ADVERTISEMENT

എമിലിയുടെ പ്രണയത്തെ തിരഞ്ഞവർക്ക് അവരുടെ ജീവിതത്തിലെ പുരുഷൻ ആരായിരുന്നു എന്നറിയാൻ ആയിരുന്നു ആകാംക്ഷ. ആ അന്വേഷണങ്ങൾ പലപ്പോഴും അവരുടെ പിതാവിന്റെ സുഹൃത്തും ജഡ്ജിയുമായ ലോർഡ് ഓട്ടിസ് ഫിലിപ്സിസിലാണ് ചെന്നെത്തിയിരുന്നത്. ഏറിയാൽ ജോർജ് ഗൂഡ് എന്ന പഴയ സഹപാഠിയെയും കാമുകനായി കണ്ടെത്താം. ഇതിനെയൊന്നും നിരാകരിക്കാതെ തന്നെ എമിലി ഡിക്കിൻസൺ എന്ന അമേരിക്കൻ കവയിത്രി തന്റെ പ്രണയം എന്നതിന് പകരം പറഞ്ഞിരുന്ന ഒരു പേരുണ്ട്. സൂസൻ ഗിൽബേർട്ട്. ഇഷ്ടതോഴി ഇണപോലെയാകുന്നതാണ് അവരുടെ ബന്ധം. അത്രമേൽ പരസ്പരം പങ്കിട്ട എമിലി ഡിക്കിൻസൺ, സൂസനെ തന്റെ സഹോദരൻ ഓസ്റ്റിൻ ഡിക്കിൻസനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. അങ്ങനെ സൂസൻ ഗിൽബേർട്ട് എന്ന കൂട്ടുകാരിയായ പ്രണയിനി പിന്നീട് സഹോദര ഭാര്യയായി, സൂസൻ ഡിക്കിൻസൺ ആയിമാറി ഒരേ കുടുംബപ്പേര് പങ്കിട്ടവരായി. 

സമപ്രായക്കാരായ അവർ ഇരുപതാം വയസിൽ ആദ്യം കണ്ടപ്പോൾ എമിലിയുടെ 'ലോകത്തെ ഒരേയൊരു സ്ത്രീ’ ആകും സൂസൻ എന്നവർ തിരിച്ചറിഞ്ഞിരിക്കുമോ? ആ വേനൽക്കാല ദിനത്തെക്കുറിച്ച് എമിലി പിന്നീട് പറഞ്ഞത് 

‘പ്രണയമാദ്യമായി തുടങ്ങിയ നാൾ,

മുൻവാതിൽക്കൽ പടികളിൽ

എവർഗ്രീൻ തണലിൽ’ സൂസനെ ആദ്യമായി കണ്ടുവെന്നാണ്. സൂസന്റെ പ്രണയത്തിനായി എമിലിയും സഹോദരൻ ഓസ്റ്റിനും ഒരുപോലെ ആഗ്രഹിച്ചുവെന്നോ മത്സരിച്ചുവെന്നോ തന്നെ പറയാം. 

എന്നും മുറിയിൽ ഒതുങ്ങിയിരുന്ന അന്തർമുഖിയായ എമിലി ഡിക്കിൻസണെ കുറിച്ചാണ് സാഹിത്യ ലോകം അധികവും പറയുന്നത്. പക്ഷേ സൂസനൊപ്പം മരങ്ങൾക്കിടയിലൂടെയുള്ള നീണ്ട നടത്തങ്ങളിൽ അവരുമായി പുസ്തക, കവിതാ ചർച്ചകളിൽ ഏർപ്പെട്ടിരുന്ന ഒരു എമിലിയുണ്ടായിരുന്നു. എത്ര കാവ്യാത്മകം ആയിരുന്നിരിക്കും അവരുടെ ഇടപെടലുകൾ എന്നത് തിരിച്ചറിയാൻ എമിലിയുടെ, സൂസനോടുള്ള ഒരൊറ്റ വരി മതി. ‘നമ്മൾ മാത്രമാണ് പദ്യം, മറ്റെല്ലാവരും ഗദ്യമാണ്.’

മരണമെത്തുന്ന നേരത്തെപ്പറ്റിയും പ്രിയപ്പെട്ടവരുടെ മരണത്തിലുള്ള സങ്കടത്തെപ്പറ്റിയും ഒക്കെ എത്രയെത്ര കവിതകൾ എമിലി എഴുതിയിരിക്കുന്നു. എങ്കിലും എമിലിയുടെ പ്രണയകവിതകളും കത്തുകളും വായിച്ചാൽ പ്രണയത്തിന്റെ കവയിത്രി എന്ന് അവരെ വിളിച്ചു പോകും.

‘പ്രണയം ജീവനു മുന്നേയെത്തിടുന്നു,

മരണത്തിനു ശേഷവും തുടരുവാനായ്’ എന്ന് എത്ര പ്രണയം ഉൾക്കൊണ്ടവർക്കാണ് പറയുവാൻ കഴിയുക. 

1852 ജൂൺ 11 ന് മറ്റാരും കാണാതെ സൂസിക്ക് സ്വീകരിക്കുവാനുള്ള ചുംബനത്തിൽ അവസാനിക്കുന്ന ഒരു കത്തെഴുതി എമിലി ഡിക്കിൻസൺ. അതിങ്ങനെയാണ് തുടങ്ങുന്നത്: 

'ജൂൺ മാസത്തിലെ ഈ ഉച്ചനേരത്ത് എനിക്കൊരു ചിന്തയേയുള്ളൂ സൂസീ, അത് നിന്നെക്കുറിച്ചാണ്. ഒരു പ്രാർത്ഥനയേ ഉള്ളു, അത് നിനക്കു വേണ്ടിയാണ്.' 

ഇത്ര പ്രണയനിർഭരമായ ഓരോ കത്തുകളിലും അതിലെ വാചകങ്ങളിലും കാണുന്നത് ഏറെ ഉൾവലിയുന്നവൾ എന്ന് അറിയപ്പെടുന്ന എമിലിയെയേ അല്ല, മറിച്ച് പ്രണയം തുറന്നു പറയുന്നവളെയാണ്. സൂസനേക്കാൾ എമിലിയാണ് ആ ബന്ധത്തിന് മുൻകൈ എടുത്തതെന്നാണ് കത്തിലെ വരികളിലൂടെ മനസിലാകുന്നത്.

എമിലിയിലൊരു പ്രണയാർദ്രനായ പുരുഷനും ഉറങ്ങിയിരുന്നു എന്ന് തോന്നിപ്പോകും. പല കവിതകളിലും സ്വയം ആൺകുട്ടി, സഹോദരൻ എമിലി, രാജകുമാരൻ, പ്രഭുകുമാരൻ എന്നൊക്കെ വിശേഷിപ്പിക്കുന്നതും ഇതിനാലാകാം. ‘പാടുകൾ വീണ എന്റെ മാറിടം മുറിച്ചു മാറ്റൂ, എന്നെ താടിരോമങ്ങളുള്ള ഒരു പുരുഷനാക്കൂ’ എന്നെഴുതിയതും ഉള്ളിലെ പുരുഷാംശത്തിന്റെ ബഹിർസ്ഫുരണമാകാം.

പ്രണയബന്ധത്തിന് സ്ത്രീ പുരുഷ ബന്ധമെന്നുള്ള നിർവചനം മാത്രമല്ലാതെയായ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ ഇതാവുമായിരുന്നില്ല കഥാഗതി. കാലം തെറ്റി ജനിച്ച പ്രണയികൾക്ക് കഥാവസാനം ശുഭകരമല്ലാതെ ആകുവാനുള്ള സാധ്യത ഏറുമല്ലോ.

തന്റെ സഹോദരൻ ഓസ്റ്റിനെ സൂസൻ പ്രണയിക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ വിരഹ ദു:ഖത്തിലാഴ്ന്നുപോയി എമിലി. ‘സൂസീ നീയെനിക്കെത്ര പ്രിയപ്പെട്ടവളാണെന്ന് നിന്നെ എഴുതി അറിയിക്കണമെന്നുണ്ട്. എന്നാൽ ഓരോ തവണയും വാക്കുകൾ തോൽക്കുകയും അശ്രുക്കളൊഴുകുകയും ഞാൻ നിരാശയായി ഇരുന്നു പോകുകയും ചെയ്യുന്നു’ എന്നാണ് എമിലി എഴുതിവച്ചത്.

ഓസ്റ്റിനെ വിവാഹം കഴിച്ച് എമിലിയിൽ നിന്ന് ഒരു പുൽത്തകിടിക്കപ്പുറം താമസമാക്കി സൂസൻ. എത്ര വേഗമാണെന്നോ ആ പുൽത്തകിടിയിൽ ഒരു നടവഴി രൂപപ്പെട്ടത്. മാറോടടക്കി കൊണ്ടുവരുന്ന കത്തുകൾ പരസ്പരം കൈമാറാൻ ദിവസേന അവരിരുവരും നടന്ന് രൂപപ്പെട്ട വഴി. പിന്നീടുള്ള കാൽ നൂറ്റാണ്ടിൽ ഇരുന്നൂറ്റി അൻപതിലേറെ കവിതകൾ ആ പ്രണയ വഴിയിലൂടെ സഞ്ചരിച്ച് ആദ്യവായനക്കാരിയിൽ എത്തിയിട്ടുണ്ട്. 

ഡാന്റെയ്ക്ക് ബിയാട്രീസിനോടും സ്വിഫ്റ്റിന് സ്റ്റെല്ലയോടുമുണ്ടായിരുന്ന പ്രണയത്തോടാണ് എമിലി തന്റെ പ്രണയത്തെ ഉപമിച്ചത്. രണ്ടേ രണ്ടു തവണ മാത്രം നേരിൽ കാണുകയും പിന്നീടുള്ള ജീവിതമത്രയും പരസ്പര പ്രണയം മനസിൽ കൊണ്ടു നടക്കുകയുമായിരുന്നു ഡാന്റെ ബിയാട്രീസുമാർ. വിവാഹം കഴിച്ചെങ്കിലും ആ ബന്ധം പരസ്യമാക്കാനാവാതെ പ്രണയാതുരരായി പ്രത്യേകം കഴിഞ്ഞവരാണ് ജൊനാഥൻ സ്വിഫ്റ്റും എസ്തർ ജോൺസൺ എന്ന സ്റ്റെല്ലയും. എന്നാൽ ഈ ഉപമകൾക്കൊക്കെ അപ്പുറമാണല്ലോ എമിലിയുടെ പ്രണയം. പ്രപഞ്ചനിയമം എന്ന് കാലം തെറ്റിദ്ധരിച്ചു വച്ചിരുന്ന നിയമങ്ങളെ കാറ്റിൽ പറത്തിയ പ്രണയത്തിനെ എന്തിനോടുപമിക്കാൻ.

ഡിസ്രയേലിയുടെ പ്രണയ നോവലായ എൻഡിമിയോൺ എമിലിക്ക് പ്രണയസമ്മാനമായി നൽകിയ സൂസൻ അതിലെഴുതിയത് ‘എമിലിക്ക്, കാണാതെ പോലും ഞാനിപ്പോഴും പ്രണയിക്കുന്നവൾക്ക്’ എന്നാണ്. 

കാലം തെറ്റി ജനിച്ചതുകൊണ്ട് വിടരാതെ കൊഴിയേണ്ടി വന്ന പ്രണയ മുകുളങ്ങളുണ്ട്. അവയിൽ ചിലത് കവിതകൾക്കും ചിത്രങ്ങൾക്കും മറ്റും കാരണമാകാനായി കാലത്തിനു മുൻപേ ഭവിച്ചതുമാകാം. എമിലി ഡിക്കിൻസൺ എന്ന അമേരിക്കൻ കവയിത്രിയുടെ പ്രണയം അവരാഗ്രഹിച്ചതു പോലെ സാക്ഷാത്കരിച്ചിരുന്നു എങ്കിൽ നമുക്കിത്ര കവിതകൾ ആ തൂലികയിൽ നിന്ന് ലഭിക്കുമായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിലും കാണാമറയത്തിരുന്ന് നൂറ്റാണ്ടിനിപ്പുറവും ആ രണ്ടാത്മാക്കൾ പ്രണയിക്കുന്നുണ്ടാവും. ഇന്ന് വർണശബളമായ കൊടിതോരണങ്ങളുടെ ആഘോഷങ്ങൾ കണ്ട്, പുനർജനിക്കാനായെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടാവും. എവിടെയോ ഒരു പുൽത്തകിടി പ്രണയസഞ്ചാരം കൊണ്ട് രണ്ടായി പകുത്തിടാൻ കൊതിക്കുന്നുമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com