ADVERTISEMENT

എഴുത്തുകാരന്‍ എന്ന നിലയിലുള്ള വിജയത്തെക്കുറിച്ച് വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഒരിക്കല്‍ പറഞ്ഞത് ഒരു ഷെല്‍ഫ് നിറയ്ക്കാന്‍ മാത്രം പുസ്തകങ്ങള്‍ എഴുതുന്നയാള്‍ എന്നാണ്. റുഷ്ദിയാകട്ടെ  ഇതിനോടകം രണ്ട് ഷെല്‍ഫ് എങ്കിലും നിറയ്ക്കാന്‍ പുസ്തകങ്ങള്‍ എഴുതിക്കഴിഞ്ഞു. ഇക്കഴിഞ്ഞ 11 വര്‍ഷത്തിനിടെ മാത്രം പ്രസിദ്ധീകരിച്ചത് ആറെണ്ണം. സ്വതന്ത്രനായും തടവുകാരനായും ഇതുവരെ പ്രസിദ്ധീകരിച്ചത് ഇരുപതോളം പുസ്തകങ്ങള്‍. 1981 ല്‍ പുറത്തുവന്ന ‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍’  എന്ന നോവലിലൂടെ വിശ്വപ്രസിദ്ധിയിലേക്കുയര്‍ന്ന റുഷ്ദിയുടെ ഏറ്റവും പുതിയ നോവലാണ് സാഹിത്യലോകത്തെ പുതിയ ചര്‍ച്ച: കിഷോട്ട്. ആധുനിക നോവല്‍ സാഹിത്യത്തിനു തുടക്കം കുറിച്ച സെര്‍വാന്റിസിന് ആദരമര്‍പ്പിക്കുന്ന സൃഷ്ടി. സെര്‍വാന്റിസിനൊപ്പം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഡോൺ കിഹോത്തെയ്ക്കും സാഞ്ചോ പാൻസയ്ക്കും കൂടി ആദരമര്‍പ്പിക്കുന്ന നോവല്‍. 

ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു വ്യക്തിയുടെ ജീവിതമായിരുന്നു മിഡ്നൈറ്റ്സ് ചില്‍ഡ്രന്റെ പ്രമേയം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്ന അതേ നിമിഷത്തില്‍ ജനിക്കുകയും ഇന്ത്യാ-പാക്ക് ചരിത്രത്തിലെ നിര്‍ണായക സന്ധികളിലൂടെ മുന്നേറുകയും ചെയ്യുന്ന വ്യക്തി. പുതിയ നോവലില്‍ സാഹിത്യചരിത്രവുമായാണ് റുഷ്ദി അഭിമുഖം നില്‍ക്കുന്നത്. ലോകസാഹിത്യത്തിലെ ഒരു ക്ലാസിക് കൃതിയുമായി മുഖാമുഖം നില്‍ക്കുന്ന നോവല്‍. 

മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ റുഷ്ദിയുടെ പ്രതിഭയുടെ ഉയരമാണു കാണിക്കുന്നതെങ്കില്‍ പിന്നീടുള്ള അദ്ദേഹത്തിന്റെ നോവലുകള്‍ക്ക് നിരൂപകരില്‍നിന്ന് അനുകൂലമായ വിലയിരുത്തലോ അംഗീകാരമോ പ്രശംസയോ ലഭിച്ചിട്ടില്ല. ഭാവനയിലും ആവിഷ്ക്കാരത്തിലും പിന്നാക്കം സഞ്ചരിക്കുന്ന എഴുത്തുകാരന്റെ സൃഷ്ടികളായാണ് അദ്ദേഹത്തിന്റെ പില്‍ക്കാല കൃതികള്‍ വിലയിരുത്തപ്പെട്ടതും. പുതിയ നോവലിലൂടെ സാഹിത്യലോകത്തിന്റെ ഉയരങ്ങളിലെത്താനാണ് റുഷ്ദി ശ്രമിക്കുന്നത്. ബുക്കര്‍ സമ്മാനത്തിന്റെ ഷോട്ട് ലിസ്റ്റില്‍ ഇപ്പോള്‍ തന്നെ ഇടംപിടിച്ചിട്ടുണ്ട് കിഷോട്ട്. വരാനിരിക്കുന്ന ദിവസങ്ങള്‍ കിഷോട്ടിന്റെ ഭാവി നിര്‍ണയിക്കും; എഴുത്തുകാരന്‍ എന്ന നിലയില്‍ റുഷ്ദിയുടെയും. 

ഇന്ത്യന്‍ വംശജനായ ഒരു ട്രാവലിങ് സെയില്‍സ്മാന്‍ ആണ് റുഷ്ദിയുടെ കിഷോട്ടിലെ നായകന്‍ ഇസ്മയില്‍ സ്മൈല്‍. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരകളാണ് അദ്ദേഹത്തിന്റെ ആസക്തി. സെര്‍വാന്റിസിന്റെ നോവലിലെ ഡോണ്‍ കഥകളെയാണു പ്രണയിച്ചതെങ്കില്‍ റുഷ്ദിയുടെ നായകന്‍ പ്രണയിക്കുന്നതും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതും സുന്ദരിയായ ഒരു ടെലിവിഷന്‍ അവതാരകയെ– സല്‍മ ആര്‍. പ്രണയിനിയെ സ്വന്തമാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന സ്മൈലിന് സാഞ്ചോയെ അനുസ്മരിപ്പിക്കുന്ന ഒരു സുഹൃത്തുണ്ട്– മകന്‍ സാഞ്ചോ. യാത്രയ്ക്കിടെ അവര്‍ എത്തുന്നത് അമേരിക്കയില്‍; ട്രംപിന്റെ വംശീയ വിദ്വേഷം നിറഞ്ഞ അമേരിക്കയില്‍. യഥാര്‍ഥ ലോകത്തെക്കാള്‍ സാങ്കല്‍പികമെന്നു തോന്നിപ്പിക്കുന്ന അന്തരീക്ഷത്തില്‍. ഒരു കുറ്റാന്വേഷണ നോവലിനെ അനുസ്മരിപ്പിക്കുന്ന ഭാവപ്രപഞ്ചമാണ് കിഷോട്ടില്‍ റുഷ്ദി വായനക്കാര്‍ക്കുവേണ്ടി കാത്തുവച്ചിരിക്കുന്നത്. വേഗത്തില്‍ വായിച്ചുതീര്‍ക്കാവുന്ന നോവല്‍. പക്ഷേ, വരികള്‍ക്കിടയിലൂടെ തെളിഞ്ഞുവരുന്നത് പുതിയ ലോകത്തിന്റെ അയഥാര്‍ഥ അവസ്ഥ; കാലത്തിന്റെ തകിടംമറിച്ചിലുകള്‍. 

ഒന്നിനുപിന്നാലെ ഒന്നായി മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന ഫൊട്ടോഗ്രാഫുകള്‍ പോലെയാണ് ജീവിതം. ഇനിയൊരു കഥയുമില്ല. കഥാപാത്രവും വിവരണവും ചരിത്രവും എല്ലാം ഇല്ലാതായിക്കഴിഞ്ഞു. ഈ നിമിഷത്തിന്റെ അയഥാര്‍ഥമായ ചില വരകള്‍ മാത്രമേ ബാക്കിയുള്ളൂ. ആ വരകളിലാണു നാം ജീവിക്കുന്നതും. 

കിഷോട്ടിലെ ഈ വരികള്‍ തന്നെയാണ് റുഷ്ദിയുടെ പുതിയ നോവലിന്റെ അര്‍ഥവും അര്‍ഥമില്ലായ്മയും. പ്രതാപകാലത്തേക്കു തിരിച്ചുവരാന്‍ പുതിയ നോവലിലൂടെ റുഷ്ദിക്കു കഴിയുമോ ഇല്ലയോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്; ഒരിക്കല്‍ക്കൂടി ബുക്കര്‍ സമ്മാനത്തിന്റെ നിറവില്‍ എത്താന്‍ കഴിയുമോയെന്നും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com