത്തു കൊണ്ടിരിക്കവെയാണ് മാർഗരറ്റിനെ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിലെ സബ് ഇൻസ്‌പെക്ടർ പ്രസാദ്, കീർത്തിയെ വിളിച്ചു പറയുന്നത്. ഉടൻ തന്നെ ബന്ധപ്പെട്ടവരോട് അനുവാദം വാങ്ങി അവൾ കോൺഫറൻസ് ഹാളിൽ നിന്നും പുറത്തു കടന്നു. പിന്നെ ഒട്ടും സമയം പാഴാക്കാതെ സ്റ്റേഷനിലേക്ക് തിരിച്ചു. അവൾ ചെല്ലുമ്പോൾ അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ അവളെയും കാത്ത് നിൽപ്പുണ്ടായിരുന്നു.

"എന്തായി? അവർ എന്ത് പറയുന്നു?" വാഹനത്തിൽ നിന്നും ഇറങ്ങവെ അവൾ അവരോട് ചോദിച്ചു.

"ഒരക്ഷരം മിണ്ടിയിട്ടില്ല മാഡം. തലകുനിച്ച് ഒരേ ഇരിപ്പാണ്." അന്വേഷണ സംഘത്തിലെ സബ് ഇൻസ്‌പെക്ടർ പ്രസാദ് പറഞ്ഞു.

"ഉം..." അവൾ ഒന്ന് അമർത്തി മൂളി. പിന്നെ സ്റ്റേഷന്റെ അകത്തെ മുറിയിൽ ഇരുത്തിയിരുന്ന മാർഗരറ്റിന്റെ അടുത്തേക്ക് നടന്നെത്തി. പദചലനം കേട്ട് മാർഗരറ്റ് തല ഉയർത്തി നോക്കി. തിളക്കമറ്റതും ക്ഷീണിച്ചതുമായ അവരുടെ കണ്ണുകളിൽ ഭീഷണമായ ഒരുതരം അരുണിമയും ക്രൗര്യം നിറഞ്ഞ തീജ്വാലയും കീർത്തി കണ്ടു. അപരിചിതമായ ഒരു ഭാവമായിരുന്നു അവരുടെ മുഖത്ത്. കുറ്റം ഒളിപ്പിക്കുന്ന ക്രിമിനലിന്റെ ശരീരഭാഷയായിരുന്നു അവരുടേത്. ഇതൊക്കെ ഒറ്റ നിമിഷത്തിൽ ശ്രദ്ധിച്ച കീർത്തി ചുളിഞ്ഞ നെറ്റിയോടെ അവരെ നോക്കി.

"എവിടെയായിരുന്നു മാർഗരറ്റ്  ഇത്രയും  ദിവസം? എന്തിനാ ഓടിപ്പോയത്? പ്രശ്നമുണ്ടായ ഉടനെ എന്നെയൊന്ന് വിളിച്ചാൽ മതിയായിരുന്നല്ലോ? കാര്യങ്ങൾ വഷളാകാതെ ഞാൻ നോക്കിയേനെ." അവരുടെ അടുത്തിരുന്ന് കൊണ്ട് കീർത്തി പറഞ്ഞു. മാർഗരറ്റ് തല ചെരിച്ച് അവളെ നോക്കി. എന്നാൽ ഒന്നും പറഞ്ഞില്ല.

"പറയ്... എന്താണ് അന്ന് 'മാഗീസ് നെസ്റ്റി'ൽ നടന്നത്? ഒന്നും മറച്ചു വെയ്ക്കാതെ പറയ്. സത്യത്തിൽ നഷ്ടം നമുക്ക് രണ്ട് പേർക്കുമാണ്. മുഹാജിറിന്റെ വിയോഗത്തിലൂടെ എനിക്ക് ഏറ്റവും അടുത്ത ഒരു സുഹൃത്തിനെ നഷ്ടമായി. മാർഗരറ്റിന് സ്നേഹനിധിയായ ജീവിത പങ്കാളിയേയും."

"അവനാകുന്ന ജീവിതപങ്കാളി ഇല്ലാതായതിൽ എനിക്ക് നഷ്ടബോധമില്ല കീർത്തി."

പോലീസ് പിടിയിലായിട്ട് ആദ്യമായി മാർഗരറ്റിൽ നിന്നും പുറത്തു വന്ന വാചകം! കീർത്തിയും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും വല്ലാത്തൊരു ഞെട്ടലോടെ മാർഗരറ്റിനെ നോക്കി. അവരാരും തന്നെ അത്തരമൊരു വാചകം മാർഗരറ്റിൽ നിന്നും പ്രതീക്ഷിച്ചതേയില്ലായിരുന്നു.

"അതെന്താ മാർഗരറ്റ് അങ്ങനെ പറഞ്ഞത്?" കീർത്തി സുധാകർ ആകാംക്ഷയോടെ ചോദിച്ചു.

"അങ്ങനെയായത് കൊണ്ട്." ഒരു തർക്കുത്തരം പോലെ മാർഗരറ്റ് പറഞ്ഞു.

"എന്താ ഇപ്പോ ഇങ്ങനെ പറയുന്നത്? ഇത്രയും നാൾ ഇങ്ങനെയായിരുന്നില്ലല്ലോ? നിങ്ങൾക്കിടയിൽ വല്ല പ്രശ്നവും ഉണ്ടായോ?" 

കീർത്തി സുധാകറിന്റെ ഈ ചോദ്യത്തിന് മാർഗരറ്റ് മറുപടിയൊന്നും പറഞ്ഞില്ല. അവർ കുടിക്കാനൽപ്പം വെള്ളം ചോദിച്ചു. സി.പി.ഓമാരിലൊരാൾ അവർക്ക് വെള്ളം കൊണ്ട് വന്ന് കൊടുത്തു. ‌

കീർത്തി പറഞ്ഞു, "നോക്കൂ മാർഗരറ്റ്... എന്താണ് നടന്നതെന്ന് പറഞ്ഞാൽ നമുക്കെളുപ്പം പ്രതികളിലേക്കെത്താം. മുഹാജിറിനെ വകവരുത്തിയവർക്ക് പരമാവധി ശിക്ഷ തന്നെ നമുക്ക് വാങ്ങിച്ചു കൊടുക്കണം."

ഇത് കേട്ടപ്പോൾ മാർഗരറ്റിന്റെ മുഖത്ത് ഒരു വിളറിയ ചിരി പ്രത്യക്ഷപ്പെട്ടു.

"ഞാനാണ് അത് ചെയ്തത്! നിങ്ങളുടെ നിയമത്തിലെ പരമാവധി ശിക്ഷ കഴുമരമല്ലേ. അവനെ കൊന്ന കുറ്റത്തിന് സന്തോഷത്തോടെ ഞാനതേറ്റു വാങ്ങും." പതിഞ്ഞ, എന്നാൽ പതറാത്ത ശബ്ദത്തിൽ, തല ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ അവളിത് പറഞ്ഞപ്പോൾ കീർത്തിയടക്കമുള്ളവർ അവരെ അവിശ്വസനീയതയോടെ നോക്കി.

"ആരെ സംരക്ഷിക്കാനാണ് മാർഗരറ്റ് ഈ കള്ളം പറയുന്നത്?" കീർത്തി ശബ്ദമുയർത്തി.

അവളത് ചോദിച്ചില്ലായിരുന്നെങ്കിൽ അവിടെ സന്നിഹിതരായിരുന്നവരിലെ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥൻ ഈ ചോദ്യം ഉന്നയിച്ചേനേ. കാരണം മാർഗരറ്റ് എന്ന സ്ത്രീക്ക് തനിച്ച് ഇത്തരമൊരു കൊലപാതകം നടത്താനാകുമെന്ന് കീർത്തിയടക്കം അന്വേഷണ സംഘത്തിലെ ആരും തന്നെ വിശ്വസിച്ചിരുന്നില്ല. ആ സ്ത്രീക്ക് കൊലപാതകവുമായി നേരിട്ടോ അല്ലാത്തതോ ആയ ബന്ധമുണ്ടായിരിക്കാമെന്ന് മാത്രമാണ് അവർ ചിന്തിച്ചത്.

തന്നേക്കാൾ ചെറുപ്പവും ഊർജസ്വലനുമായ ഡോ.മുഹാജിറിനെ മാർഗരറ്റിന് ആയാസപ്പെട്ട് പോലും കൊത്തിനുറുക്കാനാവില്ല എന്ന തീർച്ചയിലേക്ക് അന്വേഷണ സംഘം എത്തിയത് അങ്ങനെയാണ്. എന്നാൽ അപ്പോഴും സാഹചര്യത്തെളിവുകൾ വിശിഷ്യാ ഫിംഗർ പ്രിൻറ് അടക്കമുള്ള റിപ്പോർട്ടുകൾ അത്തരമൊരു സാധ്യതയെ പാടെ തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ക്രൈം സീനിൽ നിന്നും മുഹാജിറിന്റെയും മാർഗരറ്റിന്റേതുമല്ലാത്ത മറ്റൊരു വിരലടയാളവും കണ്ടെത്താൻ സാധിച്ചിരുന്നുമില്ല. എന്തായാലും മാർഗരറ്റ് പിന്നെയും ആണയിട്ട് പറഞ്ഞു:

"ഞാൻ തന്നെയാണ് ആ മനുഷ്യനെ വെട്ടിക്കൊന്നത്. ഞാൻ തന്നെയാണ് അത് ചെയ്തത്." നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് മാർഗരറ്റ് പറഞ്ഞു.

Content Highlights:  Charamakolangalude Vyakaranam | E- Novel | Manorama Literature | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com