ADVERTISEMENT

ഐഐടി ഹോസ്റ്റലിലെ 105–ാം മുറിയിലെ താമസക്കാരിയാണ് സാറ. ജെഇഇ ട്യൂഷൻ സെന്ററിൽ അധ്യാപകനായ കേശവിന്റെ പഴയ കാമുകി. ഐഐടിക്കാരനായ അയാൾ ‘ചന്ദൻ ക്ലാസസ്’ എന്ന തന്റെ ജോലിസ്ഥലത്തെ വെറുക്കുന്നു. ഒരു യാഥാസ്ഥിതിക കുടുംബത്തിന്റെ ഭാഗമായ അയാൾ നല്ലെരു ജോലി കണ്ടെത്തുന്നതിൽ പരാജയപ്പെട്ട് മടുത്തിരിക്കുകയാണ്.

സാറ ലോൺ ഐഐടിയിൽ പിഎച്ച്‌ഡിക്കു പഠിക്കുന്ന സ്വതന്ത്രചിന്താഗതിക്കാരിയായ കശ്മീരി മുസ്‌ലിം യുവതിയാണ്. മതപരമായ ഭിന്നതയുള്ള കുടുംബങ്ങൾ കാരണം അവരുടെ പ്രണയകഥ അവസാനിച്ചിരുന്നു. പക്ഷേ അവളെ മറക്കാനാകാതെ കേശവ് പലപ്പോഴും സാറയെ വിളിച്ച് തന്നിലേക്ക് മടങ്ങിവരാൻ അപേക്ഷിക്കാറുണ്ട്, എന്നാൽ അവൾ ഒരിക്കലും സമ്മതിക്കുന്നില്ല. കേശവിന്റെ ഉറ്റ സുഹൃത്തും വിശ്വസ്തനും സഹപ്രവർത്തകനുമായ സൗരഭാണ് മുൻകാല പ്രണയം മറക്കാനും ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കേശവിനെ സഹായിക്കുന്നത്.

അങ്ങനെയിരിക്കെ സാറയുടെ ജന്മദിനമാകുന്നു. അർധരാത്രിയിൽ സാറയെ വിളിച്ച് ജന്മദിനം ആശംസിക്കാനുള്ള തന്റെ ആഗ്രഹം കേശവ് നിയന്ത്രിച്ചിരിക്കുമ്പോഴാണ് പുലർച്ചെ 3 മണിക്ക് അവളുടെ ഒരു സന്ദേശം അവന് ലഭിക്കുന്നത്. എന്തുകൊണ്ടാണ് ഈ വർഷം ജന്മദിനം ആശംസിക്കാത്തതെന്നും ഉടൻ തന്റെ ഹോസ്റ്റൽ മുറിയിൽ വന്നു കാണാനും ആ മെസേജിലുണ്ട്.

സൗരഭിനൊപ്പം പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് ഓടിയ കേശവ്, വ്യാജ ഐഡി കാർഡ് കാണിച്ച് ഹോസ്റ്റലിൽ കയറി. വെളിച്ചമില്ലാത്ത മുറി പൂർണമായും നിശബ്ദമാണ്. കട്ടിലിൽ കിടക്കുന്ന സാറയുടെ നെറ്റിയിൽ തൊട്ടപ്പോൾ ഒരു തണുപ്പ് കേശവിന് അനുഭവപ്പെടുന്നു. ലൈറ്റ് ഓൺ ചെയ്ത് നോക്കുമ്പോൾ അവൾ കൊല്ലപ്പെട്ടതാണെന്ന് അവന് മനസ്സിലാകുന്നു. 

chetan-book

സാറയെ കൊന്നതാര്? ആ സന്ദേശം അയച്ചത് അവൾ തന്നെയാണോ? താൻ കൊലയാളിയായി മുദ്രകുത്തപ്പെടുമോ? കേശവിന്റെ ജീവിതം അവിടെ വച്ചു മാറിമറിയുകയാണ്. കൊലയാളിയെ കണ്ടെത്തിയില്ലെങ്കിൽ താൻ അകപ്പെടും എന്നതു മാത്രമല്ല, പ്രിയപ്പെട്ടവൾക്കു നീതി ലഭിക്കാൻ‌ വേണ്ടിക്കൂടിയാണ് കേശവിന്റെ ഈ തീരുമാനം. 

ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരനായ ചേതൻ ഭഗത്തിന്റെ 2018 ൽ പുറത്തിറങ്ങിയ നോവലാണ് ‘ദ് ഗേൾ ഇൻ റൂം 105’. ഡൽഹി ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ സാറ ലോൺ എന്ന പെൺകുട്ടി കൊല്ലപ്പെടുന്ന കഥ ചേതന്റെ സ്ഥിരം കഥകളിൽനിന്നു വ്യത്യസ്തമാണ്. ചേതൻ ഭഗത് എഴുതിയ എട്ടാമത്തെ നോവലും പത്താമത്തെ പുസ്തകവുമാണിത്. 

കേശവിന്റെ അന്വേഷണം സാറയുടെ സങ്കീർണമായ ജീവിതത്തിലേക്കാണ് കടന്നുചെല്ലുന്നത്. അവളുടെ ബന്ധങ്ങൾ, അഭിലാഷങ്ങൾ, പോരാട്ടങ്ങൾ, മറഞ്ഞിരിക്കുന്ന വശങ്ങൾ എന്നിവ അവൻ കണ്ടെത്തുന്നു. ഒരു ശവശരീരം മാത്രമായി മാറിയ പ്രണയത്തിന് കേശവ് നീതി വാങ്ങി നൽകുന്നത് ഒരു യാത്രയിലൂടെയാണ്. ഇന്ത്യയിലെ രാഷ്ട്രീയ പ്രശ്നങ്ങളെക്കൂടി അഭിസംബോധന ചെയ്യുന്ന പുസ്തകം പ്രണയം, വിരഹം, ആധുനിക കാലത്തെ ബന്ധങ്ങളുടെ സങ്കീർണതകൾ എന്നിവ ചർച്ച ചെയ്യുന്നു. 

റൊമാൻസിന്റെയും ത്രില്ലറിന്റെയും സംയോജനം ഒരു മികച്ച വായനാനുഭവം നൽകുന്നു. പ്രണയ–സൗഹൃദകഥകള്‍ എഴുതുന്ന അതേ മികവോടെയാണ് ചേതൻ ഈ ക്രൈ ത്രില്ലറും സൃഷ്ടിച്ചിരിക്കുന്നത്.

English Summary:

Chetan Bhagat Tackles Love and Suspicion in 'The Girl in Room 105', The combination of romance and thriller

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com