ADVERTISEMENT

‘‘നിങ്ങൾ സമപ്രായക്കാരായതാണോ ഈയൊരു കൂടിക്കാഴ്ചയ്ക്ക് കാരണം?’’ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേനോടും ഫിൻലൻഡ് പ്രധാനമന്ത്രി സന മാരിനോടുമായിരുന്നു ചോദ്യം. ന്യൂസീലൻഡും ഫിൻലൻഡും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയ്ക്കു ശേഷം ഇരു നേതാക്കളും ഓക്‌ലൻഡിൽ പത്രസമ്മേളനം നടത്തിയപ്പോഴായിരുന്നു ഈ ചോദ്യമുയർന്നത്. 2022 ലും ലോകത്തെ രണ്ടു പ്രമുഖ വനിതാ പ്രധാനമന്ത്രിമാർക്ക് അവരുടെ ജെൻഡറുമായി ബന്ധപ്പെടുത്തിയ സ്ത്രീവിരുദ്ധ ചോദ്യം നേരിടേണ്ടി വരുന്നുവെന്നതു വികസിത രാഷ്ട്രങ്ങളിൽപ്പോലും ആഴത്തിൽ വേരോടിയിട്ടുള്ള ആണധികാര ഹുങ്കിനു തെളിവായി.

ബറാക് ഒബാമയോടും ജോൺ കീയോടും നിങ്ങൾ ഈ ചോദ്യം ചോദിക്കുമോയെന്നായിരുന്നു ജസിൻഡ ആർഡേന്റെ മറുചോദ്യം. ഞങ്ങൾ പ്രധാനമന്ത്രിമാരായതുകൊണ്ടാണ് ഈ കൂടിക്കാഴ്ചയെന്നും അതിലെന്താണ് ഇത്ര സംശയമെന്നും ഒരു ചിരിയോടെ സന മാരിനും പിന്നീടു ചോദിച്ചു.

ആ ‘പുരുഷ’ പത്രപ്രവർത്തകന്റെ ചോദ്യം ഇങ്ങനെയായിരുന്നു: ‘‘ഇപ്പോൾ ഒരുപാടു പേർ ചിന്തിക്കുന്നുണ്ടാകും, നിങ്ങൾ ഇങ്ങനെ കണ്ടുമുട്ടാൻ കാരണം സമപ്രായക്കാരായതിനാലും നിങ്ങൾക്കിടയിൽ ഒരുപാടു സമാന കാര്യങ്ങളുള്ളതിനാലും ആണെന്ന്. നിങ്ങൾ രാഷ്ട്രീയത്തിലേക്കു വന്നതും അതുമായി ബന്ധപ്പട്ടതുമായ കാര്യങ്ങൾ? ഇത്തരം കാര്യങ്ങളെക്കാൾ, ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ വ്യാപാരകരാറുകളിൽ ഏർപ്പെടുമെന്നു ന്യൂസീലൻഡുകാർക്കു പ്രതീക്ഷിക്കാമോ?’’

സമപ്രായക്കാരായ രണ്ടു യുവതികൾ കണ്ടുമുട്ടി ‘കൊച്ചുവർത്തമാനം’ പറഞ്ഞിരിക്കുകയാണെന്നും അതിനുപകരം രാജ്യത്തിനു ഗുണപ്രദമായ കരാറുകളിൽ ഏർപ്പെടുകയാണു വേണ്ടതെന്നുമുള്ള ദുഷ്ടലാക്കും ആണധികാരവും നിറഞ്ഞ ചോദ്യത്തെ തികഞ്ഞ സമചിത്തതയോടെയാണു ജസിൻഡ അഭിമുഖീകരിച്ചത്. ചോദ്യത്തിലെ വക്രത മനസ്സിലാക്കിയ നിമിഷം അവരുടെ മുഖത്ത്, ഇക്കാലത്തും ഇങ്ങനെ ചിന്തിക്കുന്നവരുണ്ടല്ലോയെന്ന അർഥത്തിൽ ഒരു ആശ്ചര്യഭാവം നിറഞ്ഞെങ്കിലും തുടർന്നു പ്രസന്നഭാവത്തിൽത്തന്നെ ചോദ്യം മുഴുവൻ കേൾക്കുകയും ഉടനടി ശക്തമായ ആ ഉത്തരം നൽകുകയുമായിരുന്നു.

ജസിൻഡയുടെ ഉത്തരം ഇങ്ങനെയായിരുന്നു: ‘‘ഞാനൊന്നു ചോദിക്കട്ടെ, ബറാക് ഒബാമയോടും (മുൻ യുഎസ് പ്രസിഡന്റ്) ജോൺ കീയോടും (മുൻ ന്യൂസീലൻഡ് പ്രധാനമന്ത്രി) നിങ്ങൾ സമപ്രായക്കാരായതിനാലാണോ കണ്ടുമുട്ടിയതെന്ന ചോദ്യം ആരെങ്കിലും ഉന്നയിക്കുമോയെന്ന് ഞാൻ വിസ്മയിക്കുന്നു. രണ്ടു സ്ത്രീകൾ തമ്മിൽ കണ്ടുമുട്ടുന്നത് അവർ സ്ത്രീകളായിരിക്കുന്നതു കൊണ്ടുമാത്രമല്ല എന്നറിയണം. ജെൻഡർ മാത്രമല്ല എല്ലായ്പ്പോഴും കാര്യങ്ങൾ തീരുമാനിക്കുന്നത്’’. ബറാക് ഒബാമയും ജോൺ കീയും ഒരേ വർഷം (1961) ജനിച്ചവരാണ്.

‘‘ലോകത്ത് രാഷ്ട്രീയരംഗത്ത് ഇന്നും സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരാണുള്ളത്. ലോകത്തെ മറ്റു ഭാഗങ്ങളിൽ ദുഷ്കര സാഹചര്യങ്ങളിലുള്ള സ്ത്രീകളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ ഒരുമിച്ച് എന്തു ചെയ്യാൻ കഴിയുമെന്നതിനെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു. വളരെക്കുറച്ചു മാത്രമുള്ള വനിതാ നേതാക്കളിൽ രണ്ടുപേരായതിനാൽ അതു ഞങ്ങളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നു. ഇറാനിലെ സ്ത്രീകൾ നേരിടുന്നതുപോലെയുള്ള കാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യാനും പ്രതിവിധികൾക്കായി ശ്രമിക്കാനും ലോകത്തു കുറച്ചു വനിതാ നേതാക്കളേയുള്ളൂ’’. ജസിൻഡ ചൂണ്ടിക്കാട്ടി. 

literaryworld-primeministers

സ്ത്രീ സമത്വത്തിനു വേണ്ടി ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത സന മാരിൻ ചൂണ്ടിക്കാട്ടി. ‘‘ലോകത്തുള്ള ഓരോ പെൺകുട്ടിക്കും സ്ത്രീക്കും, പുരുഷനുള്ള അതേ അവസരങ്ങളും അതേ അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്’’. സന പറഞ്ഞു.

‘‘തികഞ്ഞ ജനാധിപത്യമൂല്യങ്ങളുള്ള രാഷ്ട്രങ്ങളാണ് ന്യൂസീലൻഡും ഫിൻലൻഡും. തുറന്ന, സ്വാതന്ത്ര്യമുള്ള, സമത്വമുള്ള, നിയമവാഴ്ചയിൽ അധിഷ്ഠിതമായ സമൂഹങ്ങളാണ് ഇരുരാഷ്ട്രങ്ങളിലേതും. മുൻപെന്നത്തേക്കാളും ജനാധിപത്യസമൂഹങ്ങൾ ഭീഷണി നേരിടുന്ന കാലഘട്ടമാണിന്ന്. ലോകക്രമത്തിൽ നിയമവാഴ്ചയ്ക്കുള്ള സ്ഥാനം അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശം ജനാധിപത്യ ലോകത്തിനു തന്നെ അപകടകരമാകുന്നത് അങ്ങനെയാണ്. യുദ്ധം ഫിൻലൻഡിന്റെ അതിർത്തിയിലെത്തി നിൽക്കുകയാണെന്നു ഞാൻ മനസ്സിലാക്കുന്നു. പ്രധാനമന്ത്രിയുടെ അതിനോടുള്ള ഗൗരവസമീപനത്തിൽ എനിക്കു മതിപ്പുണ്ട്. കാരണം അതു യൂറോപ്പിൽ സൃഷ്ടിക്കാൻ പോകുന്ന ആഘാതം പ്രവചനാതീതമായിരിക്കും’’. ജസിൻഡ ചൂണ്ടിക്കാട്ടി.

കൂട്ടുകാർക്കൊപ്പം പാർട്ടിയിൽ പങ്കെടുത്ത് നൃത്തം ചെയ്ത സന മാരിനെതിരെ ഫിൻലൻഡിൽ മുൻപ് ഉണ്ടായ വിവാദവും വനിതാ രാഷ്ട്രനേതാക്കൾക്കെതിരെയുള്ള ആണധികാര പ്രദർശനത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. രാത്രി നടന്ന പാർട്ടിയിൽ പ്രധാനമന്ത്രി സന പാട്ടുപാടുന്നതിന്റെയും ന‍ൃത്തം ചെയ്യുന്നതിന്റെയും വിഡിയോ ആണു സ്ത്രീവിരുദ്ധ പരാമർശങ്ങളോടെ പ്രചരിച്ചത്. സ്ത്രീയെന്ന നിലയിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണു വിഡിയോയെന്ന് അന്നു സന പ്രതികരിച്ചിരുന്നു.

ഓക്‌ലൻഡിലെ ആ ചോദ്യത്തിൽനിന്ന്, കോട്ടയം തിരുനക്കരയിൽ ഒരു വിദ്യാർഥിനിക്കു നേരെ കഴിഞ്ഞ ദിവസമുണ്ടായ ചോദ്യത്തിലേക്ക് വലിയ ദൂരമുണ്ടെന്നു പ്രത്യക്ഷത്തിൽ തോന്നിയേക്കാമെങ്കിലും അവ തമ്മിൽ വളരെ സൂക്ഷ്മമായ ഒരു ബന്ധമുണ്ട്. ‘നിങ്ങൾ സമപ്രായക്കാരായതിനാലാണോ കണ്ടുമുട്ടിയത്’ എന്ന, മാന്യതയിൽ പൊതിഞ്ഞതെന്നു തോന്നിപ്പിക്കുന്ന ഓക്‌ലൻഡിലെ ചോദ്യവും ‘ഞങ്ങൾ ആരാണെന്നു നിനക്കറിയാമോടീ’ എന്ന ഭീഷണിയും അശ്ലീലവും കലർന്ന തിരുനക്കരയിലെ ചോദ്യവും വരുന്നത് ഒരേ പാഠശാലയിൽനിന്നാണ്; ആണധികാരത്തിന്റെ പാഠശാലയിൽനിന്ന്. പമ്പയിലെ വനംവകുപ്പ് ഉദ്യോഗസ്ഥയോട് ‘ഇവിടെ ആണുങ്ങളാരുമില്ലേ’ എന്നു ചോദിച്ച പൊലീസ് ഉദ്യോഗസ്ഥനും മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലുകളിലെ വൈദ്യ വിദ്യാർഥികൾ രാത്രി ഒൻപതര കഴിഞ്ഞു പുറത്തിറങ്ങേണ്ട എന്നു തീരുമാനിക്കുന്ന അധികൃതരും പഠിച്ചിറങ്ങിയിരിക്കുന്നതും ആ പാഠശാലയിൽനിന്നു തന്നെ. കാലഹരണപ്പെട്ട പാഠ്യപദ്ധതിയുടെ തടങ്കലിൽ കഴിയുന്ന ഇവർക്കു ലോകവും ചുറ്റുമുള്ളവരും ഏറെ ദൂരം മുന്നോട്ടുപോയതു തിരിച്ചറിയാനോ സ്വയം നവീകരിക്കാനോ കഴിയുന്നില്ല. 

സ്ത്രീകൾ എന്നാൽ വെറും ശരീരം മാത്രമാണെന്നും പെൺകുട്ടികളെന്നാൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും അതിനായി നിയന്ത്രണങ്ങളുടെ ജയിലുകൾ പണിയണമെന്നും സ്ത്രീകൾ വെറും കൊച്ചുവർത്തമാനം പറഞ്ഞിരിക്കുന്ന കാര്യവിവരമില്ലാത്തവർ ആണെന്നും സർവോപരി സ്ത്രീകൾ രണ്ടാംതരം പൗരൻമാരാണെന്നും വിശ്വസിക്കുന്ന, അതനുസരിച്ചു പെരുമാറുന്ന, സംസാരിക്കുന്ന വലിയൊരു വിഭാഗം ഇന്നും ലോകത്തുള്ളതായി ഓക്‌ലൻഡിലും കോഴിക്കോട്ടും കോട്ടയത്തും നടന്ന സംഭവങ്ങൾ വീണ്ടും വീണ്ടും ഉറപ്പിക്കുന്നു. അതായത്, പഴയൊരു പാഠ്യപദ്ധതി ഇപ്പോഴും നിലവിലുണ്ട്. നമുക്കത് എത്രയും വേഗം പരിഷ്കരിക്കേണ്ടതുണ്ട്. അല്ല, അതെടുത്ത് തോട്ടിലിടേണ്ടതുണ്ട്.

Content Summary: Newzealand Prime minister Jacinda Ardern and Finland Prime minister Sanna Marin Replies to a Sexist Question asked by a Journalist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com