ഹാംലറ്റ് എന്ന ഹാരി, ഇനി മുമ്പിൽ ഹാരിപോട്ടർ മാത്രം, മറികടക്കുമോ ലോകറെക്കോർഡ്
Mail This Article
ഒറ്റ ദിവസം കൊണ്ടു വിറ്റുപോയത് 4 ലക്ഷം കോപ്പികൾ. പുസ്തക പ്രസാധന ചരിത്രത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് പകരക്കാരൻ. അതേ ഹാരി രാജകുമാരൻ തന്നെ. സ്‌പെയർ എന്ന ആത്മകഥയിലൂടെ. ഹാരി ഇപ്പോൾ മറകടന്നിരിക്കുന്നത് മറ്റൊരു ഹാരിയെയാണ് എന്നതും സവിശേഷത. പ്രസിദ്ധീകരിച്ചതിന്റെ ആദ്യദിവസം ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റുപോയതിന്റെ ചരിതം ഇപ്പോഴും സ്വന്തമാണ് ഹാരിപോട്ടർക്ക്. ഹാരിക്കു ശേഷം ഇതാ, വീണ്ടുമൊരു ഹാരി ആദ്യദിവസത്തെ പ്രതിദിന വിൽപനയിൽ റെക്കോർഡ് സൃഷ്ടിച്ചു മുന്നേറുന്നു.
രാജകുടുംബത്തിലെ അവഗണനയുടെയും അസന്തുഷ്ടിയുടെയും കഥ പറയുന്ന പുസ്തകത്തിൽ എഴുത്തുകാരും അണിനിരക്കുന്നുണ്ട്. വില്യം ഷേക്‌സ്പിയർ മുതൽ ചരിത്ര രചനയിലൂടെ ബുക്കർ സമ്മാനം നേടിയ ഹിലരി മാന്റൽ വരെയുള്ളവർ. രണ്ട് എഴുത്തുകാരെക്കുറിച്ചും പറയുന്ന ഭാഗം പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പർശിയായ വരികളുമാണ്.
ഹാരിയുടെ ഓർമയിൽ ഷേക്‌സ്പിയർ ഇടംപിടിക്കുന്നത് സ്വയം വായിച്ചല്ല. അച്ഛൻ ചാൾസിൽ നിന്നാണ്. ഷേക്‌സ്പിയറിന്റെ കടുത്ത ആരാധകനാണ് ചാൾസ്. ഹെൻറി 5 ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട നാടകം. കുട്ടിക്കാലത്ത് ഹാരിയെ പല തവണ അദ്ദേഹം സ്ട്രാറ്റ്ഫഡിൽ കൊണ്ടുപോയിട്ടുണ്ട്. വിശ്വമഹാകവിയുടെ ജൻമസ്ഥലത്ത്. എന്നാൽ വർഷങ്ങൾക്കുശേഷം തനിക്ക് കാത്തുവച്ചത് ഹാംലറ്റ് രാജകുമാരന്റെ ജീവിതമാണെന്ന് അന്ന് ഹാരിക്ക് അറിയില്ലായിരുന്നു.
ഒറ്റപ്പെട്ട ആ രാജകുമാരൻ. അയാളുടെ മനസ്സിൽ നിറയെ കൊല്ലപ്പെട്ട അച്ഛനായിരുന്നു. സിംഹാസനം നഷ്ടപ്പെട്ട രാജാവായിരുന്നു. അതേ, ഹാംലറ്റായി ഞാനും മാറുന്നു. മാതാപിതാക്കളിൽ ഒരാൾ മറ്റൊരു കാമുകിയെത്തേടി പോകുന്നതു കാണേണ്ടിവന്ന മകന്റെ കൊല്ലുന്ന വേദന. ഞാൻ എന്നെത്തന്നെ മുറിയിൽ അടച്ചിടുന്നു. ഏകാന്തതയിൽ തപിക്കുന്നു...ഹാരിയുടെ വാക്കുകളിൽ അവഗണിക്കപ്പെട്ട മകന്റെ വേദനയുണ്ട്. ചതിക്കപ്പെട്ട യുവാവിന്റെ അമർഷമുണ്ട്. എല്ലാം ത്യജിച്ച പരിത്യാഗിയുടെ നിസ്സംഗതയുണ്ട്.
താൻ ഒരിക്കലും ഒരു നല്ല വായനക്കാരനായിരുന്നില്ലെന്ന് ഹാരി ആത്മകഥയിൽ സമ്മതിക്കുന്നുണ്ട്. പഠനകാലത്ത് വായിക്കേണ്ടി വന്നതല്ലാതെ. എന്നാൽ തന്നെക്കുറിച്ചു വരുന്ന മുഴുവൻ വാർത്തകളും വായിക്കാറുമുണ്ട്. ബ്രിട്ടിഷ് രാജകുടുംബത്തെക്കുറിച്ച് മഞ്ഞപ്പത്രങ്ങൾ എഴുതിയതെല്ലാം വായിച്ച ഒരേയൊരാളും ഹാരി തന്നെയായിരിക്കും. ചാൾസ് പല തവണ മകനെ ഉപദേശിച്ചിട്ടുണ്ട്. അതൊന്നും വായിക്കരുത്. ചവറാണ്. അവ ദൂരെക്കളയൂ. എന്നാൽ പുകവലിയും മദ്യപാനവും നിർത്താൻ പാടുപെടുന്ന വ്യക്തിയെപ്പോലെ ഹാരിക്ക് ഗോസിപ്പുകളിൽ നിന്ന് ഒഴിഞ്ഞുമാറാനും കഴിഞ്ഞിട്ടില്ല. സ്മാർട് ഫോണിന്റെയും ഇൻസ്റ്റഗ്രാമിന്റെയും കാലത്താണ് ഹാരി ജീവിക്കുന്നത്. ദിവസേനയെന്നോണം സോഷ്യൽ മീഡിയയിൽ വരുന്ന അപവാദങ്ങളിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ പറ്റാത്ത കാലം. വേണ്ടെന്നുവച്ചാലും അപവാദങ്ങളിൽ തന്നെ കണ്ണുടക്കുന്നു. അവയിലെ നായകൻ താനാണെന്നറിഞ്ഞ് ഞെട്ടുന്നു. ഗോസിപ്പുകളുടെ ഇരയായിരുന്നു ഹാരിയുടെ അമ്മ, നീലക്കണ്ണുകളും സ്വർണമുടിയുമായി ലോകത്തെ അനുരാഗത്തിലാഴ്ത്തിയ രാജകുമാരി. ഗോസിപ്പ് തേടി നടന്ന പപ്പരാസികളിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട രക്തസാക്ഷി. എന്നാൽ ഡയാന നേരിട്ടതിനെക്കാളും എത്ര വലിയ ദുരന്തത്തിലൂടെയാണ് ഹാരിക്ക് കടന്നുപോകേണ്ടിവന്നത്. അതിന്റെ കൂടി ഫലമാണ് പകരക്കാരൻ എന്ന ആത്മകഥ. ആത്മവേദനയിൽ നിന്നുള്ള അവസാനത്തെ നിലവിളി.
2013 ൽ ആയിരുന്നു ഹിലറി മാന്റൽ രാജകുടുംബത്തെക്കുറിച്ച് എഴുതിയത്. അതു പെട്ടെന്നു തന്നെ കുപ്രശസ്തമായി. യഥാർഥത്തിൽ മാന്റൽ നിശിതമായ വിമർശനം നടത്തുകയായിരുന്നില്ല. എന്നാൽ വ്യാഖാനം അങ്ങനെയായിരുന്നു. അത് അസഹനീയവും വേദനാജനകവുമായിരുന്നു ഹാരിക്ക്. കാഴ്ചബംഗ്ലാവിൽ സൂക്ഷിച്ചിരിക്കുന്ന പാണ്ടകളോടാണ് ഹിലറി രാജകുടുംബാംഗങ്ങളെ വിശേഷിപ്പിച്ചത്. അതിനെക്കുറിച്ച് ഹൃദയത്തിൽ തട്ടി ഹാരി ചോദിക്കുന്നുണ്ട്. ലോകം ആരാധിക്കുന്ന ഒരു പ്രശസ്ത എഴുത്തുകാരിക്ക് ഞങ്ങൾ വെറും മൃഗങ്ങൾ മാത്രമാണ്. വ്യക്തികൾ എന്ന നിലയിൽ ഞങ്ങൾ ഇനി എന്താണു പ്രതീക്ഷിക്കേണ്ടത് ?? പ്രാകൃതവും പൈശാചികവുമായിരുന്നു മാന്റലിന്റെ വാക്കുകളെന്നു പറയാനും ഹാരിക്കു മടിയില്ല,.
അതേ, കാഴ്ചബംഗ്ലാവിലെ മൃഗങ്ങളാണ് ഞങ്ങൾ. ഞാൻ എന്നത്തന്നെ ഒരു മഠയനായി കാണുന്നു. മുപ്പതുകളിലെത്തിയ ഒരു ചെറുപ്പക്കാൻ അച്ഛനുമായി എല്ലാ ബന്ധവും ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങുന്നു. ഞാൻ ഒരിക്കലും പിതാവിന്റെ സമ്പത്തിനെ ആശ്രയിച്ചല്ല ജീവിച്ചത്. എന്റെ പോക്കറ്റിൽ നാണയങ്ങൾ പോലും ഉണ്ടായിരുന്നില്ല. എനിക്ക് സ്വന്തമായി കാർ ഉണ്ടായിരുന്നില്ല. ഒരു വീടിന്റെയും താക്കോൽ ഞാൻ കൊണ്ടുനടന്നിട്ടല്ല. ഓൺലൈനായി ഇന്നേവരെ ഒരു വസ്തുപോലും വാങ്ങിയിട്ടില്ല. ആമസോണിൽ നിന്ന് ഒരു പാഴ്‌സൽ പോലും എനിക്കു ലഭിച്ചിട്ടില്ല. ലണ്ടനിലെ പ്രശസ്തമായ അണ്ടർഗ്രൗണ്ട് ട്രെയിനുകളിൽ സഞ്ചരിച്ചിട്ടുമില്ല.
ലോകത്തെ ഏറ്റവും സമ്പന്നമായ രാകകുടുംബത്തിലെ ഇളമുറക്കാരനാണു പറയുന്നത്. അതേ, മാന്റലിന് അറിയാതെപോയ ഒന്നുണ്ട്. ഞാൻ രാജകുമാരൻ അല്ലായിരിക്കും. എന്നാൽ ഒരു മനുഷ്യനാണ്. പച്ച മനുഷ്യൻ...ഹാരി പറയുന്നു.
ആദ്യ ദിനം തന്നെ 4 ലക്ഷം കോപ്പി വിറ്റുപോയ പുസ്തകം അടുത്ത ദിവസങ്ങളിൽ വീണ്ടും റെക്കോർഡ് തകർക്കുമെന്നാണ് പ്രസാധകരുടെ പ്രതീക്ഷ. മാന്ത്രിക കഥ പറഞ്ഞ ഹാരിപോട്ടറെ വെറും മനുഷ്യനായ ഹാരി മറികടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
Content Summary: Fastest Selling Non-Fiction Book in UK. Four Lakh copies of ' Spare ' sold on the first day of Release