ADVERTISEMENT

തെരുവിളക്ക് (കഥ)

രാവിലെ ട്രെയിൻ അന്തേരിയിൽ എത്തി. മരം കോച്ചുന്ന തണുപ്പിലും ആളുകൾ സ്റ്റേഷനിൽ നിന്നും തിരിക്കിട്ട് ഓടുകയാണ്. കയ്യിലുണ്ടായ ബാഗ് തട്ടിയെടുത്ത് ടാക്സിയിൽ വെക്കാൻ ചിലർ വട്ടംകൂടുന്നുണ്ട്.

അവരുടെ ബഹളത്തിനിടെ എങ്ങനെയോ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

" ഭായി ഏക് ടീ "

ഹിന്ദി വലിയ പിടിയില്ല. ട്രെയിനിൽ നിന്നും ഒരു ചെക്കൻ തന്ന ഹിന്ദി- മലയാളം പുസ്തകം ബാഗിലുണ്ട്. അതൊരു വലിയ ആശ്വാസമാണ്.

"ഭായി.. യേ പ്രഭാകർ ഷെട്ടി ഫിനാൻസ് കിദർ ഹേ" അയാൾക്ക് ചോദിച്ചത് മനസ്സിലായിട്ടുണ്ടാവണം. നേരെയും പിന്നെ ഇടത് വളവിലേക്കുമുള്ള വഴി ചൂണ്ടിക്കാട്ടി. ബാഗെടുത്ത് അയാൾ പറഞ്ഞ വഴിയിലേക്ക് തിരിച്ചു. 

അവിടെ അച്ഛന്റെ ഒരു കൂട്ടുകാരനുണ്ട്. അദ്ദേഹം തരപ്പെടുത്തി തന്ന ജോലിയിൽ പ്രവേശിക്കാനാണ് ഈ യാത്ര. ചായ കടക്കാരൻ പറഞ്ഞ വഴിയിലാണ് ഉള്ളത്. നിറയെ കടകളും തെരുവ് കച്ചവടങ്ങളും തിങ്ങി നിറഞ്ഞ മാർക്കറ്റ്. അവിടെയെങ്ങും കമ്പനിയുടെ പേര് കണ്ടില്ല.

ഇരു നില കെട്ടിടമായിരിക്കണം. ഗേറ്റിന് പുറത്ത് സെക്യൂരിറ്റിയും നിറയെ കാറുകളും കമ്പനിയുടെ മുന്നിൽ ഉണ്ടായിരിക്കണം.

ആദ്യം കണ്ട തക്കാളി കച്ചവടകാരനോട് വീണ്ടും തിരക്കി.

"ഭായി.. യേ പ്രഭാകർ ഷെട്ടി ഫിനാൻസ് കിദർ ഹെ " അയാൾ നേരെ നടക്കാൻ ആവശ്യപ്പെട്ടു. 

പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിൽ പൊടി പിടിച്ച് തൂങ്ങി കിടക്കുന്ന ബോർഡിൽ പ്രഭാകർ ഷെട്ടി ഫിനാൻസ് എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

" മനോജ് കുമാർ "

" അകത്തുണ്ട്.. നിങ്ങൾ ആരാണ് ? "

" അദ്ദേഹത്തിന്റെ നാട്ടിൽ നിന്നാണ്. ഒരു ജോലി...."

" മനോജ് ജീ...." അയാൾ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. 

അദ്ദേഹം പുറത്തേക്ക് വന്നതോടെ ബാഗും സാധനങ്ങളുമെടുത്ത് അദ്ദേഹത്തിന് പിറകെ നടന്നു. 

" യാത്രയൊക്കെ..? "

" സുഖമായിരുന്നു "

" മുകളിലാണ് മുറി... വാ "

ഏണിപ്പടികൾ പഴകിയതാണ്. ശക്തിയോടെ ചവിട്ടിയാൽ ഇടിഞ്ഞു വീഴാൻ സാധ്യതയുണ്ട്. ദൈവം കാക്കട്ടെ.

" ഒന്ന് കിടന്നോ. ക്ഷീണം മാറട്ടെ. ജോലിയൊക്കെ നാളെ പറഞ്ഞു തരാം "

' ഉം '

" കുളിമുറി താഴെ പിറകുവശത്തുണ്ട്."

' ആ '

" എന്നാ.. ഞാൻ ഇറങ്ങാം. ഭക്ഷണം ആ കാണുന്ന ഹോട്ടലിൽ നിന്ന് കഴിച്ചോ." അദ്ദേഹം പുറത്തേക്ക് വിരൽ ചൂണ്ടി. 

" ഞാൻ അവിടെ പറഞ്ഞോളം "

മയക്കം രാത്രി വരെ നീണ്ടൂ. ഫാൻ ഇരുവശത്തേക്കും കിടന്നാടുന്നുണ്ട്. തോർത്തും സോപ്പുമെടുത്ത് താഴേക്ക് ഇറങ്ങി. ഏണിപ്പടികൾ തന്ന ഭയം ഇനിയും വിട്ടു പോയിട്ടില്ല. 

കുളി കഴിഞ്ഞുവന്ന് അൽപ്പം ഇരുന്നു. ട്രെയിനിൽ നിന്നും വാങ്ങിയ ഹിന്ദി പുസ്തകം മറിച്ചു നോക്കി ഹോട്ടലിലേക്ക് ഇറങ്ങി. 

കാഷ് കൗണ്ടറിൽ വെള്ള തൊപ്പിയിട്ട് ഒരാൾ ഇരിക്കുന്നുണ്ട്.

' മനോജ് കുമാർ ഭായി സേ....'

" ആ മനസ്സിലായി... ഉസ്മാനെ ഇബനെന്താ വേണ്ടെ, കഴിക്കാൻ വെളമ്പ് "

' മലയാളിയാ..'

" അതേ.." അയാൾ ചിരിച്ചു.

നല്ല ഭക്ഷണം. അവർ തലശ്ശേരിയിൽ ആയിരിക്കണം. പുറത്തേക്ക് ഇറങ്ങാൻ നേരം അയാൾ അൽപ്പം മധുരം കയ്യിൽ വെച്ചു തന്നു.

രാത്രി ആ തെരുവിലൂടെ സിഗരറ്റ് കത്തിച്ചു കുറച്ച് ദൂരേക്ക് നടന്നു. സ്ത്രീകൾ റോഡിന്റെ ഇരുവശത്തും ഇടവിട്ട് ഒന്നൊന്നായി നിൽക്കുന്നുണ്ട്. അവരിൽ ചിലർ കണ്ണടിച്ചു വിളിക്കുന്നുണ്ട്.

പാനിപൂരിക്കാരന്റെ ഉന്തുവണ്ടിക്ക് ചുറ്റും നിറയെ ആളുകൾ കൂടിയിരിക്കുന്നതായി കണ്ടു. സിഗരറ്റ് നിലത്തിട്ട് ചെരുപ്പുകൊണ്ട് അരച്ചു.

വീണ്ടും അൽപം മുന്നോട്ട് പോയി. 

നല്ല തണുപ്പ്. കഴുത്തിലിട്ട ചെറിയ ഷോൾ കൊണ്ട് ചെവികൾ അടച്ചു. ദൂരെ കടയുടെ പുറത്ത് ഒരു കുട്ടി തനിയെ ഉറങ്ങുന്നുണ്ട്. ചെറിയൊരു കുപ്പായം മാത്രമാണ് അവന്റെ വേഷം. കാലുകൾ തണുത്തിട്ടാവണം കൂട്ടിയടിക്കുന്നത്.

അവനാരുമില്ലേ...? ആരെങ്കിലും എടുത്ത് പോയാൽ..? അവൻ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ..?

ഉണ്ടാവും.. ആരെങ്കിലുമൊക്കെ ഉണ്ടാവും. ആരുമില്ലെങ്കിൽ ദൈവം ഉണ്ടാവും. 

അവനെ തന്നെ സൂക്ഷിച്ച് നോക്കി കുറച്ചു നേരം നിന്നു. കഴുത്തിൽ ചുറ്റിയ ഷാൾ അഴിച്ചെടുത്ത് അവന്റെ കാലിനു മുകളിലേക്ക് നീട്ടി ഇട്ടു. 

മുറിയിലേക്ക് നടക്കാൻ നേരം തിരിഞ്ഞുനിന്ന് അവനെ നോക്കി. അവൻ എന്തൊക്കെയോ കിനാവ് കണ്ട് സുഖമായി ഉറങ്ങുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com