ADVERTISEMENT

1993ൽ കയ്റോയിലെ ഒരു വഴിയോര പുസ്തകക്കടയിൽനിന്നാണു ഇമാൻ മെർസലിനു ചാരപുറംച്ചട്ടയുള്ള ഒരു ചെറിയ നോവൽ കിട്ടിയത്. ‘പ്രേമവും മൗനവും’എന്നായിരുന്നു പേര്. ബിരുദ വിദ്യാർഥിയായിരുന്ന മെർസൽ വിചാരിച്ചത്, അക്കാലത്തു പ്രശസ്തയായിരുന്ന നോവലിസ്റ്റും സമരനേതാവുമായ ലത്തീഫ അൽ സയ്യാത്തുമായി ബന്ധമുള്ള ആരോ ആണു ഗ്രന്ഥകാരിയെന്നാണ്. ആ പുസ്തകം മെർസൽ വാങ്ങി.

ഇമാൻ മെർസൽ, Image Credit: Tamer-El-Said
ഇമാൻ മെർസൽ, Image Credit: Tamer-El-Said

യഥാർഥത്തിൽ അതു വിസ്മരിക്കപ്പെട്ടുപോയ, ഈജിപ്തിലെ ഒരു പഴയകാല എഴുത്തുകാരിയുടെ നോവലായിരുന്നു. 1963 ൽ ജീവനൊടുക്കിയ ഇനായത് അൽ സയാത്ത് എന്ന എഴുത്തുകാരി, മരണത്തിനു മുൻപേ തന്റെ മകൻ അബ്ബാസിന് ഒരു കുറിപ്പ് എഴുതി കിടക്കയ്ക്കരികെ വച്ചിരുന്നു. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു. ഈ ജീവിതം ഒട്ടും താങ്ങാനാകുന്നില്ല. എന്നോടു പൊറുക്കുക.’

ആധുനികമായ ശൈലിയും ആത്മബന്ധിതമായ ആഖ്യാനവും പിന്തുടരുന്ന ആ നോവലിൽ മെർസൽ അകപ്പെട്ടുപോയി. ഇമാൻ മെർസലിന് ഇപ്പോൾ 57 വയസ്സുണ്ട്. അവർ 30 വർഷമെടുത്ത് എഴുതിയ ഇനായത്തിന്റെ ജീവിതകഥ 2019 ൽ ഈജിപ്തിൽ ഇറങ്ങി. അതിന്റെ ഇംഗ്ലിഷ് പരിഭാഷ traces of Enayat എന്ന പേരിലും പുറത്തിറങ്ങി.

ഇനായത് മരിച്ച് നാലുവർഷം കഴിഞ്ഞാണു പ്രേമവും മൗനവും അച്ചടിക്കപ്പെട്ടത്‌. സഹോദരന്റെ അകാലമരണമുണ്ടാക്കിയ ദുഃഖത്തിൽ ഉരുകുന്ന നജ്‌ല എന്ന പെൺകുട്ടി സ്വന്തം ഇടം ഈ ലോകത്തു കണ്ടെത്താനായി നടത്തുന്ന പരിശ്രമങ്ങളാണ് ഇതിവൃത്തം. മെർസലിന്റെ ജീവിതത്തെ ആ നോവൽ മാറ്റിമറിച്ചു. വിഷാദവും ശൂന്യതയും വേട്ടയാടിയിരുന്ന കാലത്ത് ആ പുസ്തകം അവളോടു പുതിയൊരു ഭാഷയിൽ സംസാരിച്ചു. 1998 ൽ യുഎസിലേക്കും പിന്നീടു കാനഡയിലേക്കും കുടിയേറിയ മെർസൽ അവിടെ അധ്യാപികയായും കവിയായും വിവർത്തകയായും പേരെടുത്തു. അതിനിടെ ഇനായത്തിന്റെ ജീവിതമന്വേഷിച്ചുപോയി. കയ്റോയിൽ 50കളിലെ വിപ്ലവകരമായ നാഗരികതയിൽ വളർന്ന ഇനായത് ചെറുപ്പം മുതൽ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. ഇനായത്തിന്റെ ഡയറി മുഴുവനായും വായിച്ചെങ്കിലും എന്തിനാണു അവർ ജീവനൊടുക്കിയതെന്ന് മെർസലിനു കണ്ടുപിടിക്കാനായില്ല. 

Enayat-al-zayyat

ഇമാൻ മെർസൽ എഴുതിയ പുസ്തകത്തെപ്പറ്റി ഒരു വാരികയിൽ വന്ന ലേഖനത്തിലെ ഈ ഭാഗം വായിക്കുമ്പോൾ, ഏതാനും  വർഷം മുൻപ് ഇമാമലിയുമായി സംസാരിച്ച ദിവസങ്ങൾ ഓർമ വന്നു. ഇരുപതോ ഇരുപത്തിയൊന്നോ വയസ്സുള്ളപ്പോൾ, അയാൾ പ്രധാന പ്രസിദ്ധീകരണങ്ങളിലെല്ലാം കഥകൾ എഴുതിയിരുന്നു. ഇരുപത്തിരണ്ടാം വയസ്സിൽ അവസാനമെഴുതിയത് ഒരു നോവലാണ്. അതിനുശേഷം ഇമാമലിയുടേതായി ഒന്നും അച്ചടിച്ചുവന്നില്ല. 8 വർഷത്തിനുശേഷം എഴുത്തുകാരൻ എന്ന തന്റെ ഭൂതകാലത്തിൽ അയാൾക്ക് ഒരു കൗതുകവുമില്ലെന്നത് എന്നെ അമ്പരിപ്പിച്ചു. എഴുത്തുകാരനാകാനുള്ള അതിയായ സ്വാർത്ഥതയിൽ ആണ്ടു ജീവിക്കുന്ന എനിക്ക് ഇമാമലിയുടെ നിർമമത ഒരു വെല്ലുവിളിയായി തോന്നി. പള്ളിവാസലിലെ വീട്ടിലെ അലമാരകളിൽനിന്നും അയാളുടെ കഥകൾ അച്ചടിച്ച കുറേ പ്രസിദ്ധീകരണങ്ങൾ കണ്ടെടുത്തപ്പോൾ 10 വർഷം മുൻപ് ഇമാമലിയെ വായിച്ചവർ അയാളെ ഇപ്പോൾ ഓർക്കുന്നുണ്ടാകുമോ എന്ന ചോദ്യമാണ് ഉള്ളിലുയർന്നത്. ആ കഥകൾ അക്കാലത്തു ശ്രദ്ധിച്ചിട്ടുള്ളവരാരും മറക്കാനിടയില്ലെങ്കിലും സാഹിത്യത്തിൽനിന്ന് അയാൾ അകലേക്കുപോയെന്നതാണു സത്യം. തന്നെ സാഹിത്യം പൂർണമായും വിസ്മരിക്കുകയാണു വേണ്ടതെന്ന് അയാൾ കരുതുന്നു.  

Enayat-al-zayyat-book-arab
'ട്രേയ്സസ് ഓഫ് ഇനായ'ത്തിന്റെ അറബി പതിപ്പിന്റെ കവർ

നാം വായിക്കുന്ന എല്ലാ പുസ്തകങ്ങളും നാമെടുക്കുന്നില്ല. വളരെ കുറച്ച് എഴുത്തുകാരെ മാത്രമേ ഒരു മനുഷ്യനു തന്റെ ജീവിതത്തിൽ ഒപ്പം കൊണ്ടുപോകാനാവൂ. ഈ തത്വം അനുസരിച്ച്‌ ഒരാൾ എത്രയെത്ര വായിച്ചാലും ഒടുവിൽ തനിക്കു പ്രിയപ്പെട്ട നാലോ അഞ്ചോ പുസ്തകങ്ങളിലേക്കു ചുരുങ്ങിപ്പോകുമെന്നതു നിശ്ചയമാണ്.  ഈ ചുരുങ്ങൽ ഞാൻ ഇമാമലിയിൽ കണ്ടു. പള്ളിവാസലിലെ ഒരു അപരാഹ്നത്തിൽ തുറന്ന ജനാലയ്ക്കരികെയുള്ള കട്ടിലിൽ ചുരുട്ടിവച്ച കിടക്കയിലേക്ക് ചാഞ്ഞു കിടന്ന് ഞാൻ ഉറങ്ങിപ്പോയി. നാലുമണിയോടെ ഞാൻ ഉണരുമ്പോൾ മഴക്കാറിനാൽ പുറത്തെ വെയിൽ മാഞ്ഞുപോയിരുന്നു. മെല്ലെ എണീറ്റു തിണ്ണയിലേക്ക് ഇറങ്ങുമ്പോൾ അരഭിത്തിയിലിരുന്നു അയാൾ ഒരു പുസ്തകം നേർത്ത സ്വരത്തിൽ വായിക്കുകയായിരുന്നു. ചായ കുടിക്കാമല്ലേ എന്നു ചോദിച്ചപ്പോൾ അയാൾ  തലയുയർത്തി നോക്കി പുഞ്ചിരിക്കുക മാത്രമാണു ചെയ്തത്. അടുക്കളയിൽ പോയി ചായയിട്ടു തിരിച്ചു വരുമ്പോഴും അയാൾ പിറുപിറുത്തുകൊണ്ടുള്ള വായന തുടരുകയായിരുന്നു. 

സ്വന്തം സാഹിത്യത്തെപ്പറ്റി മിണ്ടാൻ ഇഷ്ടമില്ലാത്ത അയാൾ തനിക്കു പ്രിയങ്കരമായ പുസ്തകങ്ങളിലെ ചില രംഗങ്ങൾ, ആശയങ്ങൾ, ആധികൾ എന്നിവയെല്ലാം അയാൾ ഉദാരമായി പങ്കുവച്ചു. അയാളുടെ  ആ സംസാരം കേട്ടിരിക്കുമ്പോൾ, ആ ഒഴുക്കിൽ ചേരുമ്പോൾ, ആ മനുഷ്യൻ വീണ്ടും എഴുതിയേക്കുമെന്ന് എനിക്കു തോന്നി. എന്താണ് വാസ്തവത്തിൽ ഇമാമലിയെ തടയുന്നത്? അയാളുടെ ഏറ്റവും വലിയ തടസ്സം എന്താണ്? ഞാനിതു പലവട്ടം ചോദിച്ചതാണ്. ആ ദിവസം അരഭിത്തിയിലിരുന്ന്, മുറ്റത്തുവളർന്ന പുല്ലുകൾക്കിടയിലൂടെ പായുന്ന ഒരു പൂച്ചയുടെ കളി നോക്കി അയാൾ ചില കാര്യങ്ങൾ പറഞ്ഞു. അത് ഇങ്ങനെയാണ്: ഒരു കഥാകൃത്ത് എന്ന നിലയിൽ താൻ ഏറ്റവും അസ്വസ്ഥനാകുന്നത് ഈ കഥ യഥാർഥത്തിൽ നടന്നതാണോ എന്നു ചിലർ ചോദിക്കുമ്പോഴാണ്. എന്തുകൊണ്ടാണ് മനുഷ്യർ ഒരു കഥ യഥാർഥത്തിൽ നടന്നത് പകർത്തിയതാണോ എന്നു ചോദിക്കുന്നത്? ഒരാളുടെ ഭാവനയിൽനിന്ന് മനുഷ്യരോ ലോകമോ വരില്ലെന്നു കരുതിയിട്ടാണോ? ഈ കഥാപാത്രം യഥാർഥത്തിലുള്ളതാണോ എന്ന് ചോദ്യം എത്രയോ വട്ടം കേട്ടിരിക്കുന്നു. അപ്പോഴാണു വായനക്കാരിൽനിന്ന് എവിടേക്കെങ്കിലും ഒളിച്ചോടാൻ തോന്നുക. എന്റെ നോവലിലെ ഒരു സ്ത്രീകഥാപാത്രം താമസിക്കുന്ന സ്ഥലത്തെ ഓരോ തെരുവും ഞാൻ വിശദീകരിച്ച് എഴുതിയിരുന്നു.  ഒരു നിരൂപകൻ പിന്നീടു കണ്ടെത്തിയത് നോവലിൽ പറയുന്ന സ്ഥലത്ത് ഒരു മാരിയമ്മൻ കോവിൽ അല്ല, സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണുള്ളതെന്നാണ്. നോവലിൽ പരാമർശിക്കുന്ന മാസത്തിൽ അവിടെ ഒരുകാലത്തും വെള്ളപ്പൊക്കമുണ്ടായിട്ടില്ലെന്നും അയാൾ കണ്ടെത്തി. നോവൽ തെറ്റാണെന്നു തെളിയിക്കാൻ വെമ്പുന്ന ഇത്തരം അരസികരോട്‌ എന്താണു പറയുക? പക്ഷേ എഴുത്തുനിർത്താൻ ഇതൊന്നുമല്ല കാരണം. ഞാൻ എഴുതുന്നതെല്ലാം മറ്റാരുടെയോ ആണെന്ന തോന്നൽ. ഞാൻ കോപ്പിയടിക്കുകയാണോയെന്ന പേടി. പഠിച്ചുകൊണ്ടിരുന്നകാലത്തു മുളവുകാട് ദ്വീപിൽ കുറേ കവികൾ പതിവായി ഒത്തുചേരുന്ന വാരാന്ത്യങ്ങളിൽ അവിടെ വായിക്കുന്ന കവിതകൾ എല്ലാവരുടെയും മുന്നിൽവച്ചു കവി തന്നെ കത്തിച്ചുകളയുന്ന ഒരു രീതിയുണ്ടായിരുന്നു. അതു കഴിഞ്ഞാൽ ആ കവിത അച്ചടിക്കുകയോ ചൊല്ലുകയോ പാടില്ലെന്നാണു ചട്ടം. വിചിത്രമായ ആ കൂട്ടത്തിൽ ഞാനും ഒരുവട്ടം പോയിരുന്നു. അവതരിപ്പിച്ച ഓരോ കവിതയും ഞാൻ ശ്രദ്ധാപൂർവം കേട്ടിരുന്നു. അവ കത്തിത്തീരുന്നതോടെ ആ വരികൾ എനിക്കുള്ളിൽ തെളിയാൻ തുടങ്ങി. കുറേക്കാലം വേണ്ടിവന്നു അന്നു കേട്ടതുമറക്കാൻ. പിന്നീട്‌ ആ പരിപാടിക്കു ഞാൻ പോയിട്ടില്ല.

Enayat-al-zayyat-book
'പ്രേമവും മൗനവും' പുസ്തകത്തിന്റെ അറബി പതിപ്പിന്റെ കവർ

കലാപത്തിനു ശേഷമുള്ള അന്തരീഷത്തിൽ സാഹിത്യവുമായി പൊരുത്തപ്പെടാൻ എനിക്കാവില്ലായിരുന്നു. ഒന്നുകിൽ രാഷ്ട്രീയം അല്ലെങ്കിൽ എഴുത്ത്. രാഷ്ട്രീയപ്രവർത്തനവും സന്നദ്ധസേവനവും നടത്തുന്നതിനിടെ ഫിക്ഷന് ഒരു അവധി കൊടുക്കാമെന്നു തീരുമാനിച്ചു. അങ്ങനെയാണ് എഴുത്തുനിന്നത്. എട്ടുവർഷത്തിനുശേഷം ഞാൻ തിരിച്ചെത്തിയപ്പോഴാകട്ടെ വീണ്ടുമെഴുതാൻ എനിക്കു തോന്നാതെയുമായി - ഇമാമലി പറഞ്ഞു.  

ഞാനും അവളും കൂടി പള്ളിവാസലിൽ പോയ രണ്ടുവട്ടവും ഓരോ പെട്ടി പുസ്തകങ്ങൾ അവൾ അവിടെയെത്തിച്ചു.  ഇതെല്ലാം അയാൾക്ക് ഇഷ്ടപ്പെടുന്നതാണോ എന്ന്  ഓരോന്നും എടുത്തുനോക്കിയിട്ടു ഞാൻ ചോദിച്ചു. അയാൾക്ക് ഇഷ്ടമുള്ളതു മാത്രമേ വാങ്ങിയിട്ടുള്ളു, അവൾ പറഞ്ഞു. ഞാൻ അവളെ നോക്കി. നിനക്കെങ്ങനെ അതറിയാം? അവൾ ചിരിക്കാൻ തുടങ്ങി, നീയൊരു മണ്ടൻതന്നെ, അവൾ പറഞ്ഞു, ഞങ്ങൾ തമ്മിൽ എത്രയോ കാലമായി സംസാരിക്കുന്നു, അയാൾ വെറുക്കുന്നതും ഇഷ്ടപ്പെടുന്നതുമായ പുസ്തകങ്ങളെപ്പറ്റി എനിക്കു നല്ല നിശ്ചയമുണ്ട്. അവളുടെ മറുപടി എനിക്കു സങ്കടമായി.  ഞാൻ എന്തെല്ലാം വായിക്കും, വായിക്കാതിരിക്കുമെന്ന് അറിയാമോ എന്നു ചോദിക്കാൻ തോന്നിയെങ്കിലും വേണ്ടെന്നുകരുതി. അരഭിത്തിയിൽ ഇരുന്ന് ചായ കുടിക്കുന്നതിനിടെ, ആ പുസ്തകം എനിക്കു തന്നു.

butterflys-burden

ഇടത്തേ താളിൽ അറബിയിലും വലത്തേ താളിൽ ഇംഗ്ലിഷിലുമുള്ള  മഹ്മൂദ് ദർവീശിന്റെ കവിതകളുടെ  ഒരു സമാഹാരമായിരുന്നു അത്.  അയാൾ ദർവീശിനെപ്പറ്റി സംസാരിച്ചു. നഷ്ടപ്പെട്ട സ്ഥലം, അവിടെ ചെലവഴിച്ച സമയം, അറിഞ്ഞ പ്രകൃതി, ജീവജാലങ്ങൾ, മനുഷ്യർ–ഇത്രയുമാണു ദർവീശിലുള്ളത്. പേരറിയാത്ത, പച്ചവാലുളള ഒരു പക്ഷി പ്രത്യക്ഷമാകുന്നതും നോക്കി നാം കാത്തുനിന്നു എന്നു പറയുന്നതു മടങ്ങിച്ചെല്ലാനാവാത്ത ഒരു ഇടത്തിന്റെ ഓർമയിലാണ്‌. ദർവീശ്‌ എഴുതുന്നു:

‘ഏതുസമയമാണു നിനക്കുവേണ്ടത്, ഏതു സമയമാണു ഞാനൊരു കവിയായിത്തീരുക? ഇതുപോലെയാണ്: വൈകുന്നേരം ഒരു സ്ത്രീ അവളുടെ രഹസ്യത്തിലേക്കു പോകുമ്പോൾ ഒരു കവി അവളുടെ വിചാരങ്ങളിൽ നടക്കുന്നത് അവൾ കണ്ടെത്തുന്നു. ഒരു കവി തന്നിലേക്കുതന്നെ മുങ്ങാംകുഴിയിടുമ്പോൾ കണ്ടെത്തുന്നതോ, അയാളുടെ കവിതയ്ക്കു മുന്നിൽ ഒരു സ്ത്രീ ഉടുപ്പുകൾ അഴിക്കുന്നത്.’

ജയിലിലെ വർഷങ്ങളിൽ, എട്ടുവർഷത്തോളം, അയാൾക്കു വായിക്കാൻ ഇഷ്ടമുള്ളതൊന്നും കിട്ടിയില്ല. അങ്ങനെ ഒന്നും വായിക്കാതെയായി. പകരം താൻ മുൻപു വായിച്ച ഇഷ്ട കവിതകൾ ഓരോന്നും  ഓർത്തുചൊല്ലാൻ തുടങ്ങി. കവിതകൾ മാത്രമല്ല വായിച്ച് ഹരം കൊണ്ട കഥകളും അയാളുടെ മനസ്സിൽ ഒരു വരിപോലും നഷ്ടമാകാതെ വർഷങ്ങൾ പോകുന്തോറും തെളിഞ്ഞുവന്നു. സെല്ലിൽ ലഭിച്ച കടലാസുതുണ്ടുകളിൽ അയാൾ ഓർമയിൽനിന്ന് ആശാന്റെയും ദർവീശിന്റെയും ഒ.വി. വിജയന്റെയും വരികളിൽ പലതും പകർ‌ത്തിയെഴുതുകയും ചെയ്തു.  എന്നാൽ, പള്ളിവാസലിൽ തിരിച്ചെത്തി ജയിലിൽ താനോർത്തെടുത്ത കഥകളും കവിതകളും പുസ്തകത്തിൽ തിരഞ്ഞ് വീണ്ടും വായിക്കുമ്പോൾ അയാൾ ഞെട്ടിപ്പോയി. തന്റെ ഓർമയിൽനിന്ന് താൻ ആ വർഷമത്രയും ആവർത്തിച്ചുകൊണ്ടിരുന്ന  ആ വരികളിൽ പകുതിയിലേറെയും അയാളുടെ കൂട്ടിച്ചേർക്കലുകളായിരുന്നു. കാണാതെ പഠിച്ചതെന്ന വിശ്വാസത്തിൽ അയാൾ കവിതയിലേക്കും കഥയിലേക്കും തോന്നിയതെല്ലാം കൂട്ടിച്ചേർക്കുകയായിരുന്നു. ഇത്തരത്തിൽ ആശാനും ദർവീശും വിജയനുമെല്ലാം മറ്റൊരു രൂപത്തിൽ വീണ്ടും പിറന്നു.  

നീ ഇതു വിശ്വസിക്കുമോ? ഇമാമലി എന്നോടു ചോദിച്ചു.

ഞാൻ വിശ്വസിക്കുന്നു, ​ഞാൻ പറഞ്ഞു, പക്ഷേ ഇത്‌ വെറും പകർപ്പല്ലല്ലോ... അതിലെ നിങ്ങളുടെ സ്വന്തം വരികൾ മാത്രമെടുത്ത് എഴുതാമല്ലോ.

എന്തിന്, ഇമാമലി ചോദിച്ചു,  മറ്റുള്ളവരുടേതെന്നു കരുതി ഞാൻ വർഷങ്ങളോളം എന്നെത്തന്നെ പറഞ്ഞുകേൾപ്പിച്ചിരുന്നത് എങ്ങനെയാണു ഞാൻ ഇനി എന്റേതാക്കി എഴുതുക? അതുമാത്രമല്ല, ഇപ്പോൾ എന്റേതെന്നു ഞാൻ കരുതുന്ന വരികൾ പണ്ടു ഞാൻ വായിച്ച ഏതെങ്കിലും പുസ്തകത്തിൽ നിന്നാണെങ്കിലോ? എങ്കിൽ എത്ര അപമാനകരമായിത്തീരും എന്റെ ശുഷ്കഭാവന!

English Summary:

Ezhuthumesha column by Ajay P Mangatt about Enayat Al Zayyat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com