ADVERTISEMENT

“വർത്തമാനം ഉയരുകയും മെല്ലെ

നിശ്ശബ്ദതയിൽ നേർക്കുകയും ചെയ്യുന്നു.

ഓരോ മുഖത്തിനു കീഴിലും ആഴമേറുന്ന മനോശൂന്യത 

നീ കാണുന്നു, വിചാരിക്കാനൊന്നുമില്ലല്ലോ എന്ന പെരുകും ഉൾക്കിടിലം മാത്രം ബാക്കി."

- ടി. എസ്‌. എലിയറ്റ്‌, Four Quartets/East Coker

അവിനാഷ്‌ അരുണിന്റെ ‘ത്രീ ഓഫ് അസ്’ എന്ന സിനിമ കണ്ടശേഷം ആലോചിച്ചു, ഓ‍ർമ നഷ്ടമാകാൻ തുടങ്ങുകയാണെങ്കിൽ നിങ്ങൾ എങ്ങോട്ടായിരിക്കും യാത്ര പോകുക? എനിക്ക്‌ പ്രത്യേകിച്ച്‌ ഒരിടത്തേക്കും പോകാനില്ല. ഞാൻ സേലത്തെ കൂട്ടുകാരനെ വിളിച്ചു, നീ എവിടേക്കാണു പോകുക? ഞാൻ ചോദിച്ചു. ഞാനിവിടം വിട്ട്‌ എവിടെയും പോവില്ല, എനിക്ക്‌ ഈ സ്ഥലത്തല്ലാതെ മറ്റെവിടെയും പോകാനില്ല, അവൻ പറഞ്ഞു. 

ടി. എസ്‌. എലിയറ്റ്‌, Photo Credit: Granger/REX/Shutterstock
ടി. എസ്‌. എലിയറ്റ്‌, Photo Credit: Granger/REX/Shutterstock

ഞാൻ കോളജിൽ പഠിക്കുന്ന കാലത്ത്‌ അവന്റെ വീട്ടിൽ പോയത്‌ ഓർമ വന്നു. അവിടെ സൈക്കിളിൽ ഞങ്ങൾ പോയ ദൂരങ്ങൾ ഓർത്തു. ആ നാട്ടിലെ സ്ഥലങ്ങൾ, വെയിലുകൾ, രാത്രികൾ, മണങ്ങൾ. 

മണങ്ങൾക്കകത്തു ഞാൻ അവളെയും ഓർത്തു. ഒരു ഗന്ധം ഓർമ്മയിലേക്ക്‌ വന്നു. ആ വീടിനും സ്ഥലത്തിനും ഒരേ ഗന്ധം, അവൾക്കും അവനും വേറെ വേറെ മണം. ഞാൻ അവളെ വിളിച്ചു ചോദിച്ചു, നിന്റെ അണ്ണൻ എങ്ങും പോവില്ല, നീയോ? അവൾ സിനിമ കാണാറില്ലെങ്കിലും എന്റെ ചോദ്യം മനസ്സിലാക്കി. ഞാൻ എന്നേ നാടുവിട്ടു. ഞാൻ സേലത്തേക്കു മടങ്ങുകയില്ല, അവൾ പറഞ്ഞു. എനിക്ക്‌ സന്തോഷമായി. ഞാനും പിറന്ന ഊരിലേക്കു പോവുകയില്ല, ഞാൻ പറഞ്ഞു.

സിനിമയിൽ കണ്ടതുപോലെയുള്ള ഒരു കുട്ടിക്കാലം ഏതായാലും നിങ്ങൾക്കില്ല. അങ്ങനെയൊരു നാടോ അവിടെ നിങ്ങളെ തിരിച്ചറിയുന്ന മനുഷ്യരോ ഇല്ല. സിനിമയിലേതുപോലെ, മുൻപ് താമസിച്ചിരുന്ന ഏതെങ്കിലും വീടിനുള്ളിൽ കയറി അലഞ്ഞുതിരിയാനും സാധിക്കുമെന്നു തോന്നുന്നില്ല. ഇതാണു സിനിമ പകരുന്ന നൊസ്റ്റാൾജിയയുടെ ഒരു ഗുണം. അതു നിങ്ങൾക്കു മറ്റൊരിടത്തും കിട്ടില്ല. അതു സിനിമയിൽ തുടങ്ങുന്നു. സിനിമയിൽ അവസാനിക്കുന്നു. 

JaideepAhlawatandShefaliShahin-ThreeOfUs-
'ത്രീ ഓഫ് അസ്' എന്ന ചിത്രത്തിൽ ജയ്ദീപ് അഹ്ലാവത്തും ഷെഫാലി ഷായും Photo Credit: Netflix

യഥാർഥത്തിൽ നിങ്ങൾക്ക് ഒരു നൊസ്റ്റാൾജിയയും ഇല്ല. ഒരു അമ്പലമോ കാവോ ഒരുപാടുമുറികളുള്ള വീടോ വലിയ മുറ്റമോ പറമ്പോ കൂടെ നടക്കാൻ നർത്തകിയോ അതിയായ സഹാനുഭൂതിയോ നിങ്ങളുടെ കുട്ടിക്കാലത്തുനിന്ന്, വരൂ, തിരിച്ചുവരൂ, എന്നു പറഞ്ഞ് വിളിക്കുന്നില്ല. കാലം ജീർണ്ണിപ്പിക്കാത്ത സ്നേഹമോ പ്രേമമോ ഉണ്ടോ? ഇതൊന്നുമില്ലെങ്കിലും നിങ്ങൾ ആ സിനിമ കണ്ട് ആസ്വദിച്ചിക്കാനാവും. ഒട്ടും അമ്പരക്കാനില്ല. കലയുടെ ലക്ഷ്യവും അതാണല്ലോ. പക്ഷേ കലയോ കവിതയോ ജീവിതവുമായി വന്നു മുട്ടുന്ന ആ വക്കിൽ ഇടയ്ക്കെങ്കിലും പോയി നിൽക്കണം; എത്രയാണു മിഥ്യ,എത്രയാണു സത്യം എന്ന് അവിടെവച്ചു കാണാം. 

നമ്മുടെ സാഹിത്യത്തിൽ പണ്ടേയുളള ശീലമാണിത്‌ നൊസ്റ്റാൾജിയ പോലെ ഗ്രാമീണതയ്ക്കത്തുള്ള ജാതിബന്ധിത കാൽപനികതകളിലേക്കുള്ള മടങ്ങിവരവുകൾ. കലഹിച്ചു നാടുവിടുന്ന നായകന്മാർ സ്മൃതിനാശമില്ലെങ്കിലും ഒടുവിൽ നാട്ടിലെ ജീർണ്ണതകളിലേക്ക്‌ തിരിച്ചുപോകുന്നതാണു ആധുനികത തന്ന നോവലുകളും കഥകളും കാട്ടിയത്‌. വീട്ടിലോ നാട്ടിലോ ആരുമില്ലെങ്കിലും അന്തിക്ക് വിളക്ക് വയ്ക്കണമെന്ന മോഹമേ ഒ.വി.വിജയന്റെ ഗുരുസാഗരത്തിലെ, ഒരിക്കൽ ലോകം ചുറ്റി പണിയെടുത്തിരുന്ന കുഞ്ഞുണ്ണിക്കുള്ളു. മറ്റൊരു നോവലിസ്റ്റ്‌ പറ‍ഞ്ഞതു പ്രിയപ്പെട്ടവരേ മടങ്ങിവരാൻ വേണ്ടിയാണീ യാത്ര എന്നാണ്. മടങ്ങിവന്നിട്ട് ഒരു കാര്യവുമില്ലെങ്കിലും, എന്തൊരു വിചിത്രമായ നൊസ്റ്റാൾജിയ!

writer-ov-vijayan
ഒ.വി.വിജയൻ

ഇറ്റാലിയൻ നോവലിസ്റ്റായ എലീന ഫിരാന്റെ സ്വന്തം കുട്ടിക്കാലം ചെലവഴിച്ച നേപ്പിൾസിലെ ചേരിയെപ്പറ്റി നോവൽ എഴുതിയിട്ടുണ്ട്.  കഷ്ടതകളുടെയും ദുഷ്ടതകളുടെയും സ്വാർത്ഥതകളുടെയും അഭിലാഷങ്ങളുടെയും ഒരുമാതിരി വൃത്തികെട്ട സ്ഥലമാണത്. അവിടത്തെ സംസാരഭാഷ ഉപേക്ഷിച്ച് മുഖ്യധാര ഇറ്റാലിയൻ സംസാരിക്കാൻ ശീലിക്കുന്ന നായിക പക്ഷേ, ക്ഷുഭിതയാകുമ്പോൾ തെറി പറയാനും ദുഃഖിതയാകുമ്പോൾ വിലപിക്കാനും കുട്ടിക്കാലത്തെ ഭാഷയാണ് ഉപയോഗിക്കുന്നത്.  ഇതും ഒരു നൊസ്റ്റാൾജിയയായി കരുതാവുന്നതാണ്; വികാരാധിക്യം വരുമ്പോൾ ദൂരേനിന്നു തിരിച്ചെത്തുന്നത്.

കൗമാരം ചെലവഴിച്ച സ്ഥലത്തേക്കു ഹ്രസ്വ സന്ദർശനത്തിനായി തിരിച്ചു പോകുന്നതിൽ തെറ്റില്ല. പക്ഷേ അവിടെ ആ വക്കിൽനിന്ന് കാണണം മുങ്ങിപ്പോകരുത്‌. അങ്ങനെ ഏതാനും മണിക്കൂറുകൾ കഴിയുമ്പോഴേക്കും സ്ഥലം വിടാനുള്ള വെമ്പലായി. അവിടെ നിന്നെ പിടിച്ചുനിർത്തുന്ന ഒന്നുമില്ല എന്ന് നിനക്ക്‌ വ്യക്തമായി അറിയാം. അല്ലെങ്കിൽ ആ കൗമാരത്തിലെ നിന്നെ ഒന്നോർത്തുനോക്കൂ, എത്ര ദയനീയമായിരുന്നു ആ ചെറുക്കന്റെ അവസ്ഥ. അന്നത്തെ കുട്ടുകാരാകട്ടെ നിന്നെക്കാൾ കഷ്ടപ്പെട്ടിരുന്നു. എന്നാൽ കൗതുകകരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു കാര്യം എല്ലാ വർഷവും സ്കൂൾ കലോൽസവത്തിനുവേണ്ടിയുള്ള നാടകത്തിന്റെ റിഹേഴ്സലുകളാണ്‌.

വാരാന്ത്യങ്ങളിലെ പകലുകളിൽ ദിവാകരേട്ടന്റെ വീട്ടിലാണു പരിശീലനം. ഏട്ടൻ എഴുതിയ നാടകം. അതൊലൊരു വട്ടം  രാത്രി നേരം സ്കൂളിലാണു പരിശീലനം,  ഉറക്കവും അവിടെത്തന്നെ. സ്കൂൾ ക്യാമ്പസിൽ ഒരു ചെറുകുന്നിനു മുകളിലെ ചെറിയ കെട്ടിടത്തിലെ ക്ലാസ്‌ മുറിയിൽ ബെഞ്ചും ഡസ്കും ഒരു മൂലയിലേക്ക്‌ ഒതുക്കിയിട്ട്‌ പ്രകാശം കുറഞ്ഞ ഒറ്റ ബൾബിനു കീഴെ രാത്രി വൈകുവോളം പരിശീലനം. അത്താഴം ഇതിനിടെ ഞങ്ങൾ അഞ്ചുപേർക്കും ദിവാകരേട്ടൻ വീട്ടിൽനിന്ന് കൊണ്ടുവരും.

JaideepAhlawatandShefaliShahinmovie-ThreeOfUs-
'ത്രീ ഓഫ് അസ്' എന്ന ചിത്രത്തിൽ ജയ്ദീപ് അഹ്ലാവത്തും ഷെഫാലി ഷായും Photo Credit: Netflix

അതെപ്പറ്റി ഓർക്കുമ്പോൾ പാവം തോന്നും, നാടകത്തിനുവേണ്ടി ദിവാകരേട്ടനുണ്ടായ കഷ്ടതകൾ അന്ന് അറിയില്ലായിരുന്നു. ആ രാത്രികളുടെയും പകലുകളുടെയും അനുഭവം ഒന്നും ഇപ്പോൾ ഓർമ്മയില്ല.. ആ സ്കൂൾ കെട്ടിടം പിന്നീടു പൊളിച്ചു. അവിടേക്കുള്ള പടവുകളും പൊളിച്ചു. അതിനുമുന്നിൽ ഒരു മാവുണ്ടായിരുന്നു. അതു വെട്ടിക്കളഞ്ഞു. പഴയ അടയാളങ്ങൾ ഒന്നും അവശേഷിക്കാത്ത ഒരിടത്തേക്ക്‌ നിങ്ങൾ വീണ്ടും ചെന്നാൽ എന്താണു കാണുക? നാം ചെയ്തുകൂട്ടിയ മണ്ടത്തരങ്ങൾ, നമ്മുടെ അസൽതോൽവികൾ! നാടകക്കാരനും പൊതുപ്രവർത്തകനുമായിരുന്ന ദിവാകരേട്ടനെ കുറേ വർഷത്തിനുശേഷം ഞാൻ കണ്ടിരുന്നു.

നാടകരാത്രികളുടെ ആ കെട്ടിടം അപ്രത്യക്ഷമായതു ഞാൻ പറഞ്ഞപ്പോൾ അയാൾ പുഞ്ചിരിയോടെ എന്നെ നോക്കി, മുക്ക്‌ ഇപ്പോൾ ഒരേ പ്രായമാണെന്നു പറഞ്ഞു. ആ പുഞ്ചിരി മനോഹരമായിരുന്നു. നാം ജീവിച്ചിരിക്കുന്നു, പക്ഷേ, നമ്മുടെ കൂടെ ഒരിക്കൽ ഉണ്ടായിരുന്ന പല മനുഷ്യരും പല വസ്തുക്കളും വികാരങ്ങളും നൊസ്റ്റാൾജിയയും  ഇപ്പോഴില്ല. എനിക്കിനി നാടകത്തിൽ അഭിനയിക്കണ്ട.

“എങ്കിലും മുമ്പാർന്ന ചിന്ത ചിലനേര-

മങ്കുരിച്ചിട്ടുടൻ മങ്ങുമേ തന്മനം;

ഓടും മുകിലിൻ നിഴൽ വീണടിക്കടി

പാടേയിരുളും തടാകജലം പോലെ.”

kumaranasan
കുമാരനാശാൻ

എന്ന് കുമാരനാശാൻ എഴുതിയതു ശേഷിക്കുന്നു. ആ കടലാസും അതിലെഴുതിയതും നമ്മെ കടന്നുപോകുന്നു. പാടേയിരുളും തടാകം അവിടെ കാണുന്നു. ഒരു അരങ്ങിലെ ബാക്‌ ഡ്രോപ്‌ പോലെ; സ്ഥിരം, നിശ്ചലം. 

2

Don Quixote ഉന്മാദയാത്ര കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയശേഷമാണ് ഒരു ദിവസം  ഷുരകനും പുരോഹിതനും കൂടിയാണെന്നു തോന്നുന്നു. ഡോണിന്റെ വീട്ടു ലൈബ്രറിയിലെ പുസ്തകങ്ങൾ ഓരോന്നായി എടുത്തു തീയിലിടുകയാണ്. a kind of Inquisition. അയാൾ ഉറങ്ങുന്ന നേരമാണ്. ഉണർന്നപ്പോൾ ലൈബ്രറി അന്വേഷിച്ചുചെന്നു. ഒരു മാലാഖയോ അതോ ചെകുത്താനോ വന്നു പുസ്തകമെല്ലാം കൊണ്ടുപോയെന്നു അയാളുടെ ബന്ധു പറയുന്നു. വായിക്കാനൊന്നും കിട്ടിയില്ലേൽ അയാളുടെ തലനേരെയാകുമെന്നാണല്ലോ! 

don-quixote

ആൽബെർട്ടോ റോഡിഗ്രസ്ന്റെ സ്പാനിഷ് സിനിമയായ Prison 77–ൽ, ബാർസ്സിലോണയിലെയോ മറ്റോ ഒരു കൂറ്റൻ ജയിലിൽ ഒരു തടവുകാരന്റെ നോവൽശേഖരം  ജയിലിന്റെ നടുമുറ്റത്തു കൂട്ടിയിട്ട്‌ കത്തിക്കുന്ന ഒരു രംഗമുണ്ട്‌. തടവുകാർക്കെല്ലാം അതു കാണാം, സ്വന്തം സെല്ലിന്റെ അഴികളിലൂടെ. അപ്പോൾ  ഉയരുന്ന പലതരം അട്ടഹാസങ്ങൾക്കിടയിലൂടെ ഒരു കോറസ്‌ പോലെ സെർവാന്റസ്‌, സെർവാന്റസ്‌ എന്ന് ഉയർന്നുകേൾക്കാം.  ആ നോവലുകൾക്കൊപ്പം  അബദ്ധത്തിൽ തീയിട്ടുപോയ ഹാഷിഷിന്റെ കടുഗന്ധമാണ്‌ അവരെ ആ നേരം ഹരം പിടിപ്പിക്കുന്നത്‌. ആ സിനിമ കഴിഞ്ഞും ഞാൻ സെർവാന്റസിനെ  ഓർത്തു, ആ കോറസ്‌... പെട്ടെന്നൊരു നാൾ ഉറക്കമുണരുമ്പോഴേക്കും നമ്മുടെ തലച്ചോറിനകം ഓരോ പുസ്തകസ്മരണയും ആരോ തീയിട്ടുണ്ടാകും... എല്ലാ പുസ്തകവും  ഒരേ അളവിൽ…! 

എന്നിട്ട്‌ പുസ്തകമല്ലാത്ത ഒരുഗന്ധം, ഹാഷിഷ്‌ പോലെ, ബാക്കിയാകും; അത്‌ എന്താണ്‌? ഉടലിന്റെ, ജീർണ്ണതയുടെ, സെമിത്തേരിയിൽ നട്ടുവച്ച ചെടികളിലെ പൂക്കളുടെ ഗന്ധം ആയിരിക്കും. അവിടെന്ന് ആ മണത്തിൽനിന്ന് നിങ്ങൾ മടങ്ങുകയില്ല.  സിനിമയിൽ  നിങ്ങൾ  നഗരത്തിലേക്ക്‌ മടങ്ങുകയാണ്. കാരണം നിങ്ങൾക്കറിയാം നൊസ്റ്റാൾജിയ ഒരു മിഥ്യയാൺ, നാം ജീർണ്ണിക്കുന്ന ഉടലുകൾ ആകയാൽ നമുക്കത്‌ ചിലനേരം ആവശ്യമാണ്‌. അതു കഴിഞ്ഞ്‌ നാം ജീർണ്ണിക്കുന്നത്‌ കലയ്ക്കും പുറത്തുതന്നെയായിരിക്കും.

English Summary:

The Inescapable Bonds of Hometown Memories: A Cinematic and Literary Exploration of Identity and Nostalgia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com