ADVERTISEMENT

ഒരു പാർട്ടിക്കു പോകുന്ന നിങ്ങൾക്ക് ഒരു കൊലപാതകത്തിനു സാക്ഷിയാകേണ്ടി വന്നാലോ? കൊലയാളിയെ കണ്ടെത്തിയാൽ മാത്രമേ അവിടെനിന്നു പുറത്തു വരാൻ സാധിക്കുകയുള്ളൂവെങ്കിലോ? 

എയ്ഡൻ ബിഷപ്പിന്റെ അവസ്ഥയും അതാണ്. ലോർഡ് ഹാർഡ്‌കാസിലും ഭാര്യയും തങ്ങളുടെ മകൾ എവ്‌ലിൻ പാരിസിൽ നിന്ന് മടങ്ങിയെത്തിയത് ആഘോഷിക്കുന്നതിനായി ഒരു വാരാന്ത്യ പാർട്ടി നടത്തുന്നു. അവരുടെ ബ്രിട്ടിഷ് കൺട്രി മാൻഷനായ ബ്ലാക്ക്‌ഹീത്ത് ഹൗസിലേക്ക് എയ്ഡൻ അടക്കം നിരവധി അതിഥികളെ അവർ ക്ഷണിക്കുന്നു. എന്നാൽ രാത്രി 11 മണിയോടെ ദുരൂഹ സാഹചര്യത്തിൽ എവ്‌ലിൻ കൊല്ലപ്പെടുന്നു. എയ്ഡൻ അടക്കമുള്ള അതിഥികളിലാരോ ആണ് കൊലപാതകി. 

The-Seven-deaths

2018-ൽ പ്രസിദ്ധീകരിച്ച, സ്റ്റുവർട്ട് ടർട്ടന്റെ ആദ്യ നോവലാണ് ദ് സെവൻ ഡെത്ത്സ് ഓഫ് എവ്‌ലിൻ ഹാർഡ്‌കാസിൽ. ഒരു കൊലപാതക ദുരൂഹതയ്ക്കൊപ്പം ടൈം ട്രാവലും വിഷയമാക്കിയ നോവൽ വ്യത്യസ്ത വായനാനുഭവമാണ് നൽകുന്നത്. എവ്‌ലിന്റെ മരണത്തോടെ സംഭവിക്കുന്നത് ഒരു ടൈം ലൂപ്പാണ്. എയ്ഡൻ ബ്ലാക്ക്‌ഹീത്തിൽ കുടുങ്ങിപ്പോകുന്നു. അയാൾ കണ്ണു തുറക്കുന്നത് ഒരു കാട്ടിലാണ്. ഇരുട്ടിൽ, തണുപ്പത്ത് അയാൾക്ക് ആകെ ഓർമയുള്ളത് അന്ന എന്ന പേരു മാത്രമാണ്. പക്ഷേ അന്ന ആരാണെന്നോ താൻ ആരാണെന്നോ അയാൾക്കറിയില്ല. 

ബ്ലാക്ക്‌ഹീത്തിന് ചുറ്റുമുള്ള വനത്തിലകപ്പെട്ട എയ്ഡനോട് കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നത് പ്ലേഗ് ഡോക്ടറുടെ വേഷം ധരിച്ച ഒരു നിഗൂഢ രൂപമാണ്. എവ്‌ലിന്റെ മരണം കൊലപാതകമാണ്. വന്നിരിക്കുന്ന അതിഥികളിൽനിന്ന് എട്ടു ദിവസത്തിനുള്ളിൽ കൊലയാളിയെ കണ്ടെത്തണം. അതിനായി എയ്ഡൻ ഓരോ ദിവസവും ഓരോ അതിഥിയുടെ ശരീരത്തിൽ പ്രവേശിക്കും. ആ ശരീരത്തിൽ നിന്നുകൊണ്ടു വേണം അന്വേഷണം നടത്താൻ. കഴിഞ്ഞു പോയ സംഭവങ്ങൾ ആദ്യം മുതൽ നടക്കും. പാർട്ടിയിലേക്ക് എല്ലാവരും എത്തി, എവ്‌ലിൻ മരിക്കുന്ന 11 മണി വരെ സമയമുണ്ട്. എയ്ഡന്‍ ആ സമയം ഒരു അതിഥിയുടെ ശരീരത്തിൽ അകപ്പെട്ടിരിക്കും, കൊലയാളിയെ കണ്ടെത്തിയാൽ ടൈം ലൂപ്പ് അവസാനിച്ച് അയാൾക്ക് സ്വന്തം ശരീരത്തിൽ തിരികെ വരാം. ഇല്ലെങ്കിൽ കണ്ണു തുറക്കുമ്പോൾ മറ്റൊരു ശരീരത്തിൽ ആയിരിക്കും. വീണ്ടും ആദ്യം മുതൽ എല്ലാം ആവർത്തിക്കും. 

Image Credit: Robert-purchese/eurogamer
Image Credit: Robert-purchese/eurogamer

8 ദിവസമാണ് സമയം, 8 അതിഥികളുടെ ശരീരം. എയ്ഡന് ആ സമയം തന്റെ മുൻകാല ജീവിതത്തെക്കുറിച്ചോ ബ്ലാക്ക്ഹീത്തിൽ ഉണ്ടായതോ ഒന്നും ഓർമയുണ്ടാകില്ല. എല്ലാം അന്വേഷിച്ചു കണ്ടെത്തണം. എല്ലാവരുടെയും രഹസ്യങ്ങൾ പുറത്തു കൊണ്ടു വരണം. ഓരോ ദിവസവും വ്യത്യസ്തനായ അതിഥിയുടെ ശരീരത്തിൽ ഉണർന്ന്, ആരാണു കൊലയാളിയെന്നു കണ്ടെത്തി സ്വതന്ത്രനാകാൻ ശ്രമിക്കുന്ന എയ്ഡൻ അന്നയെ കണ്ടുമുട്ടുന്നു. ബ്ലാക്ക്‌ഹീത്ത് ഹൗസിലെ ജോലിക്കാരിയാണവൾ. അവളും തനിക്കൊപ്പം ലൂപ്പിൽ പെട്ടിരിക്കുകയാണെന്ന് അയാൾ തിരിച്ചറിയുന്നു. പക്ഷേ, എല്ലാ ദിവസവും അവൾ സ്വന്തം ശരീരത്തിൽ തന്നെയാണ് പുനർജ്ജനിക്കുന്നത്. അവളും കുറ്റകൃത്യം പരിഹരിക്കാനാണു ശ്രമിക്കുന്നത്. അവരിൽ ഒരാൾക്കു മാത്രമേ രക്ഷപ്പെടാൻ കഴിയൂ എന്ന് പ്ലേഗ് ഡോക്ടറുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, ഒരുമിച്ച് ഈ പ്രശ്നം പരിഹരിക്കുവാൻ അവർ തീരുമാനിക്കുകയും ഒടുവിൽ അവർക്കിടയിൽ പ്രണയം മുളപൊട്ടുകയും ചെയ്യുന്നു.

ബോധപൂർവം ആശയക്കുഴപ്പത്തിലാക്കുന്ന രീതിയിലാണ് കഥ വികസിക്കുന്നതെങ്കിലും ഒരു നല്ല ക്രൈം ത്രില്ലറാണ് പുസ്തകം. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച വിവരങ്ങൾ സൂക്ഷിച്ചു വച്ച് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ നോക്കുന്ന എയ്ഡനൊപ്പെം വായനക്കാരും സഞ്ചരിക്കുന്നു. ലോഡ് പീറ്ററിനും ഭാര്യ ലേഡി ഹെലീനയ്ക്കും ജീവിച്ചിരിക്കുന്ന രണ്ട് മക്കളുണ്ട്. മൈക്കൽ, എവ്‌ലിൻ ഹാർഡ്‌കാസിൽ. അവർക്ക് പുറമെ മറ്റൊരു മകൻ കൂടി ഉണ്ടായിരുന്നുവെന്നും തോമസ് എന്ന ആ കുട്ടി ചെറുപ്പത്തിൽ കൊല്ലപ്പെട്ടതാണെന്നും കഥയിൽ നാം കണ്ടെത്തുന്നു. തോമസിന്റെ കൊലപാതകത്തിൻ്റെ 19-ാം വാർഷികത്തിലാണ് അവർ പാർട്ടി സംഘടിപ്പിച്ചത്.

സ്റ്റുവർട്ട് ടർട്ടൻ, charlotte-graham-observer
സ്റ്റുവർട്ട് ടർട്ടൻ, charlotte-graham-observer

ഈ പേടിസ്വപ്നത്തിൽനിന്നു രക്ഷപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോ എന്നു തിരയുന്ന എയ്ഡന് നടുക്കുന്ന സത്യങ്ങളാണ് മനസ്സിലാകുന്നത്. എവ്‌ലിൻ ആത്മഹത്യ ചെയ്തതാണോ? അവളുടെ സഹോദരൻ മൈക്കൽ ആണോ അവളെ കൊല്ലാൻ നോക്കുന്നത്? അതോ കൂടെ നടക്കുന്ന അന്നയാണോ കുറ്റവാളി? 

“മറ്റാരുടെയെങ്കിലും കുറ്റങ്ങൾ പരിഹരിക്കുന്നതിലൂടെ സ്വന്തം കുറ്റങ്ങൾക്കു പ്രായശ്ചിത്തം ചെയ്യാൻ ഞങ്ങൾ അവർക്ക് അവസരം നൽകുന്നു. ഇത് ശിക്ഷ പോലെ ഒരു സേവനമാണ്" എന്ന പുസ്തകത്തിലെ വരികളാണ് കഥയുടെ യഥാർഥ സത്ത. സയൻസ് ഫിക്‌ഷന്റെയും ഫാന്റസിയുടെയും ഘടകങ്ങളുള്ള നോവൽ, ടൈം ട്രാവൽ, പരകായപ്രവേശം എന്നിവയും ഉൾക്കൊള്ളുന്നു. 2018 ലെ കോസ്റ്റ ബുക്ക് പ്രൈസ് അവാർഡുകളിൽ മികച്ച ആദ്യ നോവൽ സമ്മാനം നേടുകയും നിരവധി ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇടം നേടുകയും ചെയ്ത പുസ്തകം, അഗത ക്രിസ്റ്റി മിസ്റ്ററിയെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്.

English Summary:

"Who Killed Evelyn Hardcastle? Can You Solve the Murder at Blackheath House Before It's Too Late?"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com