ADVERTISEMENT

ഹ്രസ്വമായ പ്രേമങ്ങളെപ്പറ്റി വിചാരിക്കുന്നു. അതിന്റെ ഉരുക്കം ഉയിരിലേക്കു മുങ്ങിപ്പോയതായി അറിയുന്നു. പ്രേമവും സാഹിത്യവുമല്ലാതെ മറ്റൊന്നും മോഹിച്ചിട്ടില്ലെന്ന ആനി എർനോ പറയുന്നത് അനുരാഗത്തിന്റെ ക്ഷണികതയിൽ സ്വയം നഷ്ടമായിട്ടാണ്. ജീവിച്ച സമയം കെട്ടുകഥയായി തോന്നുംവിധം അവിശ്വസനീയമായ സമർപ്പണമാണു നാമപ്പോൾ പ്രകടിപ്പിക്കുക. ശരീരമെന്നതു മാരകശേഷിയുള്ള ജന്തുവാണപ്പോൾ; മനസ്സ് സദയം കീഴടങ്ങുന്നു, പിന്നാലെ പോകുന്നു. മലഞ്ചെരിവിലെ വടവൃക്ഷത്തിൽ കൊടുങ്കാറ്റെന്ന പോലെ കാമമെന്ന ഉലച്ചു എന്ന് സാഫോ.

ഉടലുരുകുന്നത് എഴുതിവയ്ക്കുകയാണ് അപ്പോൾ പ്രേമത്തിലുള്ളയാൾ ചെയ്യുക. ഡയറിയിലെഴുതുന്നു, കത്തായെഴുതുന്നു, ഭ്രാന്തായും വിഷാദമായും പ്രസരിപ്പിക്കുന്നു. പ്രേമവും സാഹിത്യവും തമ്മിലുള്ള ബന്ധത്തിലെ പ്രത്യേകത, എത്ര നൈരാശ്യം പകർന്നാലും രണ്ടും മടുക്കുന്നില്ല എന്നതാണ്. ഒരു പുസ്തകം അവസാനിക്കുമ്പോൾ മറ്റൊന്നു വരുന്നു. ഒരു പ്രേമത്തിൽനിന്നു തിരി കത്തിച്ച് അടുത്തതു തെളിയുന്നു. അയാളുടെ അവസാനസ്ത്രീ താനാകണമെന്നു വ്യർഥമായി മോഹിക്കുന്നുവെന്ന് ആനി എർനോ എഴുതുന്നു. അതൊരിക്കലും യാഥാർഥ്യമാകില്ലെങ്കിലും. അവസാന പുസ്തകം ഉണ്ടോ ? അവസാന പ്രേമം ഇല്ലാത്തതുപോലെ അവസാന പുസ്തകവും ഇല്ല. 

sappho
ജോൺ വില്യം ഗോഡ്വാർഡ് വരച്ച സാഫോയുടെ ചിത്രം

ഹ്രസ്വമായ പ്രേമങ്ങളിലാണ് ഏറ്റവും വിശദാംശങ്ങളുള്ളത്. നാരുനാരായി അത് അഴിച്ചെടുക്കാനാവും. ഓരോ ചലനവും അർത്ഥസമൃദ്ധമായും അനുഭവപ്പെടും. ദ് ട്രയൽ എന്ന കൃതിയിൽ ഫ്രാൻസ് കാഫ്ക, ആ പെൺകുട്ടിയുടെ തലമുടി  ഇരുവശത്തേക്കു പകുത്തു ചീകിക്കെട്ടിയപ്പോൾ തെളിഞ്ഞ തലയോട്ടിയുടെ വെൺതാരയെപ്പറ്റിവരെ വിവരിക്കുന്നുണ്ട്. സാധാരണനിലയിൽ നാം കാണാത്തതു അപ്പോൾ കാണും. അതിൽ അതിശയമുണ്ടാകും. എർനോ റഷ്യക്കാരനായ കാമുകന്റെ അടിവസ്ത്രത്തെപ്പറ്റി പറയുന്നു: വീതിയുള്ള ഇലാസ്റ്റിക്കുള്ള വെള്ള അടിവസ്ത്രം, അൽപം തയ്യൽവിട്ടത്. അതുപോലൊന്നു തന്റെ അച്ഛനുമുണ്ടായിരുന്നു. 

thetrial-kafka

“ഷർട്ടിലിരിക്കുന്ന 

ഉറുമ്പോ പേനോ

ഷർട്ട്തുണിയിലെ

പാറ്റേൺ ഗ്രഹിക്കാത്തതുപോലെ

വളരെ വലുത്

കണ്ണിനെ

അനായാസം 

കവച്ചുവെച്ചുപോകുന്നു

വളരെ ചെറുത് 

കണ്ണിന്റെ 

അടിയിലൂടെ നൂഴ്ന്നും പോകുന്നു.”

എല്ലാ വായനയിലും പ്രേമത്തിലും നാം ഏറ്റവും ഉന്നതമായതും ഏറ്റവും സൂക്ഷ്മമായതും കാണാതെ പോകുന്നുവെന്നും കെ.എ. ജയശീലന്റെ ഈ കവിത എന്നെ ഓർമിപ്പിക്കുന്നു. കാരണം പ്രേമത്തിലായും വായനയിലായാലും ബ്ലൈൻഡ് സൈഡ് ഉണ്ട്. നമുക്ക് എല്ലാം കാണാനാവില്ല. ഗ്രഹിക്കാനാവില്ല. ഈ പരിമിതി ഒഴിവാക്കാനാവില്ല. ഇത് ഏതുപ്രായത്തിലായാലും വ്യത്യാസമില്ല. അതിനുള്ള ഒരു കാരണം ഒറ്റ പുസ്തകത്തിലോ ഒറ്റ പ്രേമത്തിലോ അധികനാൾ ചെലവഴിച്ചാൽപോലും അതിനാവശ്യമായ ശ്രദ്ധ നൽകാൻ നമുക്കു കഴിയാറില്ലെന്നതാണ്. 

k-a-jayaseelan-book
കെ.എ. ജയശീലന്‍ Image Credit: Wikimedia commons

റൂമിയുടെ ഗുരുക്കന്മാരിലൊരാളായ ഫരീദുദ്ദീൻ അത്തർ, പറയുന്നു - “നിങ്ങളുടെ മുഖം നിത്യമോ ക്ഷണികമോ അല്ല. നിങ്ങൾ ഒരിക്കലും നിങ്ങളുടെ മുഖം കാണുന്നില്ല, പ്രതിബിംബമായിട്ടല്ലാതെ. അതിനാൽ നിങ്ങൾ കണ്ണാടിയുടെ മുൻപിൽനിന്നു നെടുവീർപ്പിടുന്നു. അതോടെ കണ്ണാടിയുടെ പ്രതലം നിശ്വാസത്താൽ മറയുന്നു. ശ്വാസമടക്കിനിൽക്കുന്നതാണു നല്ലത്. വെള്ളത്തിലേക്കു ചാടാൻ പോകുന്ന ഒരാൾ ശ്വാസമടക്കുന്നതുപോലെ. ഒരു ചെറിയ ചലനം മതി, നീയെന്ന ബിംബം മാഞ്ഞുപോകും."

ശരിയാണ്. മുഖം നാം തൊട്ടറിയുന്നു. കണ്ടറിയുന്നില്ല. നാം കാണുന്നതാകട്ടെ മറ്റൊരാളിന്റെ മുഖവും. ഇതിനെ ദാർശനികനായ നാരായണഗുരു “ആത്മവിലാസം’ എന്ന മനോഹരമായ ഗദ്യരചനയിൽ ഇങ്ങനെ വിവരിക്കുന്നു -

“ഓ! ഇതൊക്കെയും നമ്മുടെ മുൻപിൽ കണ്ണാടിയിൽ കാണുന്ന നിഴൽപോലെതന്നെയിരിക്കുന്നു. അദ്ഭുതം! എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്റെ മുൻപിൽ കൈയിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോൾ കണ്ണ് ആ കണ്ണാടിയിൽ നിഴലിക്കുന്നു. അപ്പോൾ കണ്ണ് കണ്ണാടിയെയും നിഴലിനെയും കാണുന്നു. നമ്മുടെ മുൻപിൽ ഒരു കണ്ണാടിയെ സങ്കല്പിക്കുമ്പോൾ നാം ആ കണ്ണാടിയിൽ വന്നു. അപ്പോൾ ആ നിഴലിന് നമ്മെ കാണുന്നതിന് ശക്തിയില്ല. നിഴൽ ജഡമാകുന്നു...”

annie-ernaux-book-getting-lost

പ്രേമത്തിലായാലും വായനയിലായാലും ഒരു വ്യക്തി തന്നെ മറ്റൊരു വ്യക്തിയായി, തന്റെ ജീവിതത്തെ മറ്റൊരു ജീവിതമായി, താനെന്ന നിഴലിനെ മറ്റൊരു ഉടലിന്റെ സാഷാത്കാരമായി കാണാൻ നോക്കുകയാണ്. ഈ പ്രവൃത്തിയെ കണ്ണാടിനോട്ടവുമായി താരതമ്യം ചെയ്താൽ അതിൽ ആത്മരതിയുടെ  ഹരം മാത്രമല്ല, ആത്മഹത്യയുടെ വെമ്പലുമുണ്ടാകാം. പ്രേമത്തിന്റെ ഈ രാത്രി കഴിയുന്നതോടെ താൻ മരിച്ചുപോയേക്കുമെന്ന് ആനി എർനോ, തന്റെ ഡയറിയിലെഴുതുന്നത് അതുകൊണ്ടാണ്. പ്രേമത്തിൽ മാത്രമേ ശരീരം സ്വയം കാണുന്നുള്ളു. സ്വയം ഇഞ്ചോടിഞ്ച് അറിയുന്നുളളു. അല്ലെങ്കിൽ ഈ ഉടൽ കുഴിച്ചുമൂടാനോ കത്തിച്ചുകളയാനോ ഉള്ള ജഡം മാത്രം. ഒരു നിഴൽ! 

ഒരു പ്രേമം നഷ്ടമാകുമ്പോൾ അയാളുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആ പ്രേമമായിരുന്നുവെന്നു തോന്നും. അല്ലെങ്കിൽ ഒരാളുടെ മുറിയിൽ പുസ്തകങ്ങളുടെ എണ്ണം കൂടുന്തോറും അയാളെ അവ കെട്ടിയിടുന്നതായും തോന്നാം. മനഃസുഖമറ്റു കുഴമറിഞ്ഞ കാലത്തു നിന്റെ വായനയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നു പറഞ്ഞ് വീട്ടുകാർ മുറിയിലെ പുസ്തകങ്ങളെല്ലാം എടുത്തുമാറ്റിയതിനെപ്പറ്റി ഒരു സ്നേഹിതൻ ഈയിടെ പറഞ്ഞു. സുഖപ്പെട്ടു വർഷങ്ങൾക്കുശേഷമാണു അന്ന് അവസാനം വായിക്കാനെടുത്തുവച്ചതും വീട്ടുകാർ മാറ്റിവച്ചതുമായ ഒരു  പുസ്തകം വീണ്ടും വായിക്കാനായത്.  അസുഖബാധിതമായിരുന്ന കഷ്ടകാലത്തുതന്നെ ആ പുസ്തകം വായിച്ചിരുന്നുവെങ്കിൽ ചിലപ്പോൾ ആ പ്രതിസന്ധി എളുപ്പം നീങ്ങിയേനെയെന്ന് ആ സുഹൃത്ത് പറഞ്ഞു. ഇത് പുസ്തകത്തിന്മേലുള്ള ആത്മവിശ്വാസമാണ്. മറുവശത്തു ചില പുസ്തകങ്ങൾ ആത്മാവിനെയും ശരീരത്തെയും ക്ഷയിപ്പിക്കുമെന്ന ഭീതിയെപ്പറ്റി ഒരു കവിതന്നെ പറഞ്ഞതും ഞാൻ അപ്പോൾ ആലോചിച്ചു. ആനന്ദമാണു നിങ്ങൾ ലഭിച്ചിട്ടുള്ളതെങ്കിൽ അത് ആവർത്തിക്കാനുള്ള ത്വരയല്ലേ യഥാർഥത്തിൽ നമ്മെ മുന്നോട്ടുനയിക്കുന്നത്?. ആ അർത്ഥത്തിൽ എല്ലാ പ്രേമവും വായനയും ജീവിതോന്മുഖമാകേണ്ടതാണല്ലോ. ആ വഴിയിൽ സഞ്ചരിക്കാൻ, പ്രേമത്തിലും വായനയിലും കൃത്യമായ പരിശീലനങ്ങളുണ്ടാകുന്നതു നന്നായിരിക്കുമെന്ന് എനിക്കു തോന്നുന്നു.

attar-book

ആനന്ദം നൽകുന്നതല്ല വായനയിൽനിന്ന് ലഭിക്കുന്നതെങ്കിൽ അത് ഉപേക്ഷിക്കാൻ തയാറാകണം, ഒരാളെ മൃതാവസ്ഥയിലാക്കുന്ന പ്രേമങ്ങളെ അയാൾ തിരസ്കരിക്കുന്നതുപോലെ. 

ഇക്കാലത്ത് ആനന്ദത്തിന് ഒരു മൂന്നാംകരയുണ്ടെന്നും നാം കാണുന്നു. പ്രേമം വിട്ടും പുസ്തകം വിട്ടും അലയുമ്പോഴാണ് എവിടെയാണു നാം കാണാതെപോയ ആനന്ദം വസിക്കുന്നതെന്നു തിരിച്ചറിയുക. കാരണം  ഒരു post literate കാലത്തു ജീവിക്കുമ്പോൾ എഴുത്തിനെയും വായനയെയും ഉന്നതമാക്കുന്ന സാഹചര്യം കണ്ടെത്തുക എളുപ്പമല്ല. പകരം ഡിജിറ്റൽ പ്രതലത്തിലാണു മനുഷ്യർ ആത്മാവിഷ്കാരം എളുപ്പമാകുന്നത്. ഭാഷ നമുക്കറിയാമെങ്കിലും ഉപയോഗിക്കേണ്ടതില്ലാത്ത ഒരു വിനിമയം യാഥാർഥ്യമായിരിക്കുന്നു. വായിക്കാൻ അറിയാമെങ്കിലും അത് ചെയ്യേണ്ടതില്ല എന്നു നാം തീരുമാനിക്കുന്നു. കാരണം സ്വരത്തിലൂടെയോ സംസാരത്തിലൂടെയോ നിഴലിലൂടെയോ പ്രേമിക്കാനും സർഗാവിഷ്കാരം നടത്താനും സാധ്യമായ അവസ്ഥയിലേക്കു നാം എത്തിയിരിക്കുന്നു. ഇവിടെ എഴുത്തോ പുസ്തകമോ ആകർഷകമായ മാധ്യമമല്ലെന്നും നാം മനസ്സിലാക്കുന്നു. അതിനാൽ പ്രേമവും സാഹിത്യവുമല്ലാതെ മറ്റൊന്നും ഞാൻ മോഹിച്ചിട്ടില്ല എന്ന് ഒരു എഴുത്തുകാരി കഴിഞ്ഞ നൂറ്റാണ്ടിൽ എഴുതിയത് ഇപ്പോൾ വായിക്കുമ്പോൾ എഴുത്തിനെയും പ്രേമത്തെയും കണക്റ്റ് ചെയ്യുന്ന ആ വിനിമയം എത്ര പേർക്കു കിട്ടുമെന്നത് അസ്വസ്ഥാജനകമായ ചോദ്യമാണ്. 

ഡിജിറ്റൽ ആവിഷ്കാരങ്ങളെ (വിഡിയോ, ആനിമേഷൻ, ചാറ്റ്, സമൂഹമാധ്യമ പോസ്റ്റ്, പലപോസിലുള്ള ചിത്രങ്ങൾ തുടങ്ങി എന്തും) വാമൊഴി പോലെ എഴുത്തുരഹിതമായ വിനിമയരൂപമായി പരിഗണിച്ചാലും അത് ഒരു പുസ്തകം, ദിനപത്രം, മാഗസിൻ എന്നിവയെക്കാളും ഹ്രസ്വമായ അനുരാഗമാണെന്ന് നാമറിയേണ്ടതുണ്ട്.അത് വേഗത്തിലെത്തുന്നു. അതേവേഗത്തിൽ മാഞ്ഞുപോകുകയും ചെയ്യുന്നു. നമ്മുടെ മുഖം പ്രതിബിംബമോ ഡിജിറ്റൽ നിഴലോ മാത്രമാകുന്നതുപോലെ, ഏറ്റവുമടുത്തതും ഹ്രസ്വവുമായ അനുഭവമായി നമ്മുടെ ദൃശ്യവിനിമയങ്ങളും അലിഞ്ഞുമായുന്നു.

Content Highlights: Ajay P Mangatt | Ezhuthumesha | Annie Ernaux | Sappho | Franz Kafka | The Trial | K.A. Jayashilan | Rumi | Fariduddin Attar | Narayanaguru | Literature 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com