ആറ്റൂരിന്റെ പരിഭാഷ: തേവാരവും നാലായിര ദിവ്യപ്രബന്ധവും
Mail This Article
കിണറ്റിലാമ കടലാമയോടു തൻ
കിണറിനൊക്കുമോ കടലെന്ന ചോദ്യംപോൽ
അറിയുകയില്ല ദേവദേവന്റെ
പൊരുളുകൾ മഹാപാപികളായവർ (തിരുനാവുക്കരശർ, അതിപുരാണതിരുകുറുംതൊക)
'അതിപുരാണതിരുകുറുംതൊക'യിലെ മഹാപാപികളാവരെന്നാൽ അജ്ഞർ എന്നർത്ഥം. അജ്ഞതയെല്ലാം ഒഴിഞ്ഞുപോകുവാൻ നമുക്കാവശ്യം ആഴമുള്ള കാഴ്ചകളാണ്. മനസ്സിന്റെ നോട്ടക്കുറവ് പരിഹരിക്കാനുതകുന്ന അപൂർവ്വ ഗ്രന്ഥങ്ങളെ നമുക്കിടയിലുള്ളൂ. ഒരു തുള്ളിയിൽ മഹാസാഗരത്തെ അടക്കം ചെയ്യും വിധമാണതിന്റെ'ഉൾഅടക്കം'. 'ഭക്തികാവ്യ'ത്തിലൂടെ സഞ്ചരിക്കുമ്പോൾ ഒരേ സമയം കാവ്യാനുഭവവും ചരിത്രാനുഭവവും വെളിപ്പെടും. ആറ്റൂർ രവിവർമ പരിഭാഷപ്പെടുത്തിയ 'ഭക്തികാവ്യം'എന്ന സമാഹാരത്തെക്കുറിച്ച്(കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണം)എഴുതുന്നതിൽ ഏറെ സന്തോഷമുണ്ട്. ആറ്റൂരിന്റെ തമിഴ് പരിഭാഷകൾ വായിച്ചിട്ടുണ്ടാവുമല്ലോ. സുന്ദര രാമസ്വാമിയേയും പുതുമൈപ്പിത്തനെയുമെല്ലാം ആത്മാവ് ചോരാതെ അദ്ദേഹം മൊഴിമാറ്റി. ആറ്റൂർ ഏറെ നേരം ചിലവിട്ടിട്ടുണ്ടാവുക വാക്കുകളെ പുതുക്കുന്നതിലും അധികമായവയെ ഒഴിവാക്കുന്നതിലുമായിരിക്കും. തച്ചുപണിയിലെ ഈ കൃത്യത മുൻതലമുറയിലെ വൈലോപ്പിള്ളിയിലും കുട്ടികൃഷ്ണമാരാരിലും നാം കണ്ടതാണല്ലോ. മൊഴിമാറ്റത്തിൽ പാലിക്കേണ്ട ചിട്ടകളെന്തെന്ന് ആറ്റൂരിന് വ്യക്തമായ ബോധ്യമുണ്ട്. പ്രത്യേകിച്ച് പഴയ തമിഴ് മൊഴിയെ മലയാളത്തിലാക്കുമ്പോൾ. കൃതഹസ്തനായ ഒരാൾക്ക് മാത്രം സാധ്യമായ ആ പ്രവൃത്തിയുടെ സഫലീകരണമാണ് 'ഭക്തികാവ്യം' എന്ന ഈ പരിഭാഷാഗ്രന്ഥം.
മാലിന്യങ്ങൾ നീങ്ങി വിടർന്ന മനത്തിനു-
മറിയാത്തവ, നിന്ദ്രിയങ്ങൾക്ക് വഴങ്ങാത്തവൻ
അവൻ ജ്ഞാനത്തിൻ രൂപ, മാനന്ദരൂപം
അവൻ നിത്യൻ, നിസ്തൂലൻ, നമുക്കുള്ളിലുള്ളവൻ. (നമ്മാഴ്‌വാർ, പൊതു)
മനമാലിന്യങ്ങൾ മാറിയിട്ടും പിടിതരാതകലുന്ന ഈശ്വരനെക്കുറിച്ച് പാടുമ്പോഴും ഉള്ളിലുണ്ടവനെന്ന ബോധമാണ് ഭക്തികവികളുടെ കാവ്യ സംസ്ക്കാരത്തിന്റെ അഴകായി വർത്തിക്കുന്നത്. അറിയാത്ത ഒന്നിനെക്കുറിച്ചല്ല,അറിയുന്ന ബോധ്യത്തിൽ തന്നെയാണ് ഓരോ കവിതയിലും ഭക്തി നിറയുന്നത്. അറിയുന്നുവെന്നറിയുമ്പോഴും അത്ഭുതകരമാണാ മഹാപ്രകാശമെന്ന എളിമയിലാണ് ഈ കാവ്യങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്.
തമിഴ് സാഹിത്യത്തിലെ മൂന്നാംഘട്ടത്തിൽ രചിക്കപ്പെട്ട തമിഴ് കാവ്യങ്ങളെയാണ് ഭക്തികാവ്യം എന്ന് വിളിക്കപ്പെടുന്നത്. ഇതിന് പല്ലവകാലസാഹിത്യം എന്നും വിളിപ്പേരുണ്ട്. ക്രിസ്തുവിന് പിൻപ് ഏഴാം നൂറ്റാണ്ടു മുതൽ ഒൻപതാം നൂറ്റാണ്ടു വരെയാണ് ഭക്തികാവ്യത്തിന്റെ കാലമായി ഗണിക്കപ്പെടുന്നത്. സാഹിത്യത്തിലെ ഭക്തി,ഭക്തിയിലെ സാഹിത്യം,പല്ലവകാലസാഹിത്യം എന്നീ പേരുകൾ ഉണ്ടെങ്കിലും ഭക്തിസാഹിത്യം എന്ന പേരാണ് ഈ കാവ്യവിഭാഗത്തിന് ഇന്നുമുള്ളതെന്ന് സമാഹർത്താവായ അ. അ. മണവാളൻ മുന്നുരയിൽ വ്യക്തമാക്കുന്നു. അ. അ. മണവാളന്റെ ദീർഘമായ മുന്നുര ഈ കവിതകളുടെ ചരിത്ര പശ്ചാത്തലം അറിയുവാൻ ഏറെ സഹായകരമാണ്.
ഭക്തികാവ്യങ്ങളിൽ രണ്ട് ധാരകളുണ്ട്. ഒന്ന് ശൈവം. മറ്റൊന്ന് വൈഷ്ണവം. ഈ രണ്ട് വിശ്വാസപ്രമാണങ്ങളിൽ അടിസ്ഥാനപ്പെടുത്തിയാണ് കവിതകൾ രചിക്കപ്പെട്ടിരിക്കുന്നത്. പരമശിവനെ ആദിദേവതയായി സ്വീകരിച്ച് പാടിയവരെ നായനാർ എന്നും വിഷ്ണുവിനെ ആദിദേവനായി സ്വീകരിച്ച് പാടിയവരെ ആഴ്‌വാർ എന്നും വിളിച്ചു. നായനാർ പാടിയ കവിതകൾക്ക് തേവാരമെന്നും ആഴ്‌വാർമാർ പാടിയതിന് നാലായിര ദിവ്യപ്രബന്ധമെന്നുമാണ് പേര്. ഈ കവിതകൾ എഴുതപ്പെട്ട കാലത്ത് കാവ്യ വിഭാഗങ്ങൾക്ക് തേവാരമെന്നും നാലായിരദിവ്യപ്രബന്ധമെന്നും പേരുണ്ടായിരുന്നില്ല. രാമാനുജാചാര്യരുടെ കാലത്തിന് ശേഷമാണ് ഈ പേരുകൾ ഉപയോഗത്തിൽ വരുന്നത്.
മുറ എന്നാൽ കൃതി. തിരുമുറയെന്നാൽ പുണ്യകൃതി. ശൈവകൃതികളെ രണ്ട് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഒന്നാം തിരുമുറ മുതൽ എട്ടാം തിരുമുറ വരെ ആദ്യഘട്ടം. ഇതിൽ പ്രധാനികളായിരുന്നവർ ജ്ഞാനസംബന്ധർ, നാവുക്കരചർ, സുന്ദരർ, മാണിക്യവാചകർ. രണ്ടാം ഘട്ടത്തിൽ ഒമ്പതു മുതൽ പന്ത്രണ്ട് വരെ തിരുമുറകൾ അതിലുള്ളവർ തീരു ഇശൈയപ്പ, തിരുമൂലർ, ചേക്കിഴാർ പിന്നെ പല കൃതികളുടെ സമാഹാരവും ചേരുന്നു. ആറ്റൂർ ഒന്ന് മുതൽ എട്ട് വരെയുള്ള തിരുമുറകളാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
സംഘകാലത്തിനു ശേഷമാണ് ഭക്തിപ്രസ്ഥാനം രൂപപ്പെട്ടതെന്ന് അറിയാമല്ലോ. സംഘകാലത്തിനുശേഷം അധികാരം കൈവശപ്പെടുത്തിയ കളപ്പിരന്മാർ എന്ന പുറം നാട്ടുകാരും പല്ലവവംശക്കാരും തമിഴകത്തിന്റെ തെക്കുവടക്ക് ഭാഗങ്ങളെ സ്വന്തമാക്കി. തമിഴ്മൊഴി,പാരമ്പര്യം എന്നിവയോട് വിരോധമുള്ള ജൈനവിശ്വാസികളായ ഈ അധികാരികളുടെ പിൻബലത്തിൽ ശ്രമണസന്യാസികളിൽ ചിലർ പഴംതമിഴിന്റെ സംസ്കാര ഘടകങ്ങൾക്ക് -മൊഴി,സംഗീതം,നാടകം-എതിരെ പ്രചരണം നടത്തി. പ്രാകൃതം രാജഭാഷയും ഭരണഭാഷയുമായി. പെണ്ണുങ്ങൾ ആണുങ്ങളുടെ പിന്നിൽ നിൽക്കണം. ജീവിതലക്ഷ്യം സന്യാസമാകണം. നാടകം നൃത്തം നടനമെല്ലാം ജനങ്ങളുടെ താഴ്ന്ന വികാരങ്ങളെ ഉണർത്തും. ഇതിനെല്ലാം കൂട്ടായി നിൽക്കുന്ന തമിഴ്മൊഴി മോക്ഷത്തിന് വിഘാതമാവുന്നു. അങ്ങനെ പഴംതമിഴ് ഘടകങ്ങളായ കവിതയും സംഗീതവും വൃത്തവുമെല്ലാം വിലക്കപ്പെട്ടു. സംഘകാലത്തും പിന്നീടും ശിവൻ, മുരുകൻ, വിഷ്ണു ആരാധനകളെ ജൈനർ മോശമായിക്കണ്ടു.
ക്രി. പി. മൂന്നാം നൂറ്റാണ്ട് മുതൽ ക്രി. പി. ആറാം നൂറ്റാണ്ടിന്റെ അവസാനകാലം വരെയുള്ള തമിഴ് കൃതികളിൽ അധികവും രചിച്ചത് ജൈനരാണ്. തമിഴ് പാരമ്പര്യത്തെ ഇകഴ്ത്തിക്കാട്ടുന്ന സ്വഭാവമായിരുന്നു അവരുടേത്. സംഘകാലത്തും ചിലപ്പതികാരകാലത്തും ജൈനരും ബൗദ്ധജ്ഞാനികളും ഇല്ലന്നല്ല. സംഘകാലകവി കന്നിയൂർ പൂങ്കന്തനാർ ജൈനനായിരുന്നു. ഇളങ്കോവടികളിൽ തമിഴിനോടുള്ള സ്നേഹം പ്രശ്‌സതമാണല്ലോ. ജൈനമതത്തിലെ ആശയങ്ങൾ തിരുക്കുറളിൽ അവിടവിടായി കാണാമെന്നും ശ്രീ മണവാളൻ പറയുന്നു. ഇനി ഭക്തികാവ്യങ്ങൾ എങ്ങനെ പ്രതിരോധകാവ്യങ്ങളാവുന്നു എന്ന് നോക്കാം. ഈ മതവാദികളെ എതിർത്തുകൊണ്ട് ക്രി. പി. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ പ്രസ്ഥാനത്തെയാണ് ഭക്തിപ്രസ്ഥാനം എന്ന് വിളിക്കുന്നത്. ജനങ്ങളെ ഒന്നിക്കുന്ന വികാരം ഭക്തിയായതുകൊണ്ടാണ് പ്രസ്ഥാനത്തിന് ഈ പേരുണ്ടായത്. പ്രത്യക്ഷത്തിൽ മതവൈരം തോന്നുമെങ്കിലും തമിഴ് പാരമ്പര്യത്തിന്റെ വീണ്ടെടുപ്പും സ്വാതന്ത്ര്യകാംക്ഷയുമാണ് ഈ പ്രസ്ഥാനത്തിന്റെ ഊർജ്ജമായി വർത്തിച്ചതെന്ന് ആമുഖകാരൻ എഴുതുന്നു. നായനാർമാരുടെയും ആഴ്‌വാർമാരുടേയും പാട്ടുകൾ ജനകീയപ്രസ്ഥാനത്തിന്റെ ചാലകശക്തിയായി മാറി. തമിഴ് ജനത ശരണാർത്ഥികളായി എത്തേണ്ടിടം ശിവ-വൈഷ്ണവ ദൈവങ്ങൾക്ക് മുന്നിലാണെന്ന് ഇവർ പാട്ടുകളിലൂടെ പ്രചരിപ്പിച്ചു. സംഘകാല സാഹിത്യത്തിന്റെ ആത്മീയ പാരമ്പര്യത്തേയും സ്ത്രീ പുരുഷ സമത്വത്തേയുമെല്ലാം ഈ ആവിഷ്കാരങ്ങളിൽ വായിക്കാം. മാത്രവുമല്ല മൊഴിയോടുള്ള കൂറ് ഈശ്വരഭക്തിപോലെ തെളിമയാർന്ന് കാണാം ഈ കൃതികളിൽ.
സ്ത്രീകളെ താഴ്ന്നവരായി കാണുന്ന ജൈനം പോലുള്ള മതങ്ങളുടെ വിശ്വാസ സംഹിതകൾക്കുള്ള മറുപടിയാണ് ആണ്ടാളെ ആഴ്‌വാരായി വാഴ്ത്തുന്ന വൈഷ്ണവ പാരമ്പര്യം. അതുപോലെ ശൈവരിൽ തിലകവതി,പാണ്ഡ്യരാജ്ഞി എന്നിവരും. തമിഴ് ഭക്തികാവ്യം സ്ത്രീകൾക്ക് നൽകിയ ആത്മീയ പങ്ക് പിൽക്കാലത്ത് അക്കമഹാദേവിയെ പോലുള്ള മഹാഭക്തരിലേക്ക് വഴികാട്ടിയിട്ടുണ്ടാവാം എന്നും മുന്നരയിൽ വായിക്കാം. സംഘകാലസാഹിത്യത്തിന്റെ അടിസ്ഥാനത്തിൽ കാവ്യരീതികളെ രണ്ടായി വിഭജിച്ചിരിക്കുന്നു- അകം. പുറം. അകം കാവ്യങ്ങളെയാണ് തമിഴ് എന്ന് വിളിക്കുന്നത്. തമിഴ്മൊഴി പാരമ്പര്യത്തിൽ വരുന്ന അകം കവിതകളോട് അതിനാൽത്തന്നെ ജൈനർക്ക് എതിർപ്പ് സ്വാഭാവികമായിരുന്നു. ജ്ഞാനസംബന്ധരെപ്പോലുള്ളവർ അകം പാരമ്പര്യത്തിന്റെ പ്രഘോഷകരാണ്. മാനുഷികമായ സ്നേഹത്തെ ഈശ്വരസ്നേഹമായി രൂപമാറ്റം ചെയ്തു നായക-നായികാ ഭാവനയിൽ അത്ഭുതകരമായി കവിതകൾ രചിച്ചു എന്ന് വിലയിരുത്തപ്പെടുന്നു. അതിനാൽത്തന്നെ തമിഴ് ഭക്തിപ്രസ്ഥാനത്തെ മതപ്രസ്ഥാനമായി കാണാനാവില്ലന്ന് ആമുഖകാരൻ പറയുന്നു. കലകൾ വികാരോത്തേജനം ഉണ്ടാക്കുമെന്ന് വിശ്വസിച്ച കളപ്പിരാൻ കാലത്തെ ജൈനരോട് എതിരിടുവാൻ ഭക്തികാവ്യങ്ങളെ പാട്ടു രീതിയിലാക്കി. തേവാരക്കവികൾ ഈശ്വരനെ നർത്തകനായി വാഴ്ത്തി. ഈശ്വരഭക്തർക്ക് ജാതിവ്യത്യാസങ്ങളില്ലന്നും ഇവർ കണ്ടു.
ആഴ്‌വാർമാരുടെ പ്രത്യേകിച്ച് നമ്മാഴ്‌വാരുടെ കാവ്യങ്ങളിൽ കേരളം ഒരു പ്രധാനദേശമാണ്. നമ്മുടെ തിരുവല്ലയും തിരുവാറൻമുളയും തിരുച്ചെങ്ങന്നൂരുമെല്ലാം മുത്തുകൾ പോലെ കോർക്കപ്പെട്ടിട്ടുണ്ട്. അതിലേക്ക് വരും മുൻപ് തേവാരങ്ങളെ പരിചയപ്പെടാം. ഭക്തിപ്രസ്ഥാനത്തിലെ പാട്ടുകളുടെ പ്രത്യേക രീതിയെന്തെന്നാൽ ഓരോ പ്രദേശത്തെയും മൂർത്തികളെക്കുറിച്ച് പത്തുവീതമാണ് പാട്ടുകൾ ഉള്ളത്. ഇതിനെ പതികം എന്ന് വിളിക്കുന്നു. നാലായിരം ദിവ്യപ്രബന്ധത്തിൽ തിരുമൊഴിയെന്നാണ് പറയുക. പത്തുപാട്ടുകൾ തീർന്നാൽ അതു പാടുന്നതിന്റെ ഫലത്തെ പതിനൊന്നാമത്തെ പാട്ടു പറയുന്നു. ഇതിന് ഫലശ്രുതിയെന്നാണ് വൈഷ്ണവർ പറയുക. ശൈവരിലും ഇങ്ങനെ കാണാം. ഭക്തികാവ്യത്തിന്റെ ലക്ഷണമാണ് ഈ സങ്കേതം.
തിരുനാവക്കരശർ തിരുവാരൂരിൽ വെള്ളാള ജാതിയിൽ പിറന്നു. ആദ്യം ശൈവനായിരുന്നു. പിന്നീട് ജൈനനായി. അക്കാലത്ത് ശൂല എന്ന വയറ്റുനോവ് പിടിപെട്ടു. വീരട്ടാണത്തു ശിവനെ ഭജിച്ചപ്പോൾ വേദന മാറി എന്ന് കഥ. അദ്ദേഹം ശൈവനായി വീണ്ടും. ഇദ്ദേഹത്തെ നീറ്ററയിലിട്ടും വിഷം തീറ്റിയും കടലിൽ കല്ലുകെട്ടിത്താഴ്ത്തിയും കൊല്ലാൻ ശ്രമിച്ചു ജൈനർ. അദ്ദേഹം പാടി "കല്ലിനോടു ചേർത്തു കടലിലിട്ടാലും നൽത്തുണയാകുന്നു നമശ്ശിവായ"
തിരുജ്ഞാനസംബന്ധരുടെ ഒന്നാംമുറയിലെ തേവാരത്തിലേക്ക് വരാം. തിരുബ്രഹ്മപുരം തിരുച്ചിറ്റമ്പലം(ചിറ്റമ്പലമെന്നാൽ മനം. പേരമ്പലമെന്നാൽ പ്രപഞ്ചം. ചിറ്റമ്പലത്തിന് ചിതംബരമെന്നും അർത്ഥം. ആകാശമാണ് ചിതംബരത്തിലെ പ്രതിഷ്ഠ) എന്ന പതികത്തിൽ നിന്നും:
ഒന്ന്
കാതണിയണിഞ്ഞഴകുള്ളോനെരുതേറുവോൻ,വെൺ
മതിചൂടോവോൻ,ചുടലനീറു പൂശുവോനെന്നകം കവർന്ന കള്ളൻ,
താമരയിൽ പിറന്നവനും വണങ്ങുന്നോൻ എനിക്കു
കനിഞ്ഞു കാഴ്ച തന്നവനി,ബ്രഹുപുരത്തിലല്ലയോ?
ജ്ഞാനസംബന്ധർ ശ്രീർകാഴിയിലാണ് ജനിച്ചത്. ആട്ടവും പാട്ടും ഈശ്വരാരാധനയുടെ ഉപാധിയാക്കുന്നത് ഭക്തികാവ്യങ്ങളോടെയാണ്. ജൈനരെ സിദ്ധാന്തം കൊണ്ടും പ്രയോഗംകൊണ്ടും തോൽപ്പിക്കുവാനാണ് ഇവർ ശ്രമിക്കുന്നത്. അമ്പലങ്ങൾ തോറും നടന്ന് അവിടുത്തെ മൂർത്തിയെ പ്രകീർത്തിക്കുന്നു. ആ പ്രകൃതിയെ വർണ്ണിക്കുന്നു.
ഊരുകൾക്കെല്ലാമൂരായ് പ്രളയത്തിലുമലിയാത്തി ബ്രഹ്മപുര-
ത്തൂരിൽ കുടികൊള്ളും മഹാദേവനിവനല്ലേയോ!
ഇവിടെ ബ്രഹ്മപുരത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. ഇനിയിത് വായിക്കൂ:
"ആൺപെൺരൂപങ്ങളിണക്കിയോൻ" ഇതിൽ ശിവശക്തി സംയോഗമെന്ന അർത്ഥം മാത്രമല്ല ധ്വനിക്കുന്നത്. സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്ന ശ്രമണരോട് പറയുകകൂടിയാണ് ആൺപെൺ ഭേദമില്ലായ്മ. അടുത്തത് നോക്കൂ:
"മറയൊലി മുഴങ്ങവേ പാട്ടിനൊത്താടുവോൻ മഴുവേന്തുവോൻ" ഇവിടെ പാട്ടും ആട്ടവും ഉണ്ട്. ഞങ്ങളുടെ ഈശനെന്നാൽ ആടലുംപാടലുമുള്ള ആനന്ദശിവനാണെന്ന് പറയുന്നു. നിങ്ങൾക്ക് ഈ ആനന്ദനടനം തടയാനാവില്ലന്നും ജ്ഞാനസംബന്ധർ പാടുന്നു. ഈ പതികത്തിൽ തുറന്നു തന്നെ എതിരിടുന്നുണ്ട്:
ശ്രമണരും ബുദ്ധരും ചൊല്ലുമറിവുമൊഴികൾക്കെതി-
തുരകൾ,മൊഴിയുവോൻ,ഭിക്ഷു,വെന്നുള്ളം കവർന്നോൻ
മദഗജത്തെ ഹനിച്ചു തോൽ പുതച്ചു പൈത്യം
നടിച്ചു ബ്രഹ്മപുരിയിൽ വാഴും മഹാദേവരല്ലയോ!
' തിരുവലിവലം ' പതികത്തിലും തിരുജ്ഞാനസംബന്ധർ എഴുതുന്നു:
പൊതിയിലും പൂവനത്തിലും പൊൻ
കൈലാസത്തിലും ഭക്തർനെഞ്ചിലും വിളങ്ങുവോനേ
വിധിയെയോർക്കാ ശ്രമണർ,ചാക്കൈയൻമാർ
വണങ്ങിടാത്തതെന്താണങ്ങയെ
വലിവലത്തിൽ കുടികൊള്ളുമീശനെ!
മറ്റൊന്ന്:
അൽപ്പവസ്ത്രരായി ഹീനവൃത്തരായി
ചാക്യൻമാർ ശ്രമണരുമുരയ്ക്കും തർക്കം
കേൾക്കാതെയീശന്നു പ്രിയം ചെയ്ക (തിരുവൈയ്യാറ് - പതികം )
ഇരന്നുണ്ണും തേരൻമാർക്കും നിന്നുണ്ണും ശ്രമണർക്കും
അരുതാത്തവനീശൻ മേവും നല്ലപുരം ഭക്തൻമാരേ! (തിരുക്കുറ്റാലം- പതികം )
കുറ്റാലപ്രകൃതിയെക്കുറിച്ച്:
നീലനെയ്തൽ പൊയ്കകളിൽ നിറഞ്ഞു നീൾ
ത്തണൽകളിൽ പിടയോടുകൂടി മയിലാടും കുറ്റാലം
പതികങ്ങളിലെല്ലാം ദേശപ്രകൃതി വായിക്കാം. ശിവനെ വാഴ്ത്തുമ്പോൾ ഓരോ പതികത്തിലും ഒരേ വർണന തന്നെ വൈവധ്യത്താൽ അത്ഭുതകരമാക്കുന്നുണ്ട് ഈ മഹത്തുക്കൾ.
പരിഭാഷയിൽ താളത്തിനു ഭംഗമേൽപ്പിക്കാതിരിക്കാനാവണം തമിഴ് വാക്കുകൾകൂടി ഇണ ചേർത്താണ് ആറ്റൂർ പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്. ഇത് ശ്രദ്ധിക്കൂ:
(i ) തായേ നീയേ തന്തയും നീയ്യേ ശങ്കരാ
(ii ) പൊയ്യായവയെ നീക്കി,യതിൻ സങ്കടങ്ങളും നീക്കി
ഭാരതീയ വിശ്വാസങ്ങളിലൊന്നാണല്ലോ ഇന്ദ്രിയങ്ങളെയടക്കുക എന്നത്. പതികങ്ങളിൽ പലയിടങ്ങളിലായി അഞ്ചിന്ദ്രയങ്ങളെക്കുറിച്ച് സൂചനയുണ്ട്. മാത്രമുവുമല്ല ' ഉടലുമഞ്ചുകരുക്കളും ചേർന്നു നിന്നെയകറ്റുമെന്ന ഭയവും' ഉണ്ട്. ആ മായയിലകപ്പെടരുതേയെന്ന പ്രാർത്ഥനയുമുണ്ട്. നമശ്ശിവായമെന്ന പഞ്ചാക്ഷരിയെ നാവിന്നലങ്കാരമായാണ് കാണുന്നത്.
ഇനി നാലായിര ദിവ്യപ്രബന്ധത്തിലെ നമ്മാഴ്‌വാറിനെ മാത്രമായി എടുക്കാം. നമുക്ക് പരിചിതമായ പത്തോളം സ്ഥലങ്ങളിലെ- തിരുവല്ല തിരുവൺവണ്ടൂർ തിരുവാറൻമുള തിരുചെങ്ങന്നൂർ തിരുക്കൊടിത്താനം തിരുപ്പുലിയൂർ തൃക്കാക്കര തിരുമൂഴിക്കുളം തിരുനാവായ തിരുവനന്തപുരം- മൂർത്തികളെക്കുറിച്ചാണ് നമ്മാഴ്‌വാർ പാടുന്നത്.
തന്റെ തോപ്പിൽ ഇര തേടിയെത്തുന്ന ചുമന്ന കാലുകളുള്ള കൊക്കിനോട് പറയുകയാണ്:
സാരസങ്ങളെ,നിങ്ങളിണപിരിയാ-
തിരിക്കുന്നവർ-ഞാനോ
പാരമഴകെഴും മൂഴിക്കുളത്തു
ദേവൻ കൈവിട്ടുഴലുന്നവൾ
ചാർച്ചക്കാരുമെന്നെ പഴിചാല്ലുന്നവർ
അവന്നു പറ്റിയവളല്ലീ ഞാ-
നെന്നു അവനോടു ചോദിക്കാമോ നിങ്ങൾ ? (തിരുമൂഴിക്കുളം)
മേഘസന്ദേശം പോലെ ഈശനോടുള്ള ഭക്തിയും പ്രണയവും പക്ഷിയിലൂടെ സന്ദേശമാക്കുകയാണ്. അതുപോലെ തിരുവല്ലത്തേവരോട് ചേരുന്നതു തടുക്കാൻ ശ്രമിക്കുന്ന തോഴിമാരോട് പറയുന്നു:
മാനേലും മിഴിയുള്ള തോഴിമാരേ
വിരഹത്താൽ മെലിയുന്നു ഞാൻ
വാനോളം പൊങ്ങിയ കവുങ്ങുകളും
മണം വീശും മുല്ലകളും തേൻ പെയ്യും
കാവുകളുമുള്ള തിരുവല്ലദേവനോടു
ഞാൻ ചേരുന്നതെന്നോ (തിരുവല്ല)
ബുദ്ധനും മഹാവീരനും ശേഷം ബുദ്ധ ജൈന പാത സ്വീകരിച്ചവരുടെ അന്യമത ദ്വേഷത്തിന് ഈ പറഞ്ഞ കാലത്തോളം നല്ലൊരു തെളിവില്ല. തേവാരങ്ങളിലും നാലായിരദിവ്യപ്രബന്ധങ്ങളിലും വീണ്ടെടുപ്പിന്റേതായ ഊർജ്ജം ത്രസിച്ചു നിൽക്കുമ്പോഴും കാവ്യഗുണത്തിലെ മികവ് അതിശയിപ്പിക്കുക തന്നെ ചെയ്യും. ഇസ്ലാം മതവുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് പലപ്പോഴും തീവ്രസ്വഭാവികളായ ചിലർ സംഗീതത്തിനും നൃത്തത്തിനും വിലക്ക് കൽപ്പിക്കുന്നതായി നാം കേട്ടിട്ടുള്ളത്. ചരിത്രത്തിലെ ബുദ്ധ ജൈന അക്രമങ്ങളെക്കുറിച്ച് എന്തുകൊണ്ടോ നിശ്ശബ്ദത പാലിക്കുകയാണ് പൊതുവെ ചെയ്യപ്പെടുന്നത്. നായനാർമാരും ആഴ്‌വാർമാരും ക്ഷേത്ര കേന്ദ്രീകൃതമായാണ് തങ്ങളുടെ രചനകൾ നിർവ്വഹിച്ചതെന്ന് നാം കണ്ടു. എഴുത്തച്ഛന്റെ രീതി അങ്ങനെയേ ആയിരുന്നില്ലന്ന് കെ. എൻ. ഗണേശ് നിരീക്ഷിക്കുന്നുണ്ട്. ഭക്തിയാണ് മനുഷ്യരെ ഏകോപിപ്പിക്കുവാൻ സാധ്യതയുള്ള ഉപകരണമെന്ന നിലയിൽത്തന്നെയാണ് തമിഴിലെ ഭക്തികാവ്യങ്ങൾ രചിക്കപ്പെട്ടത്.
ഇനി നമ്മുടെ കാലത്തിലേക്ക് വരാം. എൺപതുകൾക്ക് ശേഷം ഉണ്ടായ ഭക്തിഗാന കാസറ്റുകൾ ശ്രദ്ധിച്ചാൽ ക്ഷേത്രങ്ങളുടെ ഏകീകരണം വ്യക്തമാവും. കോട്ടയത്തുള്ള ഒരു ശിവക്ഷേത്രം അല്ലെങ്കിൽ വിഷ്ണുക്ഷേത്രം ഇതുപോലുള്ള പാട്ടിൽ വരുന്നു. അതിനൊപ്പം കാസർകോട്ടേയോ തൃശൂരിലെയോ ഒരു ക്ഷേത്രവും വരുന്നു. അപ്രസക്തമെന്നോ അറിവില്ലാതെയോ കിടന്നിരുന്ന ക്ഷേത്രങ്ങളെ കോർത്തുകൊണ്ട് വിശ്വാസത്തിന്റേതായ ഏകമണ്ഡലം സൃഷ്ടിക്കപ്പെടുന്നു. ഹിന്ദുത്വ പ്രോജക്റ്റ് എങ്ങനെയാണ് സാംസ്കാരികമായി ഇടപെടുന്നതെന്ന് ഇതിലൂടെ വ്യക്തമാവും. ഭക്തികാവ്യങ്ങളിലോ അക്കാലത്തെ സാമൂഹ്യ ജീവിതത്തിലോ ഇന്നത്തെ ചാതുർവർണ്യാധിഷ്ഠതമായ പ്രത്യയശാസ്ത്ര ബോധമായിരുന്നില്ല വർത്തിച്ചിരുന്നത്. കബീറിലോ മീരയിലോ അക്ക മഹാദേവിയിലോ ഇന്നത്തെ അപരവിദ്വേഷത്തിലൂന്നിയ ഭക്തിയായിരുന്നില്ല ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ തമിഴിൽ രചിക്കപ്പെട്ട ഈ ഭക്തികാവ്യങ്ങളിൽ സമമന്മാരായി വർത്തിക്കുവാനുള്ള ഈശ്വരോപായം തേടുകയാണിവർ. അങ്ങനെ വായിക്കുമ്പോൾ മാത്രമാവും നമ്മിലും ചിതംബരം എന്ന വാക്കിന്റെ മഹാർത്ഥം അനുഭവമായിത്തീരുക എന്ന് തോന്നുന്നു. ഈ കൃതി താങ്കൾക്ക് നൽകുന്ന ആനന്ദം ചെറുതായിരിക്കില്ല. കഴിവതും വേഗം വായിക്കുമല്ലോ. ആറ്റൂരിന് പ്രണാമം.
സ്നേഹപൂർവ്വം
UiR