ആ മഞ്ഞക്കോളാമ്പിപ്പൂക്കൾ ജനറൽ കാണുകയില്ല; നമ്മൾ കാണാത്ത പൂക്കൾ ഏതായിരിക്കും?

Mail This Article
എങ്ങനെയാണ് ഞാൻ ഈ ചക്രവ്യൂഹത്തിൽ നിന്ന് എന്നെങ്കിലുമൊന്ന് പുറത്തുകടക്കുക എന്ന ഹതാശമായ ചോദ്യത്തിന്റെ ധ്വനിയും പ്രതിധ്വനിയുമാണ് ജനറലിന്റെ രാവണൻ കോട്ടയിൽ നിന്ന് ഉയരുന്നത്. ലാറ്റിനമേരിക്കയുടെ ഏകാധിപതികളിലൊരാളായിരുന്ന, ജനങ്ങളുടെ വീരനായകനായ അദ്ദേഹത്തിന് മധ്യവയസ്സ് പിന്നിട്ടിരുന്നില്ല. അൽപകാലം മാത്രം നീണ്ടുനിന്ന വിവാഹം എന്നപോലെ മനുഷ്യായുസ്സിന്റെ പകുതിയിൽ സാധാരണ ജീവിതത്തിന്റെ ഉയർച്ചയും താഴ്ചയും അനുഭവിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. പ്രതാപത്തിന്റെ കാലം എഴുതപ്പെട്ടതാണ്. പലരാൽ. പല വർണങ്ങളാൽ. കഥകളും കെട്ടുകഥകളും ഐതിഹ്യങ്ങളും വാഴ്ത്തുപാട്ടുകളും.

എന്നാൽ, അധികാരം നഷ്ടപ്പെട്ട്, അവസാന നാളുകളിലെ അന്ത്യയാത്ര ചരിത്രത്തിന്റെ ഭാഗമല്ല. ഏതാനും വരികളിൽ എഴുതപ്പെട്ട അക്കാലത്തെ വ്യാകുല ജീവിതമാണ് മാർകേസിന്റെ പ്രമേയം. ഒരർഥത്തിൽ മാത്രമല്ല എല്ലാ അർഥത്തിലും ഏകാന്തത തന്നെ. ഒറ്റപ്പെടലും നിസ്സഹായതയും ഏകാന്തതയും തന്നെയാണ് മാർകേസിന്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട പ്രമേയമെന്നു കാണാം. കപ്പൽച്ചേതത്തിൽപെട്ട നാവികന്റെ ജീവിതം പറഞ്ഞാണ് അദ്ദേഹം സർഗാത്മക ലോകത്ത് തന്നെത്തന്നെ അടയാളപ്പെടുത്തുന്നത്. മുന്നിൽക്കണ്ട മരണത്തിനും ആഗ്രഹിച്ച കരയ്ക്കുമിടെ കടലിൽ ഒറ്റയ്ക്കു കഴിച്ചുകൂട്ടിയ ഒരു ജീവിതത്തിന്റെ കഥ ഏകാന്തതയുടെ ചരിത്രമല്ലാതെ മറ്റെന്താണ്.
നൊബേൽ സമ്മാനം നേടിയ പുസ്തകത്തിൽ 100 വർഷത്തെ ഏകാന്തതയെ പകർത്താനാണ് അദ്ദേഹം ശ്രമിച്ചതും വിജയിച്ചതും. കോളറക്കാലത്തെ പ്രണയം അരനൂറ്റാണ്ടിലധികം കാത്തുനിന്ന കാമുകന്റെ വിരഹത്തിന്റെയും പ്രേമാതുര ജൽപനങ്ങളുടെയും ചരിത്രമാണ്. കുലപതിയുടെ പതനത്തിലും കത്തിനു വേണ്ടിയുള്ള കേണലിന്റെ കാത്തിരിപ്പിലുമെല്ലാം വീണ്ടും വീണ്ടും മുഴങ്ങുന്നത് ഒരേ പ്രമേയം തന്നെ.

അധികാരം നഷ്ടപ്പെട്ടെങ്കിലും ബഹുമാനിക്കപ്പെട്ടപ്പെടുന്ന വ്യക്തിയാണ് ജനറൽ. ചുറ്റുമുള്ള അനുചര വൃന്ദം അദ്ദേഹത്തിന് ഒരു കുറവും വരുത്താതെ ശ്രദ്ധിക്കുന്നുണ്ട്. കത്തെഴുതാൻ പോലും സഹായികളുണ്ട്. ഏതാജ്ഞയും നിറവേറ്റാൻ കരുത്തുള്ള വേറെയും ഒട്ടേറെപ്പേർ ചുറ്റുമുണ്ട്. എന്നാൽ, ഒറ്റയ്ക്കാണെന്ന് അദ്ദേഹത്തിന് അറിയാം. നിരന്തരം നിഴൽ പോലെ അദ്ദേഹത്തെ അനുഗമിക്കുന്ന ഹോലെ പലാസിയോസ്, താൻ എന്നും ദരിദ്രനായിരുന്നെന്നും വിൽപത്രത്തിൽപ്പോലും ഒന്നും ആവശ്യമില്ലെന്നും പറയുമ്പോൾ ജനറൽ തിരുത്തുന്നുണ്ട്:
സത്യം മറിച്ചാണ്. നാമെന്നും ധനികരായിരുന്നു. നമുക്ക് ബാക്കിയൊന്നും ആവശേഷിച്ചിട്ടുമില്ല.
അതു തന്നെയാണ് യാഥാർഥ്യവും. ധനികനായിരുന്നെങ്കിലും ആ ധനമെല്ലാം പ്രജകളുടെയായിരുന്നു. രാജ്യത്തിന്റെയായിരുന്നു. രാജ്യം നഷ്ടപ്പെട്ടതോടെ, ധനം നഷ്ടപ്പെട്ടതോടെ അവയൊക്കെ തിരിച്ചുകൊടുക്കേണ്ടിയും വന്നു. അവസാന യാത്രയുടെ നിമിഷത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. പ്രിയപ്പെട്ടവരൊക്കെ കൂടെയുണ്ടെങ്കിലും ആരും കൂട്ടുവരുന്നില്ല. എത്രയൊക്കെ സ്വത്തുണ്ടെങ്കിലും അവ കൈമാറ്റം ചെയ്യപ്പെടുകയാണ്. സ്ഥാവര ജംഗമ വസ്തുക്കൾ മാത്രമല്ല, കയ്യിലുള്ളവ പോലും. ഇട്ടിരിക്കുന്ന വസ്ത്രം പോലും. വന്നപോലെ തന്നെ മടക്കയാത്രയും. അധികാരത്തെയും പ്രതാപത്തെയും സമ്പത്തിനെയും കുറിച്ച് ഓർമിപ്പിക്കുന്നവരെ എന്നും അദ്ദേഹം തിരുത്തുന്നുണ്ട്:
എന്റെയല്ലെന്റെയല്ലീ കൊമ്പനാനകൾ.

അധികാരത്തിന്റെ അംശവടി കയ്യിലില്ലെങ്കിലും ഇടയ്ക്കൊക്കെ അദ്ദേഹമത് പ്രയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. ഏറ്റവും പുതിയ വാർത്തകളിൽ കോപാകുലനും ഉൽക്കണ്ഠാകുലനും വിഷാദവാനുമൊക്കെ ആകുന്നുമുണ്ട്. എന്നാൽ, പെട്ടെന്നുതന്നെ യാഥാർഥ്യത്തിലേക്കു മടങ്ങിവരുന്നു.
എന്നും സ്ത്രീകളാൽ ചുറ്റപ്പെടാനാണ് അദ്ദേഹത്തിലെ പുരുഷൻ ആഗ്രഹിച്ചതും കൊതിച്ചതും. പരിചാരിക അവസാന നിമിഷവും അത് ഓർമിപ്പിക്കുന്നുണ്ട്. ഒന്നിനും കൊള്ളില്ലെങ്കിലും തന്നെയെങ്കിലും ജനറലിന്റെ അടുത്തു നിൽക്കാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നുമുണ്ട്. എന്നാൽ, ആ അപേക്ഷ നിരസിക്കപ്പെടുന്നു. ഓർമകൾ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നില്ല. ഭാവി സുഖം പകരുന്നതുമല്ല. നശിച്ച കാത്തിരിപ്പ് തന്നെയാണ് തന്റെ വിധിയെന്ന് അദ്ദേഹം തിരിച്ചറിയുന്നു. പ്രതിരോധിച്ചും പ്രത്യാക്രമണം നടത്തിയും കുറച്ചൊക്കെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നെങ്കിലും അവസാനം ആകുമ്പോഴേക്കും തീരെ നിസ്സഹായനാകുന്നുണ്ട് ജനറൽ.

1783 മുതൽ 1830 വരെ മാത്രം നീണ്ട അരനൂറ്റാണ്ടു തികയ്ക്കാത്ത ജീവിതത്തിന്റെ അകാലത്തിലെ മരണവ്യഥയുടെ ചരിത്രം കൂടിയാണ് ജനറലിന്റെ രാവൺ കോട്ടയിലെ ജീവിതവും അവസാനത്തെ നിമിഷവും. എങ്ങനെയാണ് എല്ലാം ഒന്ന് അവസാനിപ്പിക്കുക എന്ന ചോദ്യം നിരന്തരം നേരിട്ടും തന്നെത്തന്നെ ഓർമിപ്പിച്ചും ജനറൽ കഴിച്ചുകൂട്ടുന്ന അവസാന ദിനങ്ങളുടെ രേഖയിൽ മാജിക്കൽ റിയലിസം മിന്നിമായുന്നത് മാർകേസ് അനുഭവിപ്പിക്കുന്നുണ്ട്. കഥയേക്കാൾ വിചിത്രമായ ജീവിതങ്ങൾ. എന്നാൽ ഒരു കൂട്ടിച്ചേർക്കലുമില്ലാത്ത യാഥാർഥ്യവും.
പിന്നീട്, കൈകൾ മാറത്തു പിണച്ച്, മില്ലിലെ അടിമത്തൊഴിലാളികൾ ആറുമണി സ്തുതിഗീതം പാടുന്നതിന്റെ തേജസ്സാർന്ന സ്വരം ശ്രവിച്ചുതുടങ്ങി. ആകാശത്തിൽ എന്നെന്നേക്കുമായി കണ്ണടയ്ക്കുന്ന വ്യാഴത്തിന്റെ വൈരത്തിളക്കം, അനന്തമായ മഞ്ഞ്, ഭവനം വിലപാച്ചടങ്ങുകളിൽ അടഞ്ഞുകിടക്കുന്ന അടുത്ത ശനിയാഴ്ചയിൽ വിരിയുന്ന, താനൊരിക്കലും കാണുകയില്ലാത്ത മഞ്ഞ കോളാമ്പിപ്പൂക്കൾ പേറുവാനുള്ള പുതിയ ചെടിച്ചില്ല, നിത്യതയിലൊരിക്കലുമിനി ആവർത്തിക്കപ്പെടാത്ത ജീവിതത്തിന്റെ അന്തിമദീപ്തി... എല്ലാം ജാലകത്തിലൂടെ അദ്ദേഹം കണ്ടു.