ADVERTISEMENT

മണിനാദം (കഥ)

ആ വലിയ പറമ്പിനു നടുവിലുള്ള ഒറ്റവീട് ചുറ്റും വളർന്നു നിൽക്കുന്ന തെങ്ങുകൾ ആ വീടിന് കാവൽ നിൽക്കുകയാണ് എന്നു തോന്നും. 

ഫോൺ െബല്ലടിച്ചു. ഇപ്പോൾ കുറച്ചു കാലമായി ഫോൺ അപൂർവമായി മാത്രമേ സംസാരിക്കാറുള്ളൂ. ഭാനു ഉണ്ടായിരുന്ന കാലത്ത് അവൻ ബന്ധുക്കളെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചും, നാട്ടിൽ പെട്ടെന്ന് ഉണ്ടാകുന്ന അപ്രതീക്ഷിത മരണങ്ങളുമെല്ലാം അവൻ ഭാനുവിനെ വിളിച്ച് പറയാറുണ്ടായിരുന്നു. അവൾ പോയപ്പോൾ അവന്റെ സംസാരവും കുറഞ്ഞു. ഇപ്പോൾ ഈ വലിയവീടിന്റെ ഏകാന്തതയിൽ അവനും സംസാരിക്കാൻ താൽപര്യക്കുറവ് ഉള്ളതു പോലെ തോന്നി. 

ഇപ്പോൾ ഫോണിൽ എന്തു പറയാനാണ് എന്നെ വിളിക്കുന്നത് ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ഫോൺ എടുത്തു ‘‘മുത്തച്ഛാ ഇന്ന് ഞാൻ മുത്തച്ഛനെ കാണാൻ വരുന്നുണ്ട്’’ കാതിൽ കുളിർമയായി മണിക്കുട്ടിയുടെ കൊഞ്ചിയുള്ള സംസാരം. മുത്തച്ഛൻ കാത്തിരിക്കാം മോള്‍ വേഗം വാ എന്ന്. പിന്നെ എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുമ്പോൾ അച്ഛാ ഞങ്ങൾ വന്നിട്ട് നേരിട്ട് സംസാരിക്കാം. പ്ലെയിനിന് സമയം ആകാറായി മണിക്കുട്ടിയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങിച്ച് പറഞ്ഞത് മകനായിരുന്നു. ഞാന്‍ ഫോൺ കട്ടു ചെയ്തു. എന്റെ സമയവും അടുത്തുവരുന്നു എന്ന് എനിക്കു തോന്നി. മണിക്കുട്ടിക്കു വേണ്ടി വാങ്ങിയ പാവക്കുട്ടിയുടെ കൈയിലെ ചെറിയ മണി അടിച്ചു കൊണ്ടിരുന്നു. 

ഞാൻ ക്ഷീണത്തോടെ കസേരയിൽ ഇരുന്നു. മൂന്നു വർഷത്തെ എന്റെ ഏകാന്തതയ്ക്ക് വിരാമമിട്ടു കൊണ്ട് മകനും കുടുംബവും വരുന്നു. ‘‘അച്ഛൻ ഇവിടെ ഒറ്റയ്ക്ക് നിൽക്കണ്ട ഞങ്ങളുടെ കൂടെ അമേരിക്കയിലേക്ക് വന്നോളൂ’’ എന്ന് മകൻ പറഞ്ഞതാണ് എന്നാൽ ഈ വീടിനെയും ഭാനുവിന്റെ ഓർമകളേയും തനിച്ചാക്കി പോകാൻ എനിക്ക് തോന്നിയില്ല. 

ണിം....ണിം....ണിം...... കാലം മങ്ങൽ ഏൽപ്പിച്ച ചുവരിലെ പഴയ ഘടികാരം അടിച്ചു. ആ മണിശബ്ദത്തിനൊപ്പം ഓർമകൾ എന്റെ കൈപിടിച്ച് പഴയകാലത്തേക്ക് ഓടി....

ഓർമവച്ച നാൾമുതൽ എന്റെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും പല രൂപത്തിലും ഭാവത്തിലും ഈ മണിനാദം ഒരു നിഴലായി എന്റെ കൂടെ ഉണ്ടായിരുന്നു. 

കുട്ടിക്കാലത്ത് തണുത്ത പ്രഭാതത്തിൽ പുതപ്പിനടിയിൽ ഒന്നു കൂടി ചുരുണ്ട് കിടക്കാൻ ശ്രമിക്കുമ്പോൾ അച്ഛന്റെ സൈക്കിൾ പിടിയിൽ ഇരുന്ന് നിറഞ്ഞ സഞ്ചിയിലെ കത്തുകളുടെ മേൽ വിലാസക്കാരനെ തേടി അച്ഛൻ യാത്ര ആരംഭിക്കുന്നു എന്ന് അവൻ എന്നെ വിളിച്ചറിയിക്കും. ഒരിക്കൽ പള്ളിമേടയിൽ ഇരുന്ന കൂട്ടമണി മുഴക്കി നാട്ടിലെ സ്കൂൾ കെട്ടിടത്തിന് തീപിടിച്ചപ്പോൾ നാട്ടുകാരെ വിവരം അറിയിച്ച് സ്കൂളിനെയും െകട്ടിടത്തെയും രക്ഷപ്പെടുത്തിയത് അവനായിരുന്നു. 

പലപ്പോഴും ദുരന്തങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ട് പാഞ്ഞുപോകുന്ന അവനെ ഞാൻ കണ്ടിട്ടുണ്ട്. 

ജൂൺ മാസത്തിലെ പ്രഭാതത്തിൽ മഴനൂലുകൾക്കിടയിലൂടെ അച്ഛന്റെ കൈ പിടിച്ച് ആദ്യ ദിനം സ്കൂളിലെത്തിയപ്പോൾ  ചുമലിൽ ചുറ്റികയും തൂക്കി ഒരു ട്രപ്പീസ് കളിക്കാരന്റെ മുഖഭാവത്തോടെ സ്കൂൾ വരാന്തയിൽ ഞാണിന്മേൽ ആടി അവൻ നിൽപ്പുണ്ടായിരുന്നു. അപരിചിതത്വത്തിന്റെ ലോകത്ത് ഒരുപാട് കാലം പരിചയമുള്ള ഒരു നല്ല സുഹൃത്തിനെ കണ്ട സ്നേഹമായിരുന്നു എനിക്കപ്പോൾ. 

അവന്റെ മണിനാദത്തിനൊപ്പം ക്ലാസിലെ അധ്യാപകരും മുഖം മാറിവരുന്നത് ഞാൻ കണ്ടു. ചിലപ്പോൾ അവന്റെ ഒറ്റ മണി പുസ്തകങ്ങളും ക്ലാസിനെയും ഒറ്റയ്ക്കാക്കി ഞങ്ങളുടെ ശരീരവും മനസ്സും വിശാലമായ കളിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. 

കണക്ക് മാസ്റ്ററുടെ കുഴപ്പിക്കുന്ന ചോദ്യത്തിൽ നിന്നും ഒറ്റമണിനാദമായും കൂട്ട മണിനാദമായും എന്നെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൂച്ചയുടെ മുന്നിൽ അകപ്പെട്ട എലിക്കുഞ്ഞിന്റെ ആശ്വാസത്തോടെ ഞാൻ അവനെ നോക്കുമ്പോൾ അവൻ ഞാണിന്മേൽ‍ ആടി നിന്ന് ചിരിക്കുന്നുണ്ടാകും. 

ആ വലിയ സ്കൂളിലെ അധ്യാപകരെയും കുട്ടികളെയും സമയത്തിന്റെ പാഠം പഠിപ്പിക്കുന്ന ഒരു അധ്യാപകനായി അവൻ മാറുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. 

കാലം കടന്നുപോയി സ്കൂൾ കുട്ടിയിൽ നിന്നും കുടുംബ പ്രാരാബ്ധമുള്ള യുവാവായി ഞാൻ മാറി കുടുംബത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുമ്പോൾ അവൻ എന്റെ മുന്നിൽ എത്തി അവന്റെ ചുമലിൽ തൂങ്ങിക്കിടക്കുന്ന ചുറ്റിക എന്റെ കയ്യിൽ തന്നു. ‘‘നീ എന്റെ കൂടെ കൂടിക്കോ’’ അവൻ പറഞ്ഞു. 

22–ാം വയസ്സിൽ പഠിച്ച അതേ സ്കൂളിൽ പ്യൂണായി ഞാൻ ജോലിക്കു കയറി. പിന്നീടങ്ങോട്ട് എന്റെ വിഷമവും സങ്കടങ്ങളും കേൾക്കുന്ന കുമ്പസാരക്കൂടിന്റെ ഭാവത്തിൽ അവൻ എന്റെ ഒപ്പം 43 വർഷം.‌‌‌

എന്റെ രണ്ടാംഘട്ട സ്കൂൾ ജീവിതത്തിന്റെ അവസാന ദിവസം എന്റെ സഹപ്രവർത്തകർ എനിക്കായി ഒരുക്കിയ യാത്രയയപ്പ് യോഗം കഴിഞ്ഞു അവൻ എന്നെ ഏൽപ്പിച്ച ചുറ്റിക അവന്റെ മുതുകിൽ തിരിച്ചു പടികളിറങ്ങുമ്പോൾ ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടാകും എന്ന് മണിമുഴക്കിക്കൊണ്ട് അവൻ പറഞ്ഞു...ണിം...ണിം...ണിം....ചുവരിലെ ഘടികാരം 12 അടിച്ചു. ഞാൻ എവിടെയും പോയിട്ടില്ല നിന്റെ കൂടെ തന്നെ ഉണ്ട് എന്ന് അവൻ എന്നെ ഓർമപ്പെടുത്തുന്നു. 

വല്ലാത്ത ക്ഷീണം കണ്ണുകളിൽ ഇരുട്ട് കയറിയിരുന്നു. മുന്നിൽ ചിരിച്ചു കൊണ്ട് ഭാനുമതി അവളുടെ മരണശേഷം ഞാൻ അവളെ വീണ്ടും കാണുന്നു. നമുക്ക് പോകാം എന്നവൾ എന്നോട് പറഞ്ഞു. നമ്മുടെ മണിക്കുട്ടി വരും എന്ന് അവളോട് ഞാൻ പറഞ്ഞു അവൾ വരുന്നത് വരെ കാത്തു നിൽക്കാൻ എനിക്ക് കഴിയില്ല. വേഗം പോകണം. ഞാൻ നിശ്ശബ്ദനായി. പള്ളിമേടയിൽ അവൻ അപ്പോൾ ഒരു കൂട്ടമണിനാദമായി എന്റെ മരണം നാട്ടുകാരെ അറിയിക്കുന്നുണ്ടായിരുന്നു. അവന്റെ മണിനാദത്തിൽ ആദ്യമായി ദുഃഖഭാവം ഞാൻ കേട്ടു. മുത്തച്ഛാ മണിക്കുട്ടി ഓടി എത്തി. തണുപ്പ് കയറിയ എന്റെ ശരീരം തൊട്ടു നോക്കി. മകൻ മണിക്കുട്ടിയെ സമാധാനിപ്പിച്ചു. മുത്തച്ഛൻ ഉറങ്ങുകയാണ്. മേശപ്പുറത്ത് മുത്തച്ഛൻ മകൾക്ക് വാങ്ങിവെച്ച പാവക്കുട്ടിയുടെ മണി അപ്പോഴും അടിച്ചു കൊണ്ടിരുന്നു. ണിം....ണിം....ണിം.....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com