ADVERTISEMENT

കവിയും നടനും നാടകകൃത്തും എഡിറ്ററും കലാ നിരൂപകനുമായ നിസ്സിം എസക്കിയേല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഇംഗ്ലീഷ് കവിതയുടെ സ്ഥാപകവ്യക്തിത്വങ്ങളിലൊരാളാണ്. 1924 ഡിസംബർ 16-ന് മഹാരാഷ്ട്രയിലെ മുംബൈയിൽ ജനിച്ചു. ലണ്ടനിൽ വിദ്യാഭ്യാസം നേടി തിരിച്ചെത്തിയ അദ്ദേഹം ബോംബെ സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായി ജോലി ചെയ്തു. എസക്കിയേലിന്റെ 20–ാം ചരമവാർഷികദിനത്തില്‍, എഴുത്തുകാരിയും കവയിത്രിയും വിവർത്തകയും സാമൂഹ്യ ശാസ്ത്രജ്ഞയുമായ ഡോ. ശ്രീകല ശിവശങ്കരൻ, ആ കവിയെ ഓർത്തെടുക്കുന്നു.

വിവിധതരം ജോലികൾക്കിടയ്ക്ക് എന്റെ വായനാമുറിയിലെ പുസ്തകക്കൂമ്പാരത്തിൽ നിന്ന് ചില കടലാസുകഷണങ്ങൾ എന്റെ മുൻപിലേക്ക് ഊർന്നു വീഴാറുണ്ട്. ഓർമ്മത്താളുകൾ പോലെ അവയെടുത്ത് പൊടി തട്ടി ഞാനത് വീണ്ടും സൂക്ഷിച്ചു വയ്ക്കും. മറ്റൊരു ദിവസം എടുത്ത് വിശദമായി നോക്കാമല്ലോ എന്ന് വിചാരിക്കും. ഓട്ട വീണു തുടങ്ങുന്ന പേപ്പർ കഷണങ്ങളിലൂടെ ഇന്നെനിക്ക് കാണാം കൃശഗാത്രനും സൗമ്യ പ്രകൃതിയുമായൊരു കവിയെ. 1993-95 കാലഘട്ടം. മുംബൈ (അന്നത്തെ ബോംബെ) എന്ന മഹാനഗരത്തിന്റെ ശരവേഗങ്ങളിൽ വളരെ സാവധാനം ചുവടുവെച്ചു നീങ്ങിയ നിസ്സിം എസക്കിയേൽ. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ എന്റെ ഗവേഷണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ജൂതചരിത്രത്തിന്റെ നിർണായക ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾക്കിടയിൽ പരിചയപ്പെട്ട കാവ്യ പ്രതിഭ.

നിസ്സിം എസക്കിയേല്‍, Portrait by Jatin Das
നിസ്സിം എസക്കിയേല്‍, Portrait by Jatin Das

ജൂത സമുദായത്തെക്കുറിച്ച് അവരുടെ മതപരമായ ജീവിതശൈലിയെക്കുറിച്ച് അറിയുക എന്നതായിരുന്നു എന്റെ പ്രധാന ഉദ്ദേശ്യം. എന്നാൽ എസക്കിയേൽ കവിയായിത്തന്നെ എന്നോട് സംസാരിച്ചു. താൻ ജനിച്ചു വളർന്ന നഗരത്തിന്റെ, ഇന്ത്യയുടെ പ്രതിനിധിയായി. 

മുംബൈയിലെ മറാത്തി സംസാരിക്കുന്ന ബെനെ ഇസ്രായേൽ ജൂത സമുദായത്തിൽ പെട്ടയാളായിരുന്നു എസക്കിയേൽ. 1990-കളിൽ മുംബൈ സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു.  

"ആദ്യവും അവസാനവുമായി ഞാനൊരിന്ത്യക്കാരനാണ്. ജൂതസമുദായത്തിൽ പിറന്ന ഒരാളായതുകൊണ്ടു മാത്രം ഇസ്രായേലിലേക്ക് കുടിയേറാൻ ഞാനാഗ്രഹിക്കുന്നില്ല. ഞാനതിന് മുതിരുകയു മില്ല. എന്നാലവിടേക്ക് പോയ ബെനെ ഇസ്രായേൽ സമുദായത്തിന്റെ ആ നാട്ടിലുള്ള അന്യവൽക്കരണം ഞാൻ ഗുരുതരമായിട്ടാണ് കാണുന്നത്." - അദ്ദേഹം പറഞ്ഞു. 90കളിലെ കഥയാണിത്.

മുംബൈയിലെ കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിലുള്ള ചെറിയ വീട്ടിൽ, ധാരാളം പൂച്ചെടികൾക്കൊപ്പം കിളികളെയും അദ്ദേഹം വളർത്തിയിരുന്നു. ആ വസതിയെ അന്ന് ഞങ്ങൾ കവിതയുടെ കിളിക്കൂട് (nest of poetry) എന്നു വിളിച്ചു. 

പിന്നീട് കാൽനൂറ്റാണ്ടിനുശേഷം കേരളത്തിൽ മടങ്ങിയെത്തിയ ഞാൻ കേരളത്തിലെ ജൂതസമുദായത്തിന്റെ ശിഷ്ടപാരമ്പര്യത്തെയോർമ്മിച്ചെഴുതിയ കവിതയാണ് "കുരുവിയെപ്പോലെ ഞാൻ, കൂടില്ലാതെ, ശിഖരമില്ലാതെ." എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു കാലഘട്ടത്തിന്റെ ഓർമ്മകളെ പ്രതിഫലിപ്പിക്കുന്ന ഈ വരികൾക്ക്, നിസ്സിം എസക്കിയേലുമായുള്ള കൂടിക്കാഴ്ച പ്രചോദനമായിട്ടുണ്ട്.

അധ്യാപകനും മുംബൈയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തിത്വവുമായിരുന്ന എസക്കിയേൽ പെൻ ഇന്റർനാഷണൽ എന്ന പോയട്രി സൊസൈറ്റിയുടെ ഇന്ത്യയിലെ ഭാരവാഹിയായിരുന്നു. നാടകരംഗത്ത് പ്രമുഖരായ ഇബ്രാഹിം അൽക്കാസിയെപ്പോലുള്ളവരുമായി അടുത്തു പ്രവർത്തിച്ചിരുന്നതായി വായിച്ചിട്ടുണ്ട്. (Jews and the Indian National Project, eds. Kenneth Robbins and Marvin Tokayer). 

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഇംഗ്ലീഷ് കവിതയുടെ സ്ഥാപകവ്യക്തിത്വങ്ങളിലൊരാളായ എസക്കിയേൽ 1983-ൽ സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. Latter-day Psalms എന്ന കൃതിയ്ക്ക്. എസക്കിയേലിന്റെ Night of the Scorpion പ്രശസ്തമാണ്. സ്കൂൾ - യൂണിവേഴ്സിറ്റി പാഠ്യപദ്ധതികളിൽ അദ്ദേഹത്തിന്റെ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മറാത്തിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് കവിത വിവർത്തനം ചെയ്തിട്ടുണ്ട്. 1988-ൽ പദ്മശ്രീയും ലഭിച്ചു. 2004, ജനുവരി 9ന് മുംബൈ യിൽ വെച്ച് അന്തരിച്ചു. മുംബൈ നഗരത്തിന്റെ കലാസാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന നിസ്സിം എസക്കിയേൽ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയ ജൂതരുടെ സ്മരണകളിൽ സവിശേഷ സാന്നിധ്യമായി ഇന്നും നിലനിൽക്കുന്നു.

പ്രശസ്തി പോലെതന്നെ വിമർശനങ്ങളും അദ്ദേഹത്തിന്റെ സമകാലീനരായ കവികളിൽനിന്ന് തന്നെ ഉണ്ടായിരുന്നു. ഈയടുത്ത കാലത്ത് അന്തരിച്ച ഇന്ത്യൻ ഇംഗ്ലീഷ് കവി, ഒറീസയുടെ ജയന്ത മഹാപത്ര എസക്കിയേലിന്റെ ധാരയിൽ നിന്നും വ്യത്യസ്തമായ ഭാവനയും പ്രാദേശിക രാഷ്ട്രീയ സൗന്ദര്യശാസ്ത്രവും ഉദ്ഘോഷിക്കുന്നുണ്ട്.

കവികൾക്ക് മരണമില്ല. എങ്കിലും അവരുടെ ഓർമ്മ പുതുക്കൽ ഇന്ത്യയുടെ തന്നെ വിവിധങ്ങളായ  കവിതാസാംസ്കാരിക പാരമ്പര്യത്തോടു തന്നെ കാട്ടുന്ന ബഹുമാനമായി ഞാൻ കരുതുന്നു. എന്റെ ജീവിതത്തിന്റെ വഴിത്താരകളിൽ ഈ കണ്ടുമുട്ടലുകൾ എത്ര നിർണായകമായിരുന്നെന്ന് കുറിയ്ക്കാതെ വയ്യ.

"എന്നും സൂര്യന്റെ കണ്ണിൽ,

ഇവിടെ,

തെരുവു യാചകരോടൊപ്പം

വഴിവാണിഭക്കാർ, റോഡരികിൽ തല ചായ്ക്കുന്നവർ

കുടിൽനിവാസികൾ, ചേരികൾ

മനുഷ്യരുടെയും ദൈവങ്ങളുടെയും

മരിച്ച ആത്മാക്കൾ

കത്തിച്ചാമ്പലായ അമ്മമാർ

ഭയചകിതരായ കന്യകകൾ

പാഴാക്കപ്പെട്ട ശൈശവം

പീഡിപ്പിക്കപ്പെട്ട മൃഗം

എല്ലാം കൂടിച്ചേർന്ന്

ശബ്ദായമാനമായ

നിശബ്ദത" 

- എസക്കിയേലിന്റെ ഇന്ത്യ എന്ന കവിതയിൽ നിന്ന്

sreekala
ഡോ. ശ്രീകല ശിവശങ്കരൻ

ലേഖികയായ ഡോ. ശ്രീകല ശിവശങ്കരൻ പുസ്തകങ്ങളും ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിലും കവിതകളും വിവർത്തനങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സിൽ അസോസിയേറ്റ് പ്രൊഫസർ ആയിരിക്കെ 2017-ൽ ജോലി രാജി വെച്ച് കേരളത്തിൽ വന്നു. കലാസാഹിത്യ പ്രവർത്തനങ്ങൾ തുടരുന്നു.

English Summary:

Rememebering Nissim Ezekiel in his Death Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com