ADVERTISEMENT

പെരുന്നാളോർമ- ഒരു നല്ല കാലത്തിന്റെയും

ഹോർലിക്സിന്റെ കാർഡ് ബോർഡ് പെട്ടി ബലപ്പെടുത്തിയെടുത്ത് അത് തലയിൽ വെച്ച് ചൊടിയോടെ നടന്നാണ് കാദർക്ക വരിക. ആ പെട്ടിയിലാണ് ഞങ്ങളുടെ നാട്ടിൻ പുറത്തെ പെൺകുട്ടികൾ മാസങ്ങളോളം സ്വപ്നം കണ്ടു നടന്ന സൗന്ദര്യവർദ്ധക ലൊട്ടുലൊടുക്കുകൾ ഭംഗിയിൽ ഒരുക്കിവെച്ചിട്ടുണ്ടാവുക. ഇരുപത്തേഴാം രാവടുക്കും തോറും കണ്ണുകൾ ഇടവഴികളിൽ നിന്നെടുക്കാൻ പറ്റാതാവും. ഏതു വഴിയെ വരുമെന്നറിയില്ലല്ലോ. ഇനിയിപ്പോ ഇവിടെ കയറും മുൻപ് അവിടെ കയറിയാലോ...  കണ്ടുവെച്ച, കാത്തിരുന്ന പലതും അവരുവാങ്ങി തീർന്നു പോയാലോ... 

കാദർക്ക അടുത്തെത്തുമ്പോഴേക്കും വഴിവക്കിലും വേലിക്ക് പുറത്തേയ്ക്ക് തലയിട്ടും കൂട്ടുകാർ കൂട്ടമായി നിന്നിരിക്കും. വഴിയേ ഓരോ വീട്ടിലും കയറും കാദർക്ക. സീനാടെ വീടും ശബനാടെ വീടും കഴിഞ്ഞ് ലൈലാടെ വീട്ടിൽ കയറുന്നതിന്റെ പിന്നാലെ ഞങ്ങളും കൂടും. പെട്ടിയിറക്കി ഇറയത്തു വെച്ച് തോളിലിട്ട ഉറുമാലുകൊണ്ട് കഴുത്തിലും വളരെ ഉയർന്നു പോയ നെറ്റിയിലും  മുഖത്തും വിയർപ്പ് തുടച്ച് ലൈലാടെ ഉപ്പയോട് കുശലം പറഞ്ഞ് ഒരു വെള്ള കാജ കത്തിക്കും. പുറത്തേയ്ക്ക് തിരിച്ചു വെച്ച കണ്ണാടികളും കടലാസുകുറ്റികളിലെ കുപ്പി വളകളും കൂടാതെ, അകത്തുള്ളതിനെപ്പറ്റിയുള്ള ആകാംക്ഷയിൽ ബീഡി കൊടുത്ത ഉപ്പയോട് ഞങ്ങൾക്ക് ദേഷ്യം തോന്നും. കാദർക്കാക്ക് എല്ലാം അറിയാം. തിരിഞ്ഞിരുന്ന് ഓരോന്നായി പുറത്തെടുത്തു വെയ്ക്കും  

കടുത്ത നിറങ്ങളിൽ പുള്ളിയും പൂക്കളുമുള്ള കുപ്പിവളകൾ, തിളങ്ങുന്ന വരകളും ചിത്രങ്ങളുള്ള തടവളകൾ, കരിവളകൾ, സ്പ്രിംഗ് വളകൾ... 

വളകൾ ഓരോന്നെടുക്കുമ്പോഴും അതെനിക്ക് ഇതെനിക്ക് എന്ന് കൈയാംഗ്യമായും മനസ്സിൽ പറഞ്ഞും ചിലപ്പോഴൊക്കെ എല്ലാ നിയന്ത്രണവും വിട്ട് ഉറക്കെത്തന്നെ പറഞ്ഞും ... ഒടുവിൽ ഏതെടുക്കണമെന്ന് ഒരുറപ്പുമില്ലാതാവുമ്പോൾ കാദർക്ക തന്നെ പറയും , ഓള്ക്ക്താ ചേല്... ആ കൈയ്യാ കാട്ട്... ലൈലാടേം നെബീസൂന്റേം കൈകളിൽ അര ഡസൻ അര ഡസൻ നിറഞ്ഞ് മുട്ടി മുട്ടി ചിരിക്കാൻ തുടങ്ങും. പെട്ടി മുഴുവൻ കണ്ണുകൊണ്ട് പരതിയിട്ടും തൃപ്തിയാകാതെ, റംലുത്ത ഒടുവിൽ ദാ അത് മതീന്ന് പറയുമ്പോൾ, അകത്തെ കട്ടിലിൽ കിടന്നിരുന്ന വെല്യുമ്മ ഊന്നുവടിയിൽ ചുരുണ്ടു തൂങ്ങി, മുറുക്കാൻ ഇടിയ്ക്കുന്ന കുഞ്ഞുരലുമായി ഇറയത്തെത്തിയിരിക്കും.  

"വാല്യേക്കാരത്യോള്ക്ക് എന്തിനാണ്ടീ  കുപ്പിവളോള് .." അവിടേം കാദർക്ക തന്നെ രക്ഷ.. വെല്ല്യുമ്മ പറഞ്ഞു തീരും മുൻപേ ഒരു ഡസനെടുത്ത് റംലുത്താക്ക് കൊടുക്കും. 

വളയുടെ പെട്ടികൾ ഭദ്രമായി താഴെയിറക്കി, ബാക്കിയുള്ളവ ഓരോന്നായി പുറത്തെടുക്കുമ്പോൾ കാദർക്ക ലൈലാടെ ഉമ്മയെക്കൂടെ പരിഗണിക്കും. പല തരം ചീപ്പുകൾ. നീളൻ ചീർപ്പ്, വട്ട ചീർപ്പ്, പേൻ ചീർപ്പ്, സ്ലെയ്ഡുകൾ, കണ്ണാടികൾ... ഉപ്പാക്ക് ഒരു നീളൻ ചീർപ്പും സകല പെൺജനങ്ങൾക്കുമായി ഒരു പേൻ ചീർപ്പും ഉമ്മ വാങ്ങും.  

ശിങ്കാർ കൺമഷിയുടെ ചെറിയ ഡപ്പി വേണോ വലിയ ഡപ്പി വേണോ എന്നാതാണ് പിന്നത്തെ വിഷയം. സ്കൂള് തുടങ്ങ്യാ രണ്ടീസം കൊണ്ട് ഇവള്ട്ട് തീർക്കും ചെറ്യേ ഡപ്പി. കുറ്റം പറച്ചിലിനൊടുവിൽ അതും തീരുമാനമാകും.  

മണി/പളുങ്കുമാല വാങ്ങുന്ന കാര്യത്തിലും മൂന്നാൾക്കും സംശയമില്ല. റംലുത്ത നീളൻ ഒറ്റ ഇഴ വാങ്ങുമ്പോൾ മറ്റു രണ്ടാളും പല ഇഴയുള്ള കുടുക്കിക്കെട്ടിയ്ക്ക് വേണ്ടി കണ്ണീരണിയാനും തയാറായി.

പുതിയ തട്ടത്തിന്റെ നിറത്തിനനുസരിച്ച് സ്ലേയ്ഡ് വാങ്ങലാണ് പിന്നെ.. 

ഞങ്ങൾ ആൺകുട്ടികൾക്കു വേണ്ടി കാദർക്കാടെ പെട്ടിയിലുള്ളത് ചെറിയ വിസിലും പ്ലാസ്റ്റിക്കിന്റെ കൂളിംഗ് ഗ്ലാസ്സുമാണ്. ഇത്തിരി വലുതായിട്ടൊക്കെയുണ്ട് എന്ന് ഞങ്ങൾക്ക് ഉറപ്പുള്ളതുകൊണ്ട് "ടിക്ക് ടിക്ക് ", "കേപ്പ് " എന്നിവയിൽ കുറഞ്ഞൊരു കച്ചവടത്തിന് ഞങ്ങൾ തൽപരരായിരുന്നില്ല.

"ട്യേ.. നിക്കൊര് ഈരോലി വേണംട്ടാ.." 

വെല്യുമ്മേടെ തലയിൽ ഈരും പേനുമൊന്നുമില്ലെങ്കിലും ഈരോലി തലയിൽ വച്ച് ശ് ...ശൂ.. ന്ന് ശബദമുണ്ടാക്കി നരവീണ മുടിയിലൂടെ വലിച്ചെടുക്കുമ്പോഴുള്ള ഒരു സുഖത്തിനാണ്. ഈരോലിയുണ്ടെങ്കിൽ വെല്ല്യുമ്മാക്ക് സന്തോഷം, പേരക്കുട്ടികൾക്ക് ഭാവിയിൽ അസ്സല് പണിയും. പെട്ടിയിൽ ഈരോലി ഇല്ലെങ്കിൽ പിറുപിറുത്തു കൊണ്ട് വടിയിൽ കുനിഞ്ഞു തൂങ്ങി അകത്തേക്ക് പോകും വെല്ല്യുമ്മ.

ഉമ്മാടേം മക്കൾടേം കശപിശകൾക്കൊടുവിൽ  അസംതൃപ്തിയുടെ അല്ലറ ചില്ലറ പൊട്ടലും ചീറ്റലുമൊക്കെ ലൈലാടേം നെബീസൂന്റെം ഭാഗത്തുനിന്നുണ്ടായാലും എല്ലാം സമാധാനത്തോടെ തീർപ്പാക്കാൻ കാദർക്കയും ഇടപെടും.

സമാധാനക്കരാർ നടപ്പാക്കുന്നതിനൊപ്പം പുറത്തിട്ടതെല്ലാം പെട്ടിയിൽ അടുക്കി തലയിൽ വെച്ച് കാദർക്ക നടന്നിരിക്കും. 

ഓരോ പെരുന്നാളു കാലത്തും ആ കുപ്പിവളകളുടെ കിലുക്കം ഉള്ളിലുണരാറുണ്ട്. പെരുന്നാളിന് ഊണ് കഴിഞ്ഞ്, പുതിയ വളകളിട്ട്, പുതിയ ഉടുപ്പിട്ട്, തട്ടമിട്ട് സ്ലേയ്ഡുകുത്തി മാമാടെ വീട്ടിൽ പോകുന്ന ഞങ്ങളുടെ കളികൂട്ടുകാരികളുടെ കാഴ്ചയും .. 

ചില ഓർമകൾക്ക് കാലം പോകുംതോറും നിറം കൂടി വരികയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com