ADVERTISEMENT

കൊച്ചി: ഇന്ത്യന്‍ ഭരണഘടന വ്യക്തിഗതമായ അവകാശമാണെന്നും ജാതിയോ മതമോ അടിസ്ഥാനമാക്കി ലഭിക്കേണ്ട കാര്യമല്ലെന്നും ശശി തരൂര്‍ എം.പി. ആരാണ് ഇന്ത്യന്‍ എന്ന വിഷയത്തില്‍ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഇന്ത്യക്കാര്‍ക്കും ജാതിയും മതവുമടക്കമുള്ള വ്യത്യാസങ്ങള്‍ക്കതീതമായി തുല്യത നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രത്യേകത വൈവിധ്യങ്ങളാണ്.

രാജ്യത്ത് ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന തരത്തിലാണ് മാധ്യമങ്ങളും മറ്റും വിലയിരുത്താറ്. പക്ഷേ ഈ രാജ്യത്ത് ന്യൂനപക്ഷങ്ങളായ വിഭാഗങ്ങളിലുള്ളവരാണ് എല്ലാവരും. എല്ലാ വൈവിധ്യങ്ങളും നിലനില്‍ക്കുന്നതാണ് ഇന്ത്യ. മുന്‍ സര്‍ക്കാരുകള്‍ വൈവിധ്യത്തിന്റെ മൂല്യത്തില്‍ വിശ്വസിച്ചിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അങ്ങനെ വിശ്വസിക്കുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. മഹാത്മാഗാന്ധിയടക്കം രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിയായവരുടെ ആശയങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. പൗരത്വം നിര്‍ണയിക്കുന്നതില്‍ മതത്തെ ഒരു ഘടകമാക്കിയതോടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റയും ജനാധിപത്യത്തിന്റെയും അടിസ്ഥാന മൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്ററിന്റെ ഭാഗമായി ആദ്യം ചെയ്യുക ദേശീയ ജനസംഖ്യാ രജിസ്ട്രര്‍ തയാറാക്കുകയാണ്. ഇതിന്റെ ഭാഗമായി മാതാപിതാക്കളുടെ ജന്മസ്ഥലവും സമയവും അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. ഈ വിവരങ്ങള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആളുകളെ സംശയകരമായ പൗരന്മാരായി രേഖപ്പെടുത്താന്‍ പറ്റും. അവര്‍ പിന്നീട് രേഖകള്‍ ഹാജരാക്കേണ്ടി വരും. ഇന്ത്യയില്‍ 65 ശതമാനം ജനങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് കൈവശമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനിച്ച കുട്ടികളില്‍ 40 ശതമാനത്തിനാണ് ജനനസര്‍ട്ടിഫിക്കറ്റില്ലാത്തത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുക. നിയമപരമായ അവകാശമായ പൗരത്വമാണ് രേഖകള്‍ നല്‍കി തെളിയിക്കേണ്ട കാര്യമായി മാറുന്നത്. 

വ്യത്യസ്തകളാണ് ഇന്ത്യയുടെ കരുത്ത്. വൈവിധ്യങ്ങളിലധിഷ്ടിതമായ ഇന്ത്യയെന്ന ആശയത്തെയാണ് ഹിന്ദുത്വ ചിന്താഗതിക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയവാദികളായ നേതാക്കളും സാമുദായിക നേതാക്കളെയും ഒരേ വിഭാഗക്കാരായി അവതരിപ്പിക്കാറുണ്ട്. അത് തെറ്റാണ്. സ്വന്തം സമുദായത്തിന്റെ ക്ഷേമത്തിനാണ് സമുദായ നേതാക്കളും സംഘടനകളും ലഭിക്കുക. വര്‍ഗീയ സംഘടനകളും നേതാക്കളും അന്യമതങ്ങളെ നശിപ്പിക്കാനാണ് ശ്രമിക്കുക. മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസും സമുദായ പാര്‍ട്ടികളാണ്. എന്‍.എസ്.എസ് സമുദായ സംഘടനയാണ്.

ഒരുമിച്ചുള്ള സമരങ്ങളെ പിന്തുണയ്ക്കുന്നു. കേരളത്തിലടക്കം ഭരണ -പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തി. പക്ഷേ പല സ്ഥലത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലല്ല സമരം. രാഷ്ട്രീയമില്ലാത്തവരാണ് പലരും. ആ സമരങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ഇടപെട്ട് ഏറ്റെടുക്കുന്നതിനോട് യോജിപ്പില്ല. ആ സമരങ്ങളെ പിന്തുണക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Shashi Tharoor Talks At Krithi Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com