ADVERTISEMENT

ബ്രിട്ടീഷ് രാജവാഴ്ചയെക്കുറിച്ചുള്ള ചർച്ചകൾക്കു വീണ്ടും ചൂടുപിടിപ്പിക്കുകയാണ് ഒമിഡ് വില്യം സ്‌കോബിയുടെ ‘എൻഡ്‌ഗെയിം: ഇൻസൈഡ് ദ് റോയൽ ഫാമിലി ആൻഡ് ദ് മോണാർക്കിസ് ഫൈറ്റ് ഫോർ സർവൈവൽ’ എന്ന പുസ്തകം. ബ്രിട്ടിഷ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ സ്‌കോബിയുടെ പുസ്തകം നവംബർ 28 ന് പുറത്തിറങ്ങാനിരിക്കെ, രാജകുടുംബത്തിലെ ആഭ്യന്തര കലഹങ്ങളെക്കുറിച്ചും ഭിന്നതകളെക്കുറിച്ചും കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നുണ്ട്. ഓഗസ്റ്റിലാണ് പുസ്തകത്തിന്റെ പ്രകാശനം തീരുമാനിച്ചിരുന്നതെങ്കിലും ചാൾസ് രാജാവിന്റെ കിരീടധാരണത്തെത്തുടർന്ന് മാറ്റിവച്ചിരുന്നു.

ChrisJackson-GettyImages
വില്യം രാജകുമാരനും കേറ്റും കുട്ടികൾക്കൊപ്പം, Picture Credit: Chris Jackson-Getty Images

വർഷങ്ങളായി രാജകുടുംബവുമായി അടുപ്പം പുലർത്തുന്ന സ്കോബി, എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് രാജകുടുംബം നേരിടുന്ന വെല്ലുവിളികളും വിവാദങ്ങളുമാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്. രാജകുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പുസ്തകത്തിലുള്ള പരാമർശങ്ങൾ ഇതിനകം ചർച്ചയായിക്കഴിഞ്ഞു. ഹാരിയും വില്യമും തമ്മിലുള്ള സംഘർഷത്തിന് താൻ 2019 മുതൽ സാക്ഷിയാണെന്ന് സ്‌കോബി പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. മേഗൻ മാർക്കിളിനെ ഒരു എതിരാളിയായി കണ്ട് കേറ്റ് 2019 മുതൽ മേഗനുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടില്ല. ഒരു നടിയെന്ന നിലയിൽ മേഗൻ മാർക്കിളിന്റെ മുൻകാല കരിയർ രാജകീയ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് എന്ന വില്യം രാജകുമാരനും കേറ്റും കരുതുന്നതായും 2021 ൽ സിബിഎസുമായുള്ള അഭിമുഖത്തിൽ രാജകുടുംബത്തിലെ പ്രശ്‌നങ്ങൾ ഹാരി വെളിപ്പെടുത്തിയതോടെ വില്യമുമായി ഹാരിയുടെ ബന്ധം കൂടുതൽ വഷളായെന്നും സ്‌കോബി പറയുന്നു. 

PhotobyChrisJackson-GettyImages
ഹാരി രാജകുമാരനും മേഗൻ മാർക്കിളും, Picture Credit: Chris Jackson-Getty Images

തന്റെ മകൻ ആർച്ചിയുടെ നിറത്തെക്കുറിച്ച് ചർച്ച ചെയ്ത രണ്ടു രാജകുടുംബാംഗങ്ങളുടെ പേര് എടുത്തു പറഞ്ഞ് ചാൾസ് രാജാവിന് മേഗൻ കത്തുകൾ എഴുതിയിരുന്നെന്നും പുസ്തകത്തിൽ സ്‌കോബി പറയുന്നു. മക്കളായ ആർച്ചി രാജകുമാരനും ലിലിബെറ്റ് രാജകുമാരിക്കുമൊപ്പമാണ് ഹാരിയും മേഗനും രാജകീയ പദവികൾ ഉപേക്ഷിച്ച് യുഎസിലേക്കു താമസം മാറിയത്. തങ്ങൾക്കു വിവാഹസമ്മാനമായി എലിസബത്ത് രാജ്ഞി നൽകിയ, യുകെയിലെ വീടിന്റെ താക്കോൽ തിരികെ നൽകണമെന്ന കൊട്ടാരത്തിന്റെ ആവശ്യം ഹാരിയെയും മേഗനെയും ഞെട്ടിച്ചെന്നും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. 

Archie-Megan-GettyImages
ആർച്ചിയുമായി മേഗൻ മാർക്കിളും ഹാരി രാജകുമാരനും, Picture Credit: Pool-Getty Images

ജനുവരിയിൽ പുറത്തിറങ്ങിയ ‘സ്‌പെയർ’ എന്ന ഓർമക്കുറിപ്പിൽ പിതാവിനൊപ്പമുള്ള കുട്ടിക്കാലത്തെക്കുറിച്ചും ജ്യേഷ്ഠൻ വില്യം രാജകുമാരനുമായി പിണങ്ങിയതിനെക്കുറിച്ചും എല്ലാം ഹാരി പറഞ്ഞിരുന്നു. തന്റെ കുടുംബത്തിന് സർക്കാർ സുരക്ഷ ലഭിക്കുന്നതിനായി യുകെ കോടതികളിൽ പോരാടുകയാണ് ഹാരി ഇപ്പോൾ. ശരിയായ സംരക്ഷണമില്ലാതെ തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും സ്വന്തം നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷിതമല്ലെന്ന എന്ന നിലപാടിലാണ് ഹാരി.

English Summary:

Omid Scobie's 'Endgame' Brings New Royal Family Secrets to Light: Unpacks the Harry and William's Rift, Meghan-Kate Rivalry and Archie Controversy