ADVERTISEMENT

കുറ്റാന്വേഷണ നോവല്‍ പരമ്പരയിലെ  അഞ്ചാമത്തെ നോവലുമായി  റോബര്‍ട്ട് ഗാല്‍ബ്രെയ്ത്ത് എത്തുന്നു. ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന നോവല്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. റോബര്‍ട്ട് ഗാല്‍ബ്രെയ്ത്തിന്റെ നോവലിന് എന്താണ് പ്രത്യേകയെന്നു ചോദിക്കുന്ന ചിലരെങ്കിലുമുണ്ടാകും. അവര്‍ക്കും ഗാല്‍ബ്രെയ്ത്ത് പരിചിതയാണെന്നതാണു യാഥാര്‍ഥ്യം. മറ്റൊരു പേരിലാണെന്നു മാത്രം. ഗാല്‍ബ്രെയ്ത്ത് ഒരു തൂലികാ നാമമാണ്. ലോകത്തെങ്ങും ആരാധകരുള്ള ഹാരിപോട്ടര്‍ നോവലുകളുടെ രചയിതാവ് ജെ.കെ.റൗളിങ്ങിന്റെ മറ്റൊരു പേര്. 

ജോന്‍ റൗളിങ് എന്നാണ് എഴുത്തുകാരിയുടെ യഥാര്‍ഥ പേര്. അവര്‍ക്ക് രണ്ടു തൂലികാ നാമങ്ങളുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഹാരി പോട്ടര്‍ കഥകളെഴുതാന്‍ ജെ.കെ.റൗളിങ് എന്ന പേരും കുറ്റാന്വേഷണ നോവലുകളെഴുതാന്‍ റോബര്‍ട്ട് ഗാല്‍ബ്രെയ്ത്ത് എന്ന പേരും. ഒരു പേരില്‍ എന്താണെന്നു ചോദിക്കരുത്. കുറ്റാന്വേഷണ നോവലുകള്‍ വായിക്കുന്നവര്‍ അത് എഴുതിയത് ജെ.കെ.റൗളിങ് ആണെന്നു വിചാരിക്കരുത് എന്നുതന്നെയാണ് എഴുത്തുകാരി ആഗ്രഹിക്കുന്നത്. വിഷയങ്ങള്‍ തികച്ചും വ്യത്യസ്തമാണല്ലോ. അവ വായിക്കുന്നവരുടെ മനസ്സില്‍ ഉയര്‍ത്തുന്ന വികാര വിചാരങ്ങളും വ്യത്യസ്തം. അതുകൊണ്ടുതന്നെ വ്യത്യസ്ത പേരുകളില്‍, വ്യത്യസ്ത നോവലുകള്‍ എഴുതാനാണ് ജോന്‍ റൗളിങ് എന്ന ജെ.കെ.റൗളിങ് എന്ന റോബര്‍ട്ട് ഗാല്‍ബ്രെയ്ത്തിന്റെ തീരുമാനം. 

ഹാരി പോട്ടര്‍ പോലെ തന്നെ പ്രശസ്തമാണ് ഗാല്‍ബ്രെയ്ത്തിന്റെ കുറ്റാന്വേഷണ നോവലുകളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകരേറെയുണ്ട്. ‘ട്രബിള്‍ഡ് ബ്ലഡ്’ എന്നായിരിക്കും പുതിയ നോവലിന്റെ പേരെന്നാണ് പ്രസാധകര്‍ അറിയിച്ചിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ലീത്തല്‍ വൈറ്റ് എന്ന നോവലിന്റെ ബാക്കിയായിരിക്കും ട്രബിള്‍ഡ് ബ്ലഡ്. 2013 ലായിരുന്നു ഗാല്‍ബ്രെയ്ത്തിന്റെ ആദ്യ കുറ്റാന്വേഷണ നോവല്‍ പുറത്തുവന്നത്- ‘ദ് കുക്കൂസ് കാളിങ്’. തൊട്ടടുത്ത വര്‍ഷം സില്‍ക്ക് വോം പുറത്തിറങ്ങി. കരിയര്‍ ഓഫ് ഈവിളും ലീത്തല്‍ വൈറ്റും ജനപ്രീതിയില്‍ ഒട്ടും പിറകിലായില്ല. നാലു നോവലുകളും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. 

ബിബിസി ഇവ വെബ് സിരീസുകളാക്കി ചിത്രീകരിച്ചിട്ടുമുണ്ട്. ഇതിനോടകം പുറത്തുവന്ന നാലു കുറ്റാന്വേഷണ നോവലുകളില്‍ എഴുത്തുകാരിക്ക് പ്രിയം ‘ലീത്തല്‍ വൈറ്റ്’ എന്ന നോവലാണ്. എന്നാല്‍ ‘ട്രബിള്‍ഡ് ബ്ലഡ്’ ഈ നോവലുകളെയെല്ലാം കടത്തിവെട്ടുമെന്നാണ് എഴുത്തുകാരിയുടെയും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരുടെയും പ്രതീക്ഷ. സ്വാഭാവികമായും ഒരു ചോദ്യം ബാക്കിയാണ്. ഹാരി പോട്ടര്‍ വായിക്കുന്നവര്‍ ഈ കുറ്റാന്വേഷണ നോവലുകളും വായിക്കേണ്ടതുണ്ടോ?. തീര്‍ച്ചയായും വായിക്കാം. പക്ഷേ കുറ്റാന്വേഷണ നോവലുകള്‍ എഴതുന്നത് ഗാല്‍ബ്രെയ്ത്ത് ആണെന്നു മറക്കരുത്. അദ്ഭുതങ്ങളുടെയും നിഷ്കളങ്കമായ ഉത്കണ്ഠയുടെയും കഥ പറയുന്ന ഹാരിപോട്ടര്‍ കഥകള്‍ എഴുതുന്നത് ജെ.കെ. റൗളിങ്ങും. 

English Summary : Robert Galbraith’s next Strike novel will be out in September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com