ADVERTISEMENT

അക്ഷരങ്ങള്‍ക്കു നിറമില്ലെങ്കിലും എഴുത്തിനു കറുപ്പും വെളുപ്പുമില്ലെങ്കിലും വെള്ളക്കാരായ എഴുത്തുകാരും കറുത്തവരുമുണ്ട്. പക്ഷേ, ഈ രണ്ടു വിഭാഗങ്ങളിലും ഉള്‍പ്പെടാത്ത ഒരു എഴുത്തുകാരിയെക്കൂടി ലോകസാഹിത്യത്തിനു ലഭിച്ചിരിക്കുന്നു. സാംബിയയില്‍നിന്നുള്ള നംവലി സെര്‍പല്‍. 563 പേജ് നീളുന്ന ആദ്യത്തെ നോവലിലൂടെ സല്‍മാന്‍ റുഷ്ദി ഉള്‍പ്പെടെയുള്ളവരെ ആരാധകരാക്കിയ യുവ എഴുത്തുകാരി. 

1980-ല്‍ ലുസാകയിലായിരുന്നു സെര്‍പലിന്റെ ജനനം. ബ്രിട്ടിഷ് മനഃശാസ്ത്ര പ്രഫസറായിരുന്ന വെള്ളക്കാരനായിരുന്നു അച്ഛന്‍. 1978 അദ്ദേഹം സാംബിയന്‍ പൗരനായി. അമ്മയുടെ അച്ഛനമ്മമാര്‍ സാംബിയയുടെ വടക്കുഭാഗത്തുള്ള രണ്ടു ഗോത്രങ്ങളില്‍നിന്നുള്ളവര്‍. 1989 ല്‍ ബാള്‍ട്ടിമോറില്‍ എത്തുന്നതുവരെ നിറത്തെക്കുറിച്ച് സെല്‍പല്‍ ബോധവതിയായിരുന്നില്ല. പക്ഷേ രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ അവസരം കിട്ടുമ്പോള്‍ സെല്‍പല്‍ സംശയിക്കാതെ തിരഞ്ഞെടുത്തതു കറുപ്പിനെ; അഭിമാനത്തോടെ താനൊരു കറുത്ത വര്‍ഗക്കാരിയാണെന്ന് അവര്‍ അന്നുമുതല്‍ പ്രഖ്യാപിച്ചു; അങ്ങനെതന്നെ അറിയപ്പെടുകയും ചെയ്തു. 

ദ് ഓള്‍ഡ് ഡ്രിഫ്റ്റ്- സെല്‍പലിന്റെ ആദ്യനോവല്‍ സാംബിയയുടെ ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തിലെ മൂന്നു കുടുംബങ്ങളുടെ കഥയാണ്. തുടക്കം ചരിത്രനോവലായി. മാജിക്കല്‍ റിയലിസത്തിലൂടെ കടന്നുപോകുന്ന നോവല്‍ സയന്‍സ് ഫിക്ഷനിലൂടെ ത്രില്ലറില്‍ എത്തി അവസാനിക്കുന്നു. മൂന്നു രാജ്യങ്ങള്‍ നോവലിന്റെ ഭൂമികയാണ്- സാംബിയ, ഇംഗ്ളണ്ട്, ഇറ്റലി. അതിര്‍ത്തികളും കാലവും ദേശങ്ങളുടെ വ്യത്യാസവുമൊന്നും മനുഷ്യന്‍ എന്ന ജൈവാവസ്ഥയ്ക്ക് വ്യത്യാസമുണ്ടാക്കുന്നില്ലെന്നും ആത്യന്തികമായി മനുഷ്യന്‍ എവിടെയും ഒന്നുതന്നെയാണെന്നും ദ് ഓള്‍ഡ് ഡ്രിഫ്റ്റ് പറയുന്നു, സമര്‍ഥമായ ആഖ്യാനത്തിലൂടെ ബോധ്യപ്പെടുത്തുന്നു. സെല്‍പലിന്റെ മാതൃഭൂമിയായ സാംബിയയുടെ അതിര്‍ത്തികള്‍ തന്നെ പലവട്ടം മാറ്റിവരയ്ക്കപ്പെട്ടതാണ്. വിശാലമാക്കുകയും ചെറുതാക്കുകയുമൊക്കെ ചെയ്തിട്ട്, ഏതാനും ഗോത്രങ്ങളുടെ ഭൂമിയാക്കി ചുരുക്കി വിദേശരാജ്യങ്ങള്‍ കടന്നുകളഞ്ഞു. അംഗവിഹീനമാക്കപ്പെട്ട രാജ്യത്തിന്റെ ഈ ചരിത്ര വേദന സെര്‍പലിന്റെ മനസ്സിലുണ്ട്. നോവലിലും. 

രണ്ടു പതിറ്റാണ്ടോളമെടുത്താണ് സെര്‍പല്‍ നോവല്‍ പൂര്‍ത്തിയാക്കിയത്. എഴുത്തു തുടങ്ങിയത് നൂറ്റാണ്ടിന്റെ ആദ്യവര്‍ഷത്തില്‍. അന്നവര്‍ യേല്‍ സര്‍വകലാശാലയില്‍ ഇംഗ്ളിഷ് സാഹിത്യ വിദ്യാര്‍ഥിയായിരുന്നു. പിന്നീട് ഹര്‍വാഡില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് നോവല്‍ പൂര്‍ത്തിയാക്കിയത്. അക്കാലത്ത് ഒരു എഴുത്തുകാരനുമായി നടത്തിയ കൂടിക്കാഴ്ച നോവലിന്റെ പ്രകാശനം വൈകിപ്പിച്ചു. സെര്‍പല്‍ ആരാധിക്കുന്ന എഴുത്തുകാരനായിരുന്നു അയാള്‍. കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. തളരാതിരുന്നില്ല സെര്‍പല്‍. 2010 ല്‍ അവര്‍ നോവലിന്റെ ഒരു ഭാഗം പ്രസിദ്ധീകരിച്ചു. അത് അത്തവണത്തെ കെയ്ന്‍ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി. 2015 ല്‍ പുരസ്കാരവും. തനിക്കുകിട്ടിയ സമ്മാനത്തുക ചുരുക്കപ്പട്ടികയിലെത്തിയ മറ്റ് എഴുത്തുകാരുമായി പങ്കുവച്ച് സെര്‍പല്‍ പുതിയൊരു മാതൃക കാട്ടി. ഒടുവില്‍ നോവല്‍ പൂര്‍ണമായി പ്രകാശനം ചെയ്തപ്പോള്‍ ന്യൂയോര്‍ക് ടൈംസിനുവേണ്ടി റിവ്യൂ ചെയ്തത് ലോക പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. ‘കന്നിനോവലുകളിലെ അതിശയം’ എന്നാണ് റിവ്യൂവില്‍ റുഷ്ദി സെര്‍പലിന്റെ നോവലിനെ വിശേഷിപ്പിച്ചത്. അപ്രതീക്ഷിതമായ അംഗീകാരം. നോവലെഴുത്തിന്റെ ഇടവേളകളില്‍ സെര്‍പല്‍ വായിച്ചിരുന്നതും റുഷ്ദി, കുന്ദേര, നബക്കോവ് എന്നീ എഴുത്തുകാരെയാണ്. തന്റെ ആരാധനാപാത്രമായ എഴുത്തുകാരന്‍തന്നെ പ്രശംസ ചൊരിഞ്ഞതോടെയാണ് സെര്‍പലിനും ആത്മവിശ്വാസമായത്. 

പ്രകാശനത്തിനുശേഷം നോവല്‍ വായിക്കാനെടുക്കുമ്പോള്‍ 20-ാം വയസ്സില്‍ താന്‍ എഴുതിയ വാക്കുകള്‍ സെര്‍പലിനെ തുറിച്ചുനോക്കാറുണ്ട്. പക്വതയെത്താത്ത കാലത്ത് എഴുതിയ വാക്കുകളും പകരാന്‍ ശ്രമിച്ച അനുഭവങ്ങളും. മാറ്റങ്ങള്‍ വരുത്താമായിരുന്നു. പക്ഷേ അതിനു ശ്രമിക്കാതെ വിവിധ കാലഘട്ടങ്ങളിലെ തന്റെ മനസ്സിന്റെ പ്രതിഫലനങ്ങള്‍ സെര്‍പല്‍ അതേപടി നോവലില്‍ കാത്തുസൂക്ഷിച്ചു. 

ഒരു പ്രത്യേക വര്‍ഗത്തിലല്ല ഞാന്‍ ജനിച്ചത്. എങ്കിലും ഞാന്‍ കറുത്ത വര്‍ഗക്കാരിയാണ്. സാംബിയയില്‍ ജനിച്ചുവളര്‍ന്നവളാണ്. ഞാനും രാജ്യവും കടന്നുപോയ വിവിധ സംസ്കാരങ്ങളും സവിശേഷതകളും അധിനിവേശങ്ങളും ആക്രമണങ്ങളുമൊക്കെ എന്നിലുണ്ട്. എന്റെ നോവലിലും...ദ് ഓള്‍ഡ് ഡ്രിഫ്റ്റ് എന്ന വിശാലമായ നോവല്‍ സെര്‍പല്‍ സമര്‍പ്പിക്കുകയാണ്; ലോക സാഹിത്യത്തിന്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com