ADVERTISEMENT

ചിലിയൻ നോവലിസ്റ്റായ ബെൻഹമിൻ ലബാതൂത്തിന്റെ When We Cease to Understand the World എന്ന നോവലിനെപ്പറ്റി 2021-ൽ ഈ കോളത്തിൽ എഴുതിയിരുന്നു. മഹാപ്രതിഭകളായ ശാസ്ത്രജ്ഞരുടെ അന്വേഷണങ്ങൾ വിനാശകരമായ കണ്ടുപിടിത്തങ്ങളിൽ അവസാനിക്കുന്നതിനെപ്പറ്റി The Maniac എന്ന പുതിയ നോവലിലും ലബാതൂത് എഴുതുന്നു. ഒരു രീതിയിൽ ഇത് ആദ്യ നോവലിന്റെ തുടർച്ചയാണ്. When We Cease to Understand the World ൽ ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ഒന്നാം ലോകയുദ്ധത്തിൽ ഭയാനകമായ ആയുധങ്ങളായി പരിവർത്തനം ചെയ്തു മനുഷ്യരെ കൊന്നൊടുക്കിയതാണു വിവരിച്ചത്. 'ദ് മാനിയക്കിൽ', ശാസ്ത്രം പിന്നെയും രൗദ്രപൂർണമാകുന്നു. ഫാഷിസവും ആണവബോംബും ഭയാനകമാക്കിയ രണ്ടാംലോക യുദ്ധകാലത്തിനുശേഷവും സർവാധികാരത്തിന്റെ ഉപകരണമായി ശാസ്ത്രീയാന്വേഷണങ്ങൾ വികസിക്കുന്നു. അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ചെന്നുനിൽക്കുന്നു.

BenjaminLabatut
ബെൻഹമിൻ ലബാതൂത്ത്, Image Credit: Julieta Labatut

നോവൽ സംബന്ധിച്ച സമ്പ്രദായികസങ്കൽപങ്ങൾ കൊണ്ടുനടക്കുന്നവർക്ക് ലബാതൂത് എന്താണ് എഴുതുന്നത്, ഫിക്ഷനോ ചരിത്രമോ ജീവചരിത്രമോ, എന്ന സംശയം തോന്നാം. ഈ നോവലിലെ കഥാപാത്രങ്ങളെല്ലാം യഥാർഥത്തിലുണ്ടായിരുന്നവർ തന്നെ, ഇതിൽ വിവരിക്കുന്ന സംഭവങ്ങളും ഉണ്ടായതുതന്നെ. അപ്പോൾ ഇതിൽ ഫിക്ഷൻ എവിടെയെന്നു ചോദിച്ചാൽ, അത് എളുപ്പം തരംതിരിച്ചെടുക്കാനാവില്ല. ഇതിഹാസത്തിലെയോ ചരിത്രത്തിലെയോ ചില മൗനങ്ങളെ, നിഗൂഢതകളെ ഭാവനകൊണ്ടു പൂരിപ്പിക്കാനുള്ള ശ്രമങ്ങൾ നോവലുകൾ നടത്താറുണ്ട്. ഇവിടെ അങ്ങനെയൊന്നുമില്ല. ഏതെങ്കിലും മൗനങ്ങളിൽനിന്ന് കഥ കൊണ്ടുവരുന്ന സമ്പ്രദായത്തിലേക്കു ലബാതൂത് പോകുന്നില്ല. പകരം വളരെ ട്രാജിക് ആയ, ദുരന്തമൂർത്തികളായ മഹാപ്രതിഭകളുടെ ജീവിതങ്ങളിലൂടെ മനുഷ്യാവസ്ഥയിലെ തമോഗർത്തത്തിന്റെ വക്കിൽ വായനക്കാരെ എത്തിക്കുകയാണു ചെയ്യുന്നതെന്നു പറയാം. സെബാൾഡ് രണ്ടാംലോക യുദ്ധകാലത്തെ ജൂതാനുഭവങ്ങളെ ഡോക്യുമെന്റ് ചെയ്ത ഫിക്ഷനിലെ രീതിയുടെ മറ്റൊരു രൂപമാണിതെന്നും നമുക്കു മനസ്സിലാകുന്നു. സെബാൾഡ് സാധാരണ മനുഷ്യരിലൂടെ ചരിത്രസാഹചര്യങ്ങളിലെ ദുരന്തവും വിഷാദവും ഏകാന്തതയുമാണു എഴുതിയതെങ്കിൽ, ലബാതൂത്തിൽ മനുഷ്യനിലെ മഹാജ്ഞാനത്തിന്റെ പ്രകാശം മഹാന്ധകാരമായി പരിവർത്തനം ചെയ്യുന്നതിനെ ഒരു വസ്തുതാവിവരണം പോലെ നാം വായിക്കുന്നത്. 

WhenWeCeasetoUnderstandtheWorld-labatut

ജീവചരിത്രസ്വഭാവമുള്ള ആഖ്യാനസന്ദർഭങ്ങളാണു ലബാതൂത്തിന്റെ ലോകം. നോവലിലൂടെ മാത്രം സാധ്യമാകുന്ന ഒരു വൈകാരികതലത്തിലേക്ക് അവിടെ ചരിത്രവും മനുഷ്യരും മാറുകയും ചെയ്യുന്നു. ഹംഗേറിയൻ-യുഎസ് ശാസ്ത്രജ്ഞനായിരുന്ന ജോൺ വോൻ ന്യൂമാന്റെ അതിശയകരമെന്നു വിശേഷിപ്പിക്കപ്പെട്ട  ജീവിതത്തെ കേന്ദ്രമാക്കിയാണ് ഈ ആഖ്യാനം വികസിക്കുന്നത്. പ്രപഞ്ചത്തിന്റെ അർത്ഥം കണ്ടെത്താനുമുള്ള അന്വേഷണം വ്യവസ്ഥാപിതമായ രീതിശാസ്ത്രങ്ങൾക്കു പുറത്തേക്കു സഞ്ചരിച്ചതോടെ ചിന്താസത്വങ്ങളാൽ വേട്ടയാടപ്പെട്ടും ശാസ്ത്രസമൂഹത്തിൽനിന്നു ബഹിഷ്കൃതരായും ഭ്രാന്തിലോ മരണത്തിലോ അവസാനിച്ചവരെയും നാം ഇവിടെ വായിക്കുന്നു. നാത്‌സിജർമനിയും രണ്ടാംലോകയുദ്ധവും ഇതിന്റെ പശ്ചാത്തലമായും വരുന്നതോടെ ലോകചരിത്രത്തിലെ ഏറ്റവും ഹീനമായ വർഷങ്ങളിൽ, ചില മനുഷ്യർ പ്രപഞ്ചത്തെ വ്യാഖ്യാനിക്കാനായി ശ്രമിക്കുകയും ആ വ്യാഖ്യാനത്തിലൂടെ അവർ നടത്തിയ കണ്ടുപിടിത്തങ്ങൾ മാനവരാശിയുടെ ഗതി മാറ്റുകയും ചെയ്തത് എങ്ങനെയെന്നും നാം കാണുന്നു.

ജർമനിയിൽ ഹിറ്റ്ലർ 1933ൽ അധികാരത്തിലേറിയതിനു പിന്നാലെ ഭിന്നശേഷിക്കാരനായ മകൻ വാസിലിയെ വെടിവച്ചശേഷം ജീവനൊടുക്കുന്ന ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനായ പോൾ ഇറെൻഫെസ്റ്റിന്റെ ജീവിതം പറഞ്ഞാണു നോവൽ ആരംഭിക്കുന്നത്. ഐൻസ്റ്റീൻ സ്വന്തം സഹോദരനെപ്പോലെയാണു പോളിനെ കണ്ടിരുന്നത്. പോളിന്റെ മകൻ വാസിലിയോട് ഐൻസ്റ്റീന് സവിശേഷമായ വാൽസല്യവുമുണ്ടായിരുന്നു. എന്നാൽ ക്വാണ്ടം ഫിസിക്സിന്റെ വികാസത്തോടെ ദാർശനികമായ ശൂന്യതയിലേക്കു ചെന്നുപെട്ട പോൾ, തനിക്ക് ശാസ്ത്രത്തിൽ ഇനിയൊന്നും ചെയ്യാനില്ലെന്നു വിശ്വസിച്ചു. ജൂതനായ തനിക്കും ഭിന്നശേഷിക്കാരനായ മകനും നാത്‌സിജർമനിയിൽ അതിജീവിക്കാനാവില്ലെന്ന ഭീതിയും അദ്ദേഹത്തെ വോട്ടയാടി. (ജനിതകവൈകല്യമുള്ളവരെയും മാനസ്സികവെല്ലുവിളികൾ നേരിടുന്നവരെയുമാണു നാത്‌സികൾ ആദ്യം കൂട്ടക്കൊല ചെയ്തതെന്നു പിന്നീടു നാം കണ്ടു.)

labatut-maniac

പൈശാചികമായ യുക്തിരാഹിത്യത്തിന്റെ ഗർത്തിലേക്ക് മനുഷ്യർ സ്വന്തം യുക്തിചിന്തയിലൂടെ വീണുപോകുമെന്ന പോൾ ഇറെൻഫെസ്റ്റിന്റെ വിഷാദം, പക്ഷേ ഹംഗേറിയൻ ശാസ്ത്രജ്ഞനായ ജോൺ ന്യൂമാനെ ബാധിച്ചില്ല. അദ്ദേഹം ലോജിക്കിൽ അഭിരമിച്ചു. ഫാഷിസം യൂറോപ്പിൽ പിടിമുറുക്കിയതോടെ ഐൻസ്റ്റീൻ അടക്കമുള്ള ശാസ്ത്രജ്ഞർക്കൊപ്പം അദ്ദേഹം യുഎസിലേക്കു കുടിയേറി. യുഎസ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. 

ക്വാണ്ടം ഫിസിക്സിന് ഗണിതശാസ്ത്ര അടിത്തറ നൽകിയ ഗെയിം തീയറിയുടെ സൃഷ്ടാവായ ന്യൂമാനെ മഹാപ്രതിഭയായിരുന്നു. ശാസ്ത്രലോകം മാത്രമല്ല ഭരണകൂടവും അദ്ദേഹത്തെ അദ്ഭുതത്തോടെ കണ്ടു. ഡിഎൻഎ ശാസ്ത്രലോകം കണ്ടുപിടിക്കുന്നതിനു 2 ദശാബ്ദം മുൻപേ അദ്ദേഹം അതിനെ നിർവചിച്ചു. ആർഎൻഎയുമായി ഡിഎൻഎയുമായി വിനിമയം കൃത്യമായി ചിത്രീകരിക്കുകയും ചെയ്തു. കംപ്യൂട്ടർശ്രംഖല രൂപകൽപന ചെയ്ത ന്യൂമാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മഹാസാധ്യത വിഭാവന ചെയ്തു. യന്ത്രത്തിന് അതിന്റെ വികാസപാതയിൽ, ഒരിക്കൽ ഒരു മ്യൂട്ടേഷനിലൂടെ സ്വന്തം ചിന്തിക്കാനുള്ള ശേഷി നേടുമെന്നും അങ്ങനെ തനിയെ സ്വന്തം കോപി ഉണ്ടാക്കുമെന്നും അദ്ദേഹം സങ്കൽപിച്ചു. മനുഷ്യരെപ്പോലെ സ്വയം തീരുമാനമെടുക്കുകയും സ്വന്തം ലോജിക് ഉപയോഗിക്കുകയും ചെയ്യുന്ന ഒരു മെഷിൻ. യന്ത്രകോശങ്ങളുടെ സ്വയം പെറ്റുപെരുകൽ പ്രപഞ്ചത്തിന്റെ അർഥം കണ്ടെത്തുന്നതിലേക്കും മനുഷ്യപരിണാമത്തിലേക്കു പുതിയ യുഗത്തിലേക്കും നമ്മെ എത്തിക്കുമെന്നും ന്യൂമാൻ വിശ്വസിച്ചു. അതുമായി ബന്ധപ്പെട്ട ഗണിതതത്വങ്ങളെ വിഭാവന ചെയ്തു. 

PaulEhrenfest
പോൾ ഇറെൻഫെസ്റ്റ്, Image Credit: Austrian Central Library for Physics

ന്യൂമാന്റെ രണ്ടു ഭാര്യമാരുടെയും മകളുടെയും സഹപ്രവർത്തകരായ ശാസ്ത്രജ്ഞരുടെയും വിവരണത്തിലൂടെയാണു വൈരുദ്ധ്യം നിറഞ്ഞ, അദ്ഭുതങ്ങളും ദുരന്തങ്ങളും നിറഞ്ഞ ഒരു കാലം ഈ നോവലിലൂടെ നാം വായിക്കുന്നത്. മഹാശാസ്ത്രപ്രതിഭയായിരുന്നിട്ടും സഹാനുഭൂതി എന്ന ഗുണം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അടങ്ങാത്ത ധിഷണയുടെ പ്രയാണം ന്യൂമാനിൽ സർവാധികാരതൃഷ്ണകളുണ്ടാക്കി. രണ്ടാംലോക യുദ്ധകാലത്ത് ആണവബോംബുണ്ടാക്കാനുള്ള മൻഹാറ്റൻ പ്രൊജക്ടിൽ ന്യൂമാൻ അംഗമായിരുന്നു. രണ്ടു ജപ്പാൻ നഗരങ്ങളിൽ ബോംബിടാൻ യുഎസ് സൈന്യം തീരുമാനിച്ചപ്പോൾ, ആണവബോംബ് അന്തരീഷത്തിൽ വച്ചുതന്നെ പൊട്ടണമെന്ന മാർഗനിർദേശം നൽകിയതു ന്യൂമാനായിരുന്നു. അങ്ങനെ ചെയ്താൽ സ്ഫോടനത്തിന്റെ ഫലമായ അഗ്നിപ്രവാഹത്തിന്റെ വ്യാപ്തി കൂടുകയും പരമാവധി നാശമുണ്ടാകുകയും ചെയ്യും. ന്യൂമാൻ നിർദേശിച്ചതുപ്രകാരം നാഗസാക്കിയിലും ഹിരോഷിമയിലും 2000 അടി ഉയരത്തിലാണു ബോംബ് പൊട്ടിയത്. ശീതയുദ്ധകാലത്തു യുഎസ് സേനയുടെ അതീവരഹസ്യ ആയുധപദ്ധതികളിൽ ന്യൂമാൻ പങ്കാളിയായി. സോവിയറ്റ് റഷ്യക്കുമേൽ മേധാവിത്വം നേടാനും ശീതയുദ്ധം അവസാനിപ്പിക്കാനുമായി അവർക്കെതിരെ ആദ്യം ആണവബോംബ് പ്രയോഗിക്കണമെന്ന വാദം ന്യൂമാൻ ഉയർത്തി. ഹൈഡ്രജൻ ബോംബിന്റെ വികാസത്തിനായി ന്യൂമാൻ തന്റെ മുഴുവൻ കർമബലവും ഉപയോഗിച്ചു. ചുഴലിക്കാറ്റ് പോലെയുള്ള കാലാവസ്ഥ പ്രതിഭാസങ്ങളെ ശത്രുക്കൾക്കെതിരെ തിരിച്ചുവിടുന്ന ഭ്രാന്തൻ ആശയങ്ങളും ന്യൂമാൻ മുന്നോട്ടുവച്ചു. യുഎസ് തീരത്തേക്കു വരുന്ന ഒരു വലിയ ചുഴലിക്കാറ്റിനെ അണ്വായുധം ഉപയോഗിച്ചു ഗതിമാറ്റി ശത്രുദിശയിലേക്കു ഗതിമാറ്റുന്നതായിരുന്നു അത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രതിരോധവും ന്യൂമാന്റെ ആശയമായിരുന്നു.

JohnVonNeumann
ന്യൂമാൻ, Image Credit: Getty Images

പ്രിൻസ്റ്റൺ സർവകലാശാലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 1950 ൽ ന്യൂമാൻ സ്ഥാപിച്ച കംപ്യട്ടർ ശൃംഖലയുടെ ചുരുക്കപ്പേരാണ് MANIAC (Mathematical Analyzer Numerical Integrator and Computer). നീതിരഹിതമായ അധികാരശക്തിയായി സ്വയം മാറുന്നതിൽ ന്യൂമാൻ ആഹ്ലാദിച്ചിരുന്നു. അമാനുഷികമായ ആ തലച്ചോറിനു പക്ഷേ മൃദുവികാരങ്ങളോ ദയാവായ്പോ അറിയാനായില്ല. ന്യൂമാന്റെ ഭാര്യമാരും മകളും നൽകുന്ന വിവരണങ്ങളിൽ നാം കാണുന്ന മഹാശാസ്ത്രജ്ഞന്റെ ആത്മീയശൂന്യതയും മാനുഷികതകർച്ചയും നമ്മെ ഭയപ്പെടുത്തും. മൻഹാറ്റൻ പ്രൊജക്റ്റിന്റെ കാലത്ത് ആണവവികിരണമേറ്റതുമൂലം അൻപത്തിമൂന്നാം വയസ്സിൽ അർബുദം ബാധിച്ചു കഠിനയാതനയിലാണ് ന്യൂമാൻ മരിക്കുന്നത്. അടുത്തെത്തിയ മരണം അയാളെ ഭയപ്പെടുത്തി. തനിക്കു കുറച്ചുകൂടി സമയം വേണമെന്നു വിലപിച്ചു. ചിന്തിക്കാതിരിക്കാനാവാത്ത ആ തലച്ചോറ് അർബുദത്തിന്റെ മഹാവേദനയിലും നിരന്തരം പുതിയ കണ്ടെത്തലുകൾ നടത്തുകയും അതു രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. 

തന്നോടു തരിമ്പും ബഹുമാനം കാണിക്കാത്ത ഈ മനുഷ്യൻ അപാരമായ ബുദ്ധിശാലിയാണെങ്കിലും താൻ കൂടെയില്ലെങ്കിൽ പട്ടിണി കിടന്നു മരിച്ചുപോകുമെന്ന് ഒരിടത്ത് ന്യൂമാന്റെ ഭാര്യ പറയുന്നുണ്ട്. ന്യൂമാനു സ്വന്തം ടൈ കെട്ടാൻ പോലും അറിയില്ലായിരുന്നു. ഭാര്യ ഗർഭിണിയായിരിക്കേ, ഭാരപ്പെട്ട ഗാരിജ് ഡോർ തുറന്നുകൊടുക്കാൻ അവർ കേണപേക്ഷിച്ചിട്ടും ന്യൂമാൻ വഴങ്ങിയില്ല. ആ സമയം തനിക്കു നഷ്ടപ്പെടുത്താനില്ലെന്നായിരുന്നു ന്യൂമാന്റെ നിലപാട്. ഒടുവിൽ ഗാരിജ്ഡോർ അവർ തന്നെ പണിപ്പെട്ടു തുറന്നു. ആയാസപ്പെട്ട ആ പ്രവൃത്തിയുടെ ഫലമായാണു തന്റെ ഗർഭം അലസിപ്പോയതെന്നു ന്യൂമാന്റെ ഭാര്യ തന്റെ അപ്രകാശിത ആത്മകഥയിൽ എഴുതി. മഹാശാസ്ത്രജ്ഞനൊടൊപ്പമുള്ള പ്രിൻസ്റ്റണിലെ ജീവിതം അവർക്ക് ഏകാന്തതയും യാതനയും മാത്രമാണു നൽകിയത്. ആൽക്കഹോളിക് ആയിരുന്ന അവർ, ന്യൂമാൻ  മരിച്ച് അഞ്ചുവർഷത്തിനകം ആത്മഹത്യ ചെയ്തു.

AlbertEinstein
ഐൻസ്റ്റീൻ, Image Credit: Popperfoto via Getty Images

മെഷിനുകൾ ചിന്ത ആർജിക്കുന്നതു സംബന്ധിച്ചുള്ള വിചാരങ്ങൾ മരണംവരെയും ന്യൂമാനെ പിന്തുടർന്നു. അയാൾ ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല. അവസാനകാലത്തു പക്ഷേ കത്തോലിക്ക പുരോഹിതരുമായി ദീർഘനേരം സംസാരിച്ചു. മരണം നീട്ടിക്കൊണ്ടുപോകാനുള്ള ചില മന്ത്രത്തകിടുകൾ ജപിച്ചുകെട്ടി. Gods are a biological necessity എന്നു സഹപ്രവർത്തകനോടു പറഞ്ഞു. നിരപരാധികളായ റഷ്യൻജനതയ്ക്കുമേൽ ആറ്റം ബോംബിടണമെന്നു ചിന്തിക്കാൻ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ എങ്ങനെ കഴിഞ്ഞുവെന്ന് രോഗക്കിടക്കയിൽ ന്യൂമാനോട് ഭാര്യ ചോദിക്കുന്നു. അത് സാഹചര്യം വേറെയാണെന്നായിരുന്നു അയാളുടെ മറുപടി. യന്ത്രങ്ങൾക്കു സ്വന്തം തലച്ചോറും സ്വയം ചിന്താശേഷിയുമുണ്ടാക്കാനാവുമെന്ന ചിന്തിക്കുന്നതിലെ യുക്തിയെന്നാണെന്ന സഹപ്രവർത്തകൻ ആരാഞ്ഞപ്പോൾ ന്യൂമാന്റെ പ്രതികരണം വിചിത്രമായിരുന്നു - ദൈവങ്ങളെ ഉണ്ടാക്കിയതു ഗുഹാമനുഷ്യനാണ്. നമ്മൾക്കും അതുതന്നെ ചെയ്തുനോക്കാമല്ലോ..

ന്യൂമാൻ ഭാവന ചെയ്തതുപോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യാഥാർഥമായി മനുഷ്യനെ തോൽപിച്ച കഥയാണ് നോവലിന്റെ അവസാന ഭാഗത്തുള്ളത്. മനുഷ്യർ കണ്ടുപിടിച്ച ഏറ്റവും സങ്കീർണമായ കളിയായ ഗോ ഗെയിമിൽ ചാംപ്യനായ സൗത്ത് കൊറിയൻ താരം ലീ സിഡോൾ തന്റെ മഹാവിജയങ്ങളുടെ നെറുകയിൽ വച്ച് 1990കളിൽ ഒരു യന്ത്രവുമായി കളിച്ചു ദയനീയമായി തോറ്റു. ഡീപ്മൈൻഡ് എന്ന ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ഗവേഷകർ ഡിസൈൻ ചെയ്ത ആൽഫഗോ എന്ന എഐയാണ് ലീ സിഡോളിനെ അഞ്ചുറൌണ്ട് ഗെയിൽ നാലിലും പരാജയപ്പെടുത്തിയത്. ഒന്നരലക്ഷത്തിലേറെ ഗോ ഗെയിം കളികളുടെ ഡേറ്റാബേസാണ് ആൽഫാഗോയിൽ പ്രവർത്തിച്ചിരുന്നത്. ഇതിനുപിന്നാലെ തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ ലീ കളിയിൽനിന്നു വിരമിക്കുകയും ചെയ്തു. 

Content Highlights: Benjamin Labatut | John Von Neumann | Paul Ehrenfest | Albert Einstein

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com