ADVERTISEMENT

സ്വപ്നം (കഥ)

നിന്നോട് ഇടയ്ക്കിടെ ഞാൻ പറയാറുണ്ടായിരുന്നില്ലേ എന്റെ ആ സ്വപ്നത്തെപ്പറ്റി. നീ ഓർക്കുന്നുണ്ടോ? ഇല്ല, അല്ലേ. പക്ഷേ ഞാനിപ്പോഴും ഓർക്കാറുണ്ട് , അതൊന്നുകൊണ്ടു മാത്രമാണീ എഴുത്ത് നിനക്കുവേണ്ടി ഇപ്പോളെഴുതാനും എനിക്ക് തോന്നിയത്. ഒരു സ്വപ്നം , ഉറക്കത്തെ കണ്ണുരുട്ടി പേടിപ്പിച്ചു വീണ്ടും വീണ്ടും അതിനെ തന്നെ ഓർമിപ്പിച്ചു ഇപ്പോഴും എന്റെ ഉറക്കത്തെ ദൂരേക്കോടിച്ചു കളയാറുണ്ട് . ഉറക്കം വരാതെ പിന്നെയും ഞാനതിനെക്കുറിച്ചു മാത്രം ചിന്തിച്ചെത്രനാളെന്നറിയില്ല 

നീ ഓർക്കുന്നില്ലേൽ ഞാൻ വീണ്ടും ഓർമിപ്പിക്കട്ടെ,

നീ, അക്ഷരങ്ങളെ താലോലിച്ച്, വാക്കുകളെ സ്നേഹിച്ച്, എഴുത്തിനെ ഉപവസിച്ചിരുന്നു. ഞാനോ? ആരാധികയായ് മാറിയിരുന്നില്ലേ? നിന്റെ കൈവിരലുകൾ തീർത്ത മായാജാലം പോലെയല്ലേ എനിക്കതെന്നും വായിച്ചു തീർക്കാൻ കഴിഞ്ഞിരുന്നതും. അന്നും ഇന്നും ഞാൻ ഒരു സ്വപ്നം മാത്രമേ കണ്ടിരുന്നുള്ളൂ. പുറംചട്ടയിൽ നിന്റെ ചിരിക്കുന്ന ചിത്രം പതിച്ചൊരാ പുസ്തകം. ഒന്നല്ല ഒരായിരം പുസ്തകങ്ങൾ. 

കണ്ണട വെച്ച് മറച്ച കണ്ണുകളാണേലും ആ മിഴികളിലെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും നിറഞ്ഞു നിൽക്കുന്നൊരാ ചിത്രത്തിൽ നോക്കി ഞാൻ പുഞ്ചിരിക്കും. ആ പുസ്തകത്തിന്റെ ഓരോ താളിലെയും അക്ഷരങ്ങൾക്കും പറയാനേറെയുണ്ടാവും. നിന്റെ അക്ഷരങ്ങൾ, നിന്റെ വാക്കുകൾ, നിന്റെ പുസ്തകം, എന്റേതു മാത്രമായൊരു സ്വപ്നവും.

എഴുതി തീർന്ന് വീണ്ടും വീണ്ടും വായിക്കവേ എന്തോ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയില്ല. ഉള്ളിലടക്കിവെച്ചതൊക്കെ ഒന്നിച്ചു പൊട്ടിയൊഴുകിയതാവാം.

ഇതുപോലെ എത്രയെത്ര കത്തുകളാണ് ഇന്നും എന്റെ മേശവലിപ്പിൽ നിന്റെ വിലാസത്തിൽ. ഇതും അതുപോലൊന്നു മാത്രം. പറയാനേറെയുണ്ട് പക്ഷേ അന്നും ഇന്നും കേൾക്കാൻ നിനക്ക് സമയമില്ലാഞ്ഞത് കൊണ്ടാവാം ഇതുപോലെ മേശവലിപ്പിലെ കടലാസുകളിൽ എന്റെ മനസ്സൊടുങ്ങിയതും 

ഓർമകൾക്ക് മാത്രം വിട്ടുകൊടുത്ത ചിലതില്ലേ അതിലൊന്നായി ഇതും മാറുമെന്നറിയില്ല, പക്ഷേ എന്തോ ഇതെന്റെ ഓർമ്മകളിൽ ജീവിക്കേണ്ടതല്ല . എന്റെ സ്വപ്നം അതൊരിക്കൽ നടക്കുമെന്നുറപ്പുള്ളതുകൊണ്ടാവാം അതെന്നെ ഉറങ്ങാൻ വിടാത്തതും. എന്റെ സ്വപ്നം ...എന്റെ മാത്രം സ്വപ്നം....

കത്ത് മടക്കി നീട്ടിയൊരു നെടുവീർപ്പയച്ചു ഞാൻ പുറത്തേക്കു നോക്കി. അന്നേരം ഞാൻ പുഞ്ചിച്ചിരുന്നു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com