ADVERTISEMENT

പേരുകളും സ്ഥലനാമങ്ങളൊക്കെ വല്ലാതെ ആകർഷിക്കാറുണ്ട്. എങ്ങനെയാണ് അതുണ്ടായത് എന്ന് ആലോചിക്കാറുണ്ട്. അന്വേഷിച്ച് ചെന്നാൽ ഓരോന്നിനും പിന്നിൽ ചെറുതും വലുതുമായ കഥകളുമുണ്ടാവാറുണ്ട്. പുസ്തകങ്ങളുടെ തലക്കെട്ടുകളും അതിലെ കഥാപാത്രങ്ങളുടെ പേരുകളും പലപ്പോഴും ഓരോ കഥകളായിരിക്കും. കാഫ്കയുടെ കെ പോലെ അക്ഷരത്തിൽ മാത്രം ഒതുങ്ങുന്ന കഥാപാത്രങ്ങളും അതേസമയം  നീണ്ട പേരുകളുള്ള കഥാപാത്രങ്ങളൊക്കെയും സാഹിത്യത്തിൽ കാണാം. നീലാഞ്ജന സുധേഷ്ണ ജുംപ ലഹിരി എന്ന ജുംപ ലഹിരിയുടെ ദ് നെയിംസേക്ക്, വേർഎബൗട്ട്സ് എന്നീ പുസ്തകങ്ങളാണ് ഞാൻ ഏറ്റവും ഒടുവിൽ വായിച്ചു തീർത്ത രണ്ടു പുസ്തകങ്ങൾ. 

the-namesake
ദ് നെയിംസേക്ക് എന്ന നോവലിൽ പേരുകൾക്ക് വലിയ പ്രാധാന്യമുണ്ട്

 

ദ് നെയിംസേക്ക്

where-abouts
പുതിയൊരു ഭാഷയിലേക്കുള്ള ജുംപ ലഹിരിയുടെ പലായനമാണ് വേർഎബൗട്ട്സ്

ഏറ്റവും ഒടുവിൽ വായിച്ചു തീർത്ത രണ്ടു പുസ്തകങ്ങളും ഒരേ എഴുത്തുകാരിയുടെ ആയതിൽ പേരുകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇന്ത്യൻ ഇംഗ്ലിഷ് വിഭാഗത്തിൽ ഏറെ സ്വീകാര്യത നേടിയ ജുംപ ലഹിരിയുടെ ദ് നെയിംസേക്ക് ആണ് ഒന്ന്. ജുംപ ലഹിരിയുടെ ആദ്യത്തെ നോവൽ കൂടിയാണത്. പലായനങ്ങൾ മനുഷ്യനെ മാനസികമായി എങ്ങനെയാണ് പരുവപ്പെടുത്തിയെടുക്കുന്നതെന്ന് ആഷിമ എന്ന ബംഗാളി സ്ത്രീയുടെ ജീവിതത്തിലൂടെ പറയുകയാണ് നോവൽ. ആഷിമ ബാദുരി വിവാഹശേഷം ആഷിമ ഗാംഗുലിയായി മാറുന്നതിനൊപ്പം മറ്റൊരു ഭൂഖണ്ഡത്തിനെ ആശ്ലേഷിക്കേണ്ടി വരികയാണ്. നോവലിലുടനീളം പേരുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പേരുകൾ സാംസ്കാരികവും ചരിത്രപരവുമാണെന്ന് നോവലിലെ പല സന്ദർഭങ്ങളും ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. ഇന്ത്യയിൽ നിന്ന് കുടിയേറിയ അമേരിക്കൻ ദമ്പതിമാർ കുട്ടിക്കായി കണ്ടുപിടിക്കുന്നത് ഒരു റഷ്യൻ നാമമാണ്. കറുത്ത തൊലിയും റഷ്യൻ പേരുമുള്ള മകൻ വളർന്ന് വലുതാവുമ്പോൾ ഒരു ഇന്ത്യൻ പേര് സ്വീകരിക്കുന്നുണ്ട്. അതേമകൻ വിവാഹം കഴിക്കുമ്പോൾ ഭാര്യ പേരിനൊപ്പം തന്റെ സർനെയിം ചേർക്കണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. സ്ത്രീക്കും പുരുഷനും പേരുകൾ വെറും പേരുകളല്ല എന്നു പറയുന്നതാവും ശരി. 

 

വേർഎബൗട്ട്സ്

പുതിയൊരു ഭാഷയിലേക്കുള്ള ജുംപ ലഹിരിയുടെ പലായനമാണ് വേർഎബൗട്ട്സ്. എഴുത്തുകാരി ഇറ്റാലിയൻ ഭാഷയിൽ എഴുതി പിന്നീട് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത നോവലാണ് വേർഎബൗട്ട്സ്. മധ്യവയസ്കയായ പേരില്ലാത്ത ഒരു സ്ത്രീ പേരറിയാത്തൊരു നഗരപരിസരത്തിൽ ജീവിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഇവിടെ പേരുകളില്ല. ജീവിതം ഒറ്റയ്ക്കാവുന്നതിനപ്പുറം നിത്യാനുഷ്ഠാനങ്ങളുടെ ആവർത്തനമായി മാറുന്നതിന്റെ ഉപരിപ്ലവതയെ ഫലിപ്പിക്കുകയാണു ലഹിരി ചെയ്യുന്നതെന്നു തോന്നും. 
 

(കഥാകൃത്താണ് ലേഖിക)