sections
MORE

നിത്യകന്യകയെ തേടി അലഞ്ഞ കവിയുടെ ഓർമയ്ക്ക്...

HIGHLIGHTS
  • മലയാളത്തിന്റെ മഹാകവി. സമസ്തകേരളത്തിന്റെയും കവി.
p-kunhiraman-nair
പി. കുഞ്ഞിരാമൻ നായർ
SHARE

ഇന്നാണെങ്കില്‍ ലോഡ്ജ് എന്നോ ഹോട്ടല്‍ എന്നോ പറയും സത്രത്തെ. ഇടത്താവളങ്ങള്‍. ആഘോഷത്തിന്റെ, കൂട്ടായ്മയുടെ ഇടങ്ങള്‍. ജീവിതത്തിന്റെ അരങ്ങുകള്‍. അവിടെ ജീവിക്കാം; പക്ഷേ മരിക്കരുത്. അവിടെ കിടന്ന് മരിക്കേണ്ടിവരുന്നത് മഹാകഷ്ടമായാണ് അന്നും ഇന്നും പരിഗണിക്കപ്പെടുന്നത്. 41 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ സി.പി. സത്രത്തില്‍ താമസിക്കുമ്പോള്‍ വിട പറഞ്ഞതിനാല്‍ അനാഥനായി, ദുരൂഹസാഹചര്യത്തില്‍ മരിച്ചു എന്നൊക്കെയുള്ള വിശേഷണങ്ങളുണ്ടാകും പി.കുഞ്ഞിരാമന്‍ നായര്‍ എന്ന മഹാകവിയുടെ മരണത്തെക്കുറിച്ചു പറയുമ്പോള്‍. അതൊരുതരം വിഷാദവും നിസ്സഹായതയും മനസ്സില്‍ നിറയ്ക്കുകയും ചെയ്യും. ആ വിശേഷണങ്ങള്‍ക്ക് അര്‍ഥമുണ്ടോ ? വിഷാദത്തിനും നിസ്സഹായതയ്ക്കും സ്ഥാനമുണ്ടോ ? 

സ്വന്തം വീട്ടില്‍കിടന്നു മരിക്കുന്ന വ്യക്തി അനാഥനല്ല. കേരളം മുഴുവന്‍ സ്വന്തം വീടായി കരുതിയ പി കേരളത്തില്‍, മലയാളത്തില്‍ ഒരിടത്തും ഒരിക്കലും അനാഥനുമല്ല. കാസര്‍കോടും കണ്ണൂരും പാലക്കാട്ടും എറണാകുളവും തിരുവനന്തപുരവും എല്ലാം പിക്ക് സ്വന്തം വീടു തന്നെ. കേരളം അദ്ദേഹത്തിനു വീട്. മലയാളം മൊഴി. മഹാകവിക്ക് ഒരിക്കല്‍ കത്തെഴുതിയപ്പോള്‍ ഡി. വിനയചന്ദ്രന്‍ വിലാസമെഴുതി: പി, സമസ്തകേരളം പിഒ.  അങ്ങനെ ഒരു കവി മാത്രമേയുള്ളൂ കേരളത്തില്‍. അങ്ങനെ ഒരു കവി മാത്രമേ മലയാളത്തില്‍ എഴുതിയിട്ടുള്ളൂ. അതു പിയാണ്. മലയാളത്തിന്റെ മഹാകവി. സമസ്തകേരളത്തിന്റെയും കവി. മുഴുവന്‍ മലയാളത്തിന്റെയും സൗന്ദര്യം. പദ്യത്തില്‍ മാത്രമല്ല, ഗദ്യത്തിലെയും ചൈതന്യം. വറ്റാത്ത തേജസ്സ്. 

നാലുപാടും നീലമേലാപ്പു കെട്ടിയ അനന്തചക്രവാളം. മേഘമാലകള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത അഗാധനീലിമ; കണ്ണെത്താത്ത സൗന്ദര്യസരസ്സിനു കരിങ്കല്‍പ്പടവുകള്‍ തീര്‍ത്ത മലനിരകള്‍; കിഴക്കും തെക്കും പടിഞ്ഞാറും വടക്കും ഇതള്‍ വിരിഞ്ഞ ഗിരിനിരകളുടെ നീലത്താമരത്തടാകങ്ങള്‍. കിനാവുകളുടെ അനന്തസാമ്രാജ്യം. നേര്‍ത്ത മൂടല്‍മഞ്ഞിന്റെ മൂടുപടം. അറ്റം പെടാത്ത മനോരാജ്യങ്ങളുടെ പരന്ന കരിമ്പാറക്കുന്നുകള്‍; ഉറക്കക്ഷീണം പെട്ട കുപ്പിവളയിട്ട ചടച്ച പാടങ്ങള്‍. പച്ച പാതി തുടച്ച തോട്ടങ്ങള്‍. പാളിനോക്കുന്ന ഗ്രാമീണഭവനങ്ങള്‍. നാടോടിപ്പാട്ടുപാടി വയലേലകള്‍ക്കിടയില്‍ക്കൂടി പാദസരമിട്ട് ഭര്‍തൃഗൃഹത്തിലേക്കു പോകുന്ന ഭാരതപ്പുഴ... ഓരോ വാക്കും ആയിരം മുഖങ്ങളുള്ള ഭാവനയാക്കി കണ്ണാടിയാക്കി, വാക്കുകളുടെ താമരത്തോണി തുഴയുന്ന കവി. കവിയുടെ കാല്‍പാടുകള്‍ എന്ന ആത്മകഥ. കവിതയെന്ന നിത്യകന്യകയെത്തേടിയുള്ള അലച്ചിലുകള്‍. സ്വയം തിരയുന്ന മനുഷ്യാത്മാവിന്റെ പശ്ചാത്താപവും പാപബോധവും. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകമാണ് ഇന്നും കവി. മഹാകവി പി. 

1978-ലാണ് പി മരിക്കുന്നത്. ആ വര്‍ഷം തന്നെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് പിയെ ആദ്യം കാണുന്നത്; അവസാനമായും. അന്ന് 

മുഷിഞ്ഞ ജുബയും ഉത്തരീയവും മുണ്ടും കയ്യില്‍ സഞ്ചിയും നെറ്റിയില്‍ ചന്ദനപ്പൊട്ടുമായി ആജാനുബാഹുവായാണ് കവി നടക്കുന്നത്.  ഒരു കരിങ്കല്‍പ്രതിമയെപ്പോലെ. പരമപുരുഷാര്‍ഥദായിനിയും നിത്യകന്യകയുമായ കവിതയെത്തേടിയലയുന്ന ഭ്രഷ്ടകാമുകനായ മഹാകവി. 

മഹാകവിക്ക് ഒരു വിചിത്രസ്വഭാവം ഉണ്ടായിരുന്നു. മനസ്സിനെ മഥിക്കുന്ന കവിതയെഴുതുന്ന മറ്റൊരു കവിയെ കണ്ടാല്‍, കവിത കേട്ടാല്‍ അദ്ദേഹം ചാടിയെഴുന്നേല്‍ക്കും. കവിതയെഴുതുന്ന വ്യക്തിയുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് ആ കാല്‍ക്കല്‍ വീണു പുലമ്പും: എന്നെ അനുഗ്രഹിക്കൂ... എന്നെ അനുഗ്രഹിക്കൂ... 

കണ്ണാടിയില്‍ നോക്കി ദൈവത്തെ കാണുന്നതുപോലെ കവിതയുടെ പ്രവാഹത്തില്‍ തന്റെതന്നെ പ്രതിഫലനം കാണുന്ന കവി. ആ മഹാപ്രവാഹത്തിനുമുന്നില്‍ മുട്ടുകുത്തുന്ന വിനയവും കാരുണ്യവും. വാക്കുകളുടെ മഹാബലി എന്ന് അറിയപ്പെട്ട പി ഓണത്തെക്കുറിച്ചു മാത്രം എഴുതിയത് അമ്പതോളം കവിതകള്‍. ഒരോന്നും വരച്ചത് ഓണത്തിന്റെ ഓരോ ചിത്രങ്ങള്‍. വൈവിധ്യപൂര്‍ണം. സംസ്കാരസമ്പന്നം. കവിതയുടെ നിലാവൊളി നിറ‍ഞ്ഞ വരികള്‍. നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും വറ്റാതൊഴുകുകയാണ് ആ കാവ്യകല്ലോലിനി. മഹാകവി പി എന്ന മഹാനദി... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA