കൗസല്യാ സുപ്രജാരാമാ പൂർവാസന്ധ്യാ പ്രവർത്തതേ... ശ്രീവെങ്കടേശസുപ്രഭാതത്തിന്റെ. ശീലുകൾക്കൊപ്പം മുറികളിലും തെരുവുകളിലും പരക്കുന്ന. ഡിക്കോഷൻ കോഫിയുടെ സുഗന്ധത്തിലേക്ക് കൽപ്പാത്തിയിലെ അഗ്രഹാരങ്ങൾ ഉണരുകയായി.. സൈക്കിളിൽ ഇംഗ്ലിഷ് പത്രങ്ങളുമായി പോവുന്നവരുടെ ബെല്ലടി ശബ്‌ദം. മുത്തശ്ശിമാർ. കോലമെഴുതാൻ മുറ്റത്തേക്ക് വരുന്നു.. മലയാളകഥയിൽ കൽപ്പാത്തിയിലെ അഗ്രഹാരപ്പഴമയുള്ള ഒരു കോലമെഴുത്തിന്റെ. സൗന്ദര്യം കൊണ്ടുവന്ന ടി.കെ.ശങ്കരനാരായണൻ കഥയെഴുത്തിലേക്ക് കടന്നിട്ട് നാലുപതിറ്റാണ്ടാവുന്നു.
വികെഎന്നിന്റെ ഒരു കഥയിലുണ്ട്,. തൃശൂർ പട്ടണത്തിൽ എത്തിയതും ഒരു നമ്പൂതിരി കാര്യസ്ഥനോട് പറയുന്നു– നാം. ആ ബ്രഹ്മസ്വം മഠത്തിൽ ചെന്ന് ഊണു കഴിക്കാം.. നീ ആ ഇലഞ്ഞിത്തറയിലെങ്ങാനും പോയിരുന്ന് മേളം കേട്ടാൽ മതി.. രണ്ടേ രണ്ടു വാക്യങ്ങളിലൂടെ വികെഎൻ ഒരു പട്ടണത്തിന്റെ. സംസ്കാരം തന്നെയാണ് വരച്ചിടുന്നതെന്ന്. ഇതേക്കുറിച്ച് ആർട്ടിസ്റ്റ് നമ്പൂതിരി എഴുതിയിട്ടുണ്ട്.. തന്റെ. ദേശത്തനിമയെ ആവിഷ്കരിക്കുന്നതിനൊപ്പം അഗ്രഹാരങ്ങൾക്ക് കാലാന്തരത്തിൽ കൈവരുന്ന മാറ്റങ്ങളെയും രേഖപ്പെടുത്തുന്നു എന്നതിലാണ്. ശങ്കരനാരായണന്റെ വിജയം.
കാശിയിൽ പാതി കൽപ്പാത്തി എന്നു പറയാറുണ്ട്.. കൽപ്പാത്തിയിൽ പാതി ടി.കെ.ശങ്കരനാരായണൻ എന്നു കൂടി പറഞ്ഞാലേ ആ ചൊല്ല് അർഥപൂർണമാവൂ. അത്രത്തോളം കൽപ്പാത്തിയിലെ ജീവിതം ശങ്കരനാരായണന്റെ കഥകളിൽ ഇഴുകിച്ചേർന്നിരിക്കുന്നു. തന്റെ. രചനാസമ്പ്രദായങ്ങളെക്കുറിച്ചും കഥയിലെ. നിലപാടുകളെക്കുറിച്ചും ശങ്കരനാരായണൻ സംസാരിക്കുന്നു
ഏറെക്കാലം മെഡിക്കൽ റെപ്രസന്റേറ്റീവായിരുന്നല്ലോ. ജ്യോതിഷി കൂടിയായതിനാൽ അതു സംബന്ധിച്ച വിവരങ്ങളും കഥയിൽ കടന്നുവരുന്നുണ്ട്. എങ്ങനെയാണ്. അഗ്രഹാരവർണനകൾ, മെഡിക്കൽ വിവരങ്ങൾ, ജ്യോതിഷം എന്നതിനൊപ്പം കഥാപാത്രങ്ങളുടെ അന്തഃസംഘർഷങ്ങളും കഥയിൽ സംയോജിപ്പിക്കുന്നത്?
എന്റെ ജീവിതമണ്ഡലം, പ്രവർത്തനമണ്ഡലം എല്ലാം ഈ മൂന്നു മേഖലകളിൽ ഉൾച്ചേർന്നിരിക്കുന്നു. ജനിച്ചു വളർന്നത് അഗ്രഹാരത്തിൽ. 27 വർഷം മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്‌തു. 18 കൊല്ലമായി ജ്യോതിഷം കൈകാര്യം ചെയ്യുന്നു. നമ്മൾ എന്തിൽ ഉൾച്ചേർന്നിരിക്കുന്നുവോ അതുമായി ബന്ധപ്പെട്ട അനുഭവങ്ങളായിരിക്കും സ്വാഭാവികമായും എഴുത്തിൽ പ്രതിഫലിക്കുക. എന്നെ സംബന്ധിച്ച് ഞാൻ കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് ഞാനിതു വരെ ഒന്നും എഴുതിയിട്ടില്ല. എന്നിലെ കഥാകൃത്തിനെ രൂപപ്പെടുത്തിയത് ഈ മൂന്നു മേഖലകൾ തന്നെയാണ്.
കണക്കുകൂട്ടലല്ല തെറ്റലാണ് സുഹൃത്തേ ജീവിതമെന്ന് ഒരു കഥയിലുണ്ട്. വേണ്ടതെല്ലാം ഇല്ലാതാവുന്നു. വേണ്ടാത്തതെല്ലാം നിലനിൽക്കുന്നു എന്ന് അങ്ങാടിക്കുരുവികൾ എന്ന കഥയിലും.. ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ കൂടി കഥയിൽ ഉണ്ടാവുന്നത് എങ്ങനെയാണ്? ബോധപൂർവമാണോ ഈ രീതി അവലംബിക്കുന്നത്.
ബോധപൂർവമല്ല. എഴുതുമ്പോൾ അറിയാതെ വന്നു ചേരുന്നതാണ്. ആഴത്തിൽ ബാധിച്ച എന്തെങ്കിലും അനുഭവങ്ങൾ അകത്ത് കിടക്കുന്നുണ്ടാവും. എഴുത്തിലെ സംഭവങ്ങളുമായി അതിന് സാദൃശ്യം വരുമ്പോൾ അനുഭവം തത്വചിന്തകളോ ദർശനങ്ങളോ ആയി രൂപാന്തരപ്പെടും. അങ്ങനെ എഴുതിപ്പോവുന്നതാണ്.
കൊട്ടുക്കൂടം എന്ന നോവലൈറ്റിൽ എത്തിയാൽ വായനക്കാർക്ക് അഗ്രഹാരത്തിൽ വന്ന്. താമസമാക്കിയതുപോലെ. തോന്നും. അത്രയധികം സൂക്ഷ്മമായ അഗ്രഹാരവർണനകൾ അതിലുണ്ട്. ഉദാഹരണത്തിന് തേരിന് ടി.എൻ. ശേഷഗോപാലന്റെ കച്ചേരി എന്നു എഴുതുന്നു. എഴുതാനിരിക്കുമ്പോൾ അഗ്രഹാരം താങ്കൾക്ക് ഒരു ടൂൾ ആണോ?
ബോധപൂർവം അഗ്രഹാരത്തെ ഒരു ‘ടൂൾ’ ആക്കിയിട്ടില്ല. നേരത്തേ സൂചിപ്പിച്ചല്ലോ , ജനിച്ചു വളർന്നത് ആ അന്തരീക്ഷത്തിലായതിനാൽ എന്നിൽ അത് ഊറിക്കിടക്കുന്നുണ്ട്. അഗ്രഹാരത്തിലെ. തെരുവുകളും ചെറുവഴികളും അഴിയിട്ട വീടുകളും കോലമെഴുതിയ തിട്ടാണികളും എല്ലാം. ആവിഷ് കാരത്തിൽ ഇതെല്ലാം അതേപടി വരുന്നത് സ്വാഭാവികം. തേരിന് ടി.എൻ. ശേഷഗോപാലന്റെ കച്ചേരി എന്നൊക്കെ കൃത്യമായി എഴുതുന്നത് വായനക്കാർക്ക് വിശ്വാസ്യതയുണ്ടാക്കാൻ വേണ്ടിയാണ്.
കൊട്ടുക്കൂടത്തിൽ കഥാപാത്രങ്ങളും അവരുടെ വിഹ്വലതകളുമല്ല കൊട്ടുക്കൂടം എന്ന മുറിയാണ് കേന്ദ്രം. പക്ഷേ കനകത്തിന് മണിയോർഡർ അയയ്ക്കുന്നത് ആരാണെന്നതിന് ബിയാട്രീസ് ആണ് എന്നതിന്റെ സൂചനയല്ലേ കുരിശ്? അതെന്താണ് വ്യക്തമായി എഴുതാതെ പോയത്? ചില സന്ദർഭങ്ങളിൽ കഥയിൽ. സൂചനകൾ നൽകിയാൽ മതിയെന്നാണോ? അതിലുപരി ആ കഥയിൽ. മതസൗഹാർദം വായനക്കാർക്ക് വായിച്ചെടുക്കാം. അതിനെക്കുറിച്ചു പറയാമോ?
അഗ്രഹാരത്തിൽ അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങൾ ഉള്ളതു പോലെത്തന്നെ വീടിന്റെ ഘടനയിൽ അരികുവൽക്കരിക്കപ്പെട്ട മുറികളുമുണ്ട്. അഗ്രഹാരവീടുകളുടെ വാസ്തു ഇതുവരെ നമ്മുടെ കഥയിൽ വന്നിട്ടില്ല. ആ ചിന്തയിൽ നിന്നാണ് ‘കൊട്ടുക്കൂടം’ ഉണ്ടാവുന്നത്. ആ മുറിയെക്കുറിച്ചെഴുതുമ്പോൾ അവിടെ കഴിയേണ്ടി വന്ന ഒരു സ്‌ത്രീയുടെ അനാഥത്വത്തെ ചേർത്തു വെച്ചാൽ കൂടുതൽ നന്നായിരിക്കുമെന്ന് തോന്നി. അവർക്ക് മണിയോഡർ അയക്കുന്നത് ബിയാട്രീസാണ് എന്നതിന്റെ സൂചനയാണ് കത്തിലെ കുരിശടയാളം. ബ്രാഹ്മണ സമുദായത്തിൽ നിന്നു തന്നെ കല്യാണം കഴിച്ച മറ്റു മരുമക്കളല്ല അവരെ സഹായിക്കുന്നത്,. സമ്പ്രദായം തെറ്റി വന്ന ബിയാട്രീസാണ്. യഥാർത്ഥ മനുഷ്യസ്‌നേഹത്തിന്, മാനവികതയ്ക്ക് ജാതിയും മതവുമൊന്നും തടസ്സമല്ല എന്ന് സൗമ്യമായി പറയുക കൂടിയാണ് കഥ. പ്രത്യക്ഷത്തിൽ പറഞ്ഞാൽ അതിന്റെ സാഹിത്യഭംഗി നഷ്‌ടപ്പെടും. അതുകൊണ്ടാണ് സൂചനകൾ മാത്രം നൽകിയത്. ചില സന്ദർഭങ്ങളിൽ സൂചനകൾ മാത്രമേ വേണ്ടൂ.
പണ്ടെഴുതിയ കഥയാണ്. ഉണ്ണി വരും എന്നത്.. ഉണ്ണി സന്യാസിയാവുന്നു. അച്ഛനമ്മമാരുമായി തെറ്റിപ്പിരിഞ്ഞ് ഉണ്ണി ഒരാശ്രമത്തിലെത്തി. കുറെക്കാലം കഴിഞ്ഞ് അവർ ഉണ്ണിയെ തിരക്കിപ്പോവുന്നു. അച്ഛൻ തനിക്ക് ഒരു കയ്യബദ്ധം പറ്റിയതാ എന്ന് ഏറ്റുപറയുന്നു. ഉണ്ണിയോട് ഇനിയെങ്കിലും വീട്ടിലേക്ക് വരാമോ എന്നു ചോദിക്കുന്നു. ഇല്ല എന്നു മറുപടി. എന്നിട്ടും കഥയുടെ പേര് ഉണ്ണി വരില്ല എന്നല്ല ഉണ്ണി വരും എന്നാണ്. അതെന്താണ് അങ്ങനെ?
വരില്ല എന്ന് ഉണ്ണി തീർത്തു പറയുമ്പോഴും ‘വരും’ എന്ന പ്രത്യാശയിലാണ് അച്ഛൻ. സ്വന്ത,ബന്ധ പാശങ്ങളുടെ വറ്റാത്ത ഉറവകൾ ഇപ്പോഴും നമ്മുടെ അകത്തുണ്ട്. ഈ പാശം കൊണ്ടാണ് അച്ഛന് കയ്യബദ്ധം പറ്റിയത്. ഈ പാശം തന്നെയാണ് ഉണ്ണിയെത്തേടി ആശ്രമത്തിലേക്ക് നയിക്കുന്നതും.. നിത്യമായ അകൽച്ച , വെറുപ്പ് , നിരാസം എന്നൊന്ന് മനുഷ്യജീവിതത്തിലുണ്ടോ ? ഇല്ല എന്നാണ് ആ കഥ സ്ഥാപിക്കുന്നത്. അതുകൊണ്ടാണ് ‘ഉണ്ണി വരും’ എന്ന ശീർഷകം.
‘ബ്രാഹ്മണോ ഭോജനപ്രിയ’യിലും മറ്റു ചില രചനകളിലും വസ്തുക്കൾ ബ്രാഹ്മണർക്ക് നഷ്ടപ്പെട്ട ഭൂപരിഷ്‌ക്കരണ ബില്ലിനെക്കുറിച്ച് പറയുന്നു.. സമൂഹത്തിൽ ബ്രാഹ്മണർക്കിടയിൽ. ബിൽ ഉണ്ടാക്കിയ പ്രത്യാഘാതത്തെക്കുറിച്ച് പറയാമോ?

ഭൂപരിഷ്‌ക്കരണ ബില്ലാണ് സമുദായത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തത് എന്നു വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്നവർ ഈ ബില്ല് വന്നതോടെ കൃഷിയിടങ്ങളെല്ലാം നഷ്‌ടപ്പെട്ട് നിരാലംബരായി. വയറ്റുപ്പിഴപ്പിനു വേണ്ടി ജോലി തേടി മുംബൈയ്ക്കും കൊൽക്കത്തയ്ക്കും വണ്ടി കയറിയ ചരിത്രത്തിന്റെ തുടക്കം ഇതാണ്. അന്നൊക്കെ വിവാഹാലോചനകൾ വരുമ്പോൾ ‘എത്ര പറയ്‌ക്ക് കൃഷിയുണ്ട്’ എന്നാണ് അന്വേഷിക്കുക.. ചെറുപ്പം മുതലേ ഈ ബില്ലു വരുത്തിയ നഷ്‌ടങ്ങളെക്കുറിച്ച് പലരും പറയുന്നതു കേട്ടാണ് ഞാൻ വളർന്നത്. എന്റെ പൂർവ്വികർ ഈ ബില്ലിന്റെ ഇരകളല്ല. എന്നാൽ ബന്ധുക്കൾ, പരിചയത്തിലുള്ള കുടുംബങ്ങൾ അവർ അനുഭവിച്ച ആഘാതം, സങ്കടം എല്ലാം ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. എഴുത്തിൽ ഇതൊക്കെ വരുന്നതിനു കാരണം ഇതാണ്.
പരേതരുടെ പ്രേതാത്മാവിനെ. ഏറ്റുവാങ്ങുന്ന ശവുണ്ഡി, വിളിക്കാത്ത കല്യാണത്തിന് ചെന്ന് ഭക്ഷണം കഴിക്കുന്ന വഴിപോക്കാൾ...അഗ്രഹാരജീവിതത്തിലെ ഒറ്റപ്പെട്ടതും എന്നാൽ സാധാരണ കേരളീയ സമൂഹത്തിന് അപരിചിതവുമായ ഇത്തരം കഥാപാത്രങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുമ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ അനുഭവിച്ച വെല്ലുവിളി എന്താണ്?
വായനക്കാർക്ക് തീർത്തും അപരിചിതരായ വിഭാഗങ്ങളാണ് ശവുണ്ഡിയും വഴിപോക്കാളും.. ഞാൻ ഇവരുടെ ജീവിതമെഴുതുമ്പോൾ മലയാളി വായനക്കാരന് ഇത് കൃത്യമായി മനസ്സിലാവണം. അവരുടെ ഉള്ളിലേക്ക് ഇവരുടെ നിസ്സഹായത ഇറങ്ങിച്ചെല്ലണം. ഞാനാകട്ടെ താരതമ്യേന അവർക്ക് അപരിചിതമായ വാക്കുകളും ഭാഷയും ഉപയോഗിക്കുന്ന ആളുമാണ്. ഇതു തന്നെയായിരുന്നു എഴുത്തുകാരൻ എന്ന നിലയ്ക്ക് ഞാൻ നേരിട്ട വെല്ലുവിളി. പിന്നെ ഒന്നുണ്ട്, നമ്മൾ സത്യസന്ധരായി ഹൃദയത്തിൽ തൊട്ടെഴുതുമ്പോൾ അത് സ്വാഭാവികമായും വായനക്കാരനിലേക്ക് എത്തിക്കോളും.
കർമഫലം അനുഭവിക്കാൻ ചിലപ്പോൾ കർമി ഉണ്ടാവില്ല. അപ്പോഴത് അടുത്ത തലമുറയെ ബാധിക്കും എന്ന് ബ്രാഹ്മണോ ഭോജനപ്രിയയിലുണ്ട്. ജ്യോതിഷം പഠിച്ചത് , മുംബൈ നഗരജീവിതം. ഇതെല്ലാം ഏതെല്ലാം വിധത്തിൽ കഥയെഴുത്തിനെ സഹായിച്ചു?
ജീവിതത്തിന് കഷ്‌ടങ്ങളുടെ ഒരു പുറം കൂടിയുണ്ടെന്ന് എനിക്ക് ബോധ്യപ്പെടുത്തിത്തന്നത് മുംബൈ ജീവിതമാണ്. മൂന്നു ദിവസം ശരിക്കുണ്ണാതെ കൊടും വിശപ്പിൽ തലചുറ്റി ബോധം കെട്ടു വീണതും. ജീവിക്കാൻ വേണ്ടി മരണവേഷം കെട്ടിക്കിടന്നയാളെ ആദ്യം കാണുന്നതും മുംബൈയിലാണ്. 1984 ലാണെങ്കിൽ പോലും 400 രൂപയാണ് അന്നെനിക്ക് മാസശമ്പളം. പലപ്പോഴും കള്ളവണ്ടി കയറേണ്ടി വന്നിട്ടുണ്ട്. അങ്ങനെ തിക്തമായ ഒരുപാട് അനുഭവങ്ങൾ നിറഞ്ഞതായിരുന്നു മുംബൈ ജീവിതം. എന്റെ ആദ്യകാല കഥകളിലെ പ്രമേയങ്ങൾ മിക്കതും മുംബൈ തന്നതാണ്. ജ്യോതിഷം പഠിച്ചപ്പോൾ ആ ശാസ്‌ത്രത്തിന്റെ സാധ്യതകളെയും ആ രംഗത്തെ അനുഭവങ്ങളെയും ആധാരമാക്കി കുറേ കഥകളെഴുതി.
അദ്ഭുതപ്പെടുത്തിയ. ഏതെങ്കിലും വായനക്കാരനിൽ നിന്നുള്ള അനുഭവം ഓർക്കാമോ?
ഫാർമ മാർക്കറ്റ് ചന്ദ്രിക വാരികയിൽ. വന്നു കൊണ്ടിരുന്ന കാലത്ത് തൃപ്പൂണിത്തുറയിലെ എഴുപതു വയുള്ള ഒരു വായനക്കാരൻ, ഗോപാലകൃഷ്‌ണ റാവു, എല്ലാ ആഴ്‌ചയും ചന്ദ്രിക വാങ്ങാൻ വേണ്ടി മാത്രം എറണാകുളം ബോട്ട്‌ജെട്ടിയിലെ ഒരു കടയിലേക്ക് പോകുമായിരുന്നു. അവിടെ കോപ്പി കിട്ടാതെ വന്നാൽ എറണാകുളത്തെ ചന്ദ്രികയുടെ ഓഫിസിലേക്ക് ചെല്ലും. രണ്ടു ദിക്കിലും ചന്ദ്രിക കിട്ടാതെ വന്നപ്പോൾ നോവലിലെ നായികയ്ക്ക് എന്തു പറ്റിയെന്നറിയാൻ അദ്ദേഹം എന്നെത്തേടി പാലക്കാടു വന്നു. ‘ഈ ലക്കം മഹാലക്ഷ്‌മിക്കെന്തു പറ്റി സാറേ ’ എന്നു ചോദിച്ചുകൊണ്ട് അയാൾ കയറി വന്നപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി. ഫാർമ മാർക്കറ്റ് സമർപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്.
പുതിയ നോവൽ , അതിന്റെ പശ്ചാത്തലം എന്നിവ പറയാമോ?
അടുത്ത നോവൽ ‘സൂത്രധാരൻ’. ജ്യോതിഷം മുഖ്യപ്രമേയമാവുന്ന മലയാളത്തിലെ ആദ്യ നോവലായിരിക്കും. മൂന്നു തലമുറയിലെ ജ്യോതിഷികളിലൂടെ മൂന്നു കാലഘട്ടത്തെ ജീവിതം ആവിഷ്‌ക്കരിക്കുകയാണ്. ഈ കാലത്തിനിടയ്ക്ക് ജ്യോതിഷത്തിന്റെ പ്രയോഗത്തിൽ വന്ന മാറ്റങ്ങൾ, ആളുകളുടെ കാഴ്‌ചയിൽ വന്ന മാറ്റങ്ങൾ, കാലത്തിന്റെ സ്വാധീനം എല്ലാം വരും. കുറച്ച് വലിയ നോവലാണ്.
വീട്ടിൽ സംസാരിക്കുന്ന ഭാഷയിലല്ല താങ്കളുടെ എഴുത്ത്. അതിൽ നിന്ന് മലയാളത്തിലേക്ക് മാറുമ്പോൾ ഭാഷാപരമായ പരിമിതികൾ ഉള്ളതായി തുടക്കത്തിൽ തോന്നിയിട്ടുണ്ടോ?
തുടക്കത്തിലല്ല. ഇപ്പോഴും എനിക്ക് നല്ല പദപരിമിതികളുണ്ട്. സ്കൂളിലോ കോളേജിലോ രണ്ടാം ഭാഷയായിപ്പോലും ഞാൻ മലയാളം പഠിച്ചിട്ടില്ല. വീട്ടിലും ഗ്രാമത്തിലും സംസാരിക്കുന്നത് തമിഴാണ്. അതിനാൽ എന്റെ ചിന്താഭാഷയും തമിഴായിപ്പോയി.. തമിഴിൽ ചിന്തിക്കുന്നു എന്റെ മലയാളം എന്നും പറയാം.. എഴുത്തിൽ തമിഴ്‌പദങ്ങൾ കടന്നു വരുന്നത് അതുകൊണ്ടാണ്. എഴുതുമ്പോൾ കൃത്യമായ ഒരു വാക്കു കിട്ടാതെ എത്രയോ നേരം വെറുതെയിരിക്കേണ്ടി വരാറുണ്ട്. പല വാക്കുകളും പരീക്ഷിച്ചു നോക്കും. ഒന്നും ശരിയായില്ലെങ്കിൽ പഴയ വാക്കു തന്നെ ഉപയോഗിക്കും.