ADVERTISEMENT

ല്ലാ നസറുദീനും കൂട്ടുകാരും കവലയിലിരുന്നു സംസാരിക്കവേ, ഒരു അപരിചിതൻ അവർക്കൊപ്പം ചേർന്നു. അയാളൊരു കഥ പറയാൻ തുടങ്ങി. സംസാരത്തിലെ അവ്യക്തത കൊണ്ടും ഹാസ്യം പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവു കുറവായതിനാലും ആ കഥ ആർക്കും രസിച്ചില്ല. പക്ഷേ, മുല്ലാ നസറുദീൻ മാത്രം ചിരിച്ചു. 

അപരിചിതൻ പോയിക്കഴിഞ്ഞപ്പോൾ മറ്റുള്ളവർ ചോദിച്ചു: നിങ്ങൾ എന്തുകൊണ്ടാണു ചിരിച്ചത്; ആ കഥയിൽ എന്തു നർമമാണുള്ളത്? നിങ്ങൾ ചിരിച്ചതുകൊണ്ട് ആ കഥ മറ്റു പലയിടത്തും പറഞ്ഞ് ‌അയാൾ ഇനിയും ആളുകളെ ബോറടിപ്പിക്കും. മുല്ലാ നസറുദീൻ പറഞ്ഞു: ആരും ചിരിച്ചില്ലായിരുന്നെങ്കിൽ അയാൾ എത്ര നിരാശനാകുമായിരുന്നു. ഒരാൾക്കു സന്തോഷമുണ്ടാകുന്ന കാര്യത്തിൽ ഇത്രയധികം അളന്നുകുറിച്ചു പെരുമാറേണ്ടതില്ല. 

അതിരുകടന്ന വിമർശനങ്ങൾ മാത്രമല്ല, അശ്രദ്ധയും നിർവികാരതയും ഹൃദയം തകർക്കും. ഒരാളെ ശ്രവിക്കാനും അയാളുടെ അവസ്ഥയിൽ നിന്നുകൊണ്ടുതന്നെ ആ വാക്കുകളോടു സഹിഷ്ണുത പുലർത്താനും കഴിയണമെങ്കിൽ അസാധാരണമായ ഹൃദയനൈർമല്യവും സഹാനുഭൂതിയും വേണം. കേൾക്കുന്നവനെ തൃപ്തിപ്പെടുത്താനും സ്വാധീനിക്കാനും വേണ്ടിയാകില്ല എല്ലാവരും സംസാരിക്കുന്നത്. ചിലർ ഭാരം ഇറക്കിവയ്ക്കുന്നതാകും, ചിലർ പലതും മറക്കാൻ വേണ്ടിയാകും. 

ബാലൻസ് തെറ്റുമ്പോൾ ആരോടെങ്കിലുമൊക്കെ ചേർന്നുനിന്ന് സ്വയം നിയന്ത്രിക്കുന്ന ഒട്ടേറെപ്പേരുണ്ട്. അവരുടെ പ്രകടനത്തിനു മാർക്കിടുകയല്ല കാഴ്ചക്കാരുടെ ദൗത്യം. ഒരു നല്ല ശ്രോതാവാകുകയോ ചെറുതായെങ്കിലും പരിഗണിക്കുകയോ ചെയ്താൽ അവരുടെ ആയുസ്സു പോലും വർധിക്കും. ഊർജവും ഉണർവും നൽകുന്ന, ആത്മാർഥത നിറഞ്ഞ കയ്യടികൾ ലഭിക്കാത്തതുകൊണ്ട് ആദ്യ അവസരത്തിൽത്തന്നെ എല്ലാം അവസാനിപ്പിച്ചു വിടവാങ്ങുന്നവരുണ്ട്. 

എല്ലാവരും വിജയിക്കാനല്ല പങ്കെടുക്കുന്നത്. ആത്മസംതൃപ്തിക്കും അതിജീവനത്തിനും വേണ്ടിയാണ് ചിലരുടെയെങ്കിലും പ്രകടനങ്ങൾ. അപൂർണതയുടെ പേരുപറഞ്ഞ് അഭിനിവേശത്തെ തളർത്തിക്കളയരുത്. 

English Summary: Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com