ADVERTISEMENT

പ്രണയപര്‍വ്വം (കഥ)

മാര്‍ച്ച്‌ അവസാനമോ ഏപ്രില്‍ ആദ്യവാരമോ എന്ന് ഓർമയില്ല, സായാഹ്ന വേളയില്‍ മഴതുള്ളികളാല്‍ തലോടി നില്‍ക്കുന്ന മുല്ലമൊട്ടുകളെ പിച്ചുവാനാണ് മതിലിനടുത്ത് എത്തിയത്. കുടമുല്ല പൂക്കള്‍ പൊട്ടിച്ച് മാല കൊരുക്കുക എന്‍റെ ഒരു വിനോദമായിരുന്നു. അന്നെന്തോ, മുകുളങ്ങളെ പൂക്കളായി വിരിയാന്‍ ചെടിയില്‍ തന്നെ വിട്ടു. അന്നാണ് അവളെ ആദ്യമായി ശ്രദ്ധിച്ചത്. നല്ല വെളുത്ത നിറം. കുറച്ച് തടിച്ച്, നടക്കുമ്പോള്‍ കാലുകള്‍ക്ക് നീളം കുറവ് പോലെ തോന്നി. എല്ലാവര്‍ക്കും അവള്‍ നിമ്മി ആയപ്പോള്‍ എനിക്ക് മാത്രം അവള്‍ മിന്നി ആയി. പിന്നീട് എപ്പോഴോ എനിക്ക് അവളോട്‌ പ്രണയം തോന്നി. ജലാലുദ്ദീന്‍ റൂമിയുടെ അനിര്‍വചനീയമായ ദിവ്യത്വം തുളുമ്പുന്ന സ്നേഹം. പക്ഷേ അവള്‍ക്ക് എന്നോട് പ്രണയം ഉണ്ടോ? ഉണ്ടെന്നു തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. 

ഒരു ദിവസം മതിലിനോട് ചേര്‍ന്നു നിന്ന് പതിഞ്ഞ സ്വരത്തില്‍ ഞാന്‍ അവളെ വിളിച്ചു, നിമ്മി.. അവള്‍ കേട്ടു കേട്ടില്ലെന്ന ഭാവത്തില്‍ അവളുടെ വീട്ടിനുള്ളിലേക്ക് നോക്കി. പിന്നീട് എന്നെയും. ആ കണ്ണുകളിലെ പ്രകാശം എന്നിലേക്ക്‌ നീണ്ടു വരുന്നതുപോലെ എനിക്ക് തോന്നി. മതിലിനടുത്തെ മുല്ലപ്പടര്‍പ്പുകള്‍ വകഞ്ഞു മാറ്റി ഞാന്‍ അവിടെ തന്നെ നിന്നു. പതിയെ നടന്നു അവള്‍ എന്‍റെ അരികിലേക്ക് വന്നു. അവള്‍ക്ക് നല്‍കാനുള്ള സമ്മാനപൊതി ഞാന്‍ അഴിക്കാന്‍ തുടങ്ങിയതും വാതിലില്‍ ആരെയോ കണ്ട് അവള്‍ ഓടി മറഞ്ഞു.

ഒരു നിമിഷം ആ സമ്മാനപൊതി ആയിരിക്കുമോ അവളെ എന്നിലേക്ക് ആകര്‍ഷിച്ചത്? അതോ എന്‍റെ സ്നേഹനിര്‍ഭരമായ വിളിയോ? അറിയില്ല. പിന്നീട് പലപ്പോഴും അവളെ വഴിയില്‍ വച്ചു കണ്ടു എങ്കിലും എന്തോ എന്നോട് ഒരു അന്യനോടു കാണിക്കുന്ന അകല്‍ച്ച അവള്‍ കാണിച്ചു. ഒരിക്കല്‍ എനിക്കു തോന്നി കരിയിലകള്‍ കൂട്ടി ഇട്ട് അവളെ ആരും കാണാതെ കത്തിച്ചാലോ എന്ന്. തിരിച്ചു കിട്ടാത്തതും മറ്റുള്ളവന് കിട്ടുന്നതുമായ സ്നേഹത്തെ കത്തി ചാമ്പലാക്കാനുള്ള ഒരു തരം മാനസിക വിഭ്രാന്തി.

നിരാശ വിടാതെ എന്നും വൈകുന്നേരങ്ങളില്‍ അവളെ ഒരു നോക്കു കാണുവാന്‍ മതിലിനരികില്‍ ഞാന്‍ നില്‍ക്കുമായിരുന്നു. മഴയ്ക്ക് മുന്നോടിയായി വരുന്ന കാറ്റ് എന്നും മാമ്പഴങ്ങള്‍ എനിക്ക് സമ്മാനിച്ചു. ഒരു ദിവസം എന്‍റെ സമ്മാനപൊതി അവള്‍ സ്വീകരിച്ചതോടെ എനിക്ക് മനസ്സിലായി സ്നേഹത്തിന്‍റെ മറ്റൊരു ഭാഷ്യം. ഉപാധികളില്ലാത്ത പ്രണയത്തിന് വിലയില്ല. പരസ്പര ധാരണയിലൂടെ ഉടലെടുക്കുന്ന സ്നേഹത്തിനേ നിലനില്‍പ്പുള്ളൂ. ഞാന്‍ കൊടുത്ത സമ്മാനപൊതി അവള്‍ക്ക്ആവശ്യമായിരുന്നു. എനിക്കോ, അവളുടെ സ്നിഗ്ധതയും നൈര്‍മല്യവും. പ്രേമത്തിന്‍റെ അര്‍ഥം മനസ്സിലാക്കി തന്ന നിമ്മി എന്നെ ലോകസമൂഹത്തിലേക്ക് കണ്ണ് തുറപ്പിച്ചു. പ്രേമം അനന്ദവും അഗാധവുമല്ല. അത്, വാത്സല്യത്തിലൂന്നി, സംരക്ഷണയിലൂടെ, പരസ്പര ധാരണയില്‍ ഉള്ള ഒരു മാനസിക വ്യാപാരമാണെന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com