ADVERTISEMENT

എല്ലാവരും പറയുന്നത് അയാൾക്കു ഭ്രാന്താണെന്നാണ്. ഒരു ദിവസം, പക്ഷിപിടിത്തക്കാരൻ കൂട്ടിലടച്ച നൂറുകണക്കിനു പക്ഷികളെ അയാൾ തുറന്നുവിട്ടു. എന്നിട്ട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: പക്ഷികൾ പറക്കാനുള്ളവയാണ്. പക്ഷിപിടിത്തക്കാരൻ ഓടിയെത്തി അയാളെ മർദിച്ചുകൊണ്ടു ചോദിച്ചു: താനെന്തു പണിയാണു കാണിച്ചത്? അയാൾ ആവർത്തിച്ചു: പക്ഷികൾ പറക്കാനുള്ളവയാണ്. ഓരോ അടി കിട്ടുമ്പോഴും അയാൾ അതു പറഞ്ഞുകൊണ്ടേയിരുന്നു.

അടിസ്ഥാനപരമായി എന്താണോ, അതാകാൻ കഴിയാത്തതാണ് ഏറ്റവും വലിയ പരാജയം. അർഹിക്കുന്ന തിനെക്കാൾ താഴ്ന്ന സ്ഥലത്തും നിലവാരത്തിലും ജീവിക്കാൻ വിധിക്കപ്പെടുന്നവരുണ്ട്. അതു തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് കൂടുതൽ പരിതാപകരം. പറക്കാൻ കഴിയുന്ന പലരും ഓടുകയും ഓടാൻ കഴിയുന്നവർ ഇഴയുകയും ചെയ്യുന്നുണ്ട്. ഓരോരുത്തർക്കും അവരുടേതായ ശേഷികളും ദൗത്യങ്ങളുമുണ്ട്. അവ മനസ്സിലാക്കാനും പൂർത്തിയാക്കാനും കഴിയുന്നവരുടെ ജീവിതമാണ് സാർഥകവും സംതൃപ്തവുമാകുന്നത്.

അപരന്റെ സാധ്യതകൾ കണ്ടെത്തുകയും അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും ചെയ്യുന്നവരാണ് യഥാർഥ മാർഗദർശികൾ. സ്വകാര്യ ലാഭത്തിനും സന്തോഷത്തിനും വേണ്ടി കെണികളും കുരുക്കുകളുമായി നടക്കുന്നവരുണ്ട്. അവർ വല വിരിക്കുന്നതുപോലെ തന്നെ തെറ്റാണ് ആ വലയിൽ അകപ്പെടുന്നതും ആയുസ്സു മുഴുവൻ അവിടെത്തന്നെ തുടരുന്നതും. എല്ലാ കെണികൾക്കും സൗന്ദര്യവും പ്രലോഭനശേഷിയും ഉണ്ടാകും. അതുവിട്ട് പുറത്തുവരാനാകണം.

ചിറകുകളുടെ സാധ്യതകൾ ഇല്ലാതാക്കുന്നതൊന്നും, അതു ബന്ധങ്ങളായാലും, പ്രയോജനകരമാകില്ല. ചിറകുകളുള്ള എല്ലാം പറക്കുന്നില്ല; ആകാശവും കൂടി ലഭ്യമായവ മാത്രമേ പറക്കുകയുള്ളൂ. ചിറകും ആകാശവും സമ്മാനിക്കുന്നവരാണ് പറക്കാൻ പ്രേരിപ്പിക്കുന്ന സ്നേഹിതർ.

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com