ADVERTISEMENT

നല്ല അമ്മമാരുടെ ഗർഭപാത്രത്തിലും സ്വഭാവദൂഷ്യമുള്ള കുട്ടികൾ ഉണ്ടാവും എന്ന് ആഗോളപ്രശസ്തനായ ആംഗലേയ നാടകകൃത്ത് വില്യം ഷേക്സ്പിയർ എഴുതിയിട്ടുള്ളത് വളരെ ശരിയാണെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ ലോകമെമ്പാടുമുള്ള പലരുടെ കഥകൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും. അങ്ങനെയുള്ളവരിൽ അഗ്രഗണ്യനാണ് ജോൺ ജോർജ് ഹെയ്ഗ്.

ലിങ്കൺ ഷെയറിലെ സ്റ്റാംഫോർഡിലാണ് ഹെയ്ഗ് ജനിച്ചത്. യോർക്ക് ഷയറിലെ വെസ്റ്റ് റൈഡിങ്ങിലെ ഔട്ട് വുഡ് ഗ്രാമത്തിൽ അവൻ വളർന്നു. അച്ഛൻ എൻജിനീയറായ ജോൺ റോവർട്ട്, അമ്മ എമിലി. അവർ പ്ലിമത്ത ബ്രദറൺ എന്ന യാഥാസ്ഥിതിക പ്രൊട്ടസ്റ്റന്റ് മതവിഭാഗത്തിൽപ്പെടുന്നവരായിരുന്നു. കഠിനമായ നിഷ്ഠകളാണ് അവർ ജീവിതത്തിൽ പാലിച്ചിരുന്നത്. അതിന്റെ ഭാഗമായി 10 അടി (മൂന്ന് മീറ്റർ) ഉയരമുള്ള ഒരു വേലി കെട്ടി അതിനുള്ളിൽ പുറംലോകവുമായി ബന്ധപ്പെടാനാവാത്ത വണ്ണമാണ് അവർ തങ്ങളുടെ മകനെ വളർത്തിയിരുന്നത്.

അതുകൊണ്ടു തന്നെ മതപരമായ പല പേടിസ്വപ്നങ്ങളും അവൻ കാണാറുമുണ്ടാ യിരുന്നു. എന്നിരുന്നാലും നന്നേ ചെറുപ്പത്തിലേ തന്നെ ഹെയ്ഗ് പിയാനോ വായിക്കുന്നതിൽ പ്രാവീണ്യം നേടി വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ.

എന്നുതന്നെയല്ല വേക്ഫീൽഡിലെ ക്വീൻ എലിസബത്ത് ഗ്രാമർ സ്കൂളിലേക്ക് ഹെയ്ഗിന് ഒരു സ്കോളർഷിപ്പ് ലഭിച്ചു. തുടർന്ന് വേക് ഫീൽഡ് കത്തീഡ്രലിൽ നിന്ന് മറ്റൊരു സ്കോളർഷിപ്പ് നേടിയ അവൻ ആ പള്ളിയിലെ ഗായകസംഘത്തിലെ അംഗവുമായി. 

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ മോട്ടോർ എൻജിനീയറന്മാരുടെ ഒരു സ്ഥാപനത്തില്‍ അവൻ അപ്രന്റീസായിച്ചേർന്നു. എന്നാൽ ഒരു വർഷത്തിനുശേഷം ആ ജോലി ഉപേക്ഷിച്ച് ഇൻഷ്വറൻസ്, പരസ്യം എന്നീ ജോലികൾ ആരംഭിച്ചു. എങ്കിലും പണാപഹരണം നടത്തി എന്ന സംശയത്തിന്റെ പുറത്ത് അവനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അന്നവന് വയസ്സ് 21.

acid-bath-murderer-003

1934 ജൂലൈ 6–ന് ഹെയ്ഗ് വിവാഹം ചെയ്തു. 23 വയസ്സുള്ള ബിയാട്രീസ് ബെറ്റി ഹാമറായിരുന്നു വധു. എന്നാൽ അധികം താമസിയാതെ വിവാഹബന്ധവും തകർന്നു. എന്നുതന്നെയല്ല അതേ വർഷം തന്നെ ഹെയ്ഗ് ജയിലിലുമായി– വഞ്ചനയായിരുന്നു ചുമത്തപ്പെട്ട കുറ്റം. അയാൾ ജയിലിലായിരുന്നപ്പോൾ ബെറ്റി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ ആ കുഞ്ഞിനെ ദത്തു നൽകി ബെറ്റി ഹെയ്ഗിനെ ഉപേക്ഷിച്ചു പോയി. അതേത്തുടർന്ന് അയാളുടെ യാഥാസ്ഥിതിക കുടുംബം അയാളെ ബഹിഷ്കരിച്ചു. 

പിന്നീട് ഹെയ്ഗ് 1934–ൽ ലണ്ടനിലേക്കു പോയി. അവിടെ വില്യം മക്സ്വാന്‍ എന്ന കോടീശ്വരന്റെ വിനോദകേന്ദ്രത്തിലെ ഡ്രൈവറായി. അതിനു പുറമേ അവിടുള്ള യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിക്കുന്ന ജോലികളും അയാൾ ഏറ്റെടുത്തു. ആയിടയ്ക്ക്  കൃത്രിമ അഭിഭാഷകനായി ചമഞ്ഞതിന് ഹെയ്ഗിന് കോടതി നാലു വർഷത്തേക്ക് ജയിൽ ശിക്ഷ നൽകി. രണ്ടാം ലോക മഹായുദ്ധാരംഭത്തോടെ ഹെയ്ഗ് പുറത്തു വന്നെങ്കിലും വഞ്ചനയും ചതിയും തുടരുക തന്നെ ചെയ്തു. 

ജയിലിൽ കിടന്നപ്പോൾ പശ്ചാത്താപവിവശനായി നന്നാവാനുള്ള മാർഗ്ഗമല്ല അയാളാലോചിച്ചത്. പ്രത്യുത, പരിപൂർണമായ ഒരു കൊലപാതകം– തെളിവുകളേതുമവശേഷിക്കാതെ ഒരു കൊലപാതം– നടത്താനുള്ള മാർഗ്ഗമെന്താണെന്നാണയാൾ തലപുകഞ്ഞാലോചിച്ചത്. ഒടുവിലയാൾക്ക് അതിനുത്തരം കിട്ടി– കൊലനടത്തിയശേഷം ശവം സൾഫ്യൂറിക് ആസിഡിൽ ഇട്ട് ലയിപ്പിച്ചു കളയുക.

ജയിലിൽ നിന്ന് പുറത്തിറങ്ങി ഉടൻ തന്നെ അയാൾ താൻ ചിന്തിച്ച കാര്യം ഒരെലിയിൽ പരീക്ഷിച്ചു നോക്കി. 30 മിനിറ്റിനുള്ളിൽ എലിയുടെ ശരീരം അപ്രത്യക്ഷമായതായി അയാൾ കണ്ടു. സന്തോഷം കൊണ്ടയാൾ മതിമറന്നു. 

1943 –ൽ സ്വതന്ത്രനായ ഹെയ്ഗ് ഒരു എൻജിനീയറിങ് സ്ഥാപനത്തിൽ അക്കൗണ്ടന്റായി. അവിചാരിതമായി കെൻസിങ്ടണിലെ ഒരു മദ്യശാലയിൽ വച്ച് അയാൾ തന്റെ മുൻ മുതലാളിയായ മക്സ്വാനിനെ കണ്ടുമുട്ടി. അദ്ദേഹം ഹെയ്ഗിനെ തന്റെ മാതാപിതാക്കളായ വില്യം, ആമി എന്നിവർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. വസ്തുവകകളിൽ നിക്ഷേപം നടത്തുന്നവരാണ് തങ്ങളെന്ന കാര്യം അവർ ഹെയ്ഗിനോട് പറഞ്ഞു. 

1944 സെപ്റ്റംബർ 6–ന് തികച്ചും അപ്രതീക്ഷിതമായി മക്സ്വാൻ അപ്രത്യക്ഷനായി. പട്ടാളത്തിൽ ചേരുന്നത് ഒഴിവാക്കാനായി അവരുടെ മകൻ സ്കോട്ട്ലണ്ടിലേക്ക് പോയിരിക്കുകയാണെന്ന് ഹെയ്ഗ് ആ മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ നാളേറെയായിട്ടും തങ്ങളുടെ മകൻ മടങ്ങിവരാത്തതെന്താ ണെന്നു തിരക്കിയ ആ മാതാപിതാക്കളെ ഹെയ്ഗ് ഒട്ടും താമസിയാതെ മകന്റെ അടുക്കലെത്തിക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയി– അതിനുള്ള എളുപ്പവഴി ലണ്ടൻ SW 7– ലെ 79 ഗ്ലൗസസ്റ്റർ റോഡിലുള്ള ഹെയ്ഗിന്റെ ഫാക്ടറിയിലൂടെയായിരുന്നു– അവിടെ എത്തിയ മക്സ്വാനെ പുറകിൽ നിന്നും അടിച്ചു കൊന്നശേഷം അവിടെയുണ്ടായിരുന്ന 40 ഗാലന്‍ കൊള്ളുന്ന വലിയ ഒരു ടാങ്കിൽ നിറച്ചിരുന്ന കോൺസൻട്രേറ്റഡ് സൾഫ്യൂരിക് ആസിഡിലേക്കെടുത്തിടുകയായിരുന്നു. രണ്ടു ദിവസങ്ങൾക്കു ശേഷം ശവശരീരത്തിന്റെ യാതൊന്നും അവശേഷിക്കാതെ മാലിന്യം ഓടയിലൊഴുക്കിക്കളഞ്ഞിരുന്നു. 

1945 ജൂലൈ–2 ന് ആ മാതാപിതാക്കളെയും വശീകരിച്ച് ഗ്ലൗസസ്റ്റർ റോഡിലെ തന്റെ ഫാക്ടറിയിലെത്തിച്ച ഹെയ്ഗ് കൊന്നശേഷം മകനെപ്പോലെ തന്നെ സൾഫ്യൂറിക് ആസിഡിന്റെ ടാങ്കിലിട്ടു ദഹിപ്പിച്ചു. 

പിന്നീട് അവരുടെ പെൻഷൻ ചെക്കുകൾ മോഷ്ടിച്ച ഹെയ്ഗ് അവരുടെ വസ്തുവകകൾ വിറ്റ് 8000 പൗണ്ട് കരസ്ഥമാക്കിയതിനു ശേഷം കെൻസിങ്ടമിലെ ഓൺസ്ളോ കോർട്ട് ഹോട്ടലിലേക്ക് മാറി. 

acid-bath-murderer-002

എന്നാൽ 1947 ആയപ്പോഴേക്കും ഹെയ്ഗിന് പണത്തിന് ബുദ്ധിമുട്ടായി. അതോടെ മറ്റൊരു ദമ്പതിമാരെ അയാൾ ലക്ഷ്യം വച്ചു– അത് ഡോക്ടർ ആർച്ചി ബാൾഡ് ഹെൻഡേഴ്സണും ഭാര്യ റോസുമായിരുന്നു. അവരുടെ ഒരു വസ്തു വിൽക്കാൻ സഹായിക്കാമെന്ന നാട്യേന അടുത്തു കൂടിയ ഹെയ്ഗ് ചർച്ചകൾക്കായി അവരെ തന്റെ ഫാക്ടറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. എന്നാൽ ഇത്തവണ പടിഞ്ഞാറൻ വെസക്സിലുള്ള ക്രൗലിയിലെ 2 ലിയോപ്പാൾഡ് റോഡിൽ വാടകയ്ക്കെടുത്ത ഒരു സ്ഥലത്തായിരുന്നു ഫാക്ടറിയും അനുബന്ധ ഉപകരണങ്ങളും. ഏതായാലും 1948 ഫെബ്രുവരി 12–ന് ഹെൻഡേഴ്സണെ അവിടേക്ക് കൂട്ടിക്കൊണ്ടു പോയി. ഡോക്ടറുടെ വീട്ടിൽ നിന്നു തന്നെ മോഷ്ടിച്ച ഒരു തോക്കുപയോഗിച്ച് അദ്ദേഹത്തിന്റെ തലയ്ക്കു വെടിവച്ചശേഷം തന്റെ പദ്ധതി നടപ്പാക്കി. തുടർന്ന് ഭർത്താവ് ബോധരഹിതനായിരിക്കുന്നുവെന്നു പറഞ്ഞ് മിസ്സിസ് ഹെൻഡേഴ്സനെയും അവിടെത്തിച്ചു. വെടിവച്ച് വീഴ്ത്തിയശേഷം അവരെയും ടാങ്കിനുള്ളിലാക്കി വക വരുത്തി. പിന്നീട്  കൃത്രിമരേഖകൾ ചമച്ച് അവരുടെ സ്വത്തുക്കളപഹരിച്ച് 8000 ‍ഡോളറിന് അവയെല്ലാം വിറ്റു. എന്നാൽ എന്തുകൊണ്ടോ അവരുടെ നായയെമാത്രം വിറ്റില്ല. 

ഹെയ്ഗിന്റെ ഒടുവിലത്തെയും അവസാനത്തെയും ഇര ഒലിവ് ഡുറാൻഡ് ഡീക്കണായിരുന്നു. ആ 69 വയസ്സുകാരി ജോൺ ഡുറാൻഡ് ഡീക്കൺ എന്ന സോളിസിറ്ററുടെ ധനാഢ്യയായ വിധവയായിരുന്നു. ഓൺസ്ളോ കോർട്ട് ഹോട്ടലിലെ ഒരു താമസക്കാരിയായിരുന്ന അവൾ ഒരു എൻജിനീയറാണെന്നറിഞ്ഞ ഹെയ്ഗിനോട് തനിക്ക് കൃത്രിമ വിരൽ നഖങ്ങളുണ്ടാക്കാൻ ഉദ്ദേശ്യമുണ്ടെന്നു പറഞ്ഞു. അതേത്തുടർന്ന് ഹെയ്ഗ് അവരെ തന്റെ ക്രൗലിയിലെ ഫാക്ടറിയിലേക്കു ക്ഷണിച്ചു.

1949 ഫെബ്രുവരി 18–ന് അവിടെത്തിയ ഒലിവിനെ ഹെയ്ഗ് പിന്നിൽ നിന്ന് 38 കാലിബറുള്ള വെബ്ലി റിവോൾവര്‍ കൊണ്ട് കഴുത്തിന് വെടിവച്ചു വീഴ്ത്തി. പിന്നെ അവളുടെ വിലപിടിപ്പുള്ളവയെല്ലാം– ആട്ടിൻ രോമം കൊണ്ടുണ്ടാക്കിയ ഒരു പേർഷ്യൻ കോട്ട്, വളകൾ, മോതിരങ്ങൾ, കമ്മലുകൾ, കഴുത്തിൽ കിടന്ന ഒരു കുരിശ് ഉൾപ്പെടെ എടുത്തു. പിന്നെ കാറിനടുത്തു ചെന്ന് ഒരു ഗ്ലാസെടുത്തു കൊണ്ടു വന്നു. ഒരു പേനാക്കത്തി കൊണ്ട് അവളുടെ തൊണ്ട മുറിച്ച ശേഷം ഊറി വന്ന രക്തം സംഭരിച്ച് കുടിച്ചു, തുടർന്ന് പുറത്തു പോയി ഒരു ചായക്കടയിൽ നിന്ന് ചായ വാങ്ങിക്കുടിച്ചു. തിരികെ വന്ന് അവളുടെ ശരീരം സൾഫ്യൂറിക് ആസിഡിന്റെ ടാങ്കിലിട്ടു. ഒരു പമ്പിലൂടെ ആവശ്യത്തിന് ആസിഡ് ഒഴുക്കുകയും ചെയ്തശേഷം സ്ഥലം വിട്ട അയാൾ രണ്ടു ദിവസം കഴിഞ്ഞേ പിന്നെ അവിടെ എത്തിയുള്ളൂ. 

രണ്ടു ദിവസങ്ങൾക്കു ശേഷം ഡുറാൻഡ് ഡീക്കണെ കാണാനില്ലെന്നുള്ള കാര്യം അവരുടെ സുഹൃത്ത് കോൺസ്റ്റൻസ് ലെയ്ൻ പുറത്തു വിട്ടു. ഇതോടെ ഡിക്ടറ്റീവുമാർ ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചു. ചില സംശയങ്ങള്‍ തോന്നിയ അവർ ഹെയ്ഗിന്റെ വഞ്ചനകളെക്കുറിച്ചും കളവുകളെക്കുറിച്ചുമുള്ള രേഖകൾ പരിശോധിച്ചു. പിന്നീടവർ അയാളുടെ ഫാക്ടറിയിൽ പരിശോധന നടത്തി. മിസ്സിസ് ഡുറാൻഡ് ഡീക്കണിന്റെ കോട്ടിനെക്കുറിച്ച് ഒരു ഡ്രൈക്ലീനറുടെ രസീതിനോടൊപ്പം ഹെൻഡേഴ്സന്റെയും മാക്സ്വാനിന്റെയും ചില പേപ്പറുകളും അവർക്കവിടെ നിന്ന് ലഭിച്ചു. 

തുടർന്നുള്ള അന്വേഷണത്തിൽ സഹകരിച്ച പതോളജിസ്റ്റ് (രോഗലക്ഷണ ശാസ്ത്രജ്ഞൻ) കെയ്ത്ത് സിംപ്സന് മനുഷ്യശരീരത്തിലെ മൂന്ന് പിത്തകോശക്കല്ലുകളും കൃത്രിമപ്പല്ലിന്റെ ഒരു ഭാഗവും ഒരു ലേഡീസ് ബാഗിന്റെ അവശിഷ്ടവും കണ്ടു കിട്ടി. ആ പല്ല് മിസ്സിസ് ഡുറാൻഡ് ഡീക്കണിന്റെയാണെന്ന് അവരുടെ ദന്തഡോക്ടർ തിരിച്ചറിഞ്ഞു. തുടർന്ന് ഹെയ്ഗിനെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആൽബർട്ട് വെബ്ബ് വിശദമായി ചോദ്യം ചെയ്തു. അപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 

വളരെ സുരക്ഷിതത്വമുള്ള ഭ്രാന്താശുപത്രിയായ ബ്രോഡ്മൂറിൽ നിന്നും പുറത്തിറങ്ങുന്ന ആൾക്ക് എന്താണ് സംഭവിക്കുക എന്ന് ഹെയ്ഗ് ചോദിച്ചു. ഭ്രാന്തഭിനയിച്ചാൽ രക്ഷപ്പെടാനാവുമെന്നും തെളിവുകളില്ലെങ്കിൽ ശിക്ഷിക്കില്ലെന്നുമുള്ള ഹെയ്ഗിന്റെ ധാരണകൾ സമർഥനായ ഫോറൻസിക് ഡോക്ടർ മാറ്റിക്കുറിച്ചു. 

അത്തരം കാര്യങ്ങൾ സംസാരിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് ഇൻസ്പെക്ടർ പറഞ്ഞപ്പോൾ ഹെയ്ഗ് തുടർന്നു. ഞാൻ സത്യമെല്ലാം പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല, അത് അത്ര വിചിത്രമായതാണ്. തുടർന്ന് ഡുറാൻഡ് ഡീക്കൻ, മക്സ്വാനന്മാർ, ഹെൻഡേഴ്സന്മാർ എന്നിവരെക്കൂടാതെ ഒരു ചെറുപ്പക്കാരനായ മാക്സ്, കിഴക്കൻ ബോണിൽ നിന്നുമുള്ള ഒരു പെൺകുട്ടി, ഹാമർ സ്മിത്തിൽ നിന്നുമുള്ള ഒരു സ്ത്രീ എന്നിവരെയും കൊന്നിട്ടുണ്ടെന്നയാൾ വെളിപ്പെടുത്തി. 

അറസ്റ്റു ചെയ്ത ഹെയ്ഗിനെ ഹോർഷാം പൊലീസ് സ്റ്റേഷനിലെ 2–ാം സെല്ലിലാണ് കസ്റ്റഡിയിൽ വച്ചിരുന്നത്. കൊലപാതകക്കുറ്റമാരോപിച്ച് കോടതിയില്‍ ഹാജരാക്കിയപ്പോൾ ഹെയ്ഗ് ഭ്രാന്തഭിനയിച്ചു. തന്റെ ഇരകളുടെ രക്തം താൻ കുടിക്കാറുണ്ടായിരുന്നുവെന്ന് പറഞ്ഞു. അതിന്റെ കാരണം താൻ ബാല്യത്തിൽ കണ്ട ചില സ്വപ്നങ്ങളാണെന്നും വിശദീകരിച്ചു. 

മാതാപിതാക്കൾക്ക് തന്നോട് വളരെ ദയാവായ്പും സ്നേഹവുമായിരുന്നുവെങ്കിലും കൊച്ചു കുട്ടികൾക്കുണ്ടാകാറുള്ളതുപോലെ തനിക്ക് ഒരു സന്തോഷമോ സുഖമോ തോന്നിയിരുന്നില്ല. നന്നേ ചെറുപ്പത്തിലേ അതരുത്, അങ്ങനെ ചെയ്യരുത് എന്നിങ്ങനെ പിതാവിന്റെ വിലക്കുകൾ മാത്രമാണ് ഓർമ്മയിലുണ്ടായിരുന്നത്. ഒരു തരത്തിലുള്ള കളിയും വിനോദവും തനിക്ക് നിഷിദ്ധമായിരുന്നു. എല്ലാത്തിനും വിലക്കും തള്ളിപ്പറയലും മാത്രം. എവിടെയും പോകാനും ആരെയും കാണാനും ബാല്യത്തിൽ തനിക്കനുവാദമുണ്ടായിരുന്നില്ല. 

acid-bath-murderer-004

1994 മാർച്ച് മാസത്തിൽ ഒരു കാറപകടത്തെത്തുടർന്ന് തനിക്ക് ഇടയ്ക്കിടെ മനോവിഭ്രാന്തി വരുമായിരുന്നു. അക്കാലത്ത് താൻ കാണുന്ന സ്വപ്നങ്ങളിൽ കുരിശുകൾ നിറഞ്ഞ ഒരു കാട് കാണുമായിരുന്നു. ആ കുരിശുകൾ ക്രമേണ മരങ്ങളായി മാറുമായിരുന്നു. ആദ്യമൊക്കെ അവയുടെ ഇലകളിൽ നിന്ന് മഞ്ഞു തുള്ളികളോ വെള്ളത്തുള്ളികളോ കൊഴിഞ്ഞു വീഴുന്നതായി കാണാറുണ്ടായിരുന്നു. എന്നാൽ അടുത്തു ചെന്നു നോക്കിയപ്പോൾ അവ രക്തത്തുള്ളികളാണെന്ന് തനിക്ക് മനസ്സിലായി. ഒരുവൻ അവയ്ക്കടുത്തെത്തി ഓരോ മരത്തിന്റെ ശിഖരത്തിൽ നിന്നും രക്തത്തുള്ളികൾ ഒരു കപ്പിൽ ശേഖരിക്കുന്നത് കണ്ടു. ആ കപ്പ് നിറഞ്ഞപ്പോൾ അയാൾ തന്റെ അടുത്തേക്കു വന്നു പറഞ്ഞു ഇത് കുടിക്ക്. അത് കുടിക്കാതിരിക്കാൻ തനിക്ക് നിർവാഹമില്ലായിരുന്നെന്ന് ഹെയ്ഗ് തുടർന്നു. പിന്നെ ഭ്രാന്തന്മാർക്ക് രക്ഷപ്പെടാൻ മാർഗ്ഗമില്ലായെന്നും ആരാഞ്ഞു. 

തനിക്ക് ഭ്രാന്താണെന്നുള്ള ഹെയ്ഗിന്റെ വാദം അറ്റോർണി ജനറൽ സർ ഹാർട്‍ലി ഷോകേസ് ഖണ്ഡിച്ചു. മനഃപൂർവമുള്ള പ്രവൃത്തിയായിരുന്നു അയാളുടേത് എന്ന് അദ്ദേഹം സമർഥിച്ചു. തുടർന്ന് പല വിദഗ്ധരും ഹെയ്ഗിന്റെ മാനസികനില പരിശോധിച്ചു. എല്ലാം വിലയിരുത്തിയ കോടതിക്ക് മിനിറ്റുകൾക്കകം അയാൾ കുറ്റവാളിയാണെന്ന നിഗമനത്തിലെത്താനായി. മിസ്റ്റർ ജസ്റ്റിസ് ട്രാവേഴ്സ് ഹംഫ്രി ഹെയ്ഗിന് വധശിക്ഷ തന്നെ നൽകി.

ആഗസ്റ്റ് 10–ാം തീയതി ആൽബർട്ട് പിയർ പോയിന്റ് എന്ന ആരാച്ചാർ ഹെയ്ഗിനെ കഴുവിലേറ്റി. 

ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ

ഗീതാലയം ഗീതാകൃഷ്ണൻ

ഡിസിബുക്സ്  

വില 225

English Summary : Life Story of Acid Bath Murderer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com