ADVERTISEMENT

തനിക്ക് മറ്റൊരു പേരിടേണ്ടിവന്നപ്പോൾ ആരാധിക്കുന്ന രണ്ടെഴുത്തുകാരുടെ പേരുകളാണ് സൽമാൻ റുഷ്ദി സ്വീകരിച്ചത്. ജോസഫ് കോൺറാഡും ആന്റൺ ചെക്കോവും. ജോസഫ് ആന്റൺ എന്ന പേര് അങ്ങനെയാണുണ്ടായത്. വധഭീഷണിയെത്തുടർന്നുള്ള നാളുകളിലെ ഒളിവു ജീവിതത്തെക്കുറിച്ചെഴുതിയപ്പോൾ സ്വയം വിശേഷിപ്പിക്കാൻ റുഷ്ദി തിരഞ്ഞെടുത്ത പേര്. ജോസഫ് ആന്റണിന്റെ ജീവിതവും ഓർമകളും 2012 ൽ പുസ്തകമായി പുറത്തുവന്നു. അക്കാലത്തെ രണ്ടു വിവാഹബന്ധങ്ങൾ. ദാമ്പത്യ തകർച്ചകൾ എന്നിവയും മറയില്ലാതെ അദ്ദേഹം എഴുതി. മറ്റൊരു വ്യക്തിയെക്കുറിച്ച് എഴുതുമ്പോഴുണ്ടാകുന്ന അകലം പാലിച്ചുകൊണ്ടാണ് ജോസഫ് ആന്റണിനെക്കുറിച്ച് റുഷ്ദി എഴുതിയത്. എന്നാൽ സ്വന്തം ജീവിതത്തെക്കുറിച്ച് എന്നെങ്കിലും മറ്റൊരു പുസ്തകം എഴുതേണ്ടിവരുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല; അടുത്തിടെയുണ്ടായ ആക്രമണത്തെ അതിജീവിക്കുന്നതുവരെ. കഴിഞ്ഞ ഓഗസ്റ്റിൽ പടിഞ്ഞാറൻ ന്യൂയോർക്കിൽ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു റുഷ്ദിക്കുനേരെ ആക്രമണമുണ്ടായത്. രഹസ്യ പേരിൽ ജീവിക്കുമ്പോഴും പൊതുവേദികളിൽ നിന്ന് അകലം പാലിച്ച് സ്വകാര്യ ജീവിതം നയിക്കുമ്പോഴും നേർക്കുനേർ ആക്രമണം നേരിടേണ്ടിവരുമെന്ന് ഒരുപക്ഷേ അദ്ദേഹം കരുതിക്കാണില്ല. എന്നാൽ, പൊതുവേദികളിൽ സജീവമായതിനുശേഷം അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായത്. ആറാഴ്ചത്തെ ആശുപത്രി വാസം. പിന്നീട് വീട്ടിൽ വിശ്രമം. ഒരു കണ്ണിന്റെ കാഴ്ച പോയി. ഒരു കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു. ഏതാനും കൈവിരലുകൾ മരവിച്ചു. പഴയതുപോലെ ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ എഴുത്തിൽ നിന്നു വിരമിക്കാൻ റുഷ്ദി തയാറല്ല. ആക്രമണത്തിനു മുന്നേ എഴുതിപ്പൂർത്തിയാക്കിയ ഇന്ത്യയുടെ ചരിത്ര പശ്ചാത്തലത്തിലുള്ള വിക്ടറി സിറ്റി പ്രസിദ്ധീകരിച്ച അദ്ദേഹം പുതിയൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. നോവലോ കഥയോ അല്ല. തനിക്കു നേരെ നടന്ന ആക്രമണം തന്നെ. എന്നാൽ പുതിയ പുസ്തകത്തിൽ ഒരിക്കൽ താൻ ഉപയോഗിച്ച ജോസഫ് ആന്റൺ എന്ന രഹസ്യപ്പേര് ഉപയോഗിക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. 

 

സൽമാൻ റുഷ്ദി.
സൽമാൻ റുഷ്ദി.

എനിക്കു നേരെ നടന്ന ആക്രമണമാണ് അടുത്ത പുസ്തകത്തിന്റെ പ്രമേയം. എന്താണു സംഭവിച്ചത്. അതെന്നിലുണ്ടാക്കിയ ആഘാതം. ആക്രമണം മാത്രമല്ല, പശ്ചാത്തലവും പ്രത്യാഘാതവും. ഹേ സാഹിത്യതോത്സവത്തിൽ ഓൺലൈനായി പങ്കെടുത്തപ്പോഴാണ് പുതിയ പുസ്തകത്തെക്കുറിച്ചു വെളിപ്പെടുത്തലുണ്ടായത്. താരതമ്യേന ചെറിയ പുസ്തകമായിരിക്കും ഞാനെഴുതുക. 200 പേജിൽ കൂടില്ല. ഏറ്റവും എളുപ്പമുള്ള രചനയല്ല മനസ്സിൽ. ആക്രമണത്തെക്കുറിച്ചെഴുതാതെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയിലാണ് ഞാൻ. അതുവരെ മറ്റൊന്നും ചെയ്യാനാവുമെന്നും തോന്നുന്നില്ല. മനസ്സിലുള്ള നോവൽ എഴുതണമെങ്കിലും ആദ്യം ഈ കടമ്പ കടക്കണം: റുഷ്ദി പറയുന്നു. 

 

വിജയ നഗരം എന്ന പുതിയ നോവൽ വായനക്കാർ സന്തോഷത്തോടെ സ്വീകരിച്ചതിന്റെ ആഹ്ലാദത്തിലാണെന്നും റുഷ്ദി വെളിപ്പെടുത്തി. എല്ലാം നിശ്ചയിച്ചുറപ്പിച്ചല്ല ഞാൻ ജീവിക്കുന്നത്. വിക്ടറി സിറ്റി മിക്കവരും ഇഷ്ടപ്പെട്ടതായാണ്  പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്: റുഷ്ദി പറഞ്ഞു. 

 

മാർഗരറ്റ് അറ്റ് വുഡ്, എലിഫ് ഷഫാക്ക്, ഡഗ്ലസ് സ്റ്റുവർട്ട് എന്നീ എഴുത്തുകാരും വിക്ടറി സിറ്റിയെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞത്. ചരിത്രത്തിൽ ഭാവന ഇടപെടുന്ന തന്റെ പതിവു സങ്കേതത്തിൽ തന്നെയാണ് വിക്ടറി സിറ്റി എഴുതിയിട്ടുള്ളത്. ഐതിഹ്യ കഥയുടെ അന്തരീക്ഷത്തിലുള്ള നോവൽ മികച്ച വായനാനുഭവമാണെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Content Summary: Salman Rushdie talks about Writing a New Book on his Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com