sections
MORE

നൂറ്റിയൊന്നാമത്തെ വയസ്സിൽ ആദ്യത്തെ കവിതാ സമാഹാരം

HIGHLIGHTS
  • തൊണ്ണൂറ്റിയേഴാം വയസ്സിലാണ് ആദ്യമായി സാറ കവിതയെഴുതുന്നത്.
Sarah-Yerkes
സാറാ യെർക്സ്
SHARE

എഴുതിത്തുടങ്ങാൻ പ്രായമുണ്ടോ? താമസിച്ചു മാത്രം സാഹിത്യമെഴുത്തിന്റെ ലോകത്തേക്കു വന്നു കയറിയ പ്രതിഭകൾ ഒരുപാടുണ്ട്. ബ്രാം സ്റ്റോക്കർക്ക് അൻപതു വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതത്തെ ആകമാനം മാറ്റിമറിച്ച ഡ്രാക്കുള പിറന്നു വീഴുന്നത്. അദ്ദേഹം ‘ദ് സ്‌നേക്സ് പാസ്’ എന്ന ആദ്യത്തെ പുസ്തകം എഴുതിയതാകട്ടെ നാൽപത്തിമൂന്നാമത്തെ വയസ്സിലും. അങ്ങനെയെത്ര പേരാണ് പ്രായം ഒരു പ്രശ്നമാക്കാതെ എഴുത്തിന്റെ ആനന്ദമറിഞ്ഞിട്ടുള്ളത്. എന്നാൽ തന്റെ നൂറ്റിയൊന്നാം വയസ്സിൽ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ച മുത്തശ്ശിയെക്കുറിച്ചു കേട്ടിട്ടുണ്ടോ?

സാറാ യെർക്സ് എന്ന അമേരിക്കൻ എഴുത്തുകാരിയാണ് ‘ഡേയ്‌സ് ഓഫ് ബ്ലൂ ആൻഡ് ഫ്ലെയിം’ എന്ന കവിതാസമാഹാരം പുറത്തിറക്കിയത്.

തൊണ്ണൂറ്റിയേഴാം വയസ്സിലാണ് സാറ കവിതയെഴുത്ത് ആരംഭിക്കുന്നത്. പുതിയ കാര്യങ്ങൾ അറിയാനും ചെയ്യാനുമുള്ള ഉത്സാഹവും ഒരു സുഹൃത്തിന്റെ പ്രേരണയുമായിരുന്നു കാരണം. ശിൽപിയും ആർക്കിടെക്ടുമായി ജീവിക്കുന്നതിടെയാണ് പ്രായം ജോലിയെ ബാധിച്ചു തുടങ്ങിയത്. കായികാധ്വാനമുള്ള ജോലികൾ ചെയ്യാൻ പ്രായം തടസ്സമായപ്പോൾ, തനിക്കു കഴിയുന്ന പുതിയ കാര്യങ്ങളിലേക്കു സാറ മനസ്സിനെ നയിച്ചു. 

സാറ ജീവിക്കുന്ന വാഷിങ്ടൻ ഡിസിയിൽ കവിതയെഴുത്തിൽ ഒരു ക്ലാസ് തുടങ്ങിയതാണ് എല്ലാത്തിന്റെയും തുടക്കം. തൊണ്ണൂറുകളിലായിരുന്ന സാറ നേരേ ക്ലസ്സിനു പോയി ചേർന്നു. ‘ചുറ്റും ഒരുപാട് മാലാഖമാർ നിൽക്കുന്നതായി എനിക്കനുഭവപ്പെടുന്നു. അവരെന്നെ എഴുതാൻ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു’

എന്ന് സാറ തന്റെ എഴുത്തിനെക്കുറിച്ചു പറയുന്നു. 

മികച്ച ആർക്കിടെക്ട് ആയിരുന്നു സാറാ യെർക്സ്. തന്റെ സുഹൃത്തുമൊന്നിച്ച് സംരംഭകയായി ആണ് സാറ കരിയർ ആരംഭിക്കുന്നത്. പിന്നീട് രണ്ടാമത്തെ വിവാഹത്തിനു ശേഷം അമ്പതാമത്തെ വയസ്സിലാണ് ശില്പകലയിൽ താല്പര്യമുണ്ടാകുന്നതും നിരവധി ശിൽപങ്ങൾ മെനഞ്ഞെടുക്കുന്നതും. കവിത പോലെ തന്നെ ഒരു ക്ലാസ്സ് കേട്ടതിൽ നിന്നാണ് ശിൽപകലയും സാറ ആരംഭിക്കുന്നത്. പിന്നീട് എൺപത് വയസ്സു വരെ സാറ ശിൽപ നിർമാണം തുടർന്നു. അപ്പോഴേക്കും ഭർത്താവ് പുതിയ വീട്ടിലേക്കു സാറയോടൊപ്പം താമസം മാറിയിരുന്നു. പുതിയ വീട്ടിലെ അസൗകര്യങ്ങളും വർധിച്ചു വരുന്ന പ്രായവും സാറയെ ജോലികളിൽ നിന്നു പതിയെ പിന്നാക്കം വലിച്ചു. 

സാറയുടെ പുസ്തകം പ്രസിദ്ധീകരിച്ച പാസഞ്ചർ ബുക്സ് പൊതുവേ പ്രായം കൂടിയവരുടെ പുസ്തകങ്ങൾക്കു പ്രത്യേക പരിഗണന കൊടുത്ത് അച്ചടിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്. വയസ്സ് കൂടുന്തോറും ലോകവും മാറിവരും. ഇതുവരെയുള്ള വിസ്തൃതമായ അനുഭവങ്ങളെ കവിതകളിൽ കൂടി ആവിഷ്കരിക്കുവാനാണ് പ്രസാധകർ സാറയ്ക്കു നൽകിയ സ്‌നേഹനിർഭരമായ ഉപദേശം. 

"I had never seen a man cry before —

the exposure of raw feeling was horrifying.

I promised myself I would never again

be involved in such a shattering situation.

It’s not just tears I turned off.

I feel as though since then

I have been more of an observer

than a participant in life."

ഉള്ളിൽ ഊറിക്കൂടിയ സ്നേഹവും കരുണയും ലോകത്തോടുള്ള കാഴ്ചപ്പാടുമെല്ലാം സാറയിൽനിന്നു കവിതയായി ഒഴുകി. അതിൽ പലതും സാറയുടെ വ്യക്തിജീവിതത്തോട് ഐക്യം പുലർത്തുന്നവയായിരുന്നു. 

‘ഞാൻ എനിക്കു വേണ്ടി എഴുതുന്നു, മറ്റുള്ളവരിൽ ഇത് എത്തിപ്പെടുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കാറേയില്ല’. – എഴുതുന്നതിനെപ്പറ്റി സാറാ ഇങ്ങനെയാണു പറയുന്നത്. സാറയുടെ മകൻ അറുപത്തിയാറുകാരൻ ആമോസ് ഉൾപ്പെടെയുള്ളവർ അമ്മയുടെ കവിതയെഴുത്തിനൊപ്പമുണ്ട്. 

ചിത്രകാരൻ കൂടിയായിരുന്ന രണ്ടാം ഭർത്താവ് യെർക്സിന്റെ മരണം സാറയെ വല്ലാതെ ഉലച്ചു കളഞ്ഞു. 2011ൽ ആയിരുന്നു അദ്ദേഹം  അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണ ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രത്തിന്റെ രചനയും പൂർത്തിയായത്. ഈ ചിത്രം സാറാ തന്റെ കവിതാസമാഹാരത്തിന്റെ പുറംചട്ടയാക്കി. ഒപ്പം ആ ദിവസത്തിന്റെ ഓർമകൾ കവിതയായി അടയാളപ്പെടുത്തുകയും ചെയ്തു. ഒരിക്കലും തന്നെ വിട്ടു പോകാത്ത ഒരോർമയായി അത് അവശേഷിക്കുമെന്ന് സാറയ്ക്ക് ഉറപ്പുണ്ട്. എന്തുതന്നെയായാലും പ്രായം ക്രിയേറ്റിവിറ്റിയെയും ആഗ്രഹത്തെയും തളർത്തിക്കളയില്ലെന്ന് സാറാ തെളിയിച്ചിരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA