ADVERTISEMENT

ഒരുപക്ഷേ, ഇനി നമ്മുടെ പുഴകളെയും വൻകിട ആഗോളകമ്പനികൾക്കു വിറ്റേക്കാം എന്ന് ജസ്റ്റിസ് വി.ആർ.കൃഷ്‌ണയ്യർ ഒരു ലേഖനത്തിൽ ഈയിടെ സൂചിപ്പിക്കുകയുണ്ടായി. ആലോചിച്ചപ്പോൾ അത് അതിശയോക്തി കലർന്ന വിഭ്രാന്തിയല്ലെന്നു ബോധ്യമായി. പാലക്കാട്ടെ ചിറ്റൂർ താലൂക്കിൽ പെപ്‌സി കമ്പനിയും കൊക്കക്കോളകമ്പനിയും ഇപ്പോൾ ദിവസത്തിൽ പത്തുലക്ഷം ലീറ്റർ ഭൂഗർഭജലം പമ്പുചെയ്തെടുക്കുന്നു എന്നു വിദഗ്‌ധരടങ്ങുന്ന ഒരന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആ പ്രദേശങ്ങളിൽ ഇനി കുടിവെള്ളം അപൂർവ വസ്തുവായി മാറും. ഇപ്പോൾത്തന്നെ വൻകിട കമ്പനികൾ വിൽക്കുന്ന കുടിവെള്ളത്തിന് പാലിനെക്കാൾ വിലയുണ്ട്.

പുഴയും വിൽക്കാമെന്ന് ഇന്ത്യയിൽ കാണിച്ചുതന്നത് ഛത്തീസ്ഗഡ് ഭരണകൂടമാണ്. ശിവനാഥ് നദിയുടെ ഇരുപത്തഞ്ചു കിലോമീറ്റർ വരുന്ന ഭാഗം ഒരു വൻകിട സ്വകാര്യകമ്പനിക്കു പാട്ടത്തിനു കൊടുത്തുവെന്ന് പത്രങ്ങളിൽ വായിക്കുകയുണ്ടായി. ലോകത്തിന്റെ പല ഭാഗങ്ങളിൽ, അവികസിത രാജ്യങ്ങളിൽ, ഈ വ്യാപാരം വൻതോതിൽ താമസിയാതെ ആരംഭിക്കുമെന്നാണു സൂചന. തെക്കേ അമേരിക്കയിലെ ബൊളീവിയയിലെ എല്ലാ ശുദ്ധജലസ്രോതസുകളും മൂന്നുവർഷം മുൻപ് ഒരു ബഹുരാഷ്ട്ര കമ്പനിക്കു വിറ്റു. പുഴകളും തടാകങ്ങളും മാത്രമല്ല, മഴവെള്ളത്തിന്റെ സംഭരണികൾകൂടി ഈ കരാറിൽ ഉൾപ്പെട്ടിരുന്നു. ആളുകൾക്കു വെള്ളം ദാഹിക്കുമ്പോഴോ, ഭക്ഷണമുണ്ടാക്കാനോ കമ്പനി വിൽക്കുന്ന വെള്ളം വാങ്ങണം! കുടിവെള്ളത്തിനു ഭക്ഷണത്തെക്കാൾ വില കൊടുക്കേണ്ടിവന്നപ്പോൾ ജനങ്ങൾ നടുങ്ങി. പ്രക്ഷോഭം പടർന്നു. ഒരു ദേശീയ വിപ്ലവമായി അതു മാറുമെന്നു വന്നപ്പോൾ ഗവൺമെന്റ് കരാർ റദ്ദാക്കി. ജനങ്ങൾ ജയിച്ചു. 

എം.ടിയുടെ ലേഖനങ്ങൾ ഇപ്പോൾ സമ്പൂർണ രൂപത്തിൽ സ്വന്തമാക്കാം

എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും സേവനവ്യവസായങ്ങളും സ്വകാര്യകമ്പനികൾക്കു കൈമാറുന്ന തിരക്കിലാണ് ഇന്ത്യാരാജ്യം. കേരളവും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ആഗോളവൽക്കരണത്തിന്റെ വിപത്തുകളെപ്പറ്റി പ്രസംഗിച്ചുകൊണ്ടുതന്നെ സ്വകാര്യകമ്പനികൾക്കു പലതും നാം കൈമാറുന്നു. പരസ്യമായും രഹസ്യമായും ആലോചനകൾ നടക്കുന്നു. പുതിയ കൈമാറ്റങ്ങൾക്കുവേണ്ടി. അതുകൊണ്ടു നമ്മുടെ നദികൾ അളന്നുമുറിച്ചു പല കമ്പനികൾക്കായി ദീർഘകാലാടിസ്ഥാനത്തിൽ പാട്ടത്തിനു കൊടുക്കുന്ന കാലം വിദൂരത്താണെന്നു പറയാൻ വയ്യ. 

പിന്നെ വിൽക്കാനെന്തൊക്കെയുണ്ട്? വായു? എന്തുകൊണ്ടായിക്കൂടാ? മലിനീകരണം സംഭവിച്ച വായുവിനു പകരം ശുദ്ധവായു പാക്കറ്റുകളിലും കുപ്പികളിലും വിൽപന നടത്താം. അസാധ്യം, അചിന്ത്യം എന്നൊക്കെ നാം സങ്കൽപിച്ച പലതും സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നോർമിക്കുക. 

ബിൽ ഗേറ്റ്സ് എന്ന കോടീശ്വരൻ എയ്‌ഡ്‌സ് രോഗനിയന്ത്രണത്തിനായി വലിയൊരു സംഖ്യ സംഭാവന ചെയ്യുമ്പോൾ നമുക്കു സന്തോഷമുണ്ട്. പക്ഷേ, ബിൽ ഗേറ്റ്സ് ഇന്ത്യയിലെ എയ്‌ഡ്‌സ് രോഗികളുടെ കണക്കുപറഞ്ഞതു ശരിയായില്ല. അതു നമ്മുടെ ആഭ്യന്തരകാര്യമാണ്. സർക്കാരിന്റെ കൈവശമുള്ള കണക്കുപ്രകാരം അത്രയധികമില്ല. എയ്‌ഡ്‌സിന്റെ അതിപ്രസരത്തിനു കുപ്രസിദ്ധിനേടിയ തായ്‌ലൻഡിലും പ്രശ്‌നം ഇതുതന്നെ. ടൂറിസത്തെ നശിപ്പിക്കാൻവേണ്ടിയാണ് ഊതിപ്പെരുപ്പിച്ച കണക്കുകൾ പറയുന്നത് എന്ന് ഭരണകൂടം ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നു. സർക്കാർ കണക്കുപ്രകാരം തായ്‌ലൻഡിൽ ഒരു ലക്ഷത്തിൽ താഴെവരുന്ന എയ്‌ഡ്‌സ് രോഗികളേയുള്ളൂ. ബാങ്കോക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘പോപ്പുലേഷൻ ആൻഡ് കമ്യൂണിറ്റിഡെവലപ്മെന്റ് സെന്റർ’ എന്ന അനൗദ്യോഗികസംഘടന നടത്തിയ കണക്കെടുപ്പിൽ അത് ഇരുപതു ലക്ഷത്തിൽ കുറയില്ല. അതിൽ എട്ടുലക്ഷം പേർ ബാലവേശ്യകളാണ്.

ടൂറിസത്തെ രക്ഷിക്കാൻ എല്ലാ പ്രധാന ഹോട്ടലുകളിലും സൗജന്യ വിതരണത്തിനുവച്ച വർണശബളമായ ലഘുലേഖകളിൽ ആൺവേശ്യകളുടെയും പെൺവേശ്യകളുടെയും നപുംസകങ്ങളുടെയും ചിത്രങ്ങളോടൊപ്പം അരോഗഗാത്രരെന്ന സർട്ടിഫിക്കറ്റുള്ളവരാണെന്നു പ്രത്യേകം വിവരണം കൊടുക്കുന്നുണ്ട്. 

ഒരു മണിക്കൂർ തായ് മസാജിന് മൂന്നൂറ് ബാത്ത് (തായ് നാണയം) പത്തു ഗ്രാം വയാഗ്രയ്ക്ക് നൂറ്റൻപത് ബാത്ത് എന്നു സുഖം വിൽക്കുന്ന മന്ദിരങ്ങളുടെ മുൻവശത്തു നിയോൺ പരസ്യങ്ങളുണ്ട്. സാമൂഹികസംഘടനകൾ സത്യം പറയുന്നു എന്നതാണ് അവിടെയും സർക്കാരിനെ അസ്വസ്ഥമാക്കുന്നത്. 

തറവാട് മുടിഞ്ഞ് ‘നക്കുപ്പും നാറാണക്കല്ലുമായി’ എന്ന് ഞങ്ങളുടെ നാട്ടിൽ പറയാറുണ്ട്. ആദ്യം മരങ്ങൾ വിൽക്കുന്നു. കുട്ടകങ്ങളും ചെമ്പുകളും വിൽക്കുന്നു. തോട്ടം പാട്ടത്തിനു കൊടുക്കുന്നു. ഇപ്പോൾ നക്കുപ്പും വിലകൂടിയതാണ്. ടാറ്റയുടെ അയഡിൻ ചേർത്ത ഉപ്പ് ഇളകിയ നാറാണക്കല്ലിന്മേൽ അള്ളിപ്പിടിച്ചിരിക്കുകയാണ് നമ്മൾ.

പ്രവാസി സുഹൃത്തുക്കളോട് ഒരപേക്ഷ. നാട്ടിൽ നിങ്ങൾക്കു പ്രിയപ്പെട്ട ഒരു പുഴയോ, അരുമയായി തോന്നിയ ഒരു അരുവിയോ, കുളമോ ഉണ്ടെങ്കിൽ അതു വാങ്ങാനുള്ള സംഖ്യ ശേഖരിക്കാൻ തുടങ്ങുക. കോസ്റ്റാറിക്കയിലെ മഴക്കാടുകൾ ഏക്കറിന് അൻപതു ഡോളർവച്ച് ജപ്പാനിൽ കുട്ടികൾ വാങ്ങിയെന്നു നാം വായിച്ചു. പഴയ കടലാസും കുപ്പിയും വിറ്റ് അവർ കുറെ ഏക്കറുകൾക്കു പണം കെട്ടി. ‘ഇന്റർനാഷണൽ ചിൽഡ്രൻസ് റെയ്ൻ ഫോറസ്റ്റ് പ്രോഗ്രാമി’നെപ്പറ്റി മുൻപു വായിച്ച ഓർമയിൽനിന്നാണിതു കുറിക്കുന്നത്. അതുകൊണ്ടു നിങ്ങളുടെ ഗ്രാമത്തിന്റെ തൊട്ടുള്ള ഭാഗം പുഴയെങ്കിലും വാങ്ങേണ്ടിവരും. അതൊരു ജീവൽസ്‌മൃതിയായി നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ...

റെഡ് ഇന്ത്യക്കാരുടെ ഭൂമി വാങ്ങാൻ അമേരിക്കൻ പ്രസിഡണ്ട് ഫ്രാങ്ക്ലിൻ പിയേഴ്സ് ദൂതരെ അയച്ചപ്പോൾ സിയാറ്റിൽ ഗോത്രത്തലവൻ എഴുതി അയച്ച മറുപടി പ്രസിദ്ധമാണല്ലോ. ആകാശവും ഭൂമിയും എങ്ങനെ വിൽക്കാനോ, വാങ്ങാനോ കഴിയും എന്നായിരുന്നു ഗോത്രത്തലവന്റെ സംശയം. ശുദ്ധഗതിക്കാരൻ മൂപ്പന്റെ സംശയം! അവസാനം അദ്ദേഹത്തിനു സ്ഥലമൊഴിയേണ്ടിവന്നു. 

‘ഞങ്ങൾ നിങ്ങൾക്ക് ഞങ്ങളുടെ ഭൂമി വിൽക്കുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ കുട്ടികളെ ഒരു കാര്യം പഠിപ്പിക്കാൻ ഓർമിക്കണം. നദികൾ ഞങ്ങളുടെ സഹോദരങ്ങളാണ്, നിങ്ങളുടെയും. അതുകൊണ്ടുതന്നെ ഒരു കൂടപ്പിറപ്പിനു നൽകുന്ന കാരുണ്യം നിങ്ങൾ നദികൾക്കും നൽകണം.’ ചീഫ് സിയാറ്റിൽ അമേരിക്കൻ പ്രസിഡണ്ടിന് എഴുതിയ കത്തിലെ വരികളാണിത്. ചീഫ് സിയാറ്റിലിനെ അമേരിക്കക്കാർ എന്നോ മറന്നു. സുപ്രസിദ്ധമായ, കാവ്യാത്മകമായ ഹൃദയഭേദകമായ ഈ കത്തിനെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ അമേരിക്കൻ സുഹൃത്തുക്കൾ അതു കണ്ടിട്ടില്ല. വായിച്ചിട്ടില്ല. ഞാൻ അദ്ഭുതപ്പെട്ടു. 

മണൽവാരി മരുപ്പറമ്പായി മാറിയ നദികളാണ് ഇനി ഇവിടെ ബാക്കി. ഇടവപ്പാതി കനിഞ്ഞാൽ കുറച്ചുനാൾ വെള്ളം കാണും. എനിക്കു പരിചയമുള്ള ഭാരതപ്പുഴയുടെ സ്ഥിതി വ്യക്തമായറിയാം പരിസരത്തിലെ കിണറുകളിൽ ഏഴെട്ടുമാസം കുടിവെള്ളം നിൽക്കുന്നത് അതുകൊണ്ടാണ്. 

വെള്ളം കെട്ടിനിൽക്കാറുള്ള ഭാഗങ്ങൾ തിരഞ്ഞുപിടിച്ച് അടയാളപ്പെടുത്തി വൻകിട കമ്പനികൾ പാട്ടത്തിനെടുക്കാൻ വന്നാലോ? നമ്മൾ വിൽക്കും അപ്പോൾ കുടിവെള്ളത്തിന്റെ കാര്യം? ചോദ്യം അപ്രസക്തമാണ്. കുപ്പികളിൽ ആരോഗ്യദായകമായ കുടിവെള്ളം പീടികകളിൽ വിൽപനയ്ക്കു വന്നിറങ്ങുമല്ലോ. 

അടുത്ത ദശാബ്ദത്തിൽ കുടിവെള്ളമായിരിക്കും ഭൂമുഖത്തെ 250 കോടി മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു തന്നുകഴിഞ്ഞു. 

പഴയ പൊളിയാരശ്ശൻ കാരണവൻമാർ ചിന്തിച്ചതുപോലെ, വിൽക്കാൻ ഇനിയെന്തു ബാക്കി?’ അവശേഷിക്കുന്നത്, ജീവസന്ധാരണത്തിനു വഴിയില്ലാത്ത കുറെ കോടി മനുഷ്യരായിരിക്കും. അവരെ എന്തുചെയ്യും? അവരെ വാങ്ങാൻ തയാറുള്ള കമ്പനികളുണ്ടാകും. നാസി തടവുപാളയത്തിൽനിന്നു മനുഷ്യച്ചാരം കമ്പനികൾ വാങ്ങിയിരുന്നല്ലോ. അന്നത്തെക്കാൾ ശാസ്ത്രം പുരോഗമിച്ചുകഴിഞ്ഞതുകൊണ്ടു ശരീരാവയവങ്ങൾ കേടുവരാതെ സൂക്ഷിച്ച് വിൽപനയ്ക്കു വയ്ക്കാം. കുറഞ്ഞ മുതൽമുടക്കിൽ എല്ലു പൊടികൊണ്ടു വളമുൽപാദിപ്പിക്കാം. തോലിനും മുടിക്കും ഉപയോഗങ്ങൾ കണ്ടെത്താൻ ഒട്ടും പ്രയാസമില്ല. 

‘ഇതിലും ഭേദം ഞങ്ങളെക്കൂടി വിൽക്കുന്നതാണ്,’ എന്ന് അവശകോടികൾ വിലപിക്കുന്ന കാലത്തെപ്പറ്റി സങ്കൽപിച്ചാൽ - അല്ല അതൊരു ദുഃസ്വപ‌നമല്ല, അത്രയേറെ അകലെയുമല്ല. 

(കണ്ണാന്തളിപ്പൂക്കളുടെ കാലം 2003 - മനോരമ ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന എംടി കഥേതരം സമാഹാരത്തിൽനിന്ന്)

കാലത്തെയും ദേശത്തെയും കടന്നുനിൽക്കുന്ന ഉൾക്കാഴ്ചകളുടെ അമൂല്യശേഖരമായ എം.ടിയുടെ ലേഖനങ്ങൾ ഇപ്പോൾ സമ്പൂർണ രൂപത്തിൽ സ്വന്തമാക്കാം. മൂന്നു വാല്യങ്ങളിൽ 1500 ലധികം പേജുകൾ. ഹാർഡ്ബൗണ്ട് ബയന്റിങ്. 2300 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോൾ ബുക്ക് ചെയ്യുമ്പോൾ 1600 മാത്രം. ബുക്കിങ്ങിന് വിളിക്കൂ - 7902941983, 8281765432. ഒറ്റ ക്ലിക്കിൽ ബുക്ക് ചെയ്യാം.

English Summary:

Article about the essays from M T Kathetharam written by M T Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com