ADVERTISEMENT

അധ്യായം: ഏഴ്

കോളജ് ലേഡീസ് ഹോസ്റ്റലിന്റെ ടെറസിൽ നിന്നും ചാടിയാണ് സൂസൻ ആത്മഹത്യ ചെയ്തത്. ജനുവരിയിലെ ഒരു തണുത്ത പ്രഭാതമായിരുന്നു അത്. കോളജിൽ പോകാനുള്ള ഒരുക്കത്തിലായിരുന്ന മറ്റു കുട്ടികളുടെ കണ്ണ് വെട്ടിച്ച് സൂസൻ ടെറസിലേക്കെത്തി. വിശുദ്ധ വചനങ്ങൾ ഉരുവിട്ട് കൊണ്ടവൾ താഴേക്ക് ചാടി. ഒന്നാം നിലയിലെ സൺഷെയ്ഡിൽ തലയിടിച്ച് താഴെ വീണു. അതുനേരിൽക്കണ്ട പല കുട്ടികളുടെയും മാനസികാരോഗ്യം തകർന്നു. അതിൽ പലരും മാസങ്ങളോളം ചികിത്സകൾക്ക് വിധേയരാക്കപ്പെട്ടു. അത്ര ഭയാനകമായ ഒരു രംഗമായിരുന്നു അത്. സൂസൻ എന്ന ഊർജസ്വലയായ പെൺകുട്ടി തല തകർന്ന് രക്തത്തിൽ കുളിച്ചു മരിച്ചു കിടക്കുന്ന കാഴ്ച. ഒരാൾ പെട്ടെന്നില്ലാതാവുന്നതിന്റെ ഞെട്ടൽ എന്തെന്നറിയുകയായിരുന്നു സൂസന്റെ അധ്യാപകരും സഹപാഠികളും! 

പ്രശസ്ത പാത്തോളജിസ്റ്റ് ഡോ. നമ്പ്യാരാണ് ഓട്ടോപ്സി ചെയ്തത്. മരിക്കുമ്പോൾ സൂസൻ നാല് മാസം ഗർഭിണിയായിരുന്നു എന്ന് ഓട്ടോപ്സി റിപ്പോർട്ടിൽ വെളിപ്പെട്ടു! ആർക്കും ആ വാർത്ത വിശ്വസിക്കുവാനായില്ല. കാരണം അവൾക്ക് ആരോടെങ്കിലും അടുപ്പമോ ബന്ധമോ ഉള്ളതായി ഒരാൾക്കും ഒരു സൂചനയും ലഭിച്ചിരുന്നില്ല. എല്ലാവരും ഒന്നും മനസ്സിലാകാതെ അമ്പരന്നപ്പോൾ തന്റെ കുഞ്ഞനുജത്തിയുടെ ആത്മഹത്യക്ക് പിന്നിൽ ഒരു ചതിയുണ്ടെന്ന് മാർഗരറ്റിന് തോന്നി. ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ സൂസനെ വരുതിയിലാക്കാൻ ഒരാൾക്കുമാവില്ലെന്ന് അവൾക്കറിയാമായിരുന്നു. എന്നാൽ പ്രണയം അങ്ങനെയല്ല. 

ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കൂടി ആത്മഹത്യയിൽ ശരണം പ്രാപിച്ചതോടെ ശാരീരികവും മാനസികവുമായി ഉലഞ്ഞ അവസ്ഥയിലായിക്കഴിഞ്ഞിരുന്നു മാർഗരറ്റ്. താൻ ഈ വലിയ ലോകത്ത് ആർക്ക് വേണ്ടി ജീവിച്ചോ, അവർ തന്നോടൊന്ന് യാത്ര ചോദിക്കുക പോലും ചെയ്യാതെ പോയ്ക്കളഞ്ഞത് അവൾക്ക് കനത്ത ആഘാതമായി. ഒലിവറിനെയും സൂസനെയും സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. സമയവും ഇഷ്ടങ്ങളുമെല്ലാം അവർ അവർക്കായി മാറ്റിവെച്ചു. എന്നാൽ രണ്ടുപേരും അകന്ന് വിദൂരതയിലേക്ക് മറഞ്ഞു. ഒലിവറിന് അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധിയെക്കുറിച്ച് അവൾ ബോധവതിയായിരുന്നു. എല്ലാ പിന്തുണയും നൽകി അയാൾക്ക് പിന്നിൽ ഉറച്ചു നിന്നതുമാണ്. എന്നാൽ അവളെ പരാജയപ്പെടുത്തിക്കളഞ്ഞു അയാൾ. സൂസനും അതുതന്നെയാണ് ചെയ്തത്. എന്തുണ്ടെങ്കിലും അവൾക്ക് മാർഗരറ്റിനോട് തുറന്ന് പറയാമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം മാർഗരറ്റ് അവൾക്ക് അനുവദിച്ചു കൊടുത്തിരുന്നു. വീണു പോയിടത്തു നിന്നും തന്റെ അനുജത്തിയെ വാരിയെടുക്കുമായിരുന്നു അവൾ. എന്നാൽ സൂസൻ ഒന്നും പറയാതെ വിട്ടകന്നു.

ആരാലും പൂർണമായി മനസ്സിലാക്കപ്പെടുകയോ, പരിഗണിക്കപ്പെടുകയോ ചെയ്യാത്തവളാണ് താനെന്ന തോന്നൽ അവളിലുണ്ടായി. അവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് വിലപിച്ചു. ആരെയൊക്കെയോ പുലഭ്യം പറഞ്ഞു കൊണ്ട് നിരത്തിലൂടെ ഓടി. ചികിത്സയും മുഹാജിറിന്റെ  സാന്ത്വനങ്ങളുമാണ് അവരെ തിരിച്ചെത്തിച്ചത്. ഒലിവറിന്റെ വിടവാങ്ങലിന് ശേഷം എല്ലാമൊന്ന് ശരിയായി വന്നതായിരുന്നു. 'സ്ത്രീത്വം' എന്ന ഒരു മാസികയൊക്കെത്തുടങ്ങി അവർ പഴയ മാർഗരറ്റാകാൻ തുടങ്ങിയതായിരുന്നു. പെട്ടെന്നാണ് മറ്റൊരു വിയോഗം കൂടി.

സൂസന്റെ ആത്മഹത്യ വലിയ ഒച്ചപ്പാടുണ്ടാക്കി. വിദ്യാർത്ഥി പ്രക്ഷോഭങ്ങളും മാധ്യമ ഗർജനങ്ങളുമുണ്ടായി. എന്നാൽ അധികം വൈകാതെ എല്ലാം കെട്ടടങ്ങി. അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടി. പത്രങ്ങളുടെ പ്രധാന തലക്കെട്ടുകളിൽ നിന്നും ചാനലുകളുടെ ചർച്ചാ വിഷയങ്ങളിൽ നിന്നും തന്റെ അനുജത്തി പടിയിറക്കപ്പെടുന്നത് മാർഗരറ്റ് വേദനയോടെ കണ്ടു. നിരാശയോടെ അവർ നിയമസ്ഥാപനങ്ങളുടെ പടികളിറങ്ങി. അന്നെടുത്ത തീരുമാനമാണ്; തന്റെ അനുജത്തിയുടെ ആത്മഹത്യക്ക് പിന്നിൽ ആരാണെന്ന് തിരിച്ചറിയുന്ന നിമിഷം അയാളെ സ്വന്തം കൈകൾക്കൊണ്ട് കൊല്ലുമെന്നുള്ളത്.

e-novel-chapter-seven-full
മിഡ്‌ജോർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

ഒലിവറിന്റെ മരണത്തോടെ മാർഗരറ്റ് 'പൂമൊട്ടുക'ളുടെ പ്രസിദ്ധീകരണം ഉപേക്ഷിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് അവർക്ക് അതിനേ നിർവാഹമുണ്ടായിരുന്നുള്ളൂ. മാത്രമല്ല സൈബറിന്റെ പ്രപഞ്ചം വലുതായതോടെ 'പൂമൊട്ടുക'ളുടെ സർക്കുലേഷൻ കുത്തനെ കുറയുകയും ചെയ്തിരുന്നു. എല്ലാം അവസാനിപ്പിച്ച് അവൾ തന്റെ വാടകവീട്ടിൽ ഒതുങ്ങിക്കൂടി. ബാലപ്രസിദ്ധീകരണങ്ങളിൽ നിരന്തരമെഴുതി നിത്യച്ചിലവിനുള്ള വക കണ്ടെത്തി. ധാരാളം വായിച്ചും തുടർച്ചയായി എഴുതിയും ചിന്തിച്ചും സമയം തള്ളി നീക്കി.

ഗാഢനിദ്ര വിട്ടുണർന്ന ശലഭം ഉയരങ്ങളിലേക്ക് ചിറകടിച്ചു പറന്നത് പെട്ടെന്നാണ്. പരിസ്ഥിതിക്ക് വേണ്ടി ലേഖനങ്ങളെഴുതുന്ന, സ്ത്രീയുടെ വിമോചനത്തിനും, അവകാശ സംരക്ഷണത്തിനും വേണ്ടി കരുത്തുറ്റ കവിതകൾ എഴുതുന്ന, പ്രക്ഷോഭങ്ങളിൽ ചുരുട്ടിയ മുഷ്ടി തൊണ്ട പൊട്ടി മുദ്രാവാക്യം വിളിക്കുന്ന ഒരുവളായി മാറി മാർഗരറ്റ്. 'സ്ത്രീത്വം' പതിയെ പ്രചാരം നേടിയെടുത്തു. കവിതകളും ലേഖനങ്ങളുമെഴുതി മുഹാജിർ 'സ്ത്രീത്വ'വുമായി സഹകരിക്കുകയും ചെയ്ത് പോന്നു.

ഒരു ഉച്ചസമയത്ത് മൃണാൾ സെന്നിന്റെ 'ഏക് ദിൻ അചാനക്' എന്ന ചിത്രം കണ്ടുകൊണ്ടിരിക്കെ മാർഗരറ്റിന്റെ മൊബൈലിലേക്ക് മുഹാജിറിന്റെ കോൾ വന്നു. ഡിസ്‌പ്ലെയിൽ മുഹാജിറിന്റെ നമ്പർ കണ്ട അവരുടെ ചുണ്ടിൽ മന്ദഹാസം വിടർന്നു. ടി.വിയുടെ ശബ്ദം കുറച്ച് അവൾ കോൾ അറ്റൻഡ് ചെയ്തു... 

"മുഹാജിർ"

"ഹലോ മാഡം... " 

"എന്നെ മാഡം എന്ന് വിളിക്കരുതെന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടില്ലേ മുഹാജിർ?" 

"ഓ... ഞാനത് പിന്നെയും മറന്നു." 

"മുഹാജിർ, ദയവായി എന്നെ മാഗി എന്ന് വിളിക്കൂ... വേണ്ടപ്പെട്ടവരൊക്കെ എന്നെ അങ്ങനെയാണ് വിളിക്കാറ്."

"ശരി... മാഗി ഇപ്പോ എവിടെയാണ്?" 

"ഫ്ലാറ്റിലാണ്... ഭക്ഷണം കഴിക്കുകയായിരുന്നു, കൂട്ടിന് മൃണാൾ സെന്നിന്റെ സിനിമയുമുണ്ട്."

"ഓഹോ... ഇന്നെന്താ സ്‌പെഷ്യൽ?"

"സ്പെഷ്യലല്ലേ ഉള്ളൂ... ഖൂബ്സ്, താറാവ് കറി, ഫ്രൂട്ട് സാലഡ്... ഇങ്ങോട്ട് വാ... കഴിച്ചിട്ട് പോകാം."

"ഞാൻ ഇപ്പോ വരുന്നില്ല. കുറച്ച് പണിയുണ്ട്. വൈകിട്ട് ഫ്രീയാണോ?"

"അതേലോ..."

"എങ്കിൽ വൈകിട്ട് നേതാജി പാർക്കിലേക്ക് വരൂ. ഞാനവിടെയുണ്ടാകും. നമുക്ക് കുറെ സമയം സംസാരിച്ചിരിക്കാം."

"നീ സിറ്റിയിലുണ്ടോ?"

"ഉവ്വ്... അതിരാവിലെ എത്തിയതാണ്. 'ശമനം' ആയുർവേദിക് ഹോസ്പിറ്റലിൽ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നതാണ്. സെലക്ഷനായിട്ടുണ്ട്."

"വാട്ട് എ സർപ്രൈസ്..!" മാർഗരറ്റിൽ നിന്നും വിസ്മയത്തിന്റെയും ആഹ്ലാദത്തിന്റെയും ശബ്ദം പുറപ്പെട്ടു.

"അപ്പോ നീയിനി സിറ്റിയിൽ തന്നെ കാണും. അല്ലേ?"

"അതെ മാഗി... താമസവും ഭക്ഷണവുമൊക്കെ സ്ഥാപനം പ്രൊവൈഡ് ചെയ്യുമെന്നാണ് പറഞ്ഞത്. നമുക്കിനി എപ്പോഴും കാണാലോ."

"ഞാനും അത് തന്നെയാണ് ചിന്തിച്ചത്. എന്തായാലും വൈകിട്ട് കാണാം." 

നിറഞ്ഞ മനസ്സോടെയാണ് മാർഗരറ്റ് ഫോൺ വെച്ചത്. അവളെ സംബന്ധിച്ച് അയാളുടെ സാന്നിധ്യം വലിയ ആശ്വാസവും, സന്തോഷവുമൊക്കെയായി മാറിക്കഴിഞ്ഞിരുന്നു. അയാൾക്കും അങ്ങനെതന്നെ. ഒറ്റപ്പെട്ട് പോയ ആ രണ്ടു പേർ പരസ്പ്പരം സംരക്ഷിച്ചു പിടിക്കുവാനുള്ള വെമ്പലിലായിരുന്നു. അയാൾ അന്ന് വെറും മുഹാജിറായിരുന്നു. ഇരുപത്തിയൊന്ന് വയസ്സ് മാത്രമുള്ള ഒരു പയ്യന്‍. വീട്ടിലെ തന്റെ മുറിയിൽ വായനയുടെയും എഴുത്തിന്റെയും ഭാരം പേറിക്കഴിയുന്നവൻ. അറിയപ്പെടുന്ന ഒരു ജേർണലിസ്റ്റ് ആയിത്തീരണമെന്നുള്ള അയാളുടെ ഹൃദയത്തെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാൽ ബിരുദപഠനം അയാൾക്ക് സപ്ലികൾ സമ്മാനിച്ചിരുന്നു. അതുകൊണ്ട് എല്ലാ പേപ്പറുകളും കിട്ടുന്നതുവരെ ജോലി ചെയ്ത് കുടുംബത്തിന് താങ്ങാവാമെന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് അയാൾ ഇന്റർവ്യൂവിന് ഹാജരായത്. 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com