ADVERTISEMENT

ജൂലൈ മാസം സ്പെയിനിൽ നന്നേ ഉഷ്ണമാണ്, ഓഗസ്റ്റ് അല്പം ഭേദമാണെന്ന് മാത്രം, എങ്കിലും വിയർപ്പിക്കുന്ന വായു ഒഴിഞ്ഞു പോയിട്ടുണ്ടാവില്ല. 1936 ഓഗസ്റ്റിലെ ആ പ്രഭാതത്തിൽ അവർ നാലുപേരും വിയർത്തു കൊണ്ടിരുന്നത് വായുവിലെ ഉഷ്ണം കൊണ്ടായിരുന്നില്ല, ഫലാൻജെ (Falange) പാർട്ടിയുടെ പോരാളികൾക്ക് നടുവിൽ വിയർക്കാതിരിക്കാനാവില്ല, കാരണം ആ യാത്രയ്ക്ക് ശേഷം ഒരു യാത്രയില്ല എന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. ഗ്രനാഡ നഗരത്തിന്റെ അതിരുകൾ കടന്ന് ഫ്വന്റെ ഗ്രാന്റെ (Fuente Grande) എന്ന മലമ്പ്രദേശത്തെത്തി കാറുകൾ നിന്നു, ആ നാലുപേരും - അവരിലൊരാൾ 38 വയസ്സ് മാത്രം പ്രായമുള്ള ഒരു കവിയായിരുന്നു, രണ്ടുപേര്‍ കാളപ്പോരുകാർ, നാലാമൻ ഒരു ഒറ്റക്കാലൻ വാദ്ധ്യാരും - അവരുടെ കാവലാളുകളും പുറത്തിറങ്ങി. തുടർന്ന് ചോദ്യങ്ങൾ, ഭീഷണികൾ, കുറ്റസമ്മതങ്ങൾ, പുറകെ വെടിയൊച്ചകൾ. പിന്നീടാർക്കും കണ്ടുപിടിക്കാനാവാതിരുന്ന ഒരു കുഴിമാടത്തിൽ ആ നാൽവർ തീർന്നു പോയി. 

വെടി കൊണ്ട് വീഴുമ്പോഴും കവിയുടെ മനസ്സ് കലുഷമായിരുന്നിരിക്കണം, തന്നെ കൊല്ലുന്നതെന്തിനെന്ന് വ്യക്തമായിട്ടുണ്ടാവാനും ഇടയില്ല. എന്നാൽ ഏഴു വർഷം മുമ്പ്, 1929ൽ, തന്റെ മരണത്തെ കുറിച്ചും, ഒരിക്കലും കണ്ടെത്താനാവാത്ത ശരീരത്തെ കുറിച്ചും, 'The Fable and Round of the Three Friend' എന്ന കവിതയില്‍ ഒരു വെളിപാട് പോലെ അദ്ദേഹം എഴുതിയിരുന്നു:

"പിന്നെയെനിക്ക് തിരിച്ചറിവായി, ഞാൻ കൊല്ലപ്പെട്ടുവെന്ന്

ചായക്കടകളിലും ശ്മശാനങ്ങളിലും പള്ളികളിലും അവരെന്നെ തിരഞ്ഞു

എന്നാലവർക്കെന്നെ കണ്ടെത്താനായില്ല

അവർ ഒരിക്കലും എന്നെ കണ്ടെത്തിയില്ലേ?

ഇല്ല, അവർ ഒരിക്കലും എന്നെ കണ്ടെത്തിയില്ല."

(Then I realised I had been murdered / They looked for me in cafes, cemeteries and churches / ..... but they did not find me / They never found me? / No. They never found me.) 

ഫെഡറിക്കോ ഗാർസിയ ലോർക്കയ്ക്ക് മരണം പോലെ തന്നെ പീഡനമായിരുന്നു ജീവിതവും. ഒരു ധനിക കുടംബത്തിൽ, അഞ്ച് മക്കളിൽ മൂത്തവനായി ജനിച്ച ഫെഡറിക്കോയുടെ മുന്നിൽ ഒരു ധനിക ബാലന് കിട്ടാവുന്നതൊക്കെ ഉണ്ടായിരുന്നു. എങ്കിലും, ഒരു സംഗീതജ്ഞനാകാൻ കൊതിച്ച അവന് പഠനം അത്രയൊന്നും വഴങ്ങിയില്ല, ഒമ്പത് വർഷം കൊണ്ടാണ് ബാച്ചിലർ ഡിഗ്രി തന്നെ പാസായത്. എന്നാൽ അതിന് മുമ്പേ എഴുത്ത് തുടങ്ങിയിരുന്നു, ഗദ്യവും പദ്യവും നാടകവും ഒക്കെയായി. ഇതിനിടെ ഒന്നുകൂടി അവനറിഞ്ഞു, താനൊരു സ്വവർഗ്ഗസ്നേഹി ആണെന്ന കാര്യം, പീഡനങ്ങളുടെ തുടക്കം, ഒരു പക്ഷെ, ആ അറിവിൽ നിന്നാവാം. എന്നിരിക്കിലും എഴുത്ത് അവന് ഒരുപാട് ശ്രേഷ്ഠ സൗഹൃദങ്ങൾ എത്തിച്ചു കൊടുത്തു, സാൽവഡോർ ഡാലി, ലൂയി ബുനുവേൽ, പാബ്ലോ നെരൂദ, എമീലിയോ പെരേഹോ അങ്ങനെ പലരും അതിൽ പെടും. പെരേഹോയുമായുണ്ടായ പ്രണയം, അതിന്റെ പരാജയം, ഡാലിയോട് തോന്നിയ അഭിനിവേശം, ഡാലിയുടെ തിരസ്ക്കാരം, ഇവയെല്ലാം ലോർക്കയുടെ സാഹിത്യത്തിന്റെ - Blood Wedding, Gypsy Ballads, House of Bernarda Alba, Yerma, ഇവയൊക്കെ അടങ്ങുന്നതാണത് - മൂർച്ച കൂട്ടിയിട്ടേയുള്ളൂ. അവസാന വർഷങ്ങളിൽ, ഹുവാൻ ലൂക്കാസ് എന്നൊരു നിരൂപകനുമായി ഉണ്ടായിരുന്ന ബന്ധം കുറെ കവിതകൾക്ക് കൂടി കാരണമായി, എന്നാൽ അവ കണ്ടു കിട്ടിയത് 2012ൽ മാത്രമാണ്, ലൂക്കാസിന്റെ മരണത്തിന് ശേഷം . 

ലോർക്കയുടെ വധത്തിനും മൂന്ന് പതിറ്റാണ്ട് മുമ്പ്, 1906ൽ, ഫ്രാൻസിനെ രണ്ടായി പിളർത്തിയ ഒരു സംഭവം ഒത്തുതീർന്നിരുന്നു. 

1894 ൽ ആണ് ഫ്രെഞ്ച് സൈന്യത്തിൽ ക്യാപ്റ്റനായിരുന്ന ആൽഫ്രഡ് ഡ്രെയ്ഫസ് എന്ന ജൂതനെതിരെ കേസെടുത്തത്, കുറ്റം രാജ്യദ്രോഹം, ജർമ്മനിയ്ക്ക് പട്ടാളരഹസ്യങ്ങൾ കൈമാറി എന്നതാണ് ആരോപണം. വിചാരണയ്ക്കൊടുവിൽ കോടതി അയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു, 'സാത്താന്റെ ദ്വീപ് ' എന്നറിയപ്പെട്ടിരുന്ന തടങ്കൽ പാളയത്തിൽ ആയിരുന്നു തടവ്. ഇതിനിടെ, പട്ടാളത്തിൽ നടന്ന മറ്റൊരു അന്വേഷണത്തിൽ യഥാർഥ കുറ്റവാളി വേറൊരാളാണെന്ന സൂചന കിട്ടി, എന്നാൽ രണ്ടു ദിവസം മാത്രം നീണ്ട ഒരു പ്രഹസനത്തിനൊടുവിൽ അയാളെ വെറുതെ വിട്ടു. വാർത്തകൾ പുറത്തു വന്നപ്പോൾ ജനങ്ങൾക്കിടയിൽ അത് ചർച്ചയായി, L'Aurore എന്ന പത്രത്തിലേക്ക് പ്രശസ്ത സാഹിത്യകാരൻ എമീൽ സോള എഴുതിയ ഒരു തുറന്ന കത്ത് ജനരോഷം കൂടുതൽ ശക്തിപ്പെടുത്തുവാൻ കാരണമായി. പത്ത് വർഷത്തോളം നീണ്ട വിവിധ വിചാരണകൾക്കൊടുവിൽ ഡ്രെയ്ഫസിനെ നിരുപാധികം വെറുതെ വിട്ടു, പുറകെ പട്ടാളത്തിൽ തിരിച്ചെടുക്കുകയും ചെയ്തു. ഇത് നടക്കുന്നത് 1906 ൽ, എന്നാൽ ഈ സംഭവം 'നാന'യുടെ കർത്താവിനെ ആരുടേയൊക്കെയോ കണ്ണിലെ കരടാക്കിയോ? 

സോള എല്ലാം മുമ്പേ ആസൂത്രണം ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു. 20 നോവലുകൾ അടങ്ങുന്ന 'രണ്ടാം സാമ്രാജ്യത്തിന് കീഴിൽ ഒരു കുടുംബത്തിന്റെ സ്വാഭാവികവും സാംസ്കാരികവുമായ ചരിത്രം' (Natural and Social History of a Family under the Second Empire) എന്ന സീരീസിന്റെ രൂപരേഖ, ആദ്യ നോവൽ എഴുതാൻ തുടങ്ങുന്നതിന് മുമ്പേ തന്നെ അദ്ദേഹം കൃത്യമായി തയാറാക്കിയിരുന്നുവെന്ന്‌ നമ്മൾ അറിയുന്നു. അതുപോലെ തന്നെയായിരുന്നു അദ്ദേഹത്തിന് ജീവിതവും. ആദ്യ ഭാര്യ, ഗാബ്രിയേൽ എന്ന് വിളിപ്പേരുള്ള എലീനോർ അലക്സാൻഡ്രീനിൽ കുട്ടികളുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ, ജീൻ എന്ന തയ്യൽക്കാരിയെ വേട്ടു, അതിൽ രണ്ട് കുട്ടികളുമുണ്ടായി. എന്നാൽ, ഗാബ്രിയേലിനെ പിരിഞ്ഞില്ല അദ്ദേഹം, അവസാന രാത്രിയിൽ അവരാണ് സോളയ്ക്ക് കൂട്ടുണ്ടായിരുന്നതും. 

28 സെപ്റ്റംബർ 1902, അഹബിന്റെയും തിമിംഗലത്തിന്റെയും കഥ പറഞ്ഞ ഹെർമൻ മെൽവിലിന്റെ ചരമവാർഷിക ദിനം, ഒരു യാത്രയ്ക്ക് ശേഷം പാരിസിലേക്ക് അന്ന് മടങ്ങിയെത്തിയതേയുള്ളൂ സോളയും ഗാബ്രിയേലും, തണുപ്പ് തുടങ്ങിയിരുന്നതിനാൽ കിടക്കുന്നതിനു മുമ്പ് ജനലുകൾ അടയ്ക്കാനും നെരുപ്പോട് കത്തിക്കാനും മറന്നില്ല അവർ. യാത്രയുടെ ക്ഷീണം അവരെ പെട്ടെന്നുറക്കി. പാതിരാത്രിയിലെപ്പോഴോ അവർ ഉണർന്നിരുന്നു, അവർക്ക് വല്ലാത്ത തളർച്ച തോന്നിയിരുന്നു, വായുകോപമാകും എന്ന് കരുതി വീണ്ടും കിടന്നു. ഇടയ്ക്കൊരിക്കൽ ജനലുകൾ തുറക്കാനായി സോള എഴുന്നേറ്റു, അവിടെ വരെ എത്താനായില്ല, വീണു പോയി അദ്ദേഹം. 

രാവിലെ ഒമ്പതുമണിയായിട്ടും യജമാനനും ഭാര്യയും പുറത്തു വരാതിരുന്നപ്പോൾ, ഭൃത്യർ കിടപ്പുമുറിയുടെ വാതിൽ തള്ളിത്തുറന്നു. നിലത്തു കിടക്കുന്ന സാഹിത്യകാരൻ അതിനകം മരിച്ചു കഴിഞ്ഞിരിക്കണം, ഗാബ്രിയേൽ ബോധമറ്റ് കിടക്കുകയായിരുന്നു. ഒരാഴ്ചയെടുത്തു ഗാബ്രിയേൽ സുഖപ്പെടാൻ, അതുവരെ, മേലാകെ പൂക്കൾ ചൂടി, സോള വീട്ടിൽ കിടന്നു, അവിടെ നിന്ന് പോയത് മോൻ‌ട്മാർത്ര് ശ്മശാനത്തിലേക്ക്, അമ്പതിനായിരത്തിലധികം ആളുകളുടെ അകമ്പടിയോടെ. 

കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് തെളിഞ്ഞത് സംശയത്തിന് ഇട കൊടുത്തു. ചില അന്വേഷണങ്ങളൊക്കെ നടന്നെങ്കിലും ഒരു തീരുമാനത്തിലെത്താതെ അവയെല്ലാം തീർന്നു പോയി. അരനൂറ്റാണ്ടിനു ശേഷം, 1953 ൽ, ഒരു പത്രത്തിൽ വന്ന കുറിപ്പിൽ, സോളയുടെ മരണം ഒരു കൊലപാതകമായിരുന്നു എന്നും, ആൽഫ്രഡ് ഡ്രെയ്ഫസിനു വേണ്ടി വാദിച്ചതാണ് കൊലപാതകിയെ, അതോ കൊലപാതകികളേയോ, പ്രകോപിപ്പിച്ചതെന്നും, കൊലയ്ക്കായി അവർ കണ്ടെത്തിയ മാർഗ്ഗം ചിമ്മിനി അടച്ചു വയ്ക്കുക എന്നതായിരുന്നുവെന്നും എഴുതിയിരുന്നു. ചില മുറുമുറുക്കലുകൾക്കപ്പുറത്തേക്ക് ആ കുറിപ്പ് വളർന്നില്ല. അതിനകം തന്നെ, സോളയുടെ ശേഷിപ്പുകൾ മോൻട്മാർത്ര് ശ്മശാനത്തിൽ നിന്ന്, ഫ്രാൻസിലെ മഹദ്ജന്മങ്ങൾ വിശ്രമിക്കുന്ന പാൻതിയൺ സ്മാരകമണ്ഡപത്തിലേക്ക് മാറ്റിയിരുന്നു, അവിടെ അദ്ദേഹത്തെ കാത്തിരുന്നത് മറ്റൊരു സ്വപ്നജീവി, നോത്രദാമിലെ കൂനന്റെ കഥ പറഞ്ഞ വിക്ടർ മാരീ ഹ്യൂഗോ. 

salman-rushdie-satanic-verses
സൽമാൻ റുഷ്ദി

ഒരു കൃതി അതിന്റെ കർത്താവിന്റെ ജീവന് വിലയിടുന്ന സ്ഥിതി ലോക സാഹിത്യത്തിൽ പലവട്ടം ഉണ്ടായിട്ടുണ്ട്, ഈ ഹിംസാത്മകത രചയിതാവിനും അപ്പുറത്തേയ്ക്ക് പടർന്ന് വലുതാകുന്ന കാഴ്ച സൽമാൻ റഷ്ദിയുടെ 'ചെകുത്താന്റെ കാവ്യങ്ങൾ' എന്ന നോവലിനെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ, ന്യൂയോർക്കിൽ ഒരു പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ, ഹാദി മത്താർ എന്നൊരു മതതീവ്രവാദിയുടെ കുത്തേറ്റ് വീണ്, ഒരു കണ്ണും ഒരു കൈയ്യും നഷ്ടപ്പെടുത്തിയ ന്യൂയോർക്ക് സംഭവത്തിന് മുമ്പ്, 1993 ൽ, രണ്ടു സംഭവങ്ങളുണ്ടായി. 

ജൂലൈ മാസം രണ്ടാം തിയതി, വലിയ ബഹളങ്ങൾ പുറത്തു കേൾക്കുന്നു, അസീസ് നെസിൻ മുറിയ്ക്കുള്ളിൽ വിശ്രമിക്കുകയായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന മഡിമക് ഹോട്ടൽ, ടർക്കിയിൽ സിവാസ് എന്ന പട്ടണത്തിലെ തിരക്കുള്ള ഒരു വഴിയരികിലാണ്, മുറ്റം ഒട്ടുമില്ലാതെ, നിരത്തിലേക്ക് തള്ളിനിൽക്കുന്ന ഒന്ന്. നെസിൻ പുറത്തേക്ക് എത്തിനോക്കി, കേൾക്കുന്ന ബഹളങ്ങളിൽ നിറം ചേർക്കാനെന്നോണം തീ ആളിക്കത്തുന്നു, അതിൽ നിന്നുയരുന്ന ചൂട് ചുറ്റുപാടാകെ. ഇറങ്ങിയോടി, അദ്ദേഹത്തിന് തുണയായത് അഗ്നിശമന സേനയുടെ നീളൻ ഗോവണി, അതിലൂടെ താഴെയെത്തിയ നെസിനെ അവർ നിലത്തിറങ്ങാൻ സഹായിച്ചു. ഒരു നിമിഷം! അവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞതും - അദ്ദേഹം ഒരു കുറ്റം ചെയ്തിരുന്നു; ചെകുത്താന്റെ കാര്യങ്ങൾ തുർക്കി ഭാഷയിലേക്ക് വിവർത്തനം ചെയ്തത് അദ്ദേഹമാണ് - ആക്രമിക്കാൻ തുടങ്ങിയതും ഒപ്പമാണ്. ഭാഗ്യം അവിടെയും സഹായത്തിനെത്തി, അവരുടെ പിടിയിൽ പെടാതെ ഓടി രക്ഷപ്പെടുവാൻ അദ്ദേഹത്തിനായി, പകരം 37 പേർ തീയിൽ വെന്തു മരിച്ചു. ആ ദിവസങ്ങളിൽ പട്ടണത്തിൽ നടന്ന ഒരു അലെവി മുസ്ലീങ്ങളുടെ സമ്മേളനത്തിനെത്തിയവർ പലരും താമസിച്ചിരുന്നത് മഡിമക് ഹോട്ടലിലായിരുന്നെന്നും അവരെ കൊല്ലുക എന്നതായിരുന്നു കലാപകാരികളുടെ ലക്ഷ്യം എന്നൊരു ഭാഷ്യമുണ്ടെങ്കിലും ഔദ്യോഗിക രേഖകൾ പറയുന്നത് ദൈവവിരോധിയായ വിവർത്തകൻ ആയിരുന്നു ലക്ഷ്യം എന്നാണ്. താൻ മൂലം കൊല്ലപ്പെട്ട മനുഷ്യരുടെ ഓർമ്മകളുമായി നെസിൻ രണ്ടു വർഷം കൂടി ജീവിച്ചു, ആ കാലയളവ് അദ്ദേഹത്തിന് യാതനയുടേതായിരുന്നു എന്ന് അദ്ദേഹത്തിന്റെ പുത്രൻ പിന്നൊരവസരത്തിൽ പറഞ്ഞിരുന്നു. 

മൂന്ന് മാസങ്ങൾക്ക് ശേഷം, ഒക്ടോബർ 11 രാവിലെ, വില്ല്യം നൈഗാർഡ് - അഷ്ഹോഗ് എന്ന പ്രസാധക സ്ഥാപനത്തിന്റെ തലവനാണ് നൈഗാർഡ്, ചെകുത്താന്റെ കാവ്യങ്ങൾ നോർവേയിൽ പ്രസിദ്ധീകരിച്ചത് അദ്ദേഹമാണ് - ഓഫീസിലേക്ക് പോകാനായി ഓസ്ലോയിലെ വീടിന് പുറത്തിറങ്ങുമ്പോൾ കാറിന്റെ ടയറുകളിലൊന്ന് പഞ്ചറാണെന്ന് കാണുന്നു, അത് പരിശോധിക്കാനായി അടുത്തേക്ക് ചെല്ലുന്നു. ഒരു നിമിഷം! ഒന്നിന് പുറകെ ഒന്നായി മൂന്ന് വെടിയൊച്ചകൾ. നിലത്ത് വീഴുന്ന നൈഗാർഡിന് കാണാനാകുന്നില്ലെങ്കിലും അടുത്ത വീട്ടിൽ ജോലിക്ക് വന്ന ഒരു യുവതി കാണുന്നുണ്ട് വീടിന് മുന്നിലെ നിരത്തിലൂടെ ഓടിപ്പോകുന്ന മനുഷ്യനെ, അയാൾക്ക് മീശയുണ്ട്, തല ഒരു തുണിത്തൊപ്പി കൊണ്ട് മറച്ചിട്ടുണ്ട്. അയാളെ കുറിച്ച് പിന്നൊന്നുമറിയില്ല, ലെബനോനിൽ താമസിക്കുന്ന ഖാലിദ് മൊസ്സാവിയാണ് അയാളെന്ന് വർഷങ്ങൾക്ക് ശേഷം ഒരു സ്ഥിരീകരിക്കപ്പെടാത്ത അറിവുണ്ടായെന്നു മാത്രം. നൈഗാർഡ് മരണപ്പെട്ടില്ല, സാവധാനമെങ്കിലും അദ്ദേഹം സുഖപ്പെട്ടു. 

തെക്കേ യൂറോപ്പിലേക്ക് തിരിച്ചു വരൂ, മഡിമക് ഹോട്ടലിലെ കൊള്ളിവയ്പ്പിന് രണ്ട് വർഷം മുമ്പ്, 1991 ജൂലൈ 3 ന്, മിലനിലെ ഒരു വീടിന് മുമ്പിൽ സന്ദർശകൻ കോളിങ് ബെല്ലടിച്ചു. എറ്റോറെ കാപ്രിയോളോയെ അറിയില്ലേ, ഇറ്റാലിയൻ ഭാഷയിലെ ഏറ്റവും ശ്രദ്ധേയരായ പരിഭാഷകരിൽ ഒരാൾ, ഹെമിങ് വേയുടെ ‘ഫിയെസ്റ്റ’, ജോസഫ് കോൺറാഡിന്റെ ‘അന്ധകാരത്തിന്റെ ഹൃദയം’, എഡ്വേഡ് ആൽബിയുടെ ‘വിർജീനിയ വുൾഫിനെ ആർക്കാണ് പേടി’, തുടങ്ങിയ കൃതികളുടെ വിവർത്തകൻ, അദ്ദേഹത്തിന്റേതായിരുന്നു ആ വീട്. ആതിഥേയൻ വാതിൽ തുറന്നു. വന്നയാൾക്ക് അറിയേണ്ടിയിരുന്നത് സൽമാൻ റഷ്ദി താമസിക്കുന്നതെവിടെ എന്നായിരുന്നു. കാപ്രിയോളോയ്ക്ക് വിലാസമറിയാമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നിരിക്കും, കാരണം, അദ്ദേഹമാണല്ലോ ചെകുത്താന്റെ കാവ്യങ്ങൾ അടക്കം റഷ്ദിയുടെ രണ്ട് കൃതികൾ ഇറ്റാലിയൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഒരു നിമിഷം! കാപ്രിയോളോയ്ക്ക് മറുപടി പറയാനാകും മുമ്പ്, ആഗതൻ കത്തിയെടുത്തു, പലവട്ടം കുത്തി. കുറെയധികം നല്ല സാഹിത്യ കൃതികൾ ഇറ്റലിക്കാർക്ക് അവർ സ്വപ്നം കാണുന്ന ഭാഷയിൽ പരിചയപ്പെടുത്തി എന്ന പുണ്യത്തിന്റെ പ്രത്യുപകാരമാകാം, മുറിവുകൾ അത്ര മാരകമായിരുന്നില്ല, നബക്കോവ്, കോൺറാഡ്, കമ്യൂ, ഡൈലൻ തോമസ്, ജോൺ കെന്നത്ത് ഗാൽബ്രെയ്‌ത്ത്, സൂസൻ സൊൻറ്റാഗ്, അങ്ങനെ ഒരുപാട് പ്രമുഖരുടെ കൃതികൾ ഭാഷാന്തരം ചെയ്യാനായി 2013 വരെ അദ്ദേഹം ജീവിച്ചിരുന്നു. 

ഒമ്പത് ദിവസങ്ങൾക്ക് ശേഷം, ഭൂഗോളത്തിന്റെ മറുവശത്ത്, ടോക്യോയിൽ, സൂക്കൂബ സർവ്വകലാശാലയിലെ ഓഫീസ് മുറിയിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു ഹിതോഷി ഇഗരാഷി, സുക്കൂബയിൽ ഇസ്ലാം സംസ്കാരത്തെ കുറിച്ച് പഠിപ്പിച്ചിരുന്ന അറേബ്യൻ - പേർഷ്യൻ ചരിത്ര പണ്ഡിതൻ, ചെകുത്താന്റെ കാവ്യങ്ങൾ ജാപ്പനീസ് ഭാഷയിലേക്ക് ഭാഷാന്തരപ്പെടുത്തി എന്ന കുറ്റവും അദ്ദേഹം ചെയ്തിരുന്നു. ഒരു നിമിഷം! ലിഫ്റ്റിനു മുന്നിൽ വച്ച് ആരോ അദ്ദേഹത്തെ ആക്രമിച്ചു, മുഖത്തും കഴുത്തിലും കൈകളിലും നിരവധി കുത്തുകളേറ്റ പ്രൊഫസറുടെ ശവശരീരത്തിനരികിൽ നിന്ന് നിറയെ കുത്തുകളേറ്റ ഒരു തുകൽ ബാഗും പോലീസ് കണ്ടെടുത്തു, അതിൽ കൂടുതലൊന്നും അവർക്ക് കണ്ടെത്താനായില്ല, കണ്ടെത്തിയത് പലതും രാഷ്ട്രീയ കാരണങ്ങളാൽ പുറത്തറിയിക്കാതിരുന്നതാണെന്ന് ചിലരൊക്കെ പറഞ്ഞിരുന്നെന്നു മാത്രം. 

കൊലപാതകങ്ങൾ, അവ രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെങ്കിൽ പോലും, ചിലപ്പോഴെങ്കിലും, മായിച്ചു കളയുന്നത് രമണീയങ്ങളായ പ്രണയങ്ങളെയാവും. 1936 ഓസ്റ്റിലെ ആ ദിവസം ഫ്വന്റെ ഗ്രാന്റെയിലെ മലയോരത്ത് കുഴിച്ചുമൂടപ്പെട്ടതും അത്തരം ഒരു പ്രണയമായിരുന്നു. ആ അന്ത്യയാത്രയ്ക്ക് കുറച്ചു മുമ്പ് ലോർക്ക ലൂകാസിനെഴുതിയ കത്തിൽ "ആൽബസെറ്റെയിലെ വെള്ളത്തലമുടിക്കാരനായ യുവാവിനോടുള്ള" (blonde young man from Albacete) തീവ്രമായ അഭിനിവേശം വ്യക്തമാക്കുന്നുണ്ട്. "എനിക്കവനെ നോക്കാൻ കൂടി വയ്യ" (I can't even look at him!) എന്ന് അദ്ദേഹം എഴുതുന്നു. ആ കത്തിന്റെ കൂടെ ഒരു മധുരനാരങ്ങയുടെ പൂങ്കുല കൂടി വയ്ക്കാൻ ലോർക്ക മറന്നില്ല.

Content Summary: Varantha Column by Jojo Antony about How Writings Caused Agony to the Writers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com