സ്‌ഥിരപ്രതിഷ്‌ഠ നേടിയ എഴുത്തുകാരനാണ് എംടി

mt3
SHARE

മിഥുനം–കർക്കടകം കാലത്തെ മഴ അമ്മയെപ്പോലെയാണ്. ഓർക്കാതിരിക്കുമ്പോഴാണ്, നല്ല നേരമാണെന്നു വിചാരിച്ച് അടുക്കുമ്പോഴാണ്, പൊട്ടിച്ചാടുക. ‘കർക്കടകം’ എന്ന കഥ തുടങ്ങുകയാണ്. 1959– ലാണ് എംടി ഈ കഥയെഴുതിയത്. അരനൂറ്റാണ്ടു മുമ്പത്തെ കേരളത്തിന്റെ ഗ്രാമജീവിതം അതിന്റെ എല്ലാ പ്രത്യേകതകളോടെയും കഥയിൽ തെളിയുന്നു.

ഉണ്ണി എന്ന സ്കൂൾകുട്ടിയുടെ ഒരു ദിവസമാണു കഥയുടെ തന്തു. രാവിലെ കഞ്ഞി കുടിച്ചാണു സ്കൂളിൽ പോകുന്നത്. പിന്നെ വൈകുന്നേരം വീട്ടിലെത്തിയാലേ വല്ലതും കഴിക്കൂ. അച്ഛന്റെ മണിഓർഡർ വന്നയുടനെ എല്ലാമാസവും മൂന്നുനാലു ദിവസം അമ്മ രണ്ടണ വീതം ഉണ്ണിക്കു കൊടുക്കും. അതു കഴിഞ്ഞാൽപ്പിന്നെ ഉച്ചയ്ക്ക് ഒന്നുമില്ല. സ്കൂളിൽ ഉച്ചമണി അടിക്കുമ്പോൾ ഭക്ഷണം കൊണ്ടുവരാത്ത കുട്ടികൾ അടുത്തുള്ള ഹോട്ടലിൽ പോയി വെള്ളം കുടിക്കുകയാണു പതിവ്. മഴക്കാലത്തിനൊരു പ്രത്യേകതയുണ്ട്. അപ്പോൾ വിശപ്പു മാത്രമേ കാണൂ; ദാഹമില്ല. കഴിക്കാനൊന്നുമില്ലതാനും. ഉച്ചവരെ വിശപ്പു സഹിക്കാനേ പ്രയാസമുള്ളൂ. പിന്നെ നാലുമണി വരെ വിശപ്പ് കെട്ടിരിക്കും. മടക്കയാത്രയിലാണു വീണ്ടും വിശപ്പു വരുന്നത്. അപ്പോൾ, വീട്ടിൽ ചെന്നാൽ കറികൾ എന്തൊക്കെയായിരിക്കുമെന്ന് ആലോചിച്ചുകൊണ്ടുനടക്കാം.

അന്ന്, വൈകുന്നേരത്തെ മഴയിൽ വെള്ളം തട്ടിത്തെറിപ്പിച്ചുകൊണ്ടാണ് ഉണ്ണി നടന്നത്; ഉല്ലാസത്തോടെ. വീട്ടിൽ ചെന്നുകയറിയതും ഉറക്കെവിളിച്ചു: അമ്മേ... അമ്മയാണു വിളമ്പിത്തരിക പതിവ്. പക്ഷേ, അമ്മ വീട്ടിലില്ല. തെക്കേൽ വീട്ടിൽ പോയതാണെന്നു മീനാക്ഷിയേട്ടത്തി പറഞ്ഞു. കഞ്ഞിയെടുത്തുവയ്ക്കാൻ ഉണ്ണി പറഞ്ഞു. അപ്പോൾ മീനാക്ഷിയേട്ടത്തി പറയുന്നു: കഞ്ഞിന്ന് പൂച്ച തട്ടിമറിച്ചു പോയി കുട്ട്യേ... സങ്കടം സഹിക്കാതെ ഉറങ്ങാൻ ശ്രമിക്കുകയാണ് ഉണ്ണി. പുറത്തു വാഴക്കൂട്ടത്തിൽ വീഴുന്ന മഴത്തുള്ളികളുടെ ശബ്ദം ഒരു മേളമായി മാറുന്നു. കറുത്ത കർക്കടകരാത്രിയുടെ മാളങ്ങളിൽനിന്ന് ആയിരം സ്വരങ്ങൾ കേൾക്കുന്നു. ഉറക്കം എവിടെയാണിപ്പോഴും പതുങ്ങിനിൽക്കുന്നത്? 

ഉണ്ണിയാണെങ്കിലും വേലായുധനാണെങ്കിലും എംടിയുടെ എല്ലാ കഥാപാത്രങ്ങളിലുമുണ്ട് ഏതെങ്കിലുമൊരു മലയാളിയുടെ ഛായ. അതിലുപരി മനുഷ്യന്റെ ഛായ. അതുകൊണ്ടുതന്നെയാണ് ആ കഥകൾ പ്രിയപ്പെട്ടതാകുന്നതും. അനുവാദം ചോദിക്കാതെ ഹൃദയത്തിൽ പ്രവേശിക്കുന്നതും. എഴുത്തിന്റെ ലോകത്ത് അംഗീകാരങ്ങളുടെ ജ്‌ഞാനപീഠവും വായനക്കാരുടെ ഹൃദയത്തിൽ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനുള്ള സ്‌ഥിരപ്രതിഷ്‌ഠയും നേടിയ എഴുത്തുകാരനാണ് എംടി.  കാൽപനികതയും ആധുനികതയും ആധുനികോത്തരതയും മാറിവന്നപ്പോഴും രചനാസങ്കേതങ്ങളും ശൈലികളും മാറിയപ്പോഴും ഒറ്റയിരുപ്പിൽ വായിക്കാനും, മനസ്സിൽ മധുരമുള്ള അസ്വാസ്‌ഥ്യമായി കൊണ്ടുനടക്കാനും പ്രേരിപ്പിക്കുന്ന കഥകൾ. 

ഭഗവതിയുടെ പള്ളിവാളും കാൽച്ചിലമ്പും മൂശാരിക്ക് പഴയ ഓടിന്റെ വിലയിൽ തൂക്കിക്കൊടുത്തുകിട്ടുന്ന പണം കൊണ്ട് പട്ടിണി മാറ്റാൻ ശ്രമിക്കുന്ന വെളിച്ചപ്പാടിന്റെ കഥയായാലും (പള്ളിവാളും കാൽച്ചിലമ്പും) അമേരിക്കയിൽ ജ്യേഷ്‌ഠത്തിക്കൊപ്പം താമസിക്കാനെത്തുന്ന അനുജനെ ഷെർലക് ഹോംസ് ശൈലിയിൽ സദാ പിന്തുടരുന്ന പൂച്ചയുടെ കഥയായും (ഷെർലക്) എംടിയുടെ വാക്കുകൾ ശക്‌തിയോടെയും തീവ്രതയോടെയും വായനക്കാരുടെ ഇഷ്‌ടം നേടുന്നു. കാലം മായ്‌ക്കാത്ത അക്ഷരങ്ങളിൽ എംടി മലയാളിയുടെ മനസ്സിൽ കുറിച്ചിട്ടവയാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം.

Content Summary: Article about M. T. Vasudevan Nair by G. Pramod

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS