ADVERTISEMENT

വായന മനുഷ്യനെ പൂർണനാക്കുന്നു. മറ്റേതെങ്കിലും വാക്കിനൊപ്പം പൂർണത എന്ന വാക്ക് കൂട്ടിച്ചേർത്താൽ രണ്ടഭിപ്രായം ഉറപ്പ്. കാരണം വായനയ്ക്ക് മാത്രമേ അതിനുള്ള യോഗ്യതയുള്ളു. ‘എന്റെ രാജ്യം’ എന്നൊരു നാടകം അവതരിപ്പിച്ചതോടുകൂടി അടച്ചുപൂട്ടപ്പെട്ട ഒരു വായനശാല. അതു ചീട്ടുകളിക്കാരുടെ സങ്കേതമാവുകയും രാത്രി യാത്രക്കാർക്ക് ശല്യമായി മാറി പുസ്തകങ്ങൾ ചിതലരിക്കുകയും ചെയ്തു. വർഷങ്ങൾക്കുശേഷം അക്ഷരസ്നേഹികളായ ഒരുകൂട്ടം ചെറുപ്പക്കാർ വായനശാല ഏറ്റെടുക്കുകയും വാടകയ്ക്കെടുത്ത പുസ്തകങ്ങളുമായി പ്രവർത്തനം തുടങ്ങുകയും ചെയ്തു. കാലക്രമത്തിൽ അതു വളർന്ന് എ ഗ്രേഡ് വായനശാലയായി മാറി. നാടിന്റെ പ്രകാശഗോപുരമായ ആ വെണ്ണിക്കുളം ഗ്രാമീണ വായനശാലയോട് ചേർന്നാണ് എന്റെ വായനയും തുടങ്ങുന്നത്. ആദ്യ കാലങ്ങളിൽ പമ്മന്റെ വഷളനും ലോറൻസിന്റെ ലേഡിചാറ്റർലിയുടെ കാമുകനും കോട്ടയം പുഷ്പനാഥിന്റെ ചുവന്ന അങ്കിയും പോലുള്ള പുസ്തകങ്ങൾ മാത്രം നിർത്താതെ ഓടിക്കൊണ്ടിരുന്നെങ്കിലും ഇപ്പോൾ ഗൗരവപൂർണമായ വായനയിലേക്കും പുസ്തകചർച്ചകളിലേക്കും നാടു വളർന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലൈബ്രററികളുള്ള രണ്ടാമത്തെ പഞ്ചായത്തായി തിരുവാണിയൂരിനെ മാറ്റിയെടുത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും ഈ വായനശാലയാണ്. 

രാത്രി അത്താഴത്തിന് മുമ്പ് ഒരധ്യായം വേദപുസ്തകം വായിക്കണമെന്ന വീട്ടുചിട്ട തന്നെയായിരുന്നു എന്റെ നല്ല വായനയുടെ ആദ്യ പടി. ഗൗരവപൂർണമായ വലിയ വായനയിലേക്ക് ഇപ്പോഴും എത്തിച്ചേർന്നിട്ടില്ലെങ്കിലും വായിക്കാനുള്ള ശ്രമങ്ങളാണ് ജീവിക്കാനുള്ള പ്രചോദനം. മനസ്സിന്റെ ബി നിലവറകളെ തുറന്നു തന്ന ചില പുസ്തകങ്ങളുടെ വെളിച്ചത്തിൽ തന്നെയാണ് ഇപ്പോഴും കൃത്യമായി കണ്ണു തെളിയാത്ത എന്റെ സഞ്ചാരങ്ങളും.

bookish-corner-siddartha
നൊബേൽ സമ്മാന ജേതാവുമായ ഹെർമൻ ഹെസ്സെയുടെ വിശ്വവിഖ്യാതമായ പുസ്തകം സിദ്ധാർഥ

സിദ്ധാർത്ഥ

മലയാളഭാഷയ്ക്ക് വിസ്മരിക്കാനാകാത്ത സംഭാവനകൾ നൽകിയ ജർമൻ പാതിരി ഹെർമൻ ഗുണ്ടർട്ടിന്റെ മകൾ മേരിയുടെ മകനും നൊബേൽ സമ്മാന ജേതാവുമായ ഹെർമൻ ഹെസ്സെയുടെ വിശ്വവിഖ്യാതമായ പുസ്തകം. സിദ്ധാർഥ. ‘ഹ, മായ, മായ, സകലവും മായയത്രെ..’ എന്ന സഭാപ്രസംഗിയുടെ വാക്കുകൾ ഈ പുസ്തകം വായിച്ചു തീരുമ്പോഴേക്കും പലവട്ടം കാതിൽ മുഴങ്ങും. നുണകളുടെ ചിറയായ അർത്ഥരഹിതമായ ലോകത്തു നിന്ന് ഒഴിഞ്ഞ് ശ്രമണനായി തീർന്ന് ജ്ഞാനത്തിന്റെ മാർഗം അന്വേഷിച്ചു പോകുന്ന സിദ്ധാർത്ഥന്റെ യാത്രയാണ് ഈ പുസ്തകം. സംശയങ്ങളുടെ തിരയൊഴിയാത്ത കടലാണ് സിദ്ധാർത്ഥന്റെ മനസ്സും ജീവിതവും. സാക്ഷാൽ ശ്രീബുദ്ധനു പോലും സിദ്ധാർത്ഥന്റെ മനസ്സിലെ ചോദ്യങ്ങൾക്ക് തൃപ്തി കൊടുക്കാൻ കഴിയുന്നില്ല. ക്ലേശസമ്പൂർണമായ ലോകത്തേക്ക് വിശ്രാന്തിയില്ലാത്ത മനുഷ്യ ജീവിതത്തിന്റെ ഭയാനകമായ എടുത്തെറിയൽ ഈ പുസ്തകം നമുക്ക് മുന്നിൽ തുറന്നുവയ്ക്കുന്നു. ഓരോ മനുഷ്യനും എത്രമാത്രം ഒറ്റപ്പെട്ടവനാണന്ന തിരിച്ചറിവാണു സിദ്ധാർത്ഥന്റെ യാത്ര. ശ്രമണന്മാരിൽ നിന്ന് പഠിച്ചതെല്ലാം വേശ്യത്തെരുവിൽ നിന്നും ചൂതുകളിക്കാർക്കിടയിൽ നിന്നും പഠിക്കാവുന്നതാണെന്ന് സിദ്ധാർത്ഥൻ ജീവിതം കൊണ്ട് തെളിയിക്കുകയാണ്. ലോകം ഒരു പക്ഷിയെ പോലെ സിദ്ധാർത്ഥനെയും കെണിവച്ച് പിടിക്കുന്നുണ്ട്. ജീവിതയാത്രയിൽ എല്ലാ തടസ്സങ്ങൾക്കും എല്ലാ വിജയങ്ങൾക്കും അയാൾക്കുള്ള മറുപടി ‘എനിക്ക് ചിന്തിക്കാൻ കഴിയും, എനിക്ക് കാത്തുനിൽക്കാൻ കഴിയും, എനിക്ക് ഉപവസിക്കാനും കഴിയും’ (Fast, Wait and Think) എന്നതാണ്. അസാധാരണമായ ഈ ജ്ഞാന അന്വേക്ഷണ മാർഗത്തിൽ കാമ കലയിൽ നിപുണയായ ദേവദാസി കമലയും സമ്പന്ന വ്യാപാരി കാമസ്വാമിയും കടത്തുകാരൻ വാസുദേവയും ചങ്ങാതി ഗോവിന്ദയും നിലയ്ക്കാതെ ഒഴുകുന്ന നദിയും സിദ്ധാർത്ഥനു ഗുരുക്കൻമാരാകുന്നു. നീരാവിയും മേഘവും മഴയും കടൽവെള്ളവുമായി ജലം മാറിമറിഞ്ഞ് യാത്ര ചെയ്യുന്നതുപോലെ മനുഷ്യ ജീവിതം സങ്കീർണമാണെന്ന ജ്ഞാനം സിദ്ധാർത്ഥൻ നിലാവെളിച്ചം പോലെ നമ്മുടെ പ്രജ്ഞയിൽ വിതറുന്നുണ്ട്.

bookish-corner-sanchariyude-daivam
ഫാ. ബോബി ജോസ് കട്ടികാടിന്റെ നാൽപ്പതൊൻപത് കുറിപ്പുകളുടെ പുസ്തകമാണ് സഞ്ചാരിയുടെ ദൈവം

സഞ്ചാരിയുടെ ദൈവം

ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് കട്ടികാടിന്റെ നാൽപ്പതൊൻപത് കുറിപ്പുകളുടെ പുസ്തകമാണ് സഞ്ചാരിയുടെ ദൈവം. ദൈവത്തിന്റെ മനസ്സിനും മനുഷ്യഹൃദയത്തിനുമിടയിൽ പ്രാർത്ഥന പോലെ പെയ്തിറങ്ങുന്ന പ്രകാശിക്കുന്ന അക്ഷരക്കൂട്ടമാണ് ഈ പുസ്തകം. സാധാരണ മനുഷ്യരുമായി ഉരഞ്ഞു സ്ഫുടം ചെയ്തെടുത്ത വാക്കുകൾ പ്രണയത്തേക്കാൾ നമ്മളെ പുളകിതരാക്കുകയും വിരഹത്തെ പോലെ നമ്മളെ നീറ്റുകയും ചെയ്യും. നമ്മുടെ ചെറിയ ജീവിതങ്ങളിൽ ആത്മീയതയും തത്വചിന്തയും എത്രമാത്രം കെട്ടുപിണഞ്ഞ് കിടക്കുന്നു എന്ന തിരിച്ചറിവ് അത്ഭുതപെടുത്തും. അവതാരികയിൽ വി.ജി.തമ്പി കുറിക്കുന്നതുപോലെ, ഈ  വാക്കുകൾ നമ്മൾ വെറുതെ വായിച്ചു പോകാനുള്ളതല്ല, അതു നമ്മളിൽ വളരാനുള്ളതാണ്. ഉണർത്തപ്പെട്ട ഗൃഹാതുരത്വത്തിന്റെ ഗാഢമായ സ്മരണയിൽ നമ്മുടെ ഉറവിടങ്ങളിലേക്കുള്ള മടക്കയാത്രയാണ് ഈ പുസ്തകം. അക്ഷരങ്ങളൊന്നുപോലും പതിരായിപോകുന്നില്ലെന്ന് ഈ പുസ്തകം നമ്മളോട് ആണയിടുന്നു.

(കഥാകൃത്തായ ട്രൈബി എറണാകുളം വെണ്ണിക്കുളം സ്വദേശിയാണ്. കുന്ന്, കടൽ റോഡ് എന്നിവ കഥാസമാഹാരങ്ങൾ. കൃഷി വകുപ്പിൽ ജോലി)

 

English Summary: Traibi Puthuvayal on the books that influenced his reading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com