sections
MORE

സെക്കൻഡ് സെക്സും പഞ്ചസാരയുടെ പ്രലോഭനക്കെണിയും

HIGHLIGHTS
  • സ്ത്രീമുന്നേറ്റങ്ങളുടെ അമരത്ത് സിമോൺ ദി ബുവാ എന്ന സ്വതന്ത്ര വ്യക്തിത്വം ഉണ്ടായിരുന്നു.
Simone de Beauvoir
സിമോൺ ദി ബുവാ
SHARE

പുരുഷ പ്രണയത്തിന് എത്രമേൽ കാൽപനികമായി അടിമയാകാമോ അത്രമേൽ സ്വതന്ത്രയുമാകാം ഒരു പെണ്ണിന് എന്നു ലോകത്തെ സിമോൺ ദി ബുവാ പഠിപ്പിച്ചു.

വാക്കെന്ന നിലയിൽ ബന്ധങ്ങൾ ബന്ധനങ്ങളാവുന്നത് ഒരക്ഷര വ്യത്യാസത്തിലാണല്ലോ. ജീവിതത്തിലാകട്ടെ, അങ്ങനെയാകുന്നതു കാഴ്ചപ്പാടുകളുടെ വ്യത്യാസത്തിലാണ്. സ്ത്രീത്വവാദത്തിന്റെ മാനിഫെസ്റ്റോ എന്ന് വാഴ്ത്തപ്പെടുന്ന ‘ദ് സെക്കൻഡ് സെക്സ്’ എന്ന പുസ്തകത്തിലൂടെ ഫെമിനിസത്തിന്റെ പ്രയോക്താവായ ബുവായുടെ ജീവിതം പ്രണയോന്മാദങ്ങളുടെ തടവറയിലുമായിരുന്നു. സ്ത്രീമുന്നേറ്റങ്ങളുടെ അമരത്ത് സിമോൺ ദി ബുവാ എന്ന സ്വതന്ത്ര വ്യക്തിത്വം ഉണ്ടായിരുന്നു. സ്വതന്ത്ര എന്നതിനർഥം ബന്ധങ്ങളില്ലായിരുന്നു എന്നല്ല, ബന്ധനങ്ങളില്ലായിരുന്നു എന്നാണ്. തത്വചിന്തകനായ ഴാങ് പോൾ സാർത്രിനൊപ്പമുള്ള അവരുടെ ജീവിതമാണ് അതിനുള്ള തെളിവ്.

ഒരു വ്യക്തിയുടെ സ്നേഹത്തെയും ബഹുമാനത്തെയും വിശ്വാസത്തെയും സ്വന്തമാക്കുന്നതിലുപരി വ്യക്തിയെ വളരെ ഭൗതികമായി മാത്രം സ്വന്തമാക്കുമ്പോൾ ബന്ധം ബന്ധനമാകുക തന്നെ ചെയ്യും. സ്ത്രീസ്വാതന്ത്ര്യം, തുല്യത എന്നതിനെ വ്യക്തിസ്വാതന്ത്ര്യം, തുല്യത എന്ന് വിശാലാർഥത്തിൽ വിവക്ഷിക്കാൻ ഇപ്പോൾ സമൂഹം പഠിച്ചു തുടങ്ങിയിരിക്കുന്നു.

സിമോൺ ദി ബുവാ മരിച്ചപ്പോൾ ഒരു പത്രത്തിൽ വന്ന തലക്കെട്ട് ‘വനിതകളേ, നിങ്ങളിവരോടു കടപ്പെട്ടിരിക്കുന്നു’ എന്നാണ്. അവരുടെ സംസ്കാരച്ചടങ്ങിലും ഏറ്റവും ആവർത്തിക്കപ്പെട്ട വാക്കുകളും ഇതു തന്നെയാണ്. 

തികച്ചും യാഥാസ്ഥിതിക പശ്ചാത്തലത്തിൽനിന്നു വന്ന ബുവായുടെ, അതിൽനിന്നു വേറിട്ട ചിന്താഗതിക്ക് ആദ്യ നിദാനം വായനാശീലമായിരുന്നു. സ്വതന്ത്രചിന്തയോടെ ജീവിക്കാൻ ആഗ്രഹിച്ച അവരുടെ ചിന്തകൾക്ക് വളമാകുന്ന സൗഹൃദങ്ങളുമുണ്ടായി. പോൾ നിസാൻ, റെനേ, സാർത്ര് എന്നിവരുമായി യൂണിവേഴ്സിറ്റി പഠന കാലത്തുണ്ടായ സൗഹൃദം ജീവിതത്തിലെ തന്നെ വഴിത്തിരിവ് ആകുകയായിരുന്നു. സാർത്ര് പിന്നീടുള്ള അൻപതിലേറെ വർഷങ്ങൾ- അദ്ദേഹത്തിന്റെ ജീവിതാവസാനം വരെ- ബുവേയുടെ ആത്മാർഥതയുള്ള പങ്കാളിയായി തുടർന്നു.

അവരുടെ കൂട്ടുകെട്ടിന്റെ അൻപത്തിയൊന്നു വർഷങ്ങളിൽ സാർത്രിന്റെ കൃതികളൊക്കെ എഡിറ്റ് ചെയ്തിരുന്നത്, സാർത്രിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ അരിച്ചെടുത്തിരുന്നത് ബുവായാണ്. ബുവായുടെ, ഒന്നൊഴികെ എല്ലാ പുസ്തകങ്ങളും പ്രസിദ്ധീകരണത്തിനു മുൻപ് സാർത്ര് വായിച്ചിരുന്നു. ആ ഒരു പുസ്തകമാകട്ടെ, അദ്ദേഹത്തിന്റെ മരണശേഷം ‘സാർത്രിനു വിട’ എന്ന പേരിൽ അദ്ദേഹത്തിന് അന്ത്യയാത്രാമൊഴിയായി എഴുതിയതും.  

സിമോൺ തന്നെ പറഞ്ഞിട്ടുള്ളത്, അവർ ഊർജ്ജം പകർന്ന വനിതാ മുന്നേറ്റങ്ങൾ അവരുടെ പുസ്തകങ്ങൾ, അൾജീരിയൻ സ്വാതന്ത്യത്തിനായുള്ള പ്രവർത്തനങ്ങൾ ഒക്കെ കണക്കിലെടുക്കുമ്പോഴും അവരുടെ ഏറ്റവും വലിയ നേട്ടം സാർത്രുമായുള്ള ബന്ധമാണെന്നാണ്. അവരെപ്പോലൊരു വനിത തന്റെ നേട്ടങ്ങളെ ഒരു പുരുഷനുമായുള്ള ബന്ധത്തിന്റെ പേരിൽ ചെറുതാക്കുന്നു എന്ന രീതിയിൽ വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്.

ഫെമിനിസമെന്നാൽ പുരുഷ വിദ്വേഷമാണെന്ന തെറ്റിദ്ധാരണയുടെ ബാക്കിയെന്നേ ഇത്തരം ആരോപണത്തെക്കുറിച്ചു പറയാനാകൂ. ജീവിതത്തിൽ ഒരു സ്ത്രീയുടെ സ്ഥാനത്തെക്കുറിച്ച് പുരുഷനു പറയാമെങ്കിൽ തിരിച്ചും അതേപോലെയാകാവുന്നതേയുള്ളു.

പരസ്പരം ഏറ്റവുമടുത്ത രണ്ടു പേരായിരിക്കുമ്പോൾത്തന്നെ രണ്ടു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളായി തുടരാൻ കഴിഞ്ഞിരുന്നു ബുവായ്ക്കും സാർത്രിനും. അതുകൊണ്ടുതന്നെ അവരുടെ പരസ്പരബഹുമാനം എന്നും നിലനിന്നു. അത്ര സ്വതന്ത്രരായി ഒരു ബന്ധത്തിൽ തുടരുക എന്നത് അദ്ഭുതത്തോടെ മാത്രമേ കാണാനാകൂ. അവർ തങ്ങളുടെ വ്യക്തിതാൽപര്യങ്ങളും  കാഴ്ചപ്പാടുകളും എന്തിന്, പ്രണയങ്ങളും മറ്റ് ഇടക്കാല ബന്ധങ്ങളും പോലും തുറന്നു പറഞ്ഞ്, പക്ഷേ അതേസമയം പരസ്പരം സ്വാതന്ത്ര്യത്തിനു വിലങ്ങു തടിയാകാതെ തുടർന്നു.

അങ്ങനെ പരസ്പര പൂരകങ്ങളായും സ്വതന്ത്രരായും ഒരേസമയം ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്. ബുവായ്ക്കത് അസ്തിത്വവാദം പരിണതഫലമായി മാറിയ ഒരു പ്രണയ പരീക്ഷണം കൂടിയായിരുന്നു. ജീവിത പങ്കാളി, അല്ലെങ്കിൽ പങ്കാളിയുമൊത്തുള്ള ജീവിതം, അതൊക്കെ സമൂഹം വരച്ച വരകൾക്കുള്ളിലേ വിജയമാകൂ എന്ന വിശ്വാസത്തെ ചോദ്യം ചെയ്ത പ്രശസ്തമായ ബന്ധമെന്ന നിലയ്ക്ക് ഏറെ പ്രസക്തമായ വിഷയവുമാണ് അവരുടെ കൂട്ടുകെട്ട്.

തത്വചിന്തകരായ ജീവിത പങ്കാളികൾ എന്നു പറയുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന അരസികരുടെ ചിത്രമങ്ങു മറന്നേക്കൂ. ബീവറെന്നും (ഒരു തരം നീർനായ) കുഞ്ഞനെന്നും (ദ ലിറ്റിൽ വൺ) പരസ്പരം വിളിച്ചിരുന്ന അവർ പരസ്പരം എഴുതിയിരുന്ന കത്തുകൾ എത്ര പ്രണയസാന്ദ്രമാണ്. സാർത്രിനയച്ച കത്തുകൾ എന്ന പേരിൽ അവ  പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ യുദ്ധത്തടവുകാരനായിരുന്ന കാലത്തും കത്തെഴുത്ത് അനുസ്യൂതം തുടർന്നു. 

കുട്ടിക്കാലം മുതൽ കൂട്ടുകാരനും ബന്ധുവുമായ ജാക്വിസ് തനിക്കു ചേരുന്നയാളാകുമെന്ന് ബുവാ കരുതി. എന്നാൽ വളർന്നപ്പോൾ ജാക്വിസിന്റെ തികച്ചും നിരുത്തരവാദപരമായ പെരുമാറ്റം ബുവാ അയാളുമായി അടുക്കാതെയിരിക്കുന്നതിനു കാരണമായി. യുണിവേഴ്സിറ്റി കാലത്ത് പ്രഫസറായിരുന്ന ഗാരിക്കും ഹെബാർഡും മെർലിയോ പോൺഡിയും ബുവായെ ആകർഷിച്ചിരുന്ന വ്യക്തിത്വങ്ങളാണ്. സാർത്രിന്റെ  വളരെയടുത്ത കൂട്ടുകാരനും വിവാഹിതനും അതിസുന്ദരനുമായ റെനെ മാഹ്യൂ എന്ന വിദ്യാർഥിയുമായി ബുവാ അക്കാലത്ത് പ്രണയത്തിലായി. പരീക്ഷയിൽ തോറ്റ് മാഹ്യൂ പാരിസിൽനിന്നു പോയതോടെ നിരാശയായ ബുവായെ സാർത്ര് ഒപ്പംകൂട്ടുകയായിരുന്നു. ദുഃഖിതയായ ബുവായെ പ്രണയസാന്ത്വനത്തിലല്ല, തത്ത്വശാസ്ത്ര പ്രസ്താവനകളിലൂടെയാണ് സാർത്ര് വീഴ്ത്തിയതെന്ന് ഒരു തമാശയുണ്ട്. സുന്ദരൻമാരല്ലാത്തവർക്ക് അതല്ലാതെന്തുവഴി!

എങ്കിലും ചേരണ്ടതിനോടു ചേരുമ്പോഴാണല്ലോ വ്യക്തിബന്ധങ്ങളിൽ പൂർണത വരുന്നത്. വ്യക്തികളുടെ വികാസത്തിന് ഈ കൂടിച്ചേരൽ സഹായകമാകുന്നതും അങ്ങനെ ചേരുംപടി ചേർക്കപ്പെടുമ്പോഴാണ്.

റെനെ സാർത്രിനെ തെറ്റിദ്ധരിച്ചതും ഈ പ്രണയത്തിന്റെ പേരിലാണ്. താനുമായി ബുവായ്ക്കുള്ള സൗഹൃദത്തിന്റെ ഊഷ്മളത കുറയുന്നു എന്ന തോന്നൽ റെനെയെ വിഷമിപ്പിച്ചു. സാർത്രും ബുവായും അത്രമേൽ പരസ്പരം പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞുവെന്നും അവർക്കു തന്നോടുള്ള കൂട്ട് വെറും ദയ വിചാരിച്ചു മാത്രമാണെന്നും അദ്ദേഹം തെറ്റിദ്ധരിച്ചു. പരസ്പരം മനസ്സുകൊണ്ട് ഏറ്റവും ചേർന്നു നിൽക്കുമ്പോഴും ഇതര സൗഹൃദങ്ങൾക്ക് ഏറെ വില കൽപിച്ചിരുന്ന അവരെപ്പറ്റി അങ്ങനെ കരുതിയത് തനിക്കു വേദനയുണ്ടാക്കി എന്നും താനത് ലാമയുമായി (റെനെയെ അവർ സ്നേഹപൂർവം ലാമ എന്ന് വിളിച്ചിരുന്നു) സംസാരിച്ചു തീർക്കാമെന്നും ബുവാ സാർത്രിനയച്ച ഒരു കത്തിൽ പറയുന്നുണ്ട്. 

എത്തിക്സ് ഓഫ് ആംബിഗ്വിറ്റി എന്ന കൃതിക്കു ശേഷം തന്നെക്കുറിച്ചുതന്നെ എഴുതണമെന്ന് സിമോൺ ദി ബുവാ തീരുമാനിച്ചു. ഒരു സ്ത്രീ ആയിരിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള ചിന്തകളിലൂടെ അതെഴുതാൻ സാർത്രാണ് നിർദേശിച്ചത്. അങ്ങനെയാണ് ഇന്നും പ്രസക്തമായ സ്ത്രീസമത്വവാദത്തിന്റെ അടിസ്ഥാനഗ്രന്ഥമായ 'ദ് സെക്കൻഡ് സെക്സ്' അവർ എഴുതുന്നത്. എന്നാൽ അതൊരു ഫെമിസ്റ്റ് കൃതിയല്ല എന്ന് ബുവാ ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെയാകണം ‘ഓൾ മെൻ ആർ മോർട്ടൽ’ എന്ന് തന്റെയൊരു നോവലിന് അവർ പേരിട്ടതും.

ജീവിതത്തിന്റെ വിളുമ്പിൽ തങ്ങിനിൽക്കേണ്ടിവരുന്ന അവസ്ഥ ജീവിതം പുനർനിർമിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഒട്ടും ചേരുന്നതല്ല എന്ന് എഴുതി, പാട്രിയാർക്കിയിൽനിന്നു പുറത്തു വരാൻ സെക്കൻഡ് സെക്സ് എന്ന പുസ്തകത്തിലൂടെ സിമോൺ ദി ബുവാ ആഹ്വാനം ചെയ്തു. അവർ തന്നെയാണ്, ‘ജാം ഉണ്ടാക്കുന്ന ഒരു പെൺകുട്ടി കുപ്പിയുടെ അടപ്പിൽ അന്നത്തെ തീയതി കുറിച്ചിടുമ്പോൾ അവൾ കാലപ്രവാഹത്തെ പഞ്ചസാരയുടെ പ്രലോഭനക്കെണിയിൽ കുരുക്കിയിടുകയാണ്’ എന്ന് എഴുതിയതും. 

പ്രണയം മറ്റെല്ലാത്തിൽനിന്നും ഒരാളെ പറിച്ചകറ്റുകയല്ല, മറ്റെല്ലാത്തിലും കൂടുതൽ സൗന്ദര്യം കാണിച്ചു കൊടുക്കുകയാണ് ചെയ്യുന്നതും ചെയ്യേണ്ടതും. ഇത് തലമുറകൾക്കു പാഠമായി ബുവായുടെയും സാർത്രിന്റെയും ജീവിതമുണ്ട്; രചനകളും.

ജീവിതത്തിൽ അര ശതാബ്ദക്കാലം ചേർന്നു നിന്നവർ മരണശേഷവും വേർപിരിയാതെ ഒരേ കല്ലറയിൽ ഉറങ്ങുന്നുണ്ട്. ഇന്നത്തെ സ്വാർഥ പ്രണയങ്ങളും പ്രണയത്തിന്റെ പേരിലുള്ള ഹത്യകളും ഇന്നും ബന്ധനങ്ങളായിത്തുടരുന്ന ബന്ധങ്ങളും കണ്ട് അവർ അവിടെ നമ്മളോടു സഹതപിക്കുന്നുണ്ടാവും. ഇനിയും ജീവിതത്തിന്റെ ശരിയായ വഴി തിരിച്ചറിയാത്തവരെയോർത്തു മടുത്ത്, നിത്യനിദ്ര തന്നെ ഭേദം എന്നു നെടുവീർപ്പിടുകയുമാവാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA