sections
MORE

അക്ഷരങ്ങളോട് ശത്രുതയുള്ളവർ രാജ്യങ്ങൾ ഭരിക്കുമ്പോൾ...

HIGHLIGHTS
  • ലേഡി ചാറ്റര്‍ലീസ് ലവര്‍ ഒരുകാലത്ത് നിരോധിക്കപ്പെട്ടു.
  • അക്കാലത്തും പിന്നെയും ആ നോവല്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.
Ayse Kulin
അയ്‍സെ കുളിന്‍. (ചിത്രത്തിന് സമൂഹമാധ്യമങ്ങളോട് കടപ്പാട്)
SHARE

യുദ്ധവും പ്രണയവും കഥയും കടംകഥയും നിറഞ്ഞ ഇസ്താംബുള്‍ ഇന്ന് എഴുത്തുകാരെ പേടിപ്പിക്കുന്നു. നൊബേല്‍ സാഹിത്യ ജേതാവ് ഓര്‍ഹന്‍ പാമുക്കിന്റെ പ്രിയപ്പെട്ട അതേ ഇസ്താംബുള്‍. തുര്‍ക്കിയും. കാരണങ്ങള്‍ പലതുപറഞ്ഞ് പുസ്തകങ്ങള്‍ നിരോധിക്കുന്നു. എഴുത്തുകാരെ നാടു കടത്തുന്നു. അടിച്ചമര്‍ത്തിയാല്‍ അക്ഷരങ്ങളെ നശിപ്പിക്കാമെന്നു വിചാരിക്കുന്ന ഭരണാധികാരികളാണ് നിരോധനത്തിനു പിന്നില്‍. അവര്‍ വ്യാമോഹങ്ങളുടെ ലോകത്താണു ജീവിക്കുന്നതെന്നും കുഴിച്ചുമൂടപ്പെടുന്ന അക്ഷരങ്ങള്‍ നാളെ ഇരട്ടിശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും പറയുന്നു തുര്‍ക്കിയിലെ പുതിയ കാലത്തെ പ്രമുഖ എഴുത്തുകാരി അയ്‍സെ കുളിന്‍. 

ലേഡി ചാറ്റര്‍ലീസ് ലവര്‍ ഒരുകാലത്ത് നിരോധിക്കപ്പെട്ടു. പിന്നയെന്താണ് സംഭവിച്ചത്. അക്കാലത്തും പിന്നെയും ആ നോവല്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഓസ്കര്‍ വൈല്‍ഡിന്റെ നോവലുകളോ... ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ട് എഴുത്തിന്റെ കരുത്തിന്റെ അടയാളങ്ങളായി ചുണ്ടിക്കാണിക്കാന്‍. 

പുതിയ കാലത്തെ സാംസ്കാരിക ചിഹ്നങ്ങള്‍ ഒന്നൊന്നായി തുര്‍ക്കിയില്‍ തകര്‍ന്നുവീണ്ടുകൊണ്ടിരിക്കുകയാണെന്നു പറയുന്നു കുളിന്‍. അഭിമാനിച്ചിരുന്ന മതേതരത്വവും തകര്‍ന്നുവീഴുന്നു. സാമ്പത്തിക സ്ഥിതി പേടിപ്പിക്കുന്നു. സാംസ്കാരികാന്തരീക്ഷത്തില്‍ നിറയുന്നത് ഭയവും വെറുപ്പും വിദ്വേഷവും. ആവിഷ്ക്കാര സ്വാതന്ത്ര്യം കണികാണാനില്ലാത്ത അവസ്ഥ. ഇങ്ങനെയുള്ള സാമൂഹികാന്തരീക്ഷത്തിലും എഴുത്തിന്റെ വഴിയില്‍ സജീവമാണ് കുളിന്‍. 

മോണിങ് ഇമേജസ് എന്ന കഥയിലൂടെ 1995-ലാണ് കുളിന്‍ ആദ്യമായി സാഹിത്യലോകത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. ഒരു വര്‍ഷത്തിനുശേഷം അതേ കഥയ്ക്ക് വിഖ്യാതമായ ഒരു പുരസ്കാരവും അവരെ തേടിയെത്തി. 97-ല്‍ ആ വര്‍ഷത്തെ തുര്‍ക്കിയിലെ മികച്ച എഴുത്തുകാരിയായി തിരഞ്ഞെടുക്കപ്പെട്ടതും കുളിന്‍ തന്നെ. പിന്നീടുള്ള വര്‍ഷങ്ങളില്‍ കഥയ്ക്കും നോവലിനും കവിതയ്ക്കുമായി പുരസ്കാരങ്ങള്‍ കുളിനെ തേടിയെത്തി. ഇന്ന് 77-ാം വയസ്സിലും എഴുത്തില്‍ സജീവമാണ്, ഓര്‍ഹന്‍ പാമുക്കിനെ ഏറെയിഷ്ടപ്പെടുന്ന കുളിന്‍. 

വ്യത്യസ്തമായ ജീവിതത്തിന്റെ ഉടമയാണ് കുളിന്‍. കഥകളിലും നോവലുകളിലും അവര്‍ ആവിഷ്കരിച്ചതും സ്വന്തം ജീവിതം തന്നെ. അനുഭവങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും. 1961- ല്‍ ബിരുദം നേടിയ ഉടന്‍ കുളിന്‍ വിവാഹിതയായി. അതിനുശേഷം ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിക്കാനും ചേര്‍ന്നു. പക്ഷേ വിധി അവര്‍ക്കുവേണ്ടി കാത്തുവച്ചത് മറ്റൊരു നിയോഗം. 11 മാസത്തിന്റെ ഇടവേളയില്‍ കുളിന്‍ രണ്ട് ആണ്‍കുട്ടികളുടെ അമ്മയായി. പ്രശസ്തമായ സ്ഥാപനത്തിലെ പഠനം ഉപേക്ഷിച്ച് വീട്ടമ്മയുമായി. പക്ഷേ, മൂന്നു വര്‍ഷം മാത്രമേ വിവാഹം നീണ്ടുനിന്നുള്ളൂ. അതോടെ കുളിന്‍ പത്രപ്രവര്‍ത്തകയുടെ ജോലി ഏറ്റെടുത്തു. പിന്നീട് ആര്‍ട് ഗ്യാലറി ഡയറക്ടറും. 1967-ല്‍ വീണ്ടും വിവാഹം. ആ വിവാഹത്തിലും പിറന്നു രണ്ട് ആണ്‍കുട്ടികള്‍. 1978 ആയപ്പോഴേക്കും രണ്ടാമത്തെ വിവാഹമോചനം. സ്റ്റേജ് പ്രൊഡ്യൂസറില്‍ തുടങ്ങി അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന ജോലിയില്‍ എത്തിയിരുന്നു അപ്പോഴേക്കും കുളിന്‍. ജോലിക്കൊപ്പം രാത്രി വൈകിയും അതിരാവിലെകളും അവര്‍ എഴുതിക്കൊണ്ടുമിരുന്നു. അങ്ങനെയാണ് മാസ്റ്റര്‍പീസ് എന്നുവിശേഷിപ്പിക്കാവുന്ന അയ്‍ലിന്‍ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്. അതോടെ മറ്റു ജോലികള്‍ ഉപേക്ഷിച്ച് കുളിന്‍ മുഴുവന്‍ സമയ എഴുത്തുകാരിയുമായി. 

വലിയൊരു കുടുംബമാണ് ഇന്ന് കുളിന്റേത്. നാല് ആണ്‍മക്കളും അവരുടെ കുടുംബങ്ങളിലെ എട്ടു കൊച്ചുമക്കളുമായി ചേര്‍ന്ന വലിയ കുടുംബം. ജീവിതത്തില്‍ വൈകിയാണെങ്കിലും സന്തോഷം കണ്ടെത്തിയെങ്കിലും ലോകത്തിന്റെ ഭാവി കുളിനെ വല്ലാതെ ഭയപ്പെടുത്തുന്നു. മിക്ക രാജ്യങ്ങളിലും ഏകാധിപതികളോ അവരെപ്പോലയുള്ളവരോ അധികാരം പിടിച്ചെടുത്തുകഴിഞ്ഞു. അവരുടെ ശത്രുത അക്ഷരങ്ങളോടാണ്. ഇഷ്ടമില്ലാത്തവരെ നാടുകടത്തിയും സ്വതന്ത്രചിന്തയുടെ കഴുത്തു ഞെരിച്ചും അധികാരികള്‍ പിടിമുറുക്കുമ്പോള്‍ സാഹിത്യത്തിന്റെ ഭാവിയാണ് ഇരുളടയുന്നത്. പക്ഷേ, തടവറയെ ഭേദിക്കുന്ന സ്നേഹപ്രവഹമായി അക്ഷരങ്ങള്‍ തിരിച്ചുവരുമെന്നും ലോകം സ്വതന്ത്രചിന്തയുടെ കാറ്റും വെളിച്ചവും വീണ്ടും ആസ്വദിക്കുമെന്നും പ്രവചിക്കുന്നു അയ്‍സേ കുളിന്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA