ADVERTISEMENT

വായനയും എഴുത്തും ഓരോ കാലത്തും വ്യത്യസ്തമാണ്. എഴുത്തുകളും ഒരൊറ്റ മൊഴിയല്ല, പല മൊഴികൾ ഒഴുകിച്ചേരുന്ന പലമയും പഴമയുമാണു മലയാളം. കപ്പലിറങ്ങിയതും കാടിറങ്ങിയതും മലകടന്നെത്തിയതും ഇവിടെത്തന്നെ മുളച്ചവയുമായി പലമൊഴികൾ. ഇവയെ അടിസ്ഥാനമാക്കി പിറക്കുന്ന നാട്ടുഭാഷാ നിഘണ്ടുക്കൾ പുതിയ കാലത്തെ ഈടുവയ്പുകളാണ്. ഈ മാതൃഭാഷാ ദിനത്തിൽ പുതിയ കാലത്തിന്റെ എഴുത്തനുഭവവും പണ്ടു നമ്മൾ ഉപയോഗിച്ചിരുന്ന ചില വാക്കുകളും പരിചയപ്പെട്ടാലോ...

എന്റെ നോവൽ, വായനക്കാരുടെയും

ആർ. രാജശ്രീ (എഴുത്തുകാരി) 

‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവൽ ഫെയ്സ്ബുക്കിൽ ചെറുകുറിപ്പുകളായാണ് ആദ്യം എഴുതിയിരുന്നത്. അതൊരു നോവലിന്റെ ഘടനയിലേക്കു പിന്നീടു മാറിയതാണ്. എഴുതാനുപയോഗിക്കുന്ന മാധ്യമം സാഹിത്യ ഗണത്തെത്തന്നെ നിർണയിക്കുന്നതിൽ അദ്ഭുതമില്ല എന്നു പഠിപ്പിച്ചു ആ എഴുത്ത്. നോട്പാഡിലെ എഴുത്തിനുള്ള പരിമിതി, സ്പേസിങ്ങിൽ വാക്കും വിവക്ഷിതവും മാറി മറിയുന്ന അവസ്ഥ, ഫെയ്സ്ബുക്കിൽ വലിയ കുറിപ്പുകളോടു വായനക്കാർക്കുള്ള വിമുഖത എന്നിവയൊക്കെ എഴുത്തുരൂപത്തെ നിയന്ത്രിച്ചിരുന്നു. 

എഫ്ബിയിൽ പോസ്റ്റ് ചെയ്യുമ്പോൾ വന്ന വായനക്കാരുടെ കമന്റുകൾ വായനയുടെ വിവിധതലങ്ങളിൽ നിന്നുകൊണ്ടുള്ളതായിരുന്നു. അവർ കൂടിയാണ് ആ നോവലിനെ നിർമിച്ചത്. സ്വയം പരിശോധിക്കാനും നിർദയം തിരുത്താനും ആ കമന്റുകൾ ചെയ്ത സഹായം വലുതാണ്. ഓരോ അധ്യായത്തിലും വായനക്കാരുടെ എഡിറ്റിങ്ങോടെ രൂപപ്പെട്ട നോവലാണത്.

ഓഡിയോ വായനയും അനുഭവം

അഭിലാഷ് മേലേതിൽ (സോഫ്റ്റ്‍വെയർ എൻജിനീയർ) 

ഓഡിയോ ബുക്കുകളിലെ വായനയ്ക്കും പ്രചാരമേറുന്ന കാലമാണിത്. പെട്ടെന്നു കേൾവിയിൽ ഇണക്കം കിട്ടുന്ന മീഡിയമല്ല. ഞാൻ പണ്ട് കിൻഡിലിൽ (തേഡ് ജനറേഷൻ) ഉള്ളടക്കം തിരഞ്ഞെടുത്തു വായിപ്പിക്കുന്ന രീതി ശ്രമിച്ചിരുന്നു. അതിനൊപ്പം ചിലപ്പോൾ ടെക്സ്റ്റ് വായിക്കും. അപ്പോൾ വായന വേഗത്തിലാകും. കൂടുതൽ ഏകാഗ്രതയോടെ വായിക്കാനാവും. 

ഓഡിബിളിൽ ടെക്സ്റ്റ് മുൻപിലില്ലാത്തതിനാൽ പൂർണശ്രദ്ധ ആവശ്യമാണ്. മറ്റൊരാൾ നമുക്കു വായിച്ചു തരികയാണ്. വോയ്സ് ആക്ടേഴ്സ് അല്ലെങ്കിൽ എഴുത്തുകാർതന്നെ നേരിട്ടു വായിക്കും. വായിക്കുന്ന ആളിന്റെ ശബ്ദം നമുക്ക് ഇഷ്ടമായില്ലെങ്കിൽ വായന മുടങ്ങും. ടെക്സ്റ്റ് മുന്നിലില്ലാതെ കേൾവിയിലൂടെ മാത്രം ‘വായിക്കുന്നതിന്’ കുറച്ചു പരിശീലനം വേണം. രണ്ടു വർഷമായി ഞാൻ സ്റ്റോറിടെൽ/,ഓഡിബിൾ വായനക്കാരനാണ്. സത്യത്തിൽ ഓഡിയോ വായനയ്ക്കാണു കൂടുതൽ സമയം പോകുന്നത്. ഓഡിയോ വായനയെ വ്യായാമവുമായി ലിങ്ക് ചെയ്തതു കാരണം ആ തോന്നൽ ഒഴിവായിക്കിട്ടി.

അർണോസ് പാതിരിയും ഗുണ്ടർട്ടും മുതൽ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള വരെയുള്ളവർ ഭാഷയ്ക്കു സമ്മാനിച്ച ഈടുറപ്പ് വളരെ വലുതാണ്. പല വാക്കുകളും ഇന്നത്തെ തലമുറയ്ക്ക് അപരിചിതമാണ്. അവയിൽ ചിലത്...

1) പൊഞ്ഞാറ്

ഗൃഹാതുരത്വത്തെ തനി കാസർകോടൻ ഭാഷയിൽ ‘പൊഞ്ഞാറ്’ എന്നു പറയാം. കാഞ്ഞങ്ങാട് നെഹ്റു കോളജിലെ കുട്ടികൾ ചുറ്റുപാടും നിന്നു കണ്ടെടുത്ത വാക്കുകളെ കോർത്തുകെട്ടിയ നാട്ടുഭാഷാ നിഘണ്ടുവാണിത്. വടക്കൻ കേരളത്തിന്റെ മൊഴിപ്പലമ ഇതിൽ കാണാം. എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടാണ് ‘പൊഞ്ഞാറി’ലേക്കു കുട്ടികളെ കൈപിടിച്ചത്.

2) വയനാടൻ ഗോത്രഭാഷാ നിഘണ്ടു

കുറുമ ഭാഷയിൽ ‘ഉവ്വാനിക്ക’ എന്നാൽ ‘ഓർമിക്കുക’ എന്നാണർഥം. മറവിയിലേക്കു നാടുകടത്തപ്പെടുന്ന ആദിമമൊഴികളെ തേടിപ്പിടിച്ച് വയനാടൻ ഗോത്രഭാഷാ നിഘണ്ടു ഒരുക്കിയത് പുൽപ്പള്ളി വേലിയമ്പത്തെ കണ്ടാമല രാമചന്ദ്രനാണ്. ഒരു പതിറ്റാണ്ടു നീണ്ട അലച്ചിലിൽ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, കുറുമ ഭാഷകളിൽനിന്ന് ആറായിരത്തിലേറെ വാക്കുകൾ കണ്ടെടുത്തു. മലയാളം സർവകലാശാല വൈകാതെ ഇതു പ്രസിദ്ധീകരിക്കും.

3) കടപ്പെറപാസ

പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയുള്ള 52 തുറകളിൽനിന്ന് കവി കൂടിയായ ഡി.അനിൽകുമാർ വലവീശിപ്പിടിച്ച 1108 വാക്കുകളും അർഥവും സംഭാഷണങ്ങളുമാണ് കടപ്പെറപാസ നിഘണ്ടുവിന്റെ ഉള്ളടക്കം. തമിഴും മലയാളവും കലർന്നതും കലർപ്പേയില്ലാത്തതുമായ വാക്കുകളുണ്ട്. ‘നക്ഷത്രസമൂഹ’ത്തിന് തുറക്കാർ പറയുന്നതെന്തെന്നോ – ‘കപ്പലവെള്ളി’. ചിലപ്പോൾ ‘ചോത്തുവെള്ളി’യെന്നും പറയും.

4) പച്ചമലയാളം നിഘണ്ടു

സാഹിത്യത്തിലും ജീവിതത്തിലും നിന്നു സുമംഗല കണ്ടെടുത്ത അറുപതിനായിരത്തോളം വാക്കുകൾ ഉൾക്കൊള്ളുന്നു ഈ പച്ചമലയാളം നിഘണ്ടു. കഥകളിലൂടെ കുട്ടികൾക്കു പ്രിയങ്കരിയായ എഴുത്തുകാരി പതിറ്റാണ്ടുകൾ നീണ്ട അധ്വാനമാണിത്. ഡോ. എം.വി.വിഷ്ണു നമ്പൂതിരിയുടെ നാടൻ ഭാഷാ നിഘണ്ടുവിനെയും നമുക്ക് ഇതിനോടു ചേർത്തുവയ്ക്കാം.

5) ഞാങ്ങ നീങ്ങ

കൊല്ലം ജില്ലയിലെ തങ്കശ്ശേരി തൊട്ടു താന്നി വരെയുള്ള തീരദേശത്തു കാലങ്ങളായി ഉപയോഗിക്കുന്ന വാക്കുകളാണ് ‘ഞാങ്ങ നീങ്ങ’ എന്ന നിഘണ്ടുവിലുള്ളത്. ഇപ്പോൾ കുവൈത്തിലുള്ള ജെർസൻ സെബാസ്റ്റ്യനാണ് 1700 വാക്കുകൾ കടാപ്പുറത്തുനിന്നു പെറുക്കിയെടുത്തത്. കടൽ കടന്നെത്തിയ വിദേശ ഭാഷകളുടെ നിഴൽ ചില വാക്കുകളിൽ പതിഞ്ഞുകിടക്കുന്നതും കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com