ADVERTISEMENT

ഏതോ കാലസന്ധിയുടെ സവിശേഷബിന്ദുവില്‍  അഭിരുചികള്‍  നിശ്ചലമായി പോയതാകണം, വായനയുടെ തുടക്കത്തില്‍ നാനാവിധ പുസ്തകങ്ങളിലേക്ക് തന്‍റെ താല്‍പര്യത്തെ മേയാന്‍ അനുവദിക്കുകയും  പില്‍ക്കാലത്ത് ബൈബിള്‍ മാത്രം വായിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്ത മതനിഷേധിയായ  ഒരാളെ എനിക്കറിയാം. ജീവിതപ്രശ്നങ്ങളുടെ  കയ്പ്പുമായി അടുത്തടുത്തിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ സഭാപ്രസംഗിയേയോ ഇയ്യോബിനേയോ സദൃശ്യവാക്യങ്ങളോ  ഉദ്ധരിച്ച് എന്‍റെ സങ്കടങ്ങളെ വയോധികനായ അയാള്‍ വ്യാഖ്യാനിക്കാനും ലഘൂകരിക്കാനും ശ്രമിക്കുമായിരുന്നു. അപ്പോഴെല്ലാം, മറ്റു പുസ്തകങ്ങളേയും എഴുത്തുകാരേയും വിസ്മരിച്ചുകൊണ്ട് അയാളെന്താണ് ബൈബിളില്‍ കുരുങ്ങിപ്പോയത് എന്നതായിരുന്നു  എന്നെ കുഴക്കിയ സന്ദേഹം. ടാഗോര്‍, ജിബ്രാന്‍, റൂമി, ഹ്യൂഗോ, ദസ്തയ്വ്സ്കി, ബഷീര്‍, ടോള്‍സ്റ്റോയ്‌ അടക്കമുള്ളവരെ ഒഴിവാക്കി എന്താണ് അയാള്‍ ബൈബിളില്‍ തിരയുന്നത് എന്ന് എനിക്ക് മനസിലായില്ല. എന്നാല്‍, ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തോന്നുന്നു, വായനയിലല്ല, പുനര്‍വായനയിലാണ് കാര്യം എന്ന ബോര്‍ഹസ് ലിഖിതം ഓര്‍മ്മിപ്പിക്കുകയായിരുന്നു അയാള്‍. 

manoj-vengola
മനോജ് വെങ്ങോല

 

അനേകമനേകം പുസ്തകങ്ങളുടേയും എഴുത്തുകാരുടേയും അവരവതരിപ്പിക്കുന്ന ആശയങ്ങളുടേയും ലോകമാണ് ചുറ്റും. നിത്യാനുഭൂതികളെ റദ്ദ് ചെയ്തുകൊണ്ട് താല്‍ക്കാലികാനന്ദങ്ങളെ പ്രഘോഷിക്കുന്ന അവ, മൂടല്‍മഞ്ഞുപോലെ ചുറ്റും പരന്നൊഴുകുന്നു.  വായനക്കായി തിരഞ്ഞെടുക്കേണ്ട പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് നിലവില്‍ ക്ലേശകര൦ തന്നെ. എന്നാലും, ഒറ്റവായനയില്‍ അവസാനിക്കുന്ന പുസ്തകങ്ങള്‍ അതിവേഗം തിരിച്ചറിയപ്പെടുന്നുണ്ട്. അധികകാലം നീളുന്ന ഹൃദയബന്ധങ്ങള്‍ ഉപേക്ഷിച്ച് അവ അതേവേഗതയില്‍  പിന്മടങ്ങുന്നു. അനുശീലങ്ങളുടെ സമയകൃത്യതയുള്ള ഇടപെടല്‍ വായനക്കാരെ രക്ഷപ്പെടുത്തുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പുസ്തകങ്ങള്‍ അവരര്‍ഹിക്കുന്ന  യഥാര്‍ത്ഥ വായനക്കാരെ കണ്ടെത്തുന്നു. ദീര്‍ഘകാലം നീളുന്ന പുനര്‍വായനകളുടെ  പരിലാളന തേടിയാണ് നല്ല പുസ്തകങ്ങളുടെ  കാത്തിരിപ്പ്. ഇത്തരത്തില്‍ പുനര്‍വായനയ്ക്ക് ക്ഷണിക്കുന്ന രണ്ട്  പുസ്തകങ്ങള്‍ അടുത്ത കാലത്ത് വായിക്കുകയുണ്ടായി. 

 

india-after-gandhi

ഇന്ത്യ ആഫ്റ്റർ ഗാന്ധി (India after Gandhi, Ramachandra Guha)

 

ഇനിയും കത്തിയടങ്ങിയിട്ടില്ലാത്ത ചരിത്ര മുഹൂര്‍ത്തങ്ങളുടെ ജ്വലനദീപ്തിയില്‍ ഇന്ത്യനവസ്ഥകളെ വിശകലനം ചെയ്യുന്ന ബ്രഹത് ഗ്രന്ഥമാണ് India after Gandhi. The history of the world's largest democracy. ആയിരത്തോളം പേജുകളില്‍ പടര്‍ന്നുകിടക്കുന്ന ഈ ചരിത്രാന്വേഷണം രണ്ടായിരത്തി ഏഴിലാണ് ആദ്യം വായനക്കാരില്‍ എത്തുന്നത്. പിന്നീട് പലതരം കൂട്ടിച്ചേര്‍ക്കലുകളോടെ ഇന്നത്തെ രൂപത്തില്‍ എത്തിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ മുഴക്കമുള്ള ചരിത്രമാണ്‌ ഈ പുസ്തകം. അധികാരികളുടെ ചിലപ്പോഴുള്ള മൗനത്തിനും ശബ്ദഘോഷങ്ങള്‍ക്കുമിടയില്‍ സംഭവിക്കുന്ന രാഷ്ട്രീയ പരിണിതികള്‍, ഒരു ജനതയുടെ ഭാഗധേയമായി മാറുന്നതെങ്ങനെ എന്ന് India after Gandhi കൃത്യതയോടെ വരച്ചിടുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയുടെ  വളര്‍ച്ചയും വിളര്‍ച്ചയും  യാഥാര്‍ത്ഥ്യബോധത്തോടെ രേഖപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍ ചരിത്രകാരനായ  രാമചന്ദ്ര ഗുഹ. വിഭജനത്തെ തുടര്‍ന്ന്‍ നടന്ന കലാപങ്ങള്‍, നേരിടേണ്ടിവന്ന യുദ്ധങ്ങള്‍, രാഷ്ട്രീയ പോര്‍വിളികള്‍, അണിയറനീക്കങ്ങള്‍, നേതൃമാറ്റങ്ങള്‍, അധികാരകൈമാറ്റങ്ങള്‍, ഇതിനിടയില്‍ കൂടുതല്‍ അരികുകളിലേയ്ക്ക്  നീങ്ങിപ്പോയ ഒരു വിഭാഗം ജനങ്ങള്‍... എന്നിങ്ങനെ ഭാരതചരിത്രത്തിന്‍റെ  ഓരോ ഘട്ടങ്ങളും അടയാളപ്പെടുന്നു. ഒരു രാജ്യത്തിന്‍റെ ചരിത്രം തന്നെ മറ്റൊരു മട്ടില്‍ മാറ്റിയെഴുതാന്‍ വ്യഗ്രതകൊള്ളുന്ന ഇക്കാലത്ത് India after Gandhiയില്‍ കൂട്ടിചേര്‍ക്കലുകള്‍ വന്നതിനെക്കുറിച്ച് 2016 ല്‍ ഉള്‍പ്പെടുത്തിയ മുഖവുരയില്‍ ഗുഹ സൂചിപ്പിക്കുന്നു:

the-country-under-my-skin

'It is now ten years since India after Gandhi appeared. In this time the Republic was witnessed two general elections, the fall of the Congress and the rise of Narendra Modi, a major anti-corruption movement, more violence against women, Dalits, and religious minorities. a wave of prosperity for some states, regions and classes but the persistence of poverty for others, comparative peace in Nagaland but more (and perhaps greater than ever before) discontent in Kashmir, and much else. To take account of all this, I have prepared this revised and expanded edition, which brings the narrative up to the present...' ചുരുക്കത്തില്‍, ചാക്രികസ്വഭാവമുള്ള പീഡനയന്ത്രമാണ് കാലമെന്നും ഭൂതകാലചരിത്രത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വിമോചനം ഒരു വ്യാമോഹം മാത്രമായി ചുരുങ്ങുന്നുവെന്നും ഈ പുസ്തകം ഓര്‍മ്മിപ്പിക്കുന്നു.

 

ദ കൺട്രി അണ്ടർ മൈ സ്കിൻ (The country under my skin, Gioconda Belli)

 

നിക്കര്വാഗയില്‍ നിന്നുള്ള കവിയും നോവലിസ്റ്റുമായ ജിയോകോന്‍ഡ ബെല്ലിയുടെ ജീവിതകഥയാണ് The country under my skin. ലൊസാഞ്ചലസ് ടൈംസിന്‍റെ  രണ്ടായിരത്തിരണ്ടിലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും നല്ല പുസ്തകങ്ങളുടെ പട്ടികയില്‍ ഇടംനേടിയ ഗ്രന്ഥം. ഇന്‍റര്‍നാഷനല്‍ ബെസ്റ്റ് സെല്ലര്‍ ആയ 'the inhabited woman' ബെല്ലിയുടെ പ്രഥമ നോവലാണ്‌. കുടുംബം, വിവാഹജീവിതം, ഭാര്യാപദവി തുടങ്ങിയ സാധാരണത്വങ്ങളെ നിരാകരിച്ചുകൊണ്ട് രഹസ്യസംഘടനയായ സാന്‍ഡിനിസ്റ്റയില്‍  പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ, മനാഗ്വായിലെ ഉന്നതകുല കുടുംബത്തില്‍ ജനിച്ച ബെല്ലിയുടെ ചോരയില്‍ വിപ്ലവം  ഉന്മാദം പോലെ  കലരുന്നു. ബെല്ലി എഴുതുന്നത് ജീവിതമാണ്. വിവേകം നിര്‍ബന്ധശുദ്ധിയോടെ അവരെഴുതുന്ന വാക്കുകളില്‍ അടയിരിക്കുന്നു. അതുകൊണ്ടുതന്നെ, അവരുടെ ബാല്യവും ചെറുപ്പത്തില്‍ നടന്ന വിവാഹവും പ്രസവവും കവിതയെഴുത്തും കവികളുടെ സൗഹൃദവും വിപ്ലവകാരികള്‍ക്കൊപ്പമുള്ള നിമിഷങ്ങളും യാത്രകളും ഫിദല്‍ കാസ്ട്രോയും പ്രവാസജീവിതവും മെക്സികോയും കോസ്റ്ററിക്കയും The country under my skin എന്ന പുസ്തകത്തെ  വേറിട്ട വായനാനുഭവമാക്കി തീര്‍ക്കുന്നു. സ്വയം അന്വേഷിച്ചുകണ്ടെത്തുന്ന ഒരു സ്ത്രീയുടെ കഥ എന്നതിനൊപ്പം ക്ലേശങ്ങളോട് പോരാടനുറച്ച ഒരു ജനതയുടെ കഥ കൂടിയായി ഈ ഓര്‍മ്മകള്‍ മാറുന്നു. പുനര്‍വായന ആവശ്യപ്പെടുന്ന ആത്മകഥ എന്ന സല്‍മാന്‍ റുഷ്ദിയുടെ വാക്കുകള്‍ അര്‍ത്ഥപൂര്‍ണ്ണമെന്ന് നിസംശയം പറയാം. ആദ്യ അധ്യായത്തില്‍ ബെല്ലി തന്നെ എഴുതിയിട്ടുള്ളത് പോലെ, വെടിമരുന്ന് പുരണ്ട ഓര്‍മ്മകളുടെ വേരുകളില്‍ നിന്നു൦ വാക്കുകള്‍ തല നീട്ടുന്നു എന്നാണ് പറയേണ്ടത്. ആമുഖത്തില്‍ ഇങ്ങനെ വായിക്കാം: 'യഥാര്‍ത്ഥത്തില്‍ ഞാനെന്നാല്‍ രണ്ട് സ്ത്രീകളായിരുന്നു. ജീവിച്ചത് രണ്ട് ജീവിതവും. തീര്‍ത്തും വിരുദ്ധമായ ആ രണ്ട് സ്വത്വങ്ങളും തല്ലിപ്പിരിയരുതെന്നു ഞാനാഗ്രഹിച്ചു. എനിയ്ക്ക് തോന്നുന്നത് അവസാനം ഈ രണ്ടു സ്ത്രീകളെയും ഒറ്റ തൊലിക്കുള്ളില്‍ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം ഞാന്‍ കണ്ടെത്തിയെന്നാണ്...' അതിജീവനവാസനയോടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളെ വെല്ലുവിളിക്കുകയും ജീവിതത്തെയും മരണത്തെയും അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ ഓര്‍മ്മകള്‍ എഴുതിവയ്ക്കുകയും ചെയ്യുകയാണ് തന്‍റെ സന്തോഷം എന്ന് കൂടി ജിയോകോന്‍ഡ ബെല്ലി എഴുതുന്നു. 

സാധാരണവാക്കുകള്‍ കൊണ്ട് രണ്ടു രാജ്യങ്ങളുടെ അസാധാരണചരിത്ര൦ വിശകലനം ചെയ്യാന്‍ മുതിരുന്ന ഈ  പുസ്തകങ്ങള്‍ പുനര്‍വായന ആവശ്യപ്പെടുന്നവയാണ്. കാരണം, വരികള്‍ക്കിടയില്‍ വേലിയേറ്റം കഴിഞ്ഞ കടല്‍ ക്ഷോഭമടക്കി കിടക്കുന്നു.  

 

Content Summary: Bookish Corner, Writer Manoj Vengola on the books that influenced his reading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com