ADVERTISEMENT

‘മറക്കാനാഗ്രഹിക്കുന്ന കൂട്ടിലേക്കൊരിക്കലും മടങ്ങരുത്. ഉള്ളിലതുവരെ കൊണ്ടു നടന്ന ആകാശമാണപ്പോൾ ഇല്ലാതാവുന്നത്.’ : കാതുസൂത്രത്തിന്റെ ഉൾവഴികളിലൂടെ .....

സമകാലിക മലയാള ചെറുകഥയിൽ ഫ്രാൻസിസ് നൊറോണയുടെ സ്ഥാനം അടയാളപ്പെടുത്തുന്ന എട്ടു കഥകളുടെ സമാഹാരമാണ് കാതുസൂത്രം. കാലഹരണപ്പെട്ട ചിന്തകളിൽനിന്ന് വ്യത്യസ്തമായി മുഖംമൂടികളില്ലാതെ, മനുഷ്യ ജീവിതത്തിലെ നേർവശങ്ങളെ ആവിഷ്കരിക്കുന്നതിലാണ് ഫ്രാൻസിസ് നൊറോണ മികവു പ്രകടിപ്പിക്കുന്നത്. അമാനുഷികരായ കഥാപാത്രങ്ങളുടെ അതീന്ദ്രിയശക്തികളല്ല, സാധാരണ മനുഷ്യരുടെ നഷ്ടവും നഷ്ടബോധങ്ങളും നിസ്സഹായതയും നോവും നിരാലംബത്വവും ഇടയ്ക്കെങ്കിലും അതിനെ മറികടന്നു ചുരമാന്തിയെത്തുന്ന കാമവുമാണ് നൊറോണക്കഥാപാത്രങ്ങളെ  മണ്ണിൽ വേരുള്ളവരാക്കി മാറ്റുന്നത്. .

യുക്തിഭദ്രമായ പ്രമേയം, ഏകാഗ്രതയോടെയുള്ള പരിചരണം, ജിജ്ഞാസ ഉണർത്തുന്ന ആഖ്യാനം.... ആഖ്യാതാവ് എന്ന നിലയിൽ നിരന്തരം പിന്തുടരുന്ന സൂത്രവാക്യം തന്നെയാണ് നൊറോണ കാതുസൂത്രത്തിലും പരിചരിക്കുന്നത്. പൊതുവേ നൊറോണക്കഥകളിൽ കണ്ടുവരുന്ന വ്യർഥതാ ബോധമില്ലാത്ത കഥാപാത്രങ്ങൾ തന്നെയാണ് കാതുസൂത്രക്കഥകളിലുമുളളത്. ഭ്രഷ്ടരില്ലാത്ത ലോകത്തിന്റെ ചെറുപതിപ്പായോ ഇത് എന്റെ കൂടി ലോകമാണെന്ന ആഹ്വാനമായോ വിശേഷിപ്പിക്കാവുന്ന കഥകൾ. സമൂഹത്തെ ബാധിച്ച ജീർണതകളെ ആവിഷ്കരിക്കുന്നതോടൊപ്പം ഒരു ജനതയെ അവരായി നിലനിർത്തുന്ന ആചാരങ്ങളും രീതികളും അടയാളപ്പെടുത്തി ബഹുസ്വരതയെ ഉൾക്കൊള്ളിക്കുന്നതിനുള്ള ശ്രമവും പതിവുപോലെ ഇക്കഥകളും പിന്തുടരുന്നു.

കാതുസൂത്രത്തിലെ എട്ടു കഥകളും ജീവിതഗന്ധികളാണ്. ദൃശ്യാത്മകമായ രചനാരീതിയാണ് മറ്റൊരു സവിശേഷത. വാക്ക് വരച്ചിടുന്ന കാഴ്ചകളിലൂടെ അനവധി വേരുകളും ശാഖകളും ഉള്ള വലിയൊരു കഥക്കൂട്ടത്തിലേക്ക് അല്ലെങ്കിൽ  കഥകളുടെ വലിയൊരു കാട്ടിലേക്കുതന്നെ അവ നമ്മളെ വഴി നടത്തുന്നു.      

kaathu-soothram-01

‘വീടിന്റെ ലോലമായ കണ്ണുകളെ മറച്ച് മേഘക്കീറിനു മുകളിലൂടെ ഒരു സാറ്റലൈറ്റിന്റെ മിന്നായം. കൃഷിയിടങ്ങളെ ഒപ്പിയെടുത്ത് ഭൂമിയെ കീഴ്പ്പെടുത്തുന്ന അതിന്റെ ചാരക്കണ്ണുകളിൽ വീഴാതെ കുഞ്ഞിനെയുമെടുത്ത് ഞാൻ തോട്ടത്തിലേക്കു കയറി അന്തിക്ക് ഉലാത്തുന്ന ദൈവത്തെപ്പോലെ നടക്കുമ്പോൾ അവളുടെ കീഴ്ത്താടിയിലൂടെ  ഒലിച്ചിറങ്ങിയ ഈളയുടെ തണുപ്പ് എന്റെ ഹൃദയത്തെ തൊട്ടു. ആത്തയുടെയും സപ്പോട്ടയുടെയും ചില്ലകൾ ഉലയുന്നതിനിടയിലൂടെ അത്  കണ്ടുകൊണ്ടിരുന്ന ആകാശം തലതാഴ്ത്തി താഴേക്കിറങ്ങി. ഒരുമ്മ കൊടുക്കാൻ പാകത്തിൽ ഞാൻ കുഞ്ഞിന്റെ കവിൾ ചായ്ച്ചു  കൊടുത്തു. ലൂവിനാമ്മയോടുള്ള ഒരു കൗമാരക്കാരന്റെ ആകർഷണത്തിൽ തുടങ്ങി, ഇസ്രയേൽ പാലസ്തീൻ വംശീയകലാപത്തിന്റെ മറുപുറത്തു കൂടി നമ്മെ നടത്തുന്ന ഒരച്ഛന്റെ വടിവിലേക്ക് വഴിമാറുന്ന ‘അതിശയചേർച്ച’ പൂർണ്ണമാകുമ്പോൾ കഥ കവിതയായി മാറുന്നുവെന്നു പറയേണ്ടിവരും.

ദൃശ്യാത്മകമായ രചനയാണ് തെമ്മാടി പുണ്യാളന്റെയും സവിശേഷത. കമ്മജോയിയും സാഞ്ചോണും ഓപ്പയാശാനും ചേർന്ന് പാപബോധത്തിന് പുതിയ നിറക്കൂട്ടുകൾ നൽകുന്ന ഭാവപരിസരമാണ് കഥയുടെ ഓജസ്സ്... ‘പെണ്ണിന്റെ മനസ്സു പോലെയാ ആകാശവും കടലും. വിരിഞ്ഞങ്ങനെ കൺമുന്നിലുണ്ടെങ്കിലും മനം നെറയെ കാണണോങ്കി നുമ്മ തനിച്ചാവണം’ എന്ന ഓപ്പയാശാന്റെ ആത്മഗതം കഥയിലെ സ്ത്രീസാന്നിധ്യത്തിന്റെ നിഗൂഢതയെ അടയാളപ്പെടുത്തുന്നു. ഭാഷയുടെ വഴക്കത്തിന്മേൽ ഒരു എഴുത്തുകാരൻ നേടിയ മേൽക്കോയ്മയാണ് ച്യൂയിങ്ങ് ചെറീസിനെ വ്യതിരിക്തമാക്കുന്നത്. കടലോരഗ്രാമങ്ങളുടെ  നീട്ടിക്കുറുക്കലുകളിൽനിന്നു പട്ടണത്തിന്റെ പ്രൗഢിയിലേക്ക് ഭാഷയെ പരിഷ്കരിച്ചെടുക്കുന്നുണ്ട് ഈ കഥ. ഈച്ചകളുടെ സംഭാഷണം കഥാഖ്യാനത്തിൽ അദ്ദേഹം നിരന്തരം പ്രയോഗിക്കുന്ന ഫാന്റസിയുടെ കനൽത്തരികളാണ്.

സമകാലികതയോട് സമരസപ്പെടുന്ന എനം, ‘ആണിന്റെ മരണം പെണ്ണിന്റെ മടുപ്പിൽ നിന്നാണ് തുടങ്ങുന്നതെന്ന്’ പഠിപ്പിക്കുന്ന വെരോണയിലെ പെണ്ണുങ്ങൾ, മറ്റുള്ളവരോടൊപ്പം വീടും ഒരു കഥാപാത്രമായി മാറുന്ന വര,  മന്ത്രവാദവും ആഭിചാര ക്രിയകളും നിസ്സഹായതയും ചേർന്ന് ഭയത്തിന്റെ മേലങ്കിയണിക്കുന്ന ഉറുക്ക്, സ്ഥിരവരുമാനമുള്ള, ഡ്രൈവ് ചെയ്യാനറിയുന്ന, ഏതർഥത്തിലും മിടുക്കിയായ ഒരു മധ്യവയസ്കയുടെ പാരതന്ത്ര്യത്തിന്റെയും അഭിലാഷങ്ങൾക്കു മുകളിലുള്ള കൂച്ചുവിലങ്ങിന്റെയും കഥയായ കാതുസൂത്രം എന്നിങ്ങനെ കഥ പടരുന്ന പന്തലുകൾ .

രുചിയും നിറങ്ങളും കഥയുടെ സൗന്ദര്യം കൂട്ടുമ്പോൾ ഗന്ധങ്ങൾ നമ്മെ ഉന്മാദത്തിലാഴ്ത്തുന്നു. ഗന്ധകപ്പുരയുടെ മണം, മരുന്നെണ്ണയുടെ മണം, പുൽതൈലത്തിന്റെ മണം, വറുത്തു കോരിയ അണ്ടിപ്പരിപ്പിന്റെ മണം, അരുന്ധതിയുടെ സെറ്റ് സാരിയുടെ കൊക്കനോർ മണം, കപ്പലണ്ടീം ബീഡീം കൂടിക്കുഴഞ്ഞ തിയേറ്റർ മണം, കൂർക്കയിട്ടു വറുത്തരച്ച ഇറച്ചിമണം, കാറ്റിൽ ചെമ്പകം പൂത്ത മണം തുടങ്ങി കഥ നമ്മുടെ നാസാരന്ധ്രങ്ങളിലേക്കുകൂടി കയറി വരുന്നു. അല്ലെങ്കിലും പഞ്ചേന്ദ്രിയങ്ങൾക്കും ഉത്തേജനമാകുന്ന വിഭവസമൃദ്ധിയാണ് ചിത്രമായും വാക്കായും വരയായും സ്പർശമായും ഗന്ധമായും നൊറോണക്കഥകളിലുള്ളത്.

‘പെണ്ണിന്റെ ചിരിയിലും കരച്ചിലിലും നിന്നാണ് എല്ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും’ എന്നു വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന നൊറോണക്കഥകൾ മനുഷ്യസ്നേഹത്തെയാണ് പേർത്തും പേർത്തും അടയാളപ്പെടുത്തുന്നത്. ‘പന്തിയിൽ ഒന്നിച്ചിരിക്കണം., വിളമ്പുന്നതെന്തും കഴിക്കണം. മനുഷ്യസ്നേഹത്തിന്റെ വലിയ അടയാളമാണത്’ എന്ന് എനത്തിലെ സലിലേടച്ഛനെക്കൊണ്ട് ബോധപൂർവം കഥാകൃത്ത് പറയിപ്പിക്കുന്നത് ഉദാഹരണമായെടുക്കാം. പുതിയ ഇടങ്ങളും വ്യത്യസ്ത ഇടപെടലുകളും പരിചയിപ്പിച്ച് സംവേദനത്തിന്റെ അനന്ത സാധ്യതകളെക്കൂടി അടയാളപ്പെടുത്തുവാൻ നൊറോണക്കഥകൾക്ക് കഴിയുന്നുണ്ട്.

English Summary: Kathusoothram Book Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com