ADVERTISEMENT

14–ാം വയസ്സിൽ അമ്മയ്ക്കൊപ്പം റെക്കോർഡിങ് സ്റ്റുഡിയോയിൽ എത്തുമ്പോൾ സ്വന്തം ശബ്ദത്തെക്കുറിച്ച് ബാർബറയ്ക്ക് ഒരു ധാരണയുമില്ലായിരുന്നു. 

എന്റെ തൊണ്ടയിൽ നിന്ന് എന്തോ പുറത്തുവന്നു. അതെന്നെ അദ്ഭുതസ്തബ്ധയാക്കി...

ബാർബറയെ അദ്ഭുതപ്പെടുത്തിയ, അന്ന് ബ്രൂക്‌ലിൻ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നവരെ ആഹ്ലാദിപ്പിച്ച ശബ്ദം ആറു പതിറ്റാണ്ട് തുടർച്ചയായി അമേരിക്കയുടെ ഈണവും താളവുമായി. ലോക സംഗീത പ്രണയികൾ ഏറ്റവും ഇഷ്ടപ്പെടുന്ന സ്വരധാരയായി.

പീപ്പിൾ, ദ് വേ വീ വേർ, ഗിൽറ്റി, ബ്രോഡ്‌വേ ആൽബം, എവർഗ്രീൻ, യു ഡോണ്ട് ബ്രിങ് മീ ഫ്ലവേഴ്സ്, നോ മോർ ടിയേഴ്സ്... പാടിയിട്ടും പാടിയിട്ടും മതിവരാത്ത പാട്ടുകളുടെ പാലാഴി. പാടിയും പാട്ടെഴുതിയും അഭിനയിച്ചും ഹോളിവുഡിൽ വിജയകരമായി ഭാഗ്യം പരീക്ഷിച്ചും കടന്നുപോയ 60 വർഷങ്ങൾ.... പശ്ചാത്തലത്തിൽ ബാർബറ പാടുമ്പോൾ ഇനി കണ്ണടച്ചിരിക്കേണ്ട. സ്നേഹ വർഷങ്ങളെക്കുറിച്ചു ധ്യാനിക്കേണ്ടതില്ല. നഷ്ട വർഷങ്ങൾക്കു കണ്ണീർ ഹോമിക്കേണ്ടതില്ല. കണ്ണുതുറന്നു വായിക്കാം... മൈ നെയിം ഈസ് ബാർബറ. ഇതാണെന്റെ പേര്... 1000 പേജ് നീളുന്ന ആത്മകഥ. 

LOS ANGELES, CA - AUGUST 02:  (EDITORS NOTE: This image has been retouched.)  Barbra Streisand performs onstage during the tour opener for "Barbra - The Music... The Mem'ries... The Magic!" at Staples Center on August 2, 2016 in Los Angeles, California.  (Photo by Kevin Mazur/Getty Images for BSB )
ബാർബറ സ്ട്രെയ്സാൻഡ്, Photo Credit: KEVIN MAZUR-GETTY IMAGES

ഒരു ജീവിതത്തിൽ ലഭിക്കാവുന്നതിലുമധികം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ബാർബറ സ്ട്രെയ്സാൻഡ് എന്ന താരം. രണ്ട് ഓസ്കർ, എമ്മി, ഗോൾഡൻ ഗ്ലോബ്... പട്ടിക നീളുന്നു. പാട്ടിനെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചുമുള്ള നിറം പിടിപ്പിച്ച കഥകൾക്ക് അവസാനവുമില്ല. തന്റെ സംഗീത പരിപാടിക്ക് ഭീഷണിയായെത്തിയ മഴ മേഘങ്ങളെ ഒരൊറ്റ ആജ്ഞയാൽ തിരിച്ചോടിച്ച അതേ ബാർബറ, ഓർമവച്ച നാൾ മുതലുള്ള കഥ എഴുതുകയാണ്. 

അധ്യായങ്ങൾക്കു പേരുകളോ സൂചനകളോ നൽകിയിട്ടില്ല. കൗമാരത്തിൽ കടകളിൽ നിന്ന് കയ്യിൽകിട്ടുന്നതെന്തും മോഷ്ടിച്ചുനടന്ന പെൺകുട്ടിയെക്കുറിച്ചു മാത്രം വായന ഒതുക്കാമെന്നു കരുതേണ്ട. കടലിൽ നഗ്നയായി നീന്തിയ അധ്യായത്തിൽ നിന്നു മാത്രമായും എഴുത്തുകാരിയെ അറിയേണ്ട. വായിക്കണം. പൂർണമായി തന്നെ. ജീവിതകാലം മുഴുവൻ ഓരോ കൊച്ചുകാര്യങ്ങളിലും ശാഠ്യം നിലനിർത്തിയും ആജ്ഞയ്ക്കൊത്ത് ആളുകളെ ചലിപ്പിക്കുകയും ചെയ്ത അതേ ആധാകാരികത ആത്മകഥയുടെ ഓരോ താളിലും ഉറപ്പാക്കിയാണ് ബാർബറ മുന്നേറുന്നത്. 

കരിയറിൽ എതിരാളികളില്ലാതെ മുന്നേറിയെങ്കിൽ തനിക്കു നിയന്ത്രിക്കാനാവാത്ത ഒട്ടേറെ കാര്യങ്ങൾ ബാർബറ നിരത്തുന്നുമുണ്ട്. കൊച്ചുകുട്ടിയായിരിക്കെ പിതാവിന്റെ മരണം, സ്നേഹത്തിനു പകരം തന്റെ പ്രശസ്തിയിൽ അസൂയാലുവായ അമ്മ... നിസ്സഹായയായ, തളർന്നുപോയ, ആരുമല്ലെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളാലും സമ്പന്നമാണ് ജീവിതകഥ. 

വ്യക്തിയാകുന്നതിനു മുമ്പു തന്നെ ഞാനൊരു വ്യക്തിത്വമായിരുന്നു... അഭിമാനത്തോടെയല്ല ബാർബറ പറയുന്നത്. അപമാനത്തോടെയുമല്ല. എന്നാൽ, നഷ്ടപ്പെടലിന്റെ വേദന ആ സ്വരത്തിൽ നിന്നു പടർന്നുനിറയുന്നു. പിന്തുടർന്ന ക്യാമറക്കണ്ണുകളിൽ നിന്നു രക്ഷപ്പെടാനാവാതെ ലോകത്തിനു മുന്നിൽ തുറന്നുവച്ച ജീവിതം. ദൈവം തൊട്ട വ്യക്തിയെന്നതുൾപ്പെടെയുള്ള പ്രശംസാവാക്കുകൾ. ഇതിനിടെ, ലോകം കാണാതെപോയ വ്യക്തിയെ ബാർബറ പരിചയപ്പെടുത്തുന്നു. ഇതാണു ഞാൻ. ഇതാണെന്റെ പേര്. ഹൃദയം തുടികെട്ടി കേട്ട പാട്ടുകളുടെ ആരോഹണാവരോഹണങ്ങളിൽ മുങ്ങി വായിക്കൂ ബാർബറയെ; അറിയൂ ഒരു താരത്തിന്റെ കൂടി അറിയാക്കഥകൾ ചുറ്റിവരിഞ്ഞ അദ്ഭുത ജീവിതം. 

English Summary:

From Brooklyn to Hollywood: The Melodic Journey of Barbra Streisand in 'My Name is Barbra'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com