ADVERTISEMENT

ഞാൻ അവസാനം പഠിച്ച കലാലയം അതിന്റെ പൗരാണികതയില്‍ അഭിമാനം കൊണ്ടിരുന്നതിനാല്‍ പഴയ കെട്ടിടങ്ങള്‍ അതേപടി നിലനിർത്തിയിരുന്നു. എന്നാൽ അറ്റകുറ്റപ്പണി ചെയ്യാതെ അവ ചോര്‍ന്നൊലിക്കുന്നത് അഭിമാനപുളകങ്ങളാൽ ആരും കാര്യമാക്കിയില്ല. ഉയര്‍ന്ന മേല്‍ക്കൂരകളും ഭീമന്‍തൂണുകളും നിറഞ്ഞ ലൈബ്രറിക്കെട്ടിടം പുറമേനിന്നു കാണുമ്പോഴേ മനസ്സ് നിറച്ചു. ഇലകള്‍ വീണുകിടക്കുന്ന നീണ്ട വരാന്തയിലും മുറ്റത്തെ പടുമരത്തിന്‌റെ ചുവട്ടിലും കുട്ടികൾ എപ്പോഴും കൂടിനിന്ന് ഒച്ചയിട്ടു. അവർക്ക്‌ ഇടയിലൂടെ നടന്ന് ലൈബ്രറിയുടെ മുന്‍വാതില്‍ തുറന്നു അകത്തേക്കു ചെല്ലുമ്പോള്‍ പ്രാചീനകാലത്തു നിര്‍മിച്ച അലമാരകളില്‍ ബൈന്‍ഡ് ചെയ്ത നിരകൾ നിറഞ്ഞുകണ്ടു. 

ദുസ്സഹമായ മുഖമുള്ള ലൈബ്രറി ജീവനക്കാരൻ പുസ്തകഅലമാരകള്‍ക്കു താഴെനിന്ന് രൂക്ഷമായ നോട്ടങ്ങള്‍ അയച്ചതോടെ എന്റെ ഉത്സാഹം ചോർന്നുപോയി. ഉഗ്രമുഖനായ അയാൾ എന്നെ പല കടലാസ്സുകളിൽ ഒപ്പുവയ്പിക്കുകയും പകരം ചുവന്ന നിറമുള്ള ഒരു കാര്‍ഡ് തരികയും ശേഷം ലൈബ്രറിനിയമങ്ങള്‍ അവിടെ പ്രദർശിപ്പിച്ച ഒരു നോട്ടിസിൽനിന്ന് ശ്രദ്ധാപൂര്‍വം വായിച്ചു പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വ്യവസ്ഥ പ്രകാരം ഞാന്‍ എനിക്കാവശ്യമുള്ള പുസ്തകങ്ങളുടെ ഒരു പട്ടിക എഴുതിക്കൊടുത്തു. അയാള്‍ പട്ടിക പരിശോധിച്ചു മറുപടി തരും വരെ വായനമുറിയിലിരിക്കാന്‍ എനിക്കു നിര്‍ദേശം കിട്ടി. 

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

അപ്പോഴാണു ഞാനതു ശ്രദ്ധിച്ചത്. വലിയ തൂണുകള്‍ നിറഞ്ഞ വായനമുറിയില്‍ വട്ടമേഖമേല്‍ തല വച്ചു ഉറങ്ങുകയോ ശബ്ദം താഴ്ത്തി സംസാരിക്കുകയോ ചെയ്യുന്ന ഏതാനും കുട്ടികൾ അവിടെക്കണ്ട വിജനതയ്ക്ക്‌ ആഴം കൂട്ടി. ലൈബ്രറിക്ക്‌ അകം വിചിത്രമായ ഒരു ഈര്‍പ്പം അനുഭവപ്പെട്ടു.ഒരുപക്ഷേ അതു വേഗം മയക്കം കൊണ്ടുവരുന്നവിധം സുഖകരമായിരുന്നുവെന്നും പറയാം. വക്കുകളില്‍ പൊടിയടിഞ്ഞതും ഉള്‍ത്താളുകള്‍ പൊടിഞ്ഞുതുടങ്ങിയതുമായ നാലുപുസ്തകങ്ങളാണ് അയാള്‍ എനിക്ക് എടുത്തുതന്നത്. അവയൊന്നും ഞാന്‍ ആവശ്യപ്പെട്ടതായിരുന്നില്ല. ഞാനെഴുതിയ പട്ടികയിലെ ഒന്നും ആ സമയം ലൈബ്രറിയില്‍ ഇല്ലെന്നും അവ തിരിച്ചുവരുന്ന മുറയ്ക്ക് എനിക്കു പിന്നീട് തരുന്നതായിരിക്കുമെന്നും ഇപ്പോള്‍ എനിക്കു മുന്നിലുള്ള നാലു പുസ്തകങ്ങളും ഞാന്‍ കൊടുത്ത പട്ടികയിലെ പുസ്തകങ്ങളുടെ സ്വഭാവത്തോട് അടുത്ത നില്‍ക്കുന്നതുമാണെന്നു ഉഗ്രമുഖന്‍ പ്രഖ്യാപിച്ചു. 

അയാളുടെ മുഖത്തുനോക്കി താങ്കള്‍ക്ക് അതെങ്ങനെ അറിയാം എന്നു ചോദിക്കാന്‍ എനിക്കു ധൈര്യമില്ലായിരുന്നു. ഞാന്‍ ആ പഴയ പുസ്തകങ്ങളുടെ പൊടിക്കുനയിലേക്കു വിരല്‍ വയ്ക്കാന്‍ മടിച്ചുനിന്നപ്പോള്‍ ഉഗ്രമുഖന്‍ പറഞ്ഞു, മുപ്പതു വര്‍ഷമായി ഞാനീ ജോലിയെടുക്കുന്നു. രണ്ടു വര്‍ഷത്തിനകം ഞാന്‍ വിരമിക്കും. ഒരാള്‍ക്ക് എന്തു പുസ്തകമാണു വേണ്ടതെന്ന് എനിക്ക് ആ വിദ്യാര്‍ഥിയെ കാണുമ്പോള്‍ത്തന്നെ അറിയാം. ഇതേവരെ അതു പിഴച്ചിട്ടില്ല. നീയെഴുതിയ പട്ടിക നിന്നെപ്പറ്റിയുള്ള എന്റെ വിചാരം ശരിവയ്ക്കുന്നതായിരുന്നു. തല്‍ക്കാലം ഇതിലെ ഒരു പുസ്തകം തിരഞ്ഞെടുത്തു കൊണ്ടുപോകൂ, എന്നുപറഞ്ഞ് ഉഗ്രമുഖന്‍ ഇളിച്ചുകാട്ടി. ഞാന്‍ അതില്‍ ഏറ്റവും മുകളിലിരുന്നു പുസ്തകത്തില്‍ വിരല്‍ വച്ചപ്പോള്‍ അതെടുത്തു റജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷം കറുത്ത ഒരു തുണിയാല്‍ വേഗത്തില്‍ പൊടിത്തട്ടാന്‍തുടങ്ങിയതും കാളയെപൂട്ടുന്നതുപോലെ ഒരൊച്ച അയാളുണ്ടാക്കി. പുസ്തകം ഇരുകൈകളാല്‍ അമ്മാനമാടിയാണ് തുണിയാല്‍ തട്ടിത്തുടച്ചത്. ഇടയ്ക്ക്‌ പുസ്തകം നെടുകെ പിളര്‍ന്ന് താളുകള്‍ ഇരുവശത്തേക്കും വേഗത്തില്‍ മറിച്ചുകൊണ്ടു നാവു ചുഴറ്റി അതേ സ്വരമുണ്ടാക്കി. ഒടുവില്‍ വിശാലമായ ആ മേശപ്പുറം വഴി എന്‌റെ നേര്‍ക്ക് ആ പുസ്തകം എയ്തുവിടുകയും ചെയ്തു. 

ഉച്ചകഴിഞ്ഞ നേരമായിരുന്നു അത്. പിന്നീടു ക്ലാസ്മുറിയിലേക്കു പോകാതെ പുസ്തകവുമായി ഞാന്‍ വായനമുറിയിലെ തൂണിനോടു ചേര്‍ന്ന മേശയ്ക്കു മുന്നിലിരുന്നു. ആയിരത്തൊള്ളായിരത്തി അൻപത്തിയഞ്ചിൽ പ്രസിദ്ധീകരിച്ച ഒരു നോവലായിരുന്നു അത്. കക്കാടു കോയ ആയിരുന്നു ഗ്രന്ഥകർത്താവ്‌.കോഴിക്കോട് സ്വദേശിയായ കോയ ഒരു നാടകനടനായിരുന്നുവെന്നും കുറേക്കാലം അരിക്കച്ചവടം ചെയ്തിരുന്നുവെന്നും ജീവിതരേഖയിൽ കണ്ടു. അങ്ങനെയൊരു എഴുത്തുകാരനെ മുന്‍പെവിടെയും കേട്ടിരുന്നില്ല. എന്നാല്‍ എന്‌റ കുട്ടിക്കാലത്തു നാട്ടിലുണ്ടായിരുന്ന ഒരു ബീഡിതെറുപ്പുകാരനായ കവിയെ ഞാന്‍ പെട്ടെന്ന് ഓര്‍ത്തു. അയാളും കക്കാടുകോയ ആയിരുന്നു. ഇല്ല, അയാളല്ല ഇത്. കാരണം അയാള്‍ ഒന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. പ്രസിദ്ധീകരണം അയാളുടെ വേവലാതിയായിരുന്നില്ല. ലോകാവസാനം അടുക്കാറായി എന്ന വിശ്വാസത്തിൽ കവിതകൾ എഴുതിയിരുന്ന മനുഷ്യനാണ്‌. 

തന്നെയുമല്ല ഇതൊരു നോവലാണ്. 1980കളില്‍ ഞാന്‍ കണ്ട കക്കാടുകോയ യുവാവായിരുന്നു. നിറഞ്ഞുതുളുമ്പിയ കണ്ണുകളുമായി അയാൾ എന്നെ നോക്കാറുണ്ടായിരുന്നു. ഈ നോവലിന്‌റെ ആമുഖമായി എഴുത്തുകാരന്‍ എഴുതിയഒരു കുറിപ്പിലെ വാക്യങ്ങള്‍ എന്നെ അമ്പരിപ്പിച്ചു. അത് ഇങ്ങനെയാണ് - 

“ഈ കഥ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലമ്പൂരില്‍ എന്‌റെ അമ്മയുടെ നാട്ടില്‍ ഒരു വെള്ളച്ചാട്ടത്തിനു സമീപമുള്ള കൃഷിയിടത്തിനുനടുവിലെ ഏറുമാടത്തിലിരുന്നു ഒരു മനുഷ്യന്‍ പലപ്പോഴായി കിനാവു കണ്ട യാത്രയുടെ കഥയാണ്. അത് അയാള്‍ അവിടെ പണിക്കു വരുന്ന പലരോടും ഒഴിവുനേരങ്ങളിൽ പറയുകയും ചെയ്തു. അവരെല്ലാം പിറ്റേന്നു നേരം വെളുത്ത് എണീക്കുമ്പോഴേക്കും അതു മറന്നുപോയി. എന്നാല്‍ പലപ്പോഴായി താന്‍ പറഞ്ഞ കഥകള്‍ക്ക് ഒരു തുടക്കവും ഒടുക്കവും ഉണ്ടെന്ന് അവയ്ക്കിടയില്‍ ബദ്ധശ്രദ്ധമായ കാലം ഒരു പെരുമ്പാമ്പിന്‌റെ തിന്നുനിറഞ്ഞ ഉടല്‍ പോലെ നീണ്ടുനിവര്‍ന്നുകിടന്നു കിതയ്ക്കുന്നതും അയാൾ അറിഞ്ഞു. കടലാസ്സിൽ എഴുതിയ പരിചയം ഇല്ലെങ്കിലും അയാള്‍ തന്‌റെ കഥയെ ഒരു പുസ്തകമായി മനസ്സില്‍ രൂപകല്‍പന ചെയ്‌തെടുക്കുകയും അതിനു അധ്യായങ്ങളും പേജ് നമ്പരുകളും ഇടുകയും ചെയ്തു. അപ്രകാശിതവും അജ്ഞാതവുമായ ആ പുസ്തകം സങ്കല്‍പിച്ചാണ് ഞാൻ ഈ നോവൽ എഴുതിയിരിക്കുന്നത്. ഇതിനൊരു അസൽ ഉള്ളതിനാൽ എന്റേതിനെ അനുകരണമെന്നോ പകര്‍പ്പെന്നോ പറയാം. ശ്രദ്ധിക്കേണ്ട കാര്യം, ആ മനുഷ്യന്‌റെ ഉള്ളിലെ താളുകളില്‍ എങ്ങനെയായിരുന്നോ ആ കഥ, അത്‌ അതേപടി സങ്കല്‍പിക്കാനുള്ള ശ്രമമാകുന്നു ഇത്‌ എന്നതാണ്‌. യഥാർത്ഥത്തിൽ ആ കഥ ഇങ്ങനെതന്നെ ആയിരുന്നോ എന്നറിയാനും നിവൃത്തിയില്ല, കാരണം അയാൾ കടലാസ്സിൽ എഴുതിയിരുന്നില്ല”.

ഞാന്‍ തലയുയര്‍ത്തിനോക്കുമ്പോള്‍ എനിക്കെതിരെ മേശമേല്‍ മുന്നോട്ടുനീട്ടിവച്ച വലതുകൈയുടെ മേല്‍ തലവച്ച് വലിയ കണ്ണുകള്‍ കൊണ്ട് എന്നെ നോക്കുന്ന അവനെ കണ്ടു. ഇടതുകൈ കൊണ്ട് മേശമേല്‍ വച്ച പുസ്തകം പൊത്തിപ്പിടിച്ച് അവന്‍ നോക്കി. കക്കാടുകോയയുടെ ആമുഖവാക്യങ്ങള്‍ എനിക്കു തന്ന അമ്പരപ്പില്‍നിന്ന് ഓടിച്ചെന്നിരിക്കാവുന്ന ഒരു ഇടം, കിടപ്പുമുറിയോടു ചേർന്ന ഒരു തിണ്ണയോ ബാൽക്കണിയോ പോലെ, ഞാന്‍ ആ കണ്ണുകളില്‍ കണ്ടു. 

ഞാന്‍ അവനെ ആദ്യം കാണുകയായിരുന്നു. ആ പുസ്തകം എന്താണെന്ന് അവന്‍ ആംഗ്യത്തിലൂടെ ചോദിച്ചു. ഞാന്‍ പുസ്തകത്തിന്‌റെ ആദ്യപേജ് കാട്ടിക്കൊടുത്തു. അതുവായിച്ചശേഷം ഇതാരാണ് എന്ന ചോദ്യത്തോടെ എന്‌റെ നേര്‍ക്കു നോക്കി. ഞാന്‍ ഒന്നും പറഞ്ഞില്ല. 

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മഴ തുടങ്ങി. ഒരാഴ്ചയോളം തുടര്‍ച്ചയായി മഴ വീണ് എല്ലാ മേല്‍ക്കൂരയും ചോരുന്നുണ്ടായിരുന്നു. തടിപാകിയ നിലം നനഞ്ഞു ഒരുതരം ചീഞ്ഞമണം ഇടനാഴികളിലും ക്ലാസ്മുറികളിലും നിറഞ്ഞു. ഉച്ചകഴിഞ്ഞ് അന്തരീഷം അടുത്തമഴയ്ക്കായി ഇരുണ്ടുകനത്തുനില്‍ക്കുമ്പോള്‍ ഞാന്‍ ആ പുസ്തകം മടക്കാനായി ലൈബ്രറിയില്‍ പോയി. വൈദ്യുതി നിലച്ചതുകൊണ്ടാവാം അതിനകത്തു തീരെ വെളിച്ചമുണ്ടായിരുന്നില്ല. ഉഗ്രമായ നോട്ടം അയയ്ക്കുന്ന ലൈബ്രറി ജീവനക്കാരന്‍, ആ ഇരുട്ടില്‍ അവസാനം ഞാന്‍ കണ്ട അതേ സ്ഥലത്തു നില്‍പുണ്ടായിരുന്നു. പുസ്തകം തിരിച്ചുകൊടുത്തപ്പോള്‍ അയാള്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ നേരത്തേ കൊടുത്ത പട്ടികയില്‍ നിന്നുള്ള രണ്ടു പുസ്തകം എടുത്തു മുന്നില്‍ വച്ചു. ഒരെണ്ണം കൊണ്ടുപോകാം എന്നു പറഞ്ഞു. ആദ്യദിവസം അയാള്‍ എനിക്കു മുന്നില്‍ വച്ച പഴകിനാറിയ മറ്റു മൂന്നു പുസ്തകങ്ങള്‍ ഏതൊക്കെയൊന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ചോദിക്കാന്‍ മടിതോന്നിയതുകൊണ്ടു ഞാന്‍ അയാള്‍ നീട്ടിയ പുസ്തകങ്ങളിലൊന്നു കയ്യിലെടുത്തു. ഈര്‍പ്പം നിറഞ്ഞ ആ പുസ്തകത്തിന്‌റെ താളുകള്‍ ഒട്ടിയിരുന്നു. പൂതലിച്ച ഗന്ധം അതില്‍നിന്നു വമിച്ചു. ഈര്‍പ്പം പടര്‍ന്ന മേല്‍ക്കൂരയില്‍നിന്ന് ഇടയ്ക്കിടെ ഓരോ തുള്ളി ഇറ്റ് പുസ്തകഷെല്‍ഫുകള്‍ക്കുമീതേ വീണുകൊണ്ടിരുന്നു. 

ഞാന്‍ കക്കാടുകോയയുടെ നോവലിനെപ്പറ്റി ഓര്‍ത്തു. ലൈബ്രറിയിലെ ഉഗ്രമുഖന്‍ പ്രവചിച്ചതുപോലെ അതെനിക്കു നന്നായി ഇഷ്ടപ്പെട്ടു. ആ നോവല്‍ വായന തീര്‍ന്ന അന്ന് ഉറക്കത്തില്‍ കുട്ടിക്കാലത്ത് ഞാന്‍ കണ്ട കക്കാടു കോയ വരികയും ചെയ്തു. വരികയല്ല, ഞാന്‍ അയാളുടെ വീട്ടില്‍, ചെങ്കുളം ഊര്‍ജനിലയത്തിന്‌റെ ജലഗുഹകളിൽനിന്നുള്ള പ്രവാഹത്തിന്റെ ഹുങ്കാരം  ഉയര്‍ന്നുകേള്‍ക്കുന്ന ആ ചെറിയ വീട്ടിലേക്ക് വൈകുന്നേരത്ത് ഞാന്‍ ചെല്ലുന്നതും ബീഡിതെറുക്കുന്ന മുറം മടിയില്‍വച്ച് പണിക്കിടെ എന്നോടു സംസാരിച്ചതും ചായ കുടിച്ചതും  കവിതകള്‍ ചൊല്ലിക്കേള്‍പ്പിച്ചതും  പലഖണ്ഡങ്ങള്‍ ഒരുമിച്ചുവച്ചതുപോലെ, ഏതാണ്ട് ഒരു അസംബന്ധം പോലെ ഞാന്‍ കണ്ടു. എന്താണത്, ഭൂതകാലത്തിലെന്നോ പ്രസിദ്ധീകരിക്കപ്പെടാതെ പോയ ഒരു കൃതിയുടെ പ്രതിബിംബമാണു താനെഴുതുന്നതെന്നും എന്നാലതു താന്‍ വായിക്കാതെ സങ്കല്‍പിച്ചതാണെന്നും പറയുന്നതിന്‌റെ പൊരുള്‍ എന്താണ്? ഭൂതകാലത്തിലെ അപ്രകാശിതമായതു തന്നെയാണോ ഭാവിയിലെയും അപ്രകാശിതമായ മനസ്സുകൾ എന്നാണോ ഈ നോവലിസ്റ്റ് സങ്കല്‍പിച്ചത്... 

ഭൂതത്തിന്റെ അജ്ഞേയത, ഭാവിയിലേക്കു നീളുന്നതാണോ? ആ നോവലിനെപ്പറ്റി ഞാന്‍ ആരോടെങ്കിലും സംസാരിക്കുമെന്നു കരുതി റീഡിങ് റൂമിലേക്കു കടന്നപ്പോഴാണ്, ഇരുളില്‍ ഭീമന്‍ തൂണിനു ചുവടെ അവനിരിക്കുന്നു. എന്നെക്കണ്ടുവെന്ന് എനിക്കു മനസ്സിലായി. അവിടേക്കു ചെന്നു അവന്‌റെ എതിര്‍വശത്തിരുന്നു. അപ്പോള്‍ പൊടുന്നനെ വിളക്കുകള്‍ തെളിഞ്ഞു. അപ്പോള്‍ അവന്‍ കൈവിരലുകള്‍ ഭീമന്‍തൂണിനുനേരെ ചൂണ്ടി. ആദ്യം ഞാനൊന്നും കണ്ടില്ല. എന്നാല്‍ അവിടേക്കുതന്നെ ഉറ്റുനോക്കുമ്പോള്‍ ആ തൂണിനുമുകളില്‍നിന്നും ചുവന്നപുഴുക്കളുടെ ഒരു ധാര താഴേക്കു മെല്ലെ ഒഴുകുന്നതു കണ്ടു. അവ താഴേക്ക് ഒരു ധ്യാനത്തിൽ എന്ന പോലെ, എന്നാല്‍ അഗാധമായ ഏകാഗ്രതയില്‍ ഏറ്റവും സൂക്ഷ്തയോടെ ചലിക്കുകയായിരുന്നു. ഞാന്‍ മുഖം തിരിച്ചപ്പോള്‍ അവന്‍ എന്നെനോക്കി മനോഹരമായി പുഞ്ചിരിച്ചു. എന്‌റെ മുഖത്തും ചിരിവിടര്‍ന്നു. 

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

വീട് എന്ന് ഉച്ചരിക്കുമ്പോള്‍, വിചാരിക്കുമ്പോള്‍, എഴുതുമ്പോള്‍ ഞാന്‍ ആദ്യം ഓര്‍ക്കുക അവന്‌റെയും അവളുടെയും വീടാണ്. എന്‌റെ അന്‍പതാം വയസ്സില്‍ ഞാനിത് എഴുതുമ്പോഴും ആ വീടല്ലാതെ മറ്റൊന്നും എനിക്കുള്ളില്‍ വസിക്കുന്നില്ല. ഞാന്‍ പിറന്ന വീടോ പിന്നീടു പലയിടത്തായി ഞാന്‍ താമസിച്ച വാടകവീടുകളോ ഒടുവില്‍ എത്തിയ ഈ വീടോ എന്റെ ഇരുപതാം വയസ്സില്‍ അവരുടെ വീട്ടിലേക്ക് ആദ്യം ചെന്ന പുലരിയില്‍ അനുഭൂതിയുടെ അകത്ത് രചിക്കപ്പെട്ട് സ്ഥിതി ചെയ്യുന്നില്ല. അത്രയും ജിജ്ഞാസയോടെ, ഗൂഢമായ ആനന്ദങ്ങളോടെ, ദൃഢമായ ആത്മവിശ്വാസത്തോടെ, വേദനയുടെ കയത്തിലേക്ക് ആണ്ടുപോയി പിടയുന്നതിനിടെ പൊടുന്നനെ ശ്വാസത്തിന്‌റെ കരയിലേക്കു വീണു ദീര്‍ഘമായി വലിക്കുന്നതിന്‌റെ ഒരു സുഖം അവിടെയുണ്ടായിരുന്നു. അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കണമെന്ന് ഞാന്‍ അക്കാലം തീവ്രമായി മോഹിച്ചു. എന്റെ ഉടല്‍ എന്നെക്കാള്‍ ആത്മവിശ്വാസത്തോടെ എനിക്കു മുന്നില്‍ പ്രതിബിംബിച്ചു. ഞാന്‍ എന്നെത്തന്നെ തൊടാനും ഓമനിക്കാനും വെമ്പല്‍കൊണ്ടു. വര്‍ഷങ്ങള്‍ക്കുശേഷം അവരിൽനിന്ന് ഞാൻ അകലെയായശേഷവും വീട് എന്ന് ഉച്ചരിക്കുമ്പോഴേക്കും ഞാന്‍ അവിടെ എത്തിനില്‍ക്കും. ഞാനിത് അവരോടു പറയാതിരുന്നിട്ടില്ല. കാൽപനികതയുടെ ആതുരതയാണിത്‌ എന്ന് അവൻ കരുതി.

അവന്‍ എന്നോടു ചോദിച്ചു, എന്തുകൊണ്ടാണു നീ പിറന്ന വീടിന് എന്തു സംഭവിച്ചുവെന്നു ആലോചിക്കാത്തത്?

ഞങ്ങള്‍ പിണങ്ങിപ്പിരിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം ഒരുദിവസം അവന്‍ അവിടെപോയിരുന്നു. അവന്‍ ജനിച്ചുവളര്‍ന്ന പട്ടണത്തിന്റെ ഒരുപകുതി അക്കാലത്തു കത്തിയമര്‍ന്നുപോയിരുന്നു. പട്ടണത്തിലെ ഒരുവിഭാഗത്തിന്റെ  അധികാരികൾ മറ്റൊരു വിഭാഗത്തിന്‌റെ വീടുകള്‍ ആദ്യം ഇടിച്ചുനിരത്താന്‍ തുടങ്ങി. അതു സംഘർഷം ഉണ്ടാക്കി. പിന്നീട് പെട്ടെന്നൊരു ദിവസം ഒരു കലാപം തുടങ്ങി. തെരുവുകൾ മുഴുവനും തീയിട്ടു. വെട്ടരിവാള്‍ കൊണ്ടു മനുഷ്യരെ കൊന്നു കനാലിലെ ഇരുണ്ടവെള്ളത്തില്‍ തള്ളി. ആ പ്രദേശത്ത് ആ വിഭാഗത്തിൽ കൊല്ലപ്പെടാതെ ശേഷിച്ച ചെറുപ്പക്കാരെ പൊലീസ് പിടിച്ചുകൊണ്ടുപോയി ജയിലില്‍ ഇട്ടു.  കലാപത്തിന്‌റെ ഇരകള്‍ക്കുവേണ്ടി ഒരു പുനരധിവാസ പദ്ധതിക്ക് പണം പിരിക്കാനായി പലയിടങ്ങളിലായി ഒരു സംഘത്തിനൊപ്പം അലയുകയായിരുന്നു അവന്‍. ഒടുവില്‍ ഞാന്‍ ജനിച്ച നാട്ടിലും അവന്‍ പോയി. എന്‌റെ വീടു തേടിപ്പിടിച്ചു. ഞാനവിടെ ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടും അവിടെച്ചെന്നു. എന്‌റെ സഹോദരിയായിരുന്നു അവിടെത്താമസിച്ചിരുന്നത്. അവന്‍ പറഞ്ഞു, ഇവിടെ ഒരു തോടുണ്ടല്ലോ, പറമ്പിന്‌റെ അതിരിനോടു ചേര്‍ന്ന് കുറെ ആഞ്ഞിലി മരങ്ങളുണ്ടല്ലോ, കക്കാടുകോയ എന്നൊരാള്‍ പവര്‍ ഹൗസിനു അടുത്തുള്ള പുഴക്കരയില്‍ താമസിച്ചിരുന്നില്ലേ, ആ വീട് ഇപ്പോഴുമുണ്ടോ..?

സഹോദരി അമ്പരന്നുപോയി. അവള്‍ പറമ്പിനു നടുവിലൂടെ ഒഴുകുന്ന തോടു കാണിച്ചുകൊടുത്തു. അതില്‍ നേര്‍ത്ത നീരൊഴുക്കുണ്ടായിരുന്നു. അവിടെനിന്ന് ഒരു ചെരിവിലേക്ക് ചെന്ന് അവള്‍ ആഞ്ഞിലി മരങ്ങള്‍ കാട്ടിക്കൊടുത്തു. കുരങ്ങന്മാരുടെ ശല്യം കാരണം അതിരിലേക്ക് ആരും പോകാറില്ലെന്നു അവനോടു പറഞ്ഞു. പവര്‍ ഹൗസിനു മുന്നിലെ പുഴയുടെ മറുകരയിലായിരുന്നു ആ വീടുകള്‍. അവയെല്ലാം ഒരു വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. അവിടെ വീടുകളില്ല. പകരം മണ്ണിടിയാതിരിക്കാന്‍ പുഴക്കരെ വലിയ ഭിത്തി കെട്ടിയിട്ടുണ്ട്. അത് ഇവിടെനിന്നു നോക്കിയാല്‍ കാണാം. ആ ഭാഗത്തൊന്നും ആരും താമസിക്കുന്നില്ല. പുഴയിലേക്കു നോക്കിയിരിക്കുന്ന കുരങ്ങന്മാരെ മാത്രം കാണാം.

ഞാന്‍ എന്റെ വീട് മറന്നിട്ടില്ല. എനിക്ക് കുറേ വീടുകൾ അറിയാം, ആ വീടുകളില്‍നിന്നെല്ലാം യാത്ര ചെയ്തത് അവിടേക്കാണ്, അവരുടെ വീട്ടിലേക്ക്. ഞാന്‍ അവിടെ വച്ചാണ് അവളെ ആദ്യമായി കണ്ടത്. ഞാന്‍ അവനോടൊപ്പം അവിടെ ആദ്യം ചെല്ലുമ്പോള്‍ എവിടെയോ പോകാനായി ഒരുങ്ങിനില്‍ക്കുകയായിരുന്നു. ഞാന്‍ ആ വലിയ കമ്മലുകള്‍ എപ്പോഴും ഓര്‍ത്തു. അന്നു രാത്രി കിടക്കും വരെ ഞങ്ങള്‍ മൂന്നുപേരും ബാല്‍ക്കണിയിലിരുന്നു സംസാരിച്ചു. വീട്ടില്‍ മറ്റെല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയിട്ട് അവന്‍ ഒരു സിഗരറ്റുമായി വന്നു. ഞങ്ങള്‍ രണ്ടുപേരും അതു പങ്കിട്ടുവലിച്ചു. അന്നുരാത്രി ഞാനും അവനും ഒരുമിച്ച് ഒരു കട്ടിലിലാണു കിടന്നത്. തണുത്ത കാറ്റ് ജനാലയിലൂടെ അകത്തേക്കുവന്നപ്പോള്‍ അവന്‍ ചോദിച്ചു, ജനാല അടയ്ക്കണോ? വേണ്ടെന്നു ഞാൻ തലയാട്ടി. നേരം പുലരാറാകുമ്പോള്‍ നല്ല തണുപ്പാകും, അപ്പോള്‍ ഞാന്‍ എണീറ്റ് അടയ്ക്കാം, എന്നു പറഞ്ഞ് അവന്‍ വിളക്കണച്ചു പുതപ്പിനകത്തേക്കു വന്നു. അപ്പോൾ ഞാന്‍ അവളുടെ കമ്മലും ഇമയനക്കവും ഓര്‍ത്തു. പിന്‍കഴുത്തില്‍ അവന്‌റെ ശ്വാസം പരന്നു. അവന്‌റെ ചുണ്ടുകളുടെ നനവുകൊണ്ടതും ഞാന്‍ കണ്ണുകളടച്ചു. തലയണയില്‍ കാതമര്‍ന്നുകിടന്ന് താണുപോകുമ്പോള്‍ കടലിന്‌റെ ഒച്ച കേള്‍ക്കും പോലെ തോന്നി. കടലില്‍നിന്ന് എത്രയോ അകലെയാണ് ആ രാത്രി. എന്നിട്ടും വെയില്‍മണമുള്ള തലയിണയിലേക്ക് ചേര്‍ന്ന കാതിലേക്ക് കടലിന്‌റെ ഇരമ്പം വന്നു. അതിലേക്ക് ആണ്ട് ഉറങ്ങിപ്പോയി. 

ജംന എന്നൊരു നായയെ ഉപ്പ വളര്‍ത്തിയിരുന്നു. രാത്രിബസ്സിറങ്ങുമ്പോള്‍ തെരുവിലേക്ക് അവന്‍ ഓടിവും. എന്നിട്ടു വീടു വരെ മുന്നില്‍ ഓടിക്കൊണ്ടിരിക്കും. ഇടയ്ക്ക് അവളെ കാണാതാകും. അല്‍പം കഴിയുമ്പോള്‍ ഇരുട്ടില്‍നിന്ന് ഓടിവന്നു കാലുകളെ ചുറ്റും. പിന്നെയും ഓടിപ്പോകും. രാത്രി ഇടവഴിയില്‍ ഇഴജന്തുക്കളെ ഭയന്നുനടക്കാറുള്ള എനിക്ക് ജംന വലിയ ധൈര്യം തന്നു. പക്ഷേ, ഒരിക്കല്‍ അവളെ ഒരു പേപ്പട്ടി കടിച്ചു. കടിച്ചെന്നു സംശയിച്ചാണു അവളെ കെട്ടിയിട്ടത്. കൊല്ലാന്‍ തീരുമാനിച്ചു. വാഴയ്ക്കിടുന്ന രാസവളമാണു കലക്കിക്കൊടുത്തത്. അത് ചത്തില്ല. ശ്വാസം വലിച്ചുവലിച്ചു മണിക്കൂറുകളോളം കിടന്നു. തുടല്‍ അഴിച്ചപ്പോള്‍ മെല്ലെയെണീറ്റ് തോട്ടിലേക്കു പോയി ആ വെള്ളത്തില്‍ കിടന്നു. ഒരു പകല്‍ മുഴുവനും അത് വെള്ളത്തില്‍ക്കിടന്നു ദീനമായി മോങ്ങിക്കൊണ്ടിരുന്നു. ഉപ്പ കരഞ്ഞു. പടച്ചത്തമ്പുരാനേ, പൊറുക്കണേ, ഇതു കണ്ടുനില്‍ക്കാന്‍ വയ്യ. അയല്‍വാസി ഒരു തോക്കുമായി വന്നു. ഇക്കാ, വിഷമിക്കാതിരിക്കൂ, അവള്‍ക്ക് എളുപ്പമാക്കിക്കൊടുക്കാം. തോക്കുമായി തോടിന്‌റെ അരികിലേക്കു ചെന്നപ്പോള്‍ ജംന ദീനമായി അയാളെ നോക്കി. തോക്കുയര്‍ത്തി അയാള്‍ ഒരു വെടിയുതിര്‍ത്തു. വലിയൊരു മുഴക്കം.

കണ്ണുതുറക്കുമ്പോള്‍ കാല്‍ച്ചുവട്ടില്‍ കിടക്കയുടെ വക്കില്‍ അവള്‍ ഇരിക്കുന്നു. മുറിയില്‍ പുലരിയുടെ വെട്ടം നിറയുന്നതേയുള്ളു. ജനാല അടച്ചിരുന്നു. അവന്‍ രാവിലെ എണീറ്റു അണയിലേക്കു പോയി, കനാലിലേക്കു വെള്ളം തിരിച്ചുവിടാന്‍,അതുകഴിഞ്ഞു വരും, അവള്‍ പറഞ്ഞു. ഞാന്‍ മെല്ലെ എണീക്കാന്‍ ശ്രമിച്ചു. അവള്‍ നോട്ടം മാറ്റുകയോ കിടക്കയില്‍നിന്ന് എണീക്കുകയോ ചെയ്തില്ല. എന്താണ്, ഞാന്‍ ചോദിച്ചു. തലേന്നത്തെ കമ്മല്‍ കാണുന്നില്ലല്ലോ എന്നു ഞാന്‍ വിചാരിച്ചു. ഒന്നൂല്ല, അവള്‍ എണീക്കാനൊരുങ്ങി, ഞാന്‍ നിന്നെ ശ്രദ്ധിക്കുകയായിരുന്നു, അവള്‍ പെട്ടെന്നു പറഞ്ഞു. നീ എണീറ്റോ എന്നറിയാന്‍ വന്നതായിരുന്നു, പക്ഷേ നീ നല്ല ഉറക്കത്തിലായിരുന്നു, നിന്റെ ഉറക്കം കണ്ടപ്പോൾ പോകാൻ തോന്നിയില്ല.  നിന്നെ നോക്കിക്കൊണ്ടിരിക്കേ പൊടുന്നനെ നീ ഉറക്കത്തില്‍ സംസാരിക്കാന്‍ തുടങ്ങി, അവള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. എനിക്കറിയില്ല, എന്തായിരുന്നു അത്, സങ്കോചത്തോടെ ഞാന്‍ ചോദിച്ചു. അവള്‍ കുറച്ചുകൂടി അടുത്തേക്കു നീങ്ങിയിരുന്നു. നീ എന്തൊക്കെയോ പറഞ്ഞു, ഒന്നും വ്യക്തമായില്ല, പക്ഷേ സംസാരിക്കുകയും ഇടയ്ക്കിടെ അനങ്ങുകയും ചെയ്തുകൊണ്ടിരുന്നു, നീ ഒന്നോര്‍ത്തുനോക്കൂ, എന്തു സ്വപ്‌നമാണു കണ്ടുകൊണ്ടിരുന്നത് എന്ന്. 

ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു, കടലിന്‌റെ ഒച്ച കേട്ടത് ഓര്‍ത്തു. പെട്ടെന്നു ജംന തെളിഞ്ഞുവന്നു.

ഞാന്‍ വീട്ടിലെ വളര്‍ത്തുനായ ജംനയുടെ കൂടെ ഇരുട്ടത്ത് ഇടവഴിയിലൂടെ നടന്നു, എനിക്ക് പാമ്പിനെ പേടിയാണ്, ജംന എന്‌റെ മുന്നില്‍ ഓടിക്കളിക്കുകയായിരുന്നു. 

എന്നിട്ട്, അവൾ പുതപ്പിനുമുകളിലൂടെ എന്‌റെ കയ്യില്‍തൊട്ടു.

ജംന തോട്ടിലെ വെള്ളത്തില്‍ക്കിടന്ന് ദീനമായി കരഞ്ഞു, അവൾക്ക്‌ യാത്ര എളുപ്പമാക്കിക്കൊടുക്കണേ ഞാൻ പ്രാർത്ഥിച്ചു.

English Summary:

Ezhuthumesha Literature column by Ajay P Mangatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com