ADVERTISEMENT

അധ്യായം: ഒൻപത്

സ്കൂൾബാഗ് സോഫയിലേക്കിട്ടിട്ട് വേഗം മേക്കപ്പ് സെറ്റ് എടുത്തുകൊണ്ടുവന്ന് പാവയെ ഒരുക്കാനുള്ള പണികൾ തുടങ്ങിക്കഴിഞ്ഞു നീലൂട്ടി. "നിനക്കിന്ന് കഴിക്കാനും കുടിക്കാനുവൊന്നും വേണ്ടേ നീലൂട്ടി?" അമ്മ വിളിച്ചു ചോദിച്ചു. സാധാരണ വിശക്കുന്നേ എന്ന പല്ലവിയോടെയാണ് നിലാവ് വീട്ടിലേയ്ക്കു കയറുന്നതുതന്നെ. ഇന്നിപ്പോ പാവയെ കിട്ടിയതോടെ വിശപ്പും ഇല്ല, ദാഹോം ഇല്ല. "ഇപ്പോ വേണ്ടമ്മേ, മയേച്ചിയൊക്കെ വന്നിട്ട് കയിച്ചോളാം", നീലൂട്ടി വിളിച്ചു പറഞ്ഞു. അവൾ തന്റെ മേക്കപ്പ് സെറ്റ് തുറന്ന് ഓരോരോ സാധനങ്ങളായി പുറത്തെടുക്കുവാൻ തുടങ്ങി. കൺമഷികൊണ്ട് ആദ്യം പാവയുടെ കണ്ണെഴുതി. കൺമഷിയൽപ്പം പടർന്നത് പെറ്റിക്കോട്ടിന്റെ സൈഡ്കൊണ്ട് തൂത്തു റെഡിയാക്കി. പിന്നെ മഞ്ഞ കളർപെന്നുകൊണ്ട് പാവയ്ക്കൊരു പൊട്ടും തൊട്ടു. ലിപ്സ്റ്റിക് കൊണ്ട് ചുണ്ട് ചുവപ്പിച്ചു. പാവേടെ കൈനഖത്തിൽ ക്യൂട്ടക്സ് ഇടാനാണ് നീലൂട്ടി ഉദ്ദേശിച്ചതെങ്കിലും അവൾ ഇട്ടു വന്നപ്പോ വിരലിന്റെ പകുതിയോളം ക്യൂട്ടക്സായി. കറുപ്പും വെളുപ്പും കുപ്പിവളകളും പാവയ്ക്കിട്ടെങ്കിലും ആ കുഞ്ഞി കൈയ്യിൽ നിൽക്കാതെ വളകൾ താഴെ വീണു.

പാവേടെ മേക്കപ്പ് പൂർത്തിയാകുംമുമ്പേ നിളയും മഴയും സ്കൂളിൽ നിന്നെത്തി. നീലൂട്ടീടെ പിങ്ക് പാവയെ പിങ്കിയെന്നു വിളിക്കാമെന്നു നിള പറഞ്ഞു.ആ പേര് നിലാവിനും ഇഷ്ടമായി. "പിങ്കീ", സ്നേഹത്തോടെ വാത്സല്യത്തോടെ നിലാവ് ആ പേരു നീട്ടിവിളിച്ചു. പിങ്കിയെ ഇനിയാരും പാവയെന്നു വിളിക്കരുതെന്നും അവൾ ഓർഡറിട്ടു. അച്ഛനും അമ്മയുമടക്കം എല്ലാവരും പിങ്കിയെന്നു തന്നെവേണം വിളിക്കാൻ.

അപ്പുറത്തെ വീട്ടിലെ വർഗീസങ്കിൾ കൊണ്ടുവന്ന ചേന വേവിച്ചതായിരുന്നു അന്നത്തെ സ്പെഷ്യൽ ഭക്ഷണം. നല്ല ചൂടുചേനപ്പുഴുക്കിനു മുകളിൽ തേങ്ങയും ചിരവിയിട്ട് മുളകു ചമ്മന്തിയും കൂട്ടി കഴിക്കുവാൻ കുട്ടികൾക്കെല്ലാവർക്കും ഇഷ്ടമാണ്. ഇത്തരം വിഭവങ്ങൾ ഏറ്റവുമിഷ്ടം അമ്മയ്ക്കാണ്. ചേന, ചേമ്പ്, കാച്ചിൽ, കപ്പ ഒക്കെയാണ് അമ്മയുടെ ഫേവറൈറ്റ് ഫുഡ്സ്. അച്ഛനും ഇവയെല്ലാം ഇഷ്ടമാണെങ്കിലും ഒന്നാം സ്ഥാനം ചക്കപ്പുഴുക്കിനാണ്. ചക്കപ്പുഴുക്കും കേരക്കറിയുമാണ് അച്ഛന് ഏറ്റവും ഇഷ്ടം. "ഈ ബേക്കറി പലഹാരങ്ങളൊക്കെ കളഞ്ഞിട്ട് വല്ല കപ്പയോ കാച്ചിലോ ഒക്കെ കഴിച്ചാ ഇരട്ടി ആരോഗ്യം വയ്ക്കും കുട്ടികൾക്ക്" എന്നു മാധവൻ മാമൻ പറയാറുള്ളത് മഴ ഓർത്തു. ഇനിയെന്നാവും മാധവൻ മാമൻ വരുന്നത്?. പച്ചക്കറി തോട്ടത്തിലെ വിളവെടുക്കാറാകുമ്പോ ഏതായാലും മാമനെ വിളിക്കണം. മഴ മനസ്സിൽ കരുതി.

പിറ്റേന്നു ക്ലാസ് കഴിഞ്ഞെത്തിയ നീലൂട്ടി പിങ്കിയുമായി കാര്യമായ സംഭാഷണത്തിലാണ്. "പിങ്കീ, നിനക്കൊരു കാര്യം കേൾക്കണോ , ഇന്നു ക്ലാസ് ടെസ്റ്റിന് ഫുൾ മാർക്ക് കിട്ടിയത് ഒറ്റ ഒരാൾക്കാ, ആർക്കാന്നറിയുവോ? വേണേൽ ഒരു ക്ലൂ തരാം. ഒരു സുന്ദരിക്കുട്ടിയാ, വീട്ടിൽ അവളെ വിളിക്കുന്നേ നീലൂട്ടീന്നാ, എനിക്കു തന്നെയാടാ മന്തപ്പാ", അവൾ പിങ്കിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. ഈ കാഴ്ച്ചകളൊക്കെ കണ്ട് നിലാവിന്റെ തൊട്ടുപിന്നിൽ തന്നെ നിൽക്കുന്നുണ്ട് അമ്മ. "ആഹാ, വന്നപ്പോ തന്നെ പാവേം ആയിട്ട് കൊച്ചുവർത്താനം തുടങ്ങിയോ?". അമ്മ ചോദിച്ചു. ആ ചോദ്യംകേട്ട നിലാവിന്റെ മുഖം ചുളിഞ്ഞു. "അമ്മേ, എന്റെ പിങ്കിയെ പാവേന്നു വിളിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ. ഇതെന്റെ വാവയാ, പാവയല്ല". അവളുടെ ഗൗരവത്തോടെയുള്ള സംസാരംകേട്ട് അമ്മയ്ക്ക് ചിരി വരുന്നുണ്ട്. എങ്കിലും പാടുപെട്ട് ആ ചിരി നിയന്ത്രിച്ചുകൊണ്ട് അമ്മ പിങ്കിയോട് സോറി പറഞ്ഞു. "അമ്മ പാവാട്ടോ പിങ്കീ, അറിയാതെ വിളിച്ചതാ, ഇനി വിളിക്കില്ല". നീലൂട്ടി അമ്മയോട് ക്ഷമിച്ചു. പിങ്കിയെ ആശ്വസിപ്പിച്ചു.

"മോളേ നിനക്ക് വിശക്കുന്നില്ലേ, അമ്മ ഉപ്പുമാവുണ്ടാക്കി വച്ചിട്ടുണ്ട്". "ആം കഴിക്കാം, നല്ല വിശപ്പ്", നീലൂട്ടി തന്റെ കുഞ്ഞിവയറ് തടവിക്കൊണ്ടു പറഞ്ഞു. പിന്നെ അമ്മയുടെ കൈപിടിച്ച് ഡൈനിങ് ഹാളിലെത്തി.

കൈയ്യും മുഖവും കഴുകിവന്ന് അവൾക്കേറ്റവും ഇഷ്ടപ്പെട്ട മിക്കിമൗസിന്റെ ചിത്രമുള്ള പ്ലേറ്റിൽ ഉപ്പുമാവും കടലക്കറിയും കഴിച്ചു തുടങ്ങി.അതിനിടെ നീലൂട്ടിക്കൊരു സംശയം, "അമ്മേ ഞങ്ങടെ സ്കൂളിനു താഴെയുള്ള ആ റോഡില്ലേ, അവിടെ കുറേ ചേട്ടന്മാര് പണിയെടുക്കുന്നുണ്ട്. പക്ഷേ നമ്മൾ പറയുന്നപോലെയല്ല, അവര് പറയുന്നേ, അവരു പറയുന്ന കേട്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല". "നീലൂട്ടി അവരിവിടെയുള്ള ആൾക്കാരല്ല. വേറെ ദൂരെയുള്ള സ്ഥലങ്ങളീന്ന് നമ്മുടെ ഇവിടെ ജോലി ചെയ്യാൻ വന്നവരാ. അവരുടെ നാട്ടില് മലയാളം ഇല്ല. ഹിന്ദിയും ബംഗാളിയും ഒക്കെയാ സംസാരിക്കുന്നേ. അതാ നീലൂട്ടിക്ക് മനസ്സിലാകാത്തേ". "ബംഗാളിയോ? അതെന്താ അമ്മേ?" നീലൂട്ടിയുടെ സംശയം തീരുന്നില്ല.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

"നീലൂട്ടി, നമ്മുടെ നാടിന്റെ പേരെന്താ? കേരളം. കേരളത്തിലുള്ള നമ്മൾ സംസാരിക്കുന്ന ഭാഷയാണ് മലയാളം. കുറേ ദൂരെയുള്ള ഇതുപോലുള്ള വേറൊരു സ്ഥലമാ ബംഗാൾ. അവിടെയുള്ള ആളുകൾ സംസാരിക്കുന്ന ഭാഷയാ ബംഗാളി. വൈകുന്നേരം സ്കൂൾ വിടുന്ന നേരത്ത് നിങ്ങളെല്ലാരും കൂടെ പാടുന്ന പാട്ടില്ലേ, നമ്മുടെ ദേശീയഗാനം". "ജനഗണമനയല്ലേ, ഞാൻ പാടട്ടെ അമ്മേ", നീലൂട്ടി ഉത്സാഹഭരിതയായി. "വേണ്ട വേണ്ട, ഇപ്പോ പാടണ്ട", അമ്മ ചിരിച്ചു. "ഈ ജനഗണമന ടാഗോർ എഴുതിയിരിക്കുന്നേ ബംഗാളി ഭാഷയിലാ". "ആരാ അമ്മേ എഴുതിയെ? ഒന്നൂടെ പറഞ്ഞേ". "ടാഗോർ, രവീന്ദ്രനാഥ് ടാഗോർ എന്നാണ് മുഴുവൻ പേര്. നീലൂട്ടി വല്യ ക്ലാസിലാകുമ്പോ അദ്ദേഹത്തെക്കുറിച്ചൊക്കെ കൂടുതൽ കാര്യങ്ങൾ പഠിക്കും കേട്ടോ", അമ്മ പറഞ്ഞു. 'ടാഗോർ', ആ പേര് നീലൂട്ടിക്ക് നന്നേ ഇഷ്ടമായി. നല്ല രസമുള്ള പേര്. ഇഷ്ടത്തോടെ അവൾ പല തവണയാ പേര് മനസ്സിൽ ഉരുവിട്ടു.

പഠിച്ചും കളിച്ചും കരഞ്ഞും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും മഴയും നിളയും നിലാവും വളരുകയാണ്. അവർ ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നു. പുതിയ കാഴ്ചകൾ കാണുന്നു. പുതിയ മനുഷ്യരെ പരിചയപ്പെടുന്നു. ഇടക്കൊക്കെ വഴക്കിട്ടാലും ഒന്നോ രണ്ടോ മണിക്കൂറുകൾക്കപ്പുറം അവരുടെ ഒരു പിണക്കവും നീണ്ടുപോകാറില്ല. എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അവർക്കറിയൂ. നാളെ അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷികമാണ്. അവർക്കായി കുറേയധികം സർപ്രൈസുകൾ ഒരുക്കിയിട്ടുണ്ട് കുട്ടിക്കൂട്ടം. നാളെ വൈകുന്നേരം ഫാത്തിമയുടെ വീട്ടുകാരും കാർത്തികയുടെ വീട്ടുകാരും സൂര്യകാന്തിയിലെത്തും. സൂര്യകാന്തിയിങ്ങനെ സന്തോഷങ്ങളും സർപ്രൈസുകളുമൊക്കെയായി എന്നും സ്നേഹത്തോടെ മുന്നോട്ടു പോകട്ടെ.

(അവസാനിച്ചു)

English Summary:

Mazha, Nila, Nilavu Children's Novel written by M J Jins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com