ADVERTISEMENT

‘തികഞ്ഞ അവബോധവും കാര്യശേഷിയും ഉള്ളവനാണ്’ എന്ന സാക്ഷ്യപത്രം നേടാൻ രാജാവ് മകനെ ദൂരദേശത്തുള്ള ഗുരുവിന്റെ അടുത്തയച്ചു. അതു ലഭിച്ചാലേ, അടുത്ത രാജാവായി വാഴിക്കൂ. ഗുരു പല പരീക്ഷണങ്ങളിലൂടെ അവനെ കടത്തിവിട്ടു. അതൊക്കെ അവൻ വിജയിച്ചു.

അവസാന പരീക്ഷണമായി ഗുരു പറഞ്ഞു: ‘‘നീ ഉറങ്ങിക്കിടക്കുമ്പോൾ വാളു കൊണ്ടു ഞാൻ വെട്ടും; നീ തടയണം’’. അസാധ്യമാണെന്ന് അവൻ തുറന്നുപറഞ്ഞു. മാത്രമല്ല, ഗുരുവിന് ഈ കഴിവുണ്ടോ എന്നു പരീക്ഷിക്കാനും തീരുമാനിച്ചു. രാത്രി ഗുരു അവനെ വിളിച്ചുണർത്തി: ‘‘നിന്റെ ചിന്തകളുടെ കാലൊച്ച എനിക്കു കേൾക്കാം. എന്നെ പരീക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതാണു നല്ലത്’’. ക്ഷമ ചോദിച്ച അവനോടു ഗുരു പറഞ്ഞു: ‘‘ഇതു നിന്റെ ജീവന്റെ പ്രശ്നമാണ്. ഉറക്കത്തിലും നിനക്ക് ഉണർവുണ്ടാകണം’’. പരീക്ഷണത്തിൽ അവൻ വിജയിച്ചു, രാജ്യാവകാശിയുമായി.

അധികാരത്തിനുള്ള യോഗ്യത അവബോധമില്ലാത്തവർക്ക് അധികാരത്തിനും അവകാശമില്ല. പിന്തുടർച്ചയുടെ പേരിലും പാരമ്പര്യത്തിന്റെ പേരിലും സ്ഥാനങ്ങളിലെത്തുന്നവർക്ക് നേതൃശേഷിയോ അറിവോ ഉണ്ടാകണമെന്നില്ല. കാലത്തെ അതിജീവിക്കാൻ കഴിവുള്ള പിന്തുടർച്ചക്കാരെ കണ്ടെത്തുക എന്നതാകും, അധികാരികളുടെ പ്രധാന ഉത്തരവാദിത്തവും വെല്ലുവിളിയും. കഴിവുറ്റ രണ്ടാം നിരയെ രൂപപ്പെടുത്താൻ കഴിയാത്തതാണ് നേതൃത്വ പ്രതിസന്ധിക്കു കാരണം. ദീർഘവീക്ഷണത്തോടെ, തന്റേടമുള്ള പുതുതലമുറയെ സൃഷ്ടിക്കാൻ കഴിയുന്നവരാണ് കെടാവിളക്കുകളായി മാറുന്നത്. രാജാവിന്റെ മകനല്ല, രാജ്യത്തെ അറിയുന്നവനാണു രാജാവാകേണ്ടത്.

വച്ചുനീട്ടുന്ന എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കാൻ ശേഷിയുള്ളവനാണ് തങ്ങളുടെ ഗുരു എന്ന തിരിച്ചറിവ് പരീക്ഷാർഥികളുടെ ആത്മവിശ്വാസവും ഗുരുവിന്റെ വിശ്വാസ്യതയും വർധിപ്പിക്കും. രാജാവാകേണ്ടയാളുടെ യോഗ്യത പ്രജകളെ രക്ഷിക്കാനുള്ള ശേഷിയാണ് എന്ന തിരിച്ചറിവുള്ള രാജാവും ആ കഴിവുകൾ രൂപപ്പെടുത്താനറിയുന്ന രാജഗുരുവും ഉണ്ടെങ്കിൽ ആ രാജ്യം സുരക്ഷിതമാകും.

English Summary: Hereditary Rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com