ADVERTISEMENT

കവികൾ എന്നും ഏകാന്ത യാത്രികരാണ്. ഏത് ആൾക്കൂട്ടത്തിനിടയിലും അവർ തനിച്ചായിരിക്കും. ഇത് ഒരു അവസ്ഥയും അനുഭവവുമാണ്. അതിന് സൗന്ദര്യമുണ്ടോ? ഏകാന്തതകൾ വേദനയും ദുഖവുമല്ലേ? മൂടുക ഹൃദന്തമേ മുഗ്ധ ഭാവന കൊണ്ടീ മൂക വേദനകളെ, മുഴുവൻ മുത്താകട്ടേ, എന്നായിരിക്കണം കവികൾ സ്വന്തം മനസ്സിനെ ശാസിക്കുക. അതിൻ്റെ അനുരണനങ്ങളാണ് ആസ്വാദകരിലുണർത്തുന്ന സൗന്ദര്യാനുഭൂതി. ഈ അനുഭവങ്ങളെ വ്യക്തി ജീവിതത്തിലേക്ക് തന്മയി ഭവിപ്പിക്കാനായാൽ ആസ്വാദകരും കവിയും കവിതയും ഒന്നാകും, സുഗതകുമാരിയെന്ന കവിയുടെയും വ്യക്തിയുടെയും വിജയം ഇവിടെയാണ്. 

എല്ലാ ആൾക്കൂട്ടങ്ങൾക്കിടയിലും അവർ ഏകാന്തത അറിഞ്ഞു. ചുറ്റിലുമുള്ള എല്ലാത്തിലും കവിത തിരഞ്ഞു. രാത്രിമഴ പെയ്യുകയല്ല, യുവതിയാം ഭ്രാന്തിയെപ്പോലെ നിർത്താതെ പിറുപിറുക്കുകയാണ് ( രാത്രി മഴ ), ഒരു താരകയെ കാണുമ്പോൾ രാവു മറക്കുക മാത്രമല്ല, ഒരു പാൽ പുഞ്ചിരി കണ്ടാൽ മൃതിയെപ്പോലും മറന്ന് ചിരിച്ചു പോകുന്നത്ര ലോലമായ മാനവഹൃദയങ്ങളുണ്ട് (പാവം മാനവഹൃദയം ), നീണ്ട രാവുകളൊ ട്ടേറെ, നീണ്ട താം പകൽ വെളകൾ നീണ്ടു നീണ്ടൊരു ദുസ്വപനം പോലെയാം മർത്യ ജീവിതമെന്നും അവരെഴുതിയിട്ടുണ്ട്. കൃഷ്ണനെ അടുത്തു മകലെയും നിന്ന് നിശബ്ദം പ്രണയിച്ച രാധയെ എത്രയെത്ര കാമുകിമാരാണ് സ്വാംശീകരിച്ചത്. ആ ഭാവമുൾക്കൊണ്ടവരായിരുന്നു ഒരു തലമുറയിലെ പെൺകുട്ടികളിൽ പലരും. എന്നും വിരഹതപതരായി നടന്ന കാൽപനിക പ്രണയിതാക്കൾ. കംസവധമെന്ന ദൗത്യവുമായി കൃഷ്ണനെ ദ്വാരകയിലേക്ക് നയിക്കാനെത്തുന്ന അക്രൂരൻ ശരിക്കും ക്രൂരൻ തന്നെയെന്നു ചിന്തിക്കുന്ന രാധ ഒടുവിൽ കൃഷ്ണന്റെ പ്രണയം തിരിച്ചറിയുന്നുണ്ട്. ദ്വാരകാപുരിയിലേക്കുള്ള യാത്രാമധ്യേ തൻ്റെ കുടിലിനു മുന്നിൽ നിർത്തിയ തേരിലെ കൃഷ്ണന്റെ കലങ്ങിയ കണ്ണുകൾ മാത്രം രാധ കാണുന്നു. നോട്ടങ്ങളുടെ നിശബ്ദതയ്ക്കൊടുവിൽ മാഞ്ഞു പോകുന്ന കാലം പോലെ പൊടിപടലങ്ങൾ അവശേഷിപ്പിച്ചു കടന്നു പോകുന്ന തേരിനെ നോക്കി രാധ വീണ്ടും ആത്മഭാഷണത്തിൽ മുഴുകുന്നു: കൃഷ്ണ, നീ അറിയുമോ. എന്നെ?, 

 

- ഇങ്ങനെ കാൽപനികതയിൽ ആണ്ടിറങ്ങിയ കവിയുടെ വ്യക്തി ജീവിതം മറ്റൊന്നായിരുന്നല്ലോ, അനാഥരും നിരാശ്രയരുമായ ഒരു പറ്റം മനുഷ്യരുടെ ദുഖങ്ങളിൽ സാന്ത്വനമായി ആകരങ്ങൾ നീണ്ടു.നശിക്കുന്ന പ്രകൃതിക്കുവേണ്ടിയുള്ള യുദ്ധത്തിലെ പടയാളിയായി ,തോറ്റു പോകാവുന്നതാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ. തിരിച്ചടികൾക്കിടയിൽ  ചിറകൊടിയുകയും മുറിവേൽക്കുകയും ചെയ്തപ്പോൾ 'ഇനി ഈ മനസ്സിൽ കവിതയില്ലെന്നു പ്രഖ്യാപിച്ചു. ‘പിന്നെയും പാട്ടുമായി ആ പക്ഷി എത്തി.’ അക്ഷരം പഠിപ്പിക്കാനെത്തിയ രാശാക്കളേ, എഴുതേണ്ട മൊഴിയൊക്കെ കെട്ടു പോയി (ആദിവാസി സാക്ഷരത ), എന്ന ചമ്മട്ടി പോലത്തെ വരികളുമായി .ആ ദിവാസി സമൂഹത്തിനോടു ചെയ്ത പാതകങ്ങൾ എണ്ണിയെണ്ണിപ്പറയുന്ന വരികൾ, ഒരു വനിതാ ദിനത്തിൽ തിരുവനന്തപുരം വിജെ ടി ഹാളിൽ (ഇപ്പൊഴത്തെ അയ്യങ്കാളി സ്മാരക ഹാൾ) വച്ച് സുഗതകുമാരിയുടെ സാന്നിധ്യത്തിൽ വയോധികയായ ഒരു വീട്ടമ്മ ഈ വരികൾ പാടിയിട്ടുണ്ട്.സുഗതകുമാരി പാട്ടു നിർത്തി യാത്രയായിരിക്കുന്നു. അതിൻ്റെ ശുന്യത എത്ര വലുതാണെന്ന ബോധ്യം കേരളീയ സമൂഹത്തിനുണ്ട്. ബാലാമണിയമ്മ, കമലാ സുരയ്യ, ഒ എൻ വി, അയ്യപ്പപ്പണിക്കർ, എം.കൃഷ്ണൻ നായർ, ശൂരനാട് കുഞ്ഞൻപിള്ള (പേരുകൾ അപൂർണം) എന്നിവർ അവശേഷിപ്പിച്ച ശൂന്യതകളും അവശേഷിക്കുകയാണല്ലോ. 

 

English Summary: Remembering Malayalam Poet Sugathakumari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com