ADVERTISEMENT

കൂടെ... (കഥ)

ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ സീനയേയും കൂടെ രണ്ടു ടീച്ചറുമാരെയും കണ്ടപ്പോൾ സെബാസ്റ്റ്യൻ സാറിന്റെയും ശോശ്ശാമ്മ ടീച്ചറുടെയും ഉള്ളൊന്നു പിടഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സീന അകത്തേക്ക് ഓടി.. രാവിലെ പിക്നിക്കിനു പോകുമ്പോൾ വളരെ ഉത്സാഹത്തോടെ പോയ മോളാണ്.. വന്ന ടീച്ചർമാർ ശോശ്ശാമ്മ ടീച്ചറെ മാറ്റി നിർത്തി സംസാരിക്കുകയാണ്. സാർ മോള് കിടക്കുന്നിടത്തേക്ക് നടന്നു. തലയിണയിൽ മുഖമമർത്തി വിങ്ങി കരഞ്ഞുകൊണ്ട് കിടപ്പാണ്.. എന്തു പറ്റി മോളേ? പലയാവർത്തി ചോദിച്ചെങ്കിലും സീനയൊന്നും പറയുന്നില്ല..

മോൾക്ക് ചെറുക്കനെ നോക്കി തുടങ്ങാം. ചെറിയ ചിരിയോടുകൂടി ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ശോശ്ശാമ്മ ടീച്ചർ മുറിയിലേക്ക് കടന്നു വന്നത്.. ഒന്നും പിടികിട്ടാത്തവനെപ്പോലെ സാർ ഭാര്യയെ നോക്കി. നമ്മുടെ മോൾ വയസ്സറിയിച്ചു മനുഷ്യാ.. ഇതു കേട്ടപ്പോൾ സീനയുടെ വിങ്ങിപ്പൊട്ടൽ കരച്ചിലായി അമ്മച്ചി ! അമ്മച്ചി ! എന്നു പറഞ്ഞ് ടീച്ചറെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അമ്മയും മകളും കൂടി സംസാരിക്കട്ടെ എന്നു കരുതി സാർ മുറിയിൽ നിന്നും ഹാളിലേക്കു നടന്നു.. അമ്മച്ചി ഞാൻ ഇനി സ്കൂളിൽ എങ്ങനെ പോകും.. ബോയ്സ് എല്ലാവരും അറിഞ്ഞു.. ഞാൻ ഇനി സ്കൂളിലേക്കേ പോകുന്നില്ല.. ശരി മോളെ നീ കുറച്ചു ദിവസം സ്കൂളിൽ പോകണ്ട.. ഇപ്പോൾ എന്തു പറഞ്ഞാലും അവളെ ആശ്വസിപ്പിക്കാൻ കഴിയില്ലെന്ന് ടീച്ചർക്ക് മനസ്സിലായി. മോള് കുറച്ചു നേരം കിടക്ക് എന്ന് പറഞ്ഞു കൊണ്ട് ടീച്ചറും ഹാളിലേക്കു നടന്നു…

സാർ കുറച്ച് പ്രിന്റ് ഔട്ടും പിടിച്ച് ടീച്ചറെ കാത്തു നിൽക്കുകയായിരുന്നു.. അതിലൂടെ കണ്ണോടിച്ചു നോക്കി ടീച്ചർ പറഞ്ഞു. ഇതവൾ ബയോളജി ക്ലാസിൽ പഠിച്ചിട്ടുണ്ടാവും.. പക്ഷേ ഒരമ്മയിൽ നിന്നു കിട്ടുന്ന അറിവ് മറ്റെന്തിനെക്കാളും മഹത്തരമാണ്. നാളെ മോളെ സ്കൂളിൽ വിടുന്നില്ല. ഞാനും പോകുന്നില്ല, വിശദമായി എല്ലാം നാളെ മോൾക്ക് പറഞ്ഞു കൊടുക്കാം. ഏങ്ങിയേങ്ങി കരഞ്ഞ് സീന ഉറങ്ങി. മൊബൈലിൽ വാട്സ് ആപ്പ് മെസ്സേജ് വരുന്ന പീപ്പ് ശബ്ദം കേട്ടാണ് സീന ഞെട്ടിയെഴുന്നേറ്റത്. വാട്സ് ആപ്പ് തുറന്നു നോക്കിയപ്പോൾ കണ്ട ഫോട്ടാ കണ്ട് സീന സ്തബ്ധയായി. 

"ഒരു കൂട്ടുകാരിയുടെ വയസ്സറിയിക്കൽ” എന്ന കാപ്ഷനോടു കൂടി ഫ്രോക്കിലെ രക്തക്കറ രണ്ടു കൈകൊണ്ടും മറച്ചു പിടിച്ചിരിക്കുന്ന തന്റെ ഫോട്ടോയാണ് എയ്ത്ത് ബാച്ച് വാട്സ് ആപ്പ് ഗ്രൂപ്പിൽ ബി ഡിവിഷനിലെ അമൃത ഇട്ടിരിക്കുന്നത്... സീനയുടെ കൈ വിറയ്ക്കാൻ തുടങ്ങി. സ്കൂളിൽ മൊബൈൽ കൊണ്ടുവരുന്ന കാര്യം മിസ്സിനോട് പറഞ്ഞതിന്റെ വൈരാഗ്യം അവൾ തീർത്തിരിക്കുന്നു.

മനസ്സ് മുഴുവൻ ഇരുട്ട് നിറയുന്നതുപോലെ സീനക്ക് തോന്നി.. അമ്മച്ചി.. എന്നു വിളിച്ചെങ്കിലും ഒച്ച പുറത്തേയ്ക്ക് വരുന്നില്ല. മോള് എണീറ്റോ, ഭക്ഷണം കഴിക്കാം വാ… എന്നു പറഞ്ഞു കൊണ്ട് ടീച്ചർ റൂമിലേക്ക് വന്നപ്പോൾ കണ്ട കാഴ്ച. പേടിച്ചരണ്ട മാനിനെപ്പോലെ സീന മുറിയുടെ മൂലയിൽ ഇരിക്കുന്നു. എന്തുപ്പറ്റി മോളേ എന്നലറികൊണ്ട് ടീച്ചർ സീനയെ കെട്ടിപ്പിടിച്ചു.. ഒച്ച കേട്ട് സാറും മുറിയിലേക്ക് ഓടിവന്നു. 

മൊബൈൽ ചൂണ്ടിക്കാട്ടി പപ്പാ… എന്നു പറഞ്ഞ് അവൾ കരയാൻ തുടങ്ങി. സാർ മൊബൈൽ എടുത്തു നോക്കി, ഫോട്ടോ കണ്ട സാർ വിറക്കുന്ന കരങ്ങളോടെ മൊബൈൽ ടീച്ചറെ ഏൽപ്പിച്ചു. ഫോട്ടോ കണ്ട് ടീച്ചർ കുറച്ച് നിമിഷം നോക്കി നിന്നതിനു ശേഷം പറഞ്ഞു.. നല്ല ഭംഗിയുള്ള ഫോട്ടോ.. കാപ്ഷനും നന്ന്… ഒന്നും മനസ്സിലാകാത്ത പോലെ സാറും സീനയും ടീച്ചറേ നോക്കി.. ഇതിനു മറുപടി കൊടുക്കാൻ പറ്റിയ ഒരു കമന്റ് ഞാൻ പറയട്ടേ മോളെ… എഴുതിക്കോളൂ.. “യെസ് മാതൃത്വത്തിന്റെ പ്രിലിമിനറി ടെസ്റ്റ് ഞാൻ പാസ്സായി”. അത് ടൈപ്പ് ചെയ്യുമ്പോൾ സീന ടീച്ചറേയും സാറിനേയും നോക്കി. അപ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com