ADVERTISEMENT

അധ്യായം: നാല്

"ഞാൻ സ്നേഹിച്ചത് പോലെ അവനെ ഈ ലോകത്ത് ഒരാളും സ്നേഹിച്ചിട്ടുണ്ടാവില്ല. സ്വന്തം അമ്മ പോലും. എന്നിലെ സ്ത്രീ അവളുടെ മാതൃത്വം കൊണ്ടും, അനുരാഗം കൊണ്ടും, മൃദുല വികാരങ്ങൾക്കൊണ്ടും അവനെ പൊതിഞ്ഞു. എന്നാൽ അവനാരാണെന്ന് തിരിച്ചറിഞ്ഞതോടെ അവനെ ഞാൻ തീർത്തു. പാപം, നിയമം, ഭാവി... ഇതൊന്നും എന്റെ മുന്നിലില്ലായിരുന്നു." മാർഗരറ്റ് ഒരു കിതപ്പോടെ നിർത്തി.

"അങ്ങനെയെങ്കിൽ നേരെ വന്ന് കീഴടങ്ങുന്നതിന് പകരം നീ എന്തിന് ഓടിപ്പോയി? കൊലപാതകം നടത്തിയിട്ട് മറ്റേതെങ്കിലും നാട്ടിൽ പോയി സുഖമായി ജീവിക്കാമെന്ന് കരുതിയോ?"

"അങ്ങനെ എനിക്ക് കരുതാനാകുമോ കീർത്തീ? ഞാനൊരു സാധാരണക്കാരി അല്ല. എവിടെ ചെന്നാലും ആളുകൾ എന്നെ തിരിച്ചറിയും. രക്ഷപ്പെട്ട് കളയാം എന്നൊന്നും ഞാൻ വ്യാമോഹിച്ചിട്ടില്ല. പോലീസിനെ ഒന്ന് കുഴപ്പിക്കാമെന്ന് കരുതി. രണ്ട് മൂന്ന് ദിവസം കൂടിക്കഴിഞ്ഞിട്ടും പിടിക്കപ്പെട്ടില്ലെങ്കിൽ സ്റ്റേഷനിൽ വന്ന് കീഴടങ്ങാൻ തന്നെയായിരുന്നു എന്റെ തീരുമാനം."

"നീ ഒരുപാട് സ്നേഹിച്ചിരുന്ന, നിന്നെ ഒരുപാട് സ്നേഹിച്ചിരുന്ന ഒരാളെ നീ എങ്ങനെ കൊല്ലാനായി? നിന്നേക്കാൾ കരുത്തനായ അയാളെ നീ എങ്ങനെയാണ് കീഴ്‌പ്പെടുത്തിയത്?"

"പ്രതികാരം..! അതാണെന്നെക്കൊണ്ട് ഇത് ചെയ്യിച്ചത്. ആ വികാരം മനസ്സിൽ വളർന്നാൽ, അതിന്റെ ഉഷ്ണം മനസ്സിനെ അലോസരപ്പെടുത്താൻ തുടങ്ങിയാൽ പിന്നെ ശാരീരികമായ മികവൊന്നും ഒന്നുമല്ലെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ." 

മാർഗരറ്റിനെ നോക്കി അൽപ്പനേരം നിശബ്ദയായി ഇരുന്നശേഷം കീർത്തി പറഞ്ഞു: "സദാചാര ഗുണ്ടായിസത്തെയോ, യാഥാസ്ഥിതിക മനോഭാവങ്ങളേയോ വക വെക്കാതെ എട്ട് കൊല്ലം ഒന്നിച്ചു താമസിച്ചവരാണ് നിങ്ങൾ. രണ്ട് മതങ്ങളിൽ പെട്ടവരായല്ല, രണ്ട് മനുഷ്യരായാണ് നിങ്ങൾ കഴിഞ്ഞത്. അത്രത്തോളം പരസ്പര ബഹുമാനവും വിശ്വാസവും വെച്ച് പുലർത്തി എന്നർത്ഥം. ഇവിടെ പ്രതികാരം എന്ന സംഗതിക്ക് എവിടെയാണിടം?"

"അതാണ് ഞാൻ നേരത്തേ പറഞ്ഞത് കീർത്തീ... ഞാനവന്റെ ഭൂതകാലം അറിയാതെ പോയി. കോളജിലെ ക്രിമിനലായിരുന്നു അവൻ..!" 

"കോളജിലെ ക്രിമിനൽ..!" ഒരു തമാശ കേട്ടത് പോലെ കീർത്തി പൊട്ടിച്ചിരിച്ചു.

"മുഹാജിറിനേയും അയാളുടെ കാമ്പസ് കാലഘട്ടത്തേയും കുറിച്ച് എനിക്കറിയാവുന്നത് പോലെ മറ്റാർക്കറിയാം? അസംബന്ധങ്ങൾ എഴുന്നളിച്ച് അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിക്കുകയാണോ?" കീർത്തിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു. വല്ലാത്തൊരു കാർക്കശ്യം അവരുടെ ശബ്ദത്തിലും ശരീരഭാഷയിലും എഴുന്നുനിന്നു.

"എന്റെ അനുജത്തിയുടെ ആത്മഹത്യക്കുത്തരവാദിയാണ് അവന്‍. പാവം എന്റെ സൂസൻ. അവനെ അവൾ അതിരറ്റ് സ്നേഹിച്ചു. എന്നാൽ അവനോ? അവളെ വഞ്ചിച്ചു. അത് കണ്ടെത്താനും അവനെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും കീർത്തി പ്രതിനിധാനം ചെയ്യുന്ന ഫോഴ്സിന് കഴിഞ്ഞോ? ഇല്ലല്ലോ? വർഷങ്ങൾക്കിപ്പുറം സത്യങ്ങൾ തിരിച്ചറിഞ്ഞപ്പോൾ ഞാൻ എന്റെ ശിക്ഷ നടപ്പാക്കി." 

മാർഗരറ്റ് പറഞ്ഞത് കേട്ട് കീർത്തി ഒന്ന് ഞെട്ടി. ആ മുഖം വിളറി. സ്വയമറിയാതെ അവളുടെ തല താണ് പോയി. എന്നാലിതൊന്നും ആരും കണ്ടില്ല. അല്ലെങ്കിൽ ആരുടേയും ശ്രദ്ധയിൽ പെട്ടില്ല.

"അവനെ എന്റെയടുക്കലെത്തിച്ചത് കാലമാണ്. കാലമെന്ന മഹാസത്യം."

e-novel-four

"മണ്ണാങ്കട്ട..!" മാർഗരറ്റിന്റെ കരണത്തൊരടിവെച്ചു കൊടുത്തു കീർത്തി സുധാകർ. അതിശക്തമായ ആ പ്രഹരമേറ്റ് മാർഗരറ്റ് നിലവിളിയോടെ നിലം പതിച്ചു. കീർത്തിയുടെ സഹപ്രവർത്തകർ സ്തബ്ധരായി നിന്ന് പോയി. അവർ ഒരിക്കലും അവളിൽ നിന്ന് ഇത്തരമൊരു നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഇത്രയേറെ ക്ഷുഭിതയും ചകിതയുമായി മുമ്പൊരിക്കലും അവരെ സഹപ്രവർത്തകർ കണ്ടിട്ടുമില്ല.

"കാലം അവനെ നിന്റെയടുത്ത് കൊണ്ട് വന്നു, അല്ലേ? അവനാണ് തെറ്റുകാരനെന്ന് പറഞ്ഞ് തന്നു. ഈ കാലമെന്താടീ ഇൻവെസ്റ്റിഗേഷൻ സ്പെഷ്യലിസ്റ്റോ?" കീർത്തി ആക്രോശിച്ചു. അവളുടെ കണ്ണുകൾ ചുവന്നു. മുഖം കരുവാളിച്ചിരുന്നു. ആ പോലീസ് സ്റ്റേഷനെത്തന്നെ പിടിച്ചു കുലുക്കുമാറുച്ചത്തിൽ അവൾ കലിതുള്ളി.

"നീ എന്ത് കരുതിയെടീ? ഏതോ സിനിമക്ക് വേണ്ടി ആരോ എഴുതിയ കഥ മനഃപാഠമാക്കി ഇവിടെ വന്ന് കുടഞ്ഞിട്ടാൽ ഞങ്ങളൊക്കെ അതങ്ങ് തൊണ്ട തൊടാതെ വിഴുങ്ങുമെന്നോ? എട്ട് കൊല്ലം കൂടെ കഴിയുക. ഒടുവിൽ സഹോദരിയുടെ ഘാതകനെന്ന് തിരിച്ചറിയുക. വെട്ടി നുറുക്കി കൊല്ലുക. നല്ലൊരു ആക്ഷൻ ത്രില്ലറിനുള്ള വകുപ്പുണ്ടിതിൽ. പക്ഷെ നിന്റെയീ കഥയൊന്നും ഇവിടെ വിലപ്പോകില്ല. നീ പറഞ്ഞതെല്ലാം കള്ളമാണ്. നീ എന്തൊക്കെയോ മറച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് തീർച്ച. നിനക്ക് എന്തൊക്കെയോ താൽപര്യങ്ങൾ ഉണ്ടായിരുന്നു. അത് നേടിയെടുക്കാനായിരുന്നു ഈ കൊല. അതിന് നീ ആരെയോ കൂട്ട് പിടിച്ചു. നീ ആരെയാണ് കൂട്ട് പിടിച്ചതെന്നും, എന്തിനാണ് കൂട്ട് പിടിച്ചതെന്നുമാണെനിക്ക് അറിയേണ്ടത്. മുഹാജിർ തെറ്റുകാരനൊന്നുമല്ല. നിന്റെ സഹോദരിയുടെ ആത്മഹത്യക്ക് അവൻ കാരണക്കാരനുമല്ല."

"അതെങ്ങനെ കീർത്തിക്കറിയാം? ഇത്ര തറപ്പിച്ച് കീർത്തിക്ക് ഇതെങ്ങനെ പറയാൻ സാധിക്കും?" മാർഗരറ്റ് കീർത്തിയുടെ കണ്ണുകളിലേക്ക് നോക്കി ശബ്ദമുയർത്തി ചോദിച്ചു. ഉയരങ്ങളിലൂടെ പറക്കുന്ന കിളി, അസ്ത്രമേറ്റാൽ ദയനീയമായ നിലവിളിയോടെ നിലം പതിക്കും. ഉറഞ്ഞുതുള്ളുകയായിരുന്ന കീർത്തി അതുപോലെ, മാർഗരറ്റിന്റെ  ചോദ്യത്തിന് മുന്നിൽ പെട്ടെന്ന് നിശബ്ദയും സ്തബ്ധയുമായി. അവരുടെ കണ്ണുകളെ നേരിടാനാകാതെ കീർത്തി മുഖം വെട്ടിച്ചു.

"തൽക്കാലം ഇവളെ ലോക്കപ്പിലാക്ക്. ഞാനുടനെ വരാം." ഇതും പറഞ്ഞ് കീർത്തി ശരവേഗത്തിൽ പുറത്തിറങ്ങി. ഡ്രൈവറിൽ നിന്നും താക്കോൽ വാങ്ങി വണ്ടിയെടുത്തു. എങ്ങോട്ടും പോകാനില്ലായിരുന്നു. എങ്കിലും അവിടം വിടാനവൾ വ്യഗ്രത കാട്ടി. എന്തിൽ നിന്നോ ഓടി രക്ഷപ്പെടാനെന്ന പോലെ…

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com