ADVERTISEMENT

മലയാളകവിതയിലെ കൊടുമുടികളിൽ ഒന്ന്, ഒരുപക്ഷേ അതിൽ ഏറ്റവും ഉയരമുള്ളത്, മഹാകവി കുമാരനാശാന്റെ കവിതയാണ്. ആ ഉയരമളക്കാനുള്ള ‘മാനദണ്ഡം’ അന്വേഷിച്ച് മലയാളനിരൂപണപ്രസ്ഥാനം നടത്തിയ സാഹസിക യാത്രകളുടെ ചരിത്രം നമ്മുടെ നിരൂപണസാഹിത്യത്തിന്റെ തന്നെ ചരിത്രമാകുന്നു. ഭാവിയുടെ സമകാലികനായിരുന്നു ആശാൻ, അതിനാൽ നമുക്കും അദ്ദേഹം ശ്രേഷ്ഠനായ സമകാലികനാകുന്നു. 

‘യുവജനഹൃദയം സ്വതന്ത്രമാ- 

ണവരുടെ കാമ്യപരിഗ്രഹേച്ഛയിൽ’ എന്ന ലീലാകാവ്യവരിയിൽ ഇന്നും ആ ‘താരുണ്യോദാരസൗരഭം’ നമ്മൾ ശ്വസിക്കുന്നു. 

‘കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം’ എന്നെഴുതിക്കൊണ്ടാണ് ആശാൻ ‘വീണപൂവി’ലെ പൂവ്, യഥാർഥത്തിൽ അതു ജീവിച്ചതിലുമേറെ ജീവിച്ചെന്നു പറയുന്നത്. സൗന്ദര്യപൂർണവും സൗരഭ്യപൂരിതവുമായിരുന്നു ആ ജീവിതം. ‘പരാർഥ'മായാണ് അതു ജീവിച്ചത്. അതിന്റെ ആന്തരികമധു പ്രണയമായിരുന്നു. അതിനാൽ മിന്നലിന്റെ ചടുലദീപ്തിയാലെഴുതപ്പെട്ട, പെട്ടെന്നു മാഞ്ഞുപോകുന്ന ജീവിതമാണ് ജഡശിലയുടെ നീണ്ടവാഴ്​വിനെക്കാൾ അഭികാമ്യമെന്ന് ആശാൻ കരുതി. അത്തരത്തിലൊരു ജീവിതമാണ് ആ മഹാകവിയും ജീവിച്ചത്.

പല്ലനയിലെ മഹാകവി കുമാരനാശാൻ സ്മ‍‍ൃതി മണ്ഡപം. ചിത്രം: അരുൺ ശ്രീധർ
പല്ലനയിലെ മഹാകവി കുമാരനാശാൻ സ്മ‍‍ൃതി മണ്ഡപം. ചിത്രം: അരുൺ ശ്രീധർ

52 വർഷംമാത്രം നീണ്ടുനിന്ന അത് അത്ര ദീർഘമായ മനുഷ്യായുസ്സൊന്നുമായിരുന്നില്ല. അതിൽത്തന്നെ തന്റെ 30 വയസ്സിനു ശേഷമാണ് ആശാൻ കാര്യമായെന്തെങ്കിലും എഴുതുന്നത്. 1907ൽ വീണപൂവ് എഴുതുമ്പോൾ യൗവനവർഷങ്ങളുടെ നല്ലപാതി പിന്നിട്ടിരുന്നു. നാലു വർഷം കഴിഞ്ഞാണ് നളിനീകാവ്യത്തിന്റെ പിറവി. മൂന്നുവർഷത്തിനുശേഷം ലീല. പിന്നീട് അഞ്ചു വർഷം കഴിഞ്ഞ് ചിന്താവിഷ്ടയായ സീതയും പ്രരോദനവും. 1922ൽ ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. 

1924ൽ ബോട്ടപകടത്തിൽ ആശാൻ അന്തരിക്കുമ്പോൾ കവി കയ്യിൽക്കരുതിയിരുന്ന നോട്ടുപുസ്തകത്തിൽ അവസാനകൃതിയായ ‘കരുണ’യുടെ കയ്യെഴുത്തുപ്രതിയുമുണ്ടായിരുന്നു. ഒരു സിംഹപ്രസവവും ഗ്രാമവൃക്ഷത്തിലെ കുയിലും ഒഴിച്ചുനിർത്തിയാൽ 8 ഖണ്ഡകാവ്യങ്ങളും പുഷ്പവാടി, മണിമാല, വനമാല എന്നീ ലഘുകാവ്യസമാഹാരങ്ങളും അപൂർണമായ ‘ശ്രീബുദ്ധചരിത’ പരിഭാഷയും ചേരുന്നതാണ് ആശാന്റെ കാവ്യലോകം. ഇതത്രയും ആശാൻ ചെയ്തത് കഷ്ടിച്ച് രണ്ടു പതിറ്റാണ്ടു നീളമുള്ള കവിജീവിതത്തിനിടെ. അതോടൊപ്പം ‘ശ്രീനാധപാഖ്യമഹാർ ഹയോഗം’ എന്നു താൻ വിളിച്ച എസ്എൻഡിപി യോഗത്തിന്റെ ചുമതലയും ചുമലിലേറ്റുന്നുണ്ടായിരുന്നു ആശാൻ

poems-world-of-kumaranasan

മലയാളകവിതയുടെ പരിമിതമായ ചക്രവാളസീമകളെ മായ്ച്ച്, അവിടെ അനന്തതയെ സ്ഥാപിക്കുകയാണ് ആശാൻ ചെയ്തത്. ആശാൻകവിതയുടെ അനന്യതയെയും അപൂർവതയെയും ഏറ്റവും ഭംഗിയായി വിവരിച്ചത് നമ്മുടെ നിരൂപകരാരുമല്ല, മഹാകവി വൈലോപ്പിള്ളിയാണ്. ‘‘ലീലയും നളിനിയും ചണ്ഡാലഭിക്ഷുകിയും മറ്റും വായിക്കുമ്പോൾ എന്റെ ബാലമനസ്സിലുണ്ടായ ആഹ്ലാദകരമായ അസ്വസ്ഥതയ്ക്ക് ഒരു കാരണം ഞാൻ പിന്നീടു കണ്ടെത്തി. അത് ആശാന്റെ (പ്രതിഭയുടെ) വന്യതയാണെന്ന് (wildness) ഒറ്റവാക്കിൽ പറയാം. സമകാലികരായ മറ്റു മഹോന്നതകവികളിൽ കാണുന്ന മാന്യമായ നാഗരികതയെ വെട്ടിച്ചുയർന്നു നിൽക്കത്തക്കവിധം ആശാനെ ഒരു ജീനിയസാക്കാൻ ഈ വന്യത ഹേതുഭൂതമായിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു. മലഞ്ചോലകളുടെ സംഗീതം എന്നു പറഞ്ഞാൽ പോരാ; അഗ്നിപർവതസ്ഫോടനം, ഭൂകമ്പം, പ്രളയം മുതലായ പ്രകൃതിക്ഷോഭങ്ങളുടെ ഒരംശം ‘വന്യത’ എന്ന ഈ പദത്തിൽ ഞാൻ ഒതുക്കട്ടെ’’– (കാവ്യലോകസ്മരണകൾ). 

രാത്രിയിൽ, ആകാശത്ത് ‘മഹാണ്ഡകോടികൾ’ ചലിക്കുന്ന ശബ്ദമാണ് വാഗീശ്വരിയുടെ വീണയിൽ പ്രതിധ്വനിക്കുന്നതെന്ന് ‘പ്രരോദന’ത്തിൽ എഴുതിയിട്ടുണ്ട് ആശാൻ. ആ മഹാണ്ഡകോടികളുടെ ശബ്ദം ആശാൻകവിതയിലും നാം കേൾക്കുന്നു. ഇംഗ്ലിഷ് കവിതയിൽ മിൽട്ടണും ഹോപ്കിൻസും മാത്രം സാക്ഷാത്കരിച്ച ഭാഷാപാകമാണത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com