ADVERTISEMENT

പ്രിയ സുഹൃത്തേ, 

ഗ്രോ വാസു ജയിലിൽ നിന്നും മോചിതനായിരിക്കുന്നു. തൊണ്ണൂറുവയസ്സ് കഴിഞ്ഞ ആ മനുഷ്യൻ കേരളീയരോട് സംസാരിക്കാൻ ശ്രമിച്ചതെന്തായിരുന്നു? പോലീസ് തൊപ്പികൊണ്ട് മൂടിവെക്കാൻ കഴിയാത്ത ആ സത്യത്തെക്കുറിച്ച് എപ്പോഴെങ്കിലും നമ്മൾ സംസാരിക്കുമോ?അതോ കാലങ്ങൾ കഴിഞ്ഞ് എല്ലാം സുരക്ഷിതമെന്ന് കരുതുന്ന നാളിലാവുമോ നമ്മുടെ നാവുകൾ ഭീരുത്വം വിട്ട് സംസാരിച്ച് തുടങ്ങുക? ഇങ്ങനെയല്ലാതെ ഈ കത്ത് തുടങ്ങാനാവുന്നില്ല. സി.ആർ.ഓമനക്കുട്ടൻ 1977-ൽ എഴുതിയ 'ശവംതീനികൾ' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് വായിച്ച് തീർന്നപ്പോൾ നീതിക്ക് വേണ്ടി ഈ പ്രായത്തിലും സധൈര്യം മുഷ്‌ടിചുരുട്ടി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന ഗ്രോവാസുവിന്റെ മുഖമാണ് ഓർമ വന്നത്.

grovasu
ഗ്രോ വാസു

വർഷങ്ങൾക്ക് മുൻപ്, അടിയന്തിരാവസ്ഥയിൽ കക്കയം ക്യാമ്പിൽ വെച്ച് ക്രൂരമായി പോലീസ് കൊല ചെയ്ത രാജനെ താങ്കൾ മറന്നിട്ടുണ്ടാവില്ല. 'സാത്വിക'നെന്ന വിശേഷണം നിർലജ്ജമായി ചുമന്ന സി അച്യുതമേനോന്റെയും കൃഷ്ണഭക്തനായ കെ.കരുണാകരന്റേയും കാലത്താണ് കോഴിക്കോട്ടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ രാജൻ അറസ്റ്റ് ചെയ്യപ്പെടുന്നത്. പോലീസ് ഭാഷ്യത്തിൽ അങ്ങനെയൊരാൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല! രാജന് പിന്നീട് എന്ത് സംഭവിച്ചു? രാഷ്ട്രീയ നേതൃത്വവും പോലീസ് ഉന്നതരും ആവർത്തിച്ച് നുണ പറഞ്ഞു, രാജൻ എന്ന വിദ്യാർത്ഥി കസ്റ്റഡിയിൽ ഇല്ല എന്ന്. പക്ഷേ,രാജന്റെ അച്ഛൻ പ്രൊഫ. ഈച്ചരവാരിയർ മകനെവിടെ എന്ന് തനിക്കറിയാവുന്നവരോടെല്ലാം ആവർത്തിച്ച് ചോദിച്ചു കൊണ്ടിരുന്നു. 'വാ അടയ്ക്കൂ,പണിയെടുക്കൂ'എന്ന ഭരണകൂട താക്കീത് നിലനിൽക്കുന്ന ആ കാലത്ത് ഈച്ചരവാരിയരുടെ അന്വേഷണം വിഫലമാവുകയായിരുന്നു. നിങ്ങളുടെ മകൻ ജീവിച്ചിരിക്കുന്നു എന്ന് എ.കെ ആന്റണി അദ്ദേഹത്തോട് പറയുന്നു. മകനെ അനേഷിച്ച് എത്തിയ ഈച്ചരവാരിയോട് സി.അച്യുതമേനോൻ ചോദിച്ചത് 'നിങ്ങളുടെ മകനെ അന്വേഷിച്ച് ഞാൻ സ്റ്റേറ്റിലെ പോലീസ് സ്റ്റേഷനെല്ലാം കയറി ഇറങ്ങണോ?' എന്നാണ്. ഈ 'സാത്വിക'കമ്മൂണിസ്റ്റിനെ സ്വന്തം വാരിയത്ത് ഒളിവിലിരുത്തിയ ഈച്ചരവാരിയരോടാണ് 'മഹാനായ' കമ്മ്യൂണിസ്റ്റിന്റെ രോഷം. ഇതുകൊണ്ടും കഴിഞ്ഞില്ല, ഇത്ര കൂടിപറഞ്ഞു അച്യുതമേനോൻ 'നിങ്ങളുടെ മകനെ അന്വേഷിക്കാൻ ഞാൻ തോർത്തും തോളിലിട്ടിറങ്ങാം'.

rajancase
രാജൻ

ഇതൊരു കെട്ടുകഥയല്ല. കെട്ടുകഥയിലെ ഭാവനാ സംഭാഷണവുമല്ല എഴുതിയത്. അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലത്ത് മകനെ അന്വേഷിച്ച് ഇറങ്ങിയ ഒരച്ഛനൊപ്പം കൂട്ടായി നിന്ന ഒരു യുവാവിന്റെ സാക്ഷ്യങ്ങളാണിത്. ആ യുവാവാണ് സി.ആർ .ഓമനക്കുട്ടൻ. പുതിയതലമുറയ്ക്ക് പരിചിതനായ സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദിന്റെ അച്ഛൻ. അന്ന് അദ്ദേഹം കോഴിക്കോട് മീഞ്ചന്ത കോളേജിൽ മലയാളം അധ്യാപകനായിരുന്നു. ഈച്ചരവാരിയർക്കൊപ്പമായിരുന്നു താമസം. ഇടയ്ക്ക് രാജൻ അച്ഛനെ കാണാൻ വരും. നന്നായി പഠിക്കുമായിരുന്നു, നന്നായി പാടുമായിരുന്നു രാജൻ. ഒരിക്കൽ രാജൻ മുറിയിൽ ഉണ്ടായിരുന്നപ്പോൾ ഒരു സ്നേഹിതന്റെ അപ്രതീക്ഷിത വരവിനെക്കുറിച്ച് സി.ആർ.ഓമനക്കുട്ടൻ എഴുതിയിട്ടുണ്ട്. ആ അതിഥിയുടെ പേര് സുഭാഷ് ചന്ദ്രബോസ്. കൊല്ലം എസ്.എൻ.കോളേജിൽ പഠിക്കുന്ന കാലം മുതൽക്ക് തുടങ്ങിയ സൗഹൃദമാണ് സി.ആറിന് ബോസുമായിട്ടുള്ളത്. കെ.എസ്.എഫിന്റെ ആദ്യത്തെ സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നീട്,നക്സൽബാരിയിലേക്ക് പോയി. കൽക്കത്തയിൽ നിന്നും തിരിച്ചെത്തിയ ശേഷം 'സ്ട്രീറ്റ് 'എന്ന രാഷ്ട്രീയ മാസിക തുടങ്ങി. കേരളത്തിൽ നക്സലൈറ്റുകൾ വേരുറപ്പിക്കുന്ന കാലമാണത്. സി. ആർ. ബോസിനെ രാജന് പരിചയപ്പെടുത്തി.കുറച്ച് കഴിഞ്ഞ് എല്ലാവരും മുറിവിട്ടിറങ്ങി. സി. ആറും ഈച്ചരവാരിയരും കോളേജിലേക്ക് നടന്നു. നടന്നൽപ്പം കഴിഞ്ഞ് സി.ആർ.തിരിഞ്ഞ് നോക്കി. ആ സന്ദർഭം അദ്ദേഹം എഴുതുന്നു: ബോസും രാജനും ചിരപരിചിതരായി ഉറ്റ സഖാക്കളായി ചിരിച്ചുല്ലസിച്ച് വർത്തമാനം പറഞ്ഞു നിൽക്കുന്നു (അവർ മുമ്പേ തന്നെ പരിചയക്കാരായിരുന്നോ? സഖാക്കളാണോ? ഒന്നിച്ചാണോ രാവിലെ വന്നത്? ഈ ചോദ്യങ്ങൾ ഇന്നും ഞാൻ സ്വയം ചോദിക്കുന്നു) 

EACHARA WARRIER
പ്രൊഫ. ഈച്ചരവാരിയർ

എന്തായിരുന്നു രാജൻ കേസ്? എങ്ങനെ അത് സംഭവിച്ചു? അന്നത്തെ രാഷ്ട്രീയ നേതാക്കളുടെ നിലപാട് എന്തായിരുന്നു? ഇതെല്ലാം ഇത്രയേറെ സൂക്ഷ്മതയോടെ വിവരിക്കപ്പെട്ടിരിക്കുന്ന ആത്മകഥാപരമായ മറ്റൊരു പുസ്തകമില്ല. അടിയന്തിരാവസ്ഥയ്ക്ക് ശേഷം പി.ഗോവിന്ദപ്പിള്ളയുടെ നിർബന്ധപ്രകാരമാണ് സി.ആർ. ഈ പരമ്പര ദേശാഭിമാനി പത്രത്തിൽ എഴുതുന്നത്. 1976 - മാർച്ച് ഒന്ന് വെളുപ്പിനെയാണ് രണ്ട് വണ്ടി പോലീസ് എഞ്ചിനീയറിംഗ് കോളേജിൽ എത്തിയത്. അവർക്ക് വേണ്ടിയിരുന്നത് രാജനേയും ചാലിയെയും മുരളി (മുരളി കണ്ണമ്പള്ളി)യെയും ഷംസുദീനെയുമായിരുന്നു.ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീധരന്റെ നേതൃത്വത്തിൽ ആയിരുന്നു പോലീസുകാർ എത്തിയത്.രാജനെയും ജോസഫ് ചാലിയെയും പോലീസ് വണ്ടിയിലേക്ക് എറിഞ്ഞു.പിന്നെ ക്രൂര മർദ്ദനം. കായണ്ണയിലെ പോലീസ് അക്രമത്തിൽ ഇവർക്ക് പങ്കുണ്ടത്രേ! (തലേന്ന് ഫറൂഖിൽ നടന്ന യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ രാജനും കൂട്ടുകാരും കളിച്ച നാടകമായിരുന്നു 'ശവംതീനികൾ.’) രാജനേയും ചാലിയേയും നഗ്നരായി ഉരുട്ടി. രാജൻ കൊല്ലപ്പെട്ടു. ആ ജഡം എന്തു ചെയ്തു എന്ന് ഇന്നും ആർക്കുമറിയില്ല. ജയിലിൽ നിന്ന് പുറത്തു വന്ന ചാലിയാണ് ലോകത്തോട് പറഞ്ഞത് രാജൻ കൊലയ്യപ്പെട്ടു എന്ന്. രാജൻ ചെയ്ത തെറ്റെന്തായിരുന്നു? അതിനുള്ള ഉത്തരം ജയറാം പടിക്കലിനോ കെ.കരുണാകരനോ പുലിക്കോടനോ നൽകാനായില്ല.

ചെറുഖണ്ഡങ്ങളായാണ് ഈ പുസ്തകത്തിന്റെ ഘടന. ഒരേസമയം റിപ്പോർട്ടിംഗും അതേ സമയം ശൈലിയിൽ ഫിക്ഷന്റെ രചനാ സ്വഭാവവും ഇട കലർത്തിയുള്ള ആഖ്യാനമാണ് സി.ആർ. ഇതിൽ സ്വീകരിച്ചിട്ടുള്ളത്. മലയാളത്തിൽ അതുവരെ റിപ്പോർട്ടിംഗിൽ ആരും സ്വീകരിക്കാത്ത ഈ ആഖ്യാന സ്വഭാവമാണ് 'ശവംതീനികളു'ടെ മൗലികത. അതുമാത്രമല്ല,വൈകാരികമായ ക്ഷോഭം ഈ ചെറുകൃതിയുടെ ഉള്ളിലൂടെ കടന്നു പോവുന്ന ഏതൊരാളിലേക്കും സംക്രമിക്കും. സ്വയം ഭീരുവായി തന്നെത്തന്നെ കാണുന്ന ഒരാൾ വാക്കുകളിലേക്ക് പടർത്തിയ അന്ത:സംഘർഷങ്ങൾ അദ്ദേഹത്തിന്റെ മാത്രമായിരുന്നില്ല. അത് ഈച്ചരവാരിയർ എന്ന നിസ്സഹായനായ ഒരച്ഛന്റെ കൂടിയായിരുന്നു.

Prof. C R Omanakuttan (writer)  at  C M S College Kottayam
സി.ആർ .ഓമനക്കുട്ടൻ

സി.ആർ.സ്വയം ഭീരുവെന്ന് വിശേഷിപ്പിക്കുന്നുവെങ്കിലും അദ്ദേഹം ഭീരുവായിരുന്നില്ല. അടിയന്തിരാവസ്ഥയിൽ (അടിഇന്ദിരാവസ്ഥ എന്ന പ്രയോഗം ഇതിലുണ്ട്. ഇത് വായിക്കാത്ത കാലത്ത് കഥയിൽ അങ്ങനെ ഉപയോഗിച്ചിട്ടുണ്ട്. ഈ പ്രയോഗം അതിനും മുന്നേ സി.ആർ ഉപയോഗിച്ചിരിക്കുന്നു!) ഈച്ചരവാരിയയുടെ അന്വേഷണങ്ങൾക്കൊപ്പം നിൽക്കാൻ കുറച്ചുപേർ മാത്രമാണ് തയ്യാറായത്. സി.ആർ.അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചു. ആ നിസ്സഹായനായ മനുഷ്യന് കൂട്ടായിട്ട്. കൂടെ നിൽക്കുക എന്നതിനോളം വലിയ രാഷ്ട്രീയ തീരുമാനം മറ്റെന്തുണ്ട്? ഈച്ചരവാരിയരെ ഒഴിവാക്കി നടക്കുകയാണ് സുരക്ഷിതമെന്ന് അദ്ദേഹത്തിന്റെ പരിചയക്കാർക്ക് അറിയാമായിരുന്നു. ഈച്ചരവാരിയർക്ക് ഒപ്പമുള്ള വേദനിപ്പിക്കുന്ന യാത്രയിൽ കണ്ടതും കേട്ടതുമായ അനുഭവങ്ങളാണ് സി.ആർ.എഴുതിയിരിക്കുന്നത്. 

നിലമ്പൂർ കാടുകളിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വയനാട്ടിൽ ജലീൽ കൊല്ലപ്പെട്ടു. ഇവിടെയാണ് ഏഴ് വർഷം ഏകാന്ത തടവ് അനുഭവിച്ച ഗ്രോ വാസുവെന്ന മനുഷ്യൻ ഉച്ചത്തിൽ നീതിയെക്കുറിച്ച് സംസാരിക്കുന്നത്. ഒരഭിമുഖത്തിൽ, ഗ്രോ വാസു തന്നോടൊപ്പം ഇത്രയും വരെ വന്ന കുറച്ച് മനുഷ്യരെക്കുറിച്ച് നന്ദിയോടെ ഓർക്കുന്നുണ്ട്: 'അവർ എന്നോടൊപ്പം ഇതുവരെയും വന്നല്ലോ. അതെത്ര വലിയ കാര്യമാണ്.' സി.ആർ.ഓമനക്കുട്ടൻ ഈച്ചരവാരിയർക്കൊപ്പം നിന്നതു പോലെയാണ് ഇന്ന് ആ മനുഷ്യർ ഗ്രോ വാസുവിനൊപ്പം നിൽക്കുന്നത്. ഈച്ചരവാരിയരും ഗ്രോ വാസുവും നീതിയെക്കുറിച്ചാണ് സംസാരിച്ചത്. ഒരാൾ അടിയന്തിരാവസ്ഥയിൽ സംസാരിച്ചു. മറ്റൊരാൾ അടിയന്തിരാവസ്ഥ ഇല്ല എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് നിന്ന് സംസാരിക്കുന്നു.

Cartoon - Sketch - Rajan Case - Naxal - Police Camp - Kakkayam - By - Baby Gopal - 2006 June
കക്കയം ക്യാമ്പ് , വര - ബേബി ഗോപാൽ

സുഹൃത്തേ, ഈ കത്തിൽ അതിവൈകാരികതയുണ്ടാവാം.ക്ഷമിക്കുക. ഈച്ചരവാരിയർ എന്ന അച്ഛനും സമനില നഷ്ടമായ രാജന്റെ അമ്മയുമെല്ലാം ഉള്ളിലേക്ക് ഇരച്ചെത്തുമ്പോൾ യുക്തിയുടെ ഭാഷ കൈമോശം വന്നു പോവുന്നു. രാജൻ പൊതുവാളിന്റെ പ്രശസ്തമായ ആ ഫോട്ടോഗ്രാഫ് ഓർമയില്ലേ? കോടതി വരാന്തയിൽ സിഗരറ്റ് പുകച്ച് നിൽക്കുന്ന പുലിക്കോടൻ നാരായണന്റെ? അത്രത്തോളം അശ്ലീലമായിരുന്നു ആ കാലം. ഇന്നും ആ അശ്ലീലം തുടരുന്നു എന്നത് എത്ര വേദനാജനകമാണ്. മാവോയിസ്റ്റുകളോട് നമുക്ക് രാഷ്ട്രീയമായി വിയോജിപ്പുണ്ടാവാം. കോടതിയും നിയമങ്ങളും ഉള്ള ഈ നാട്ടിൽ അവരെ കൊല്ലുകയാണോ ചെയ്യേണ്ടത്? കക്കാടിന്റെ കവിതയിലെ ഈ വരികൾ എഴുതി ഈ കത്ത് അവസാനിപ്പിക്കട്ടെ: 

പടിക്കലുണ്ടൊരു പട്ടി 

അളിഞ്ഞുനാറുന്ന പട്ടി (പട്ടിപ്പാട്ട്) 

സ്നേഹപൂർവ്വം 

UiR

Content Highlights:  Unni R | Book Bum | Malayalam Literature | Rajan Case